

മെയ് 24 2026 , ബ്രെൻ്റ്ഫർഡിനെതിരായ സീസണിലെ തങ്ങളുടെ അവസാന പ്രീമിയർ ലീഗ് മത്സരം കാണാൻ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ലിവർപൂൾ ആരാധകരെ സംബന്ധിച്ച് അത് വെറുമൊരു മത്സര ദിനം ആയിരുന്നില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വൈകാരികമായ നിമിഷങ്ങളിലൊന്നിനാണ് ആൻഫീൽഡ് സാക്ഷ്യം വഹിച്ചത്, കാരണം ചുവന്ന കടൽ അലയടിക്കുന്ന ആ ഗാലറിക്ക് മുന്നിൽ അവരുടെ ഈജിപ്ഷ്യൻ മാന്ത്രികൻ മുഹമ്മദ് സല ലിവർപൂൾ കുപ്പായത്തിൽ അഴിച്ചുവയ്ക്കുന്ന അവസാന മത്സരം ആയിരുന്നു അത്. ലിവർപൂളിനൊപ്പമുള്ള നീണ്ട 9 വർഷത്തെ സലയുടെ ഐതിഹാസിക യാത്രയ്ക്കാണ് ഇതോടെ വിരാമമായത്. മത്സരത്തിൽ ഗോൾ നേടാനായില്ലെങ്കിലും, ലിവർപൂൾ കരിയറിലെ തന്റെ 93-ാമത്തെ അസിസ്റ്റോടെ ടീമിനായി പ്രീമിയർ ലീഗിൽ ഏറ്റവുമധികം അസിസ്റ്റ് നൽകിയ സ്റ്റീവൻ ജെറാർഡിന്റെ റെക്കോർഡ് മറികടന്നാണ് അദ്ദേഹം കളം വിട്ടത്. ഇത്തരത്തിൽ ക്ലബ് ചരിത്രത്തിൽ ഒരു വിദേശ താരവും കൈവരിച്ചിട്ടില്ലാത്ത അത്രയും നേട്ടങ്ങളോടെ ലിവർപൂളിനെ അവരുടെ പ്രതാപകാലത്തേക്ക് തിരികെ കൊണ്ട് കൊണ്ടുവരുന്നതിൽ സല വഹിച്ച പങ്ക് വളരെ വലുതാണ്. ഒരു കാലത്ത് പ്രീമിയർ ലീഗിൽ നിന്ന് തലകുനിച്ച് മടങ്ങേണ്ടി വന്ന ഒരു കളിക്കാരനിൽ നിന്ന്, പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി മാറിയാണ് മുഹമ്മദ് സല ആൻഫീൽഡിനോട് വിടപറയുന്നത് എന്നത് കാലത്തിന്റെ കാവ്യനീതി കൂടിയാണ്.
ഈ ചരിത്ര നേട്ടങ്ങൾക്കെല്ലാം പിന്നിൽ സലയ്ക്ക് പറയാൻ കയ്പ്പ് ഏറിയ ഒരു ഭൂതകാലവുമുണ്ട്. 2014 ൽ ചെൽസിയിലൂടെയാണ് സല പ്രീമിയർ ലീഗിലേക്ക് കടന്ന് വരുന്നത്. ഒരുപാട് പ്രതീക്ഷകളോടെ എത്തിയ ആ യുവതാരത്തിന് പക്ഷെ അവിടെ തിളങ്ങാനായില്ല എന്ന് മാത്രമല്ല അന്നത്തെ ചെൽസി മാനേജർ ഹോസെ മൗറിഞ്ഞോ സലയെ പരസ്യമായി വിമർശിക്കുകയും വേണ്ടത്ര അവസരങ്ങൾ നൽകാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഇതോടെ വലിയൊരു തകർച്ചയിലേക്ക് ആണ് സലയുടെ കരിയർ നീങ്ങിയത്. വൈകാതെ സല ഇറ്റാലിയൻ സീരി എയിലേക്ക് ലോണിൽ ചേക്കേറിയ സല ഫ്ലോറൻ്റീനയിലും പിന്നീട് റോമയിലും തിളങ്ങി, അത് ലോണിന് ശേഷവും റോമയിൽ കരാർ ഒപ്പിടുന്നതിലേക്കാണ് അദ്ദേഹത്തെ നയിച്ചത്. റോമയിലെ മികച്ച പ്രകടനം തന്റെ നഷ്‌ടമായ ആത്മവിശ്വാസത്തെ പൂർണമായി വീണ്ടെടുക്കാൻ സലയെ സഹായിച്ചപ്പോൾ ഒരിക്കൽ കൂടി പ്രീമിയർ ലീഗിലേക്കുള്ള വാതിൽ കൂടിയാണ് അയാൾക്ക് മുന്നിൽ തുറന്നത്. 2014 ൽ ചെൽസിക്കൊപ്പം സലക്ക് വേണ്ടി ശ്രമിച്ച ലിവർപൂൾ ഇത്തവണ അദ്ദേഹത്തെ എങ്ങനെയും ടീമിൽ എത്തിക്കണം എന്ന ലക്ഷ്യത്തോടെ രംഗത്തെത്തി.
2017-ലാണ് സല ലിവർപൂളിലേക്ക് എത്തുന്നത്. ലിവർപൂളിൽ എത്തുന്നതിന് മുൻപ് അസാമാന്യ വേഗത കയ്യിലുള്ള പരമ്പരാഗതമായ ഒരു വിങ്ങർ അല്ലെങ്കിൽ മിഡ്ഫീൽഡർ എന്ന നിലയിലായിരുന്നു അദ്ദേഹം പ്രധാനമായും കളിച്ചിരുന്നത്. എന്നാൽ ലിവർപൂൾ മാനേജർ യർഗൻ ക്ലോപ്പ് സലയിലെ പ്രതിഭയെ തിരിച്ചറിഞ്ഞ് ഒരു 'ഇൻവെർട്ടഡ് ഫോർവേഡ്' എന്ന പുതിയ രീതിയിലേക്ക് പറിച്ചുനട്ടു. ക്ലോപ്പിന്റെ ഈ വേറിട്ട തന്ത്രങ്ങൾ സലായെ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ മുന്നേറ്റനിര താരങ്ങളിൽ ഒരാളാക്കി മാറ്റുന്നവ ആയിരുന്നു. ഈ മാറ്റം ലിവർപൂളിന്റെ ആക്രമണ നിരയ്ക്ക് വലിയ കരുത്താണ് പകർന്നത്.
പിന്നീട് കണ്ടത് "ഈജിപ്ഷ്യൻ കിങ്" എന്ന വിളിപ്പേരിലേക്ക് നടന്ന് കയറുന്ന സലയെയാണ്. ലിവർപൂളിനായി 442 മത്സരങ്ങളിൽ നിന്ന് 257 ഗോളുകളാണ് സല അടിച്ചുകൂട്ടിയത്, ഒപ്പം 123 അസിസ്റ്റുകളുമുണ്ട്. നിലവിൽ ഇയാൻ റഷിനും റോജർ ഹണ്ടിനും പിന്നിൽ ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മൂന്നാമത്തെ ഗോൾവേട്ടക്കാരനാണ് അദ്ദേഹം. ലിവർപൂളിലെ തന്റെ ആദ്യ സീസണിൽ