

സൂപ്പര്‍താരം ലിയോണല്‍ മെസി മറ്റൊരു കിരീടത്തിന് അരികെയാണ്. ഇന്ന് എംഎല്‍എസ് കപ്പ് ഫൈനലില്‍ മെസിയുടെ ഇന്റര്‍ മയാമി, മുള്ളറിന്റെ വാന്‍കൂവറിനെ നേരിടും. എന്നും മെസിയുടെ വെല്ലുവിളിയായ മുള്ളര്‍ അമേരിക്കയില്‍ ജയം ആവര്‍ത്തിക്കുമോ? രാത്രി ഒരു മണിക്കാണ് മത്സരം
2020 ഓഗസ്റ്റ് 15 ലിയോണല്‍ മെസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ പേടിസ്വപ്‌നം. ബാഴ്സ കരിയറില്‍ ചാംപ്യന്‍സ് ലീഗിലെ ഏറ്റവും വലിയ തോല്‍വി. രണ്ടിനെതിരെ എട്ട് ഗോളിന് മെസിയും സുവാരസും ഗ്രീസ്മാനുമടങ്ങിയ സൂപ്പര്‍ താരനിര ബയേണിന് മുന്നില്‍ തലകുനിച്ച നിമിഷം.
ഒരല്‍പ്പം പിന്നോട്ട് പോയാല്‍ മറ്റൊരു സ്‌കോര്‍ കാര്‍ഡ് കാണാം. ജര്‍മനി വണ്‍, അര്‍ജന്റീന നില്‍. 2014 ലോകകപ്പ് ഫൈനല്‍ പോരാട്ടം. അവിടെ സ്‌കോര്‍ കാര്‍ഡിന്റെ വലുപ്പമല്ല, നഷ്ടമായ ലോകകിരീടത്തിന്റെ കണ്ണീരോര്‍മയാണ് മെസിക്ക്.
അല്‍പ്പം കൂടി പിന്നോട്ട് താളുകള്‍ മറിക്കാം. 2013 ചാംപ്യന്‍സ് ലീഗ് സെമി പോരാട്ടം. അവിടെയും ബയേണിന് മുന്നില്‍ മെസ്സിയുടെ ബാഴ്സലോണ തലകുനിച്ചു. ഇവിടെയെല്ലാം മെസിക്ക് മുന്നില്‍ ബാലികേറാമല പോലെ ഒരാളുണ്ട്, തോമസ് മുള്ളര്‍.
മെസ്സി-മുള്ളര്‍ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മുള്ളര്‍ക്ക് മേല്‍ക്കൈയുണ്ട്. 10ല്‍ ഏഴ് മത്സരത്തിലും മുള്ളറിന്റെ ടീം ജയിച്ചു. ബയേണിനൊപ്പവും ജര്‍മനിക്കൊപ്പവും മുള്ളര്‍ മുന്നേറി. എല്ലാ വേദനകള്‍ക്കും മറുപടി പറയാനുള്ള അവസരം കൂടിയാണ് മെസിക്ക് ഈ പോരാട്ടം.
2023ല്‍ ലിയോണല്‍ മെസി എത്തുന്നത് വരെ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഒരു ക്ലബ്ബെന്ന പകിട്ട് മാത്രമേ ഇന്റര്‍ മയാമിക്ക് ഉണ്ടായിരുന്നുള്ളൂ. ആദ്യ സീസണില്‍ ലീഗ്സ് കപ്പ് സ്വന്തമാക്കി മെസി ക്ലബ്ബിന് ആദ്യ കിരീടം സമ്മാനിച്ചു. തൊട്ടടുത്ത വര്‍ഷം ലീഗില്‍ മുന്നിലെത്തി സപ്പോര്‍ട്ടേഴ്സ് ഷീല്‍ഡ് സ്വന്തമാക്കി, ക്ലബ്ബ് ലോകകപ്പിന് യോഗ്യത നേടിക്കൊടുത്തു. ഈ സീസണിലാകട്ടെ എംഎല്‍എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് ജേതാക്കളായി ടീമിന് മൂന്നാം കിരീടം സമ്മാനിച്ചു. ഇനി ചരിത്രത്തിലാദ്യമായി എംഎല്‍എസ് കപ്പ് എന്ന ഇന്റര്‍മയാമിയുടെ സ്വപ്‌നം.
നിലവില്‍ 47 കിരീടങ്ങളുമായി റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയാണ് മെസിയുടെ കുതിപ്പ്. എംഎല്‍എസ് കപ്പിന് പിന്നാലെ ഫിനലിസിമയും ലോകകപ്പും മെസിക്ക് മുന്നിലുണ്ട്. ചരിത്രത്തിലാദ്യമായി 50 കിരീടങ്ങള്‍ നേടുന്ന താരമെന്ന അതുല്യ നേട്ടത്തിലേക്ക് ചുവടുവയ്പ്പാകും മെസിക്ക് എംഎല്‍എസ് കപ്പ് ഫൈനല്‍ പോരാട്ടം.