ലോകകപ്പിനിടെ പരിശീലനം ബഹിഷ്കരിച്ച ഫ്രാന്‍സ്; രാജ്യത്തോടു ക്ഷമ പറഞ്ഞ ഫുട്ബോള്‍ ഫെഡറേഷന്‍ | THE STORY BEHIND

ഫ്രഞ്ച് ജനതയോ, ഫുട്‌ബോള്‍ ആരാധകരോ ഒരിക്കലും ആഗ്രഹിക്കാത്ത തരത്തിലായിരുന്നു അന്ന് ഫ്രാന്‍സ് ലോകകപ്പില്‍നിന്ന് പുറത്തായത്.
ലോകകപ്പിനിടെ പരിശീലനം ബഹിഷ്കരിച്ച ഫ്രാന്‍സ്; രാജ്യത്തോടു ക്ഷമ പറഞ്ഞ ഫുട്ബോള്‍ ഫെഡറേഷന്‍ | THE STORY BEHIND
Published on
Updated on

ലോകകപ്പ് ചരിത്രത്തിൽ മോശം പ്രകടനങ്ങളുടെ കഥകൾ ഏറെയുണ്ട്. എന്നാൽ ഒരു ടീം മത്സര പരാജയത്തേക്കാൾ, ഡ്രസിങ് റൂമിലെ തർക്കങ്ങളും അച്ചടക്കപ്രശ്നങ്ങളും കാരണം തകർന്നടിഞ്ഞ സംഭവങ്ങൾ വിരളമാണ്. അത്തരത്തിൽ ലോക ഫുട്ബോളിനെ ഞെട്ടിച്ച അധ്യായമാണ് 2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പിൽ ഫ്രാൻസ് അനുഭവിച്ച പ്രതിസന്ധി. ഫ്രഞ്ച് ജനതയോ, ഫുട്‌ബോള്‍ ആരാധകരോ ഒരിക്കലും ആഗ്രഹിക്കാത്ത തരത്തിലായിരുന്നു അന്ന് ഫ്രാന്‍സ് ലോകകപ്പില്‍നിന്ന് പുറത്തായത്.

2006 ലോകകപ്പിൽ സിനദിന്‍ സിദാന്‍ നയിച്ച ഫ്രാൻസ് ഫൈനൽ വരെ എത്തിയിരുന്നു. അതിനാൽ 2010 ലോകകപ്പില്‍ ഫ്രഞ്ച് ടീമിൽ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ യോഗ്യതാ മത്സരങ്ങളിൽ തന്നെ ടീമിന്റെ പ്രകടനം സ്ഥിരതയില്ലാത്തതായിരുന്നു. വിവാദമായ പ്ലേ-ഓഫ് മത്സരത്തിൽ തിയറി ഹെന്‍‌റിയുടെ ഹാൻഡ്‌ബോൾ സംഭവത്തിന് പിന്നാലെയാണ് ഫ്രാൻസ് ലോകകപ്പിന് യോഗ്യത നേടിയത്. അതുകൊണ്ടുതന്നെ പരിശീലകൻ റെയ്മണ്ട് ഡൊമനെക്കിന്റെ നേതൃത്വത്തിലുള്ള ടീമിന് തുടക്കത്തിൽ തന്നെ സമ്മർദമുണ്ടായിരുന്നു.

ലോകകപ്പിനിടെ പരിശീലനം ബഹിഷ്കരിച്ച ഫ്രാന്‍സ്; രാജ്യത്തോടു ക്ഷമ പറഞ്ഞ ഫുട്ബോള്‍ ഫെഡറേഷന്‍ | THE STORY BEHIND
THE STORY BEHIND | ഇടികൊണ്ടു തെറിച്ച പല്ലുകള്‍, ഒടിഞ്ഞ വാരിയെല്ലുകള്‍... ലോകകപ്പിന്റെ ശോഭ കെടുത്തിയ ഫൗള്‍

ഗ്രൂപ്പ് എ-യില്‍ ഉറുഗ്വേ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കൊപ്പമായിരുന്നു ഫ്രാന്‍സ്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഉറുഗ്വെയോട് ഗോള്‍രഹിത സമനില വഴങ്ങി. രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മെക്‌സിക്കോയോടും തോറ്റു. അവിടം മുതലാണ് ടീം ആടിയുലയാന്‍ തുടങ്ങിയത്. കളിക്കളത്തിലെ പരാജയം ഡ്രസിങ് റൂമിലും പൊട്ടിത്തെറിയുണ്ടാക്കി. മെക്‌സിക്കോക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ സ്ര്ടൈക്കര്‍ നിക്കോളാസ് അനെല്‍ക്കയെ ഡൊമെനെക്ക് പിന്‍വലിച്ചു. തീരുമാനത്തില്‍ കുപിതനായ അനെല്‍ക്ക ഡ്രസിംഗ് റൂമില്‍വെച്ച് ഡോമെനെക്കിനോട് മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞുവെന്നും ആരോപണമുയര്‍ന്നു. എന്നാല്‍, ഡൊമെനെക്കിനോട് ഖേദം പ്രകടിപ്പിക്കാനോ മാപ്പ് പറയാനോ അനെല്‍ക്ക തയ്യാറായില്ല. പിന്നാലെ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ അനെല്‍ക്കയെ ലോകകപ്പ് ടീമില്‍നിന്ന് പുറത്താക്കി. താന്‍ മോശമായൊന്നും പറഞ്ഞിട്ടില്ലെന്ന് അനെല്‍ക്ക മാധ്യമങ്ങളോടു പ്രതികരിച്ചെങ്കിലും, ഡൊമെനെക്കിനോടു മാപ്പ് പറയാന്‍ താരം തയ്യാറായില്ല.

