

ടെഹ്റാൻ: 2026 ഫുട്ബോൾ ലോകകപ്പിലെ പങ്കാളിത്തം ഉറപ്പാക്കാൻ ഫിഫയുമായി ചർച്ചയ്‌ക്കൊരുങ്ങി ഇറാൻ ഫുട്ബോൾ അസോസിയേഷൻ. യുഎസിൽ വച്ച് നടക്കാനിരിക്കുന്ന ലോകകപ്പിൽ ഇറാൻ താരങ്ങളോട് ആദരവ് പ്രകടിപ്പിക്കുമെന്ന് ഉറപ്പാക്കാനാണ് ഇറാൻ ഫുട്ബോൾ മേധാവി മെഹ്ദി താജ് ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോയെ സന്ദർശിക്കുന്നത്. കാനഡ, യുഎസ്, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇറാൻ സൈന്യവുയുമായുള്ള ബന്ധം ആരോപിച്ച് താജിന് കാനഡ കഴിഞ്ഞ ആഴ്ച പ്രവേശനം വിലക്ക് ഏർപ്പെടുത്തിയിരുന്നു.
തൻ്റെ രാജ്യത്തെ ബഹുമാനിച്ചില്ലെങ്കിൽ യുഎസിൽ വച്ച് നടക്കുന്ന ടൂർണമെൻ്റിൽ പങ്കെടുക്കില്ലെന്ന് താജ് ചൊവ്വാഴ്ച പറഞ്ഞു. ഇറാൻ്റെ മൂന്ന് ഗ്രൂപ്പ് മാച്ചുകൾ യുഎസിൽ വച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. "ഞങ്ങളുടെ പ്രതീക്ഷകൾ എന്തൊക്കെയാണെന്ന് ഫിഫയെ അറിയിക്കും. അവർ അത് പരിഹരിക്കുക ആണെങ്കിൽ ഞങ്ങൾ തീർച്ചയായും പങ്കെടുക്കും," താജ് പറഞ്ഞു.
ഇറാൻ ഫുട്ബോൾ അസോസിയേഷനിൽ എത്തുന്നതിന് മുൻപ് ഇറാൻ സൈന്യത്തിലെ ഉയർന്ന റാങ്ക് ഉദ്യോഗസ്ഥനായിരുന്നു മെഹ്ദി താജ്. യുഎസും കാനഡയും ഐആർജിസിയെ ഭീകര സംഘടനയായാണ് കണക്കാക്കുന്നത്. അതിനാൽ ഈ സൈന്യവുമായി അടുത്ത ബന്ധമുള്ളവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് ഉറപ്പാണ്. താജിൻ്റെ തീരുമാനത്തിന് സൈന്യം പൂർണ പിന്തുണ പ്രഖ്യാപിച്ചു. ആതിഥേയ രാജ്യങ്ങൾ രാഷ്ട്രീയ താത്പര്യങ്ങൾ മാറ്റിവച്ച് വിസ അനുവദിക്കണമെന്നും വേണ്ട ക്രമീകരങ്ങൾ ഒരുക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
ഫിഫയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇറാൻ സൈന്യം കൂട്ടിച്ചേർത്തു. തുർക്കിയിൽ വച്ച് നടക്കുന്ന ട്രെയിനിങ് ക്യാമ്പിന് ശേഷം മുപ്പത് പേരുടെ ഒരു സ്‌ക്വാഡ് തെരഞ്ഞെടുക്കുമെന്നും അതിന് ശേഷം 26 കളിക്കാരെ തെരഞ്ഞെടുക്കുമെന്നും താജ് പറഞ്ഞു. ടൂർണമെൻ്റിന് 14 ദിവസം മുൻപ് യുഎസിൽ എത്താനാണ് തീരുമാനമെന്ന് ഇറാൻ കോച്ച് ആമിർ ഗാലെനോയ് മാധ്യമങ്ങളോട് പറഞ്ഞു.