പ്രശ്‌നം അവിടംകൊണ്ട് തീരുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, അനെല്‍ക്കയെ തിരിച്ചുവിളിച്ച ഫെഡറേഷന്റെ തീരുമാനം ഫ്രഞ്ച് ടീമില്‍ കലാപക്കൊടി ഉയര്‍ത്തി. ടീമംഗങ്ങള്‍ ഒന്നടങ്കം പ്രതിഷേധിച്ചു. പരിശീലനത്തിനിടെ ക്യാപ്റ്റന്‍ പാട്രീസ് എവ്‌റയും ഫിറ്റ്‌നസ് കോച്ച് റോബര്‍ട്ട് ഡുവര്‍നെയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സംഘര്‍ഷാവസ്ഥയില്‍ ടീമിന്റെ പരിശീലനം മുടങ്ങി. എവ്‌റയെയും ഡുവെര്‍നെയെയും മാറ്റിനിര്‍ത്തിയിട്ടും പ്രശ്‌നം തീര്‍ന്നില്ല. അനെല്‍ക്കയെ ഒഴിവാക്കിയ ഫെഡറേഷന്‍ തീരുമാനത്തില്‍ എല്ലാ കളിക്കാരും പ്രതിഷേധിക്കുന്നതായി അറിയിച്ചുകൊണ്ട് ടീം കത്ത് കൈമാറി. ഫെഡറേഷനും കോച്ചും കളിക്കാരും പല തട്ടിലായി. ടീം പരിശീലനം ബഹിഷ്കരിച്ചു. ലോകകപ്പിനിടെ ഒരു ടീം പരിശീലനം ബഹിഷ്കരിക്കുന്നത് അത്യപൂർവമായിരുന്നു. അതോടെ, ഫ്രാന്‍സിന്റെ പ്രതീക്ഷകളും കെട്ടടങ്ങി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് രണ്ടിനെതിരെ ഒരു ഗോളിന് തോറ്റ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായി ഫ്രാന്‍സ് പുറത്തായി. 2006ലെ ഫൈനലിസ്റ്റുകളില്‍നിന്ന് നാലു വര്‍ഷത്തിനിപ്പുറം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്ന ടീമായി ഫ്രാന്‍സ് മാറി.

ലോകകപ്പിനിടെ പരിശീലനം ബഹിഷ്കരിച്ച ഫ്രാന്‍സ്; രാജ്യത്തോടു ക്ഷമ പറഞ്ഞ ഫുട്ബോള്‍ ഫെഡറേഷന്‍ | THE STORY BEHIND
THE STORY BEHIND | ലോകകപ്പില്‍ പകരക്കാരനില്ലാത്ത ബാറ്റിഗോള്‍

ദക്ഷിണാഫ്രിക്കയില്‍നിന്ന് തിരിച്ചെത്തിയ ഫ്രഞ്ച് ടീമിനെ കാത്തിരുന്നത് ഫെഡറേഷന്‍ വക അച്ചടക്ക നടപടികളായിരുന്നു. ലോകകപ്പ് സ്‌ക്വാഡിനെ അടുത്ത ഫിക്‌സചറില്‍ നിന്നുള്ള മത്സരങ്ങളില്‍ നിന്നെല്ലാം വിലക്കി. കലാപത്തിന് കാരണക്കാരായ അഞ്ച് താരങ്ങള്‍ക്ക് വിലക്ക് ഉള്‍പ്പെടെ ശിക്ഷാ നടപടികള്‍ നേരിടേണ്ടിവന്നു. രണ്ട് ലോകകപ്പുകളില്‍ ഫ്രഞ്ച് ടീമിനെ പരിശീലിപ്പിച്ച ഡൊമെനെക്കിനെ പുറത്താക്കി. പകരം ലോറെന്റ് ബ്ലാങ്കിനെ പരിശീലകനാക്കി. ലോകകപ്പിലെ മോശം പ്രകടനത്തിന് രാജ്യത്തെ ജനതയോട് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ ക്ഷമയും പറയേണ്ടിവന്നു. പിന്നീട് യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ദേശീയ ടീമിനെ വാര്‍ത്തെടുത്തു. എട്ട് വർഷങ്ങൾക്കിപ്പുറം, 2018ൽ വിശ്വകിരീടം ചൂടിയാണ് ഫ്രാന്‍സ് പ്രതിസന്ധിയുടെ ഭൂതകാലത്തെ മറികടന്നത്. ഖത്തര്‍ ലോകകപ്പില്‍ ടീം ഫൈനലിലുമെത്തി.

News Malayalam 24x7
newsmalayalam.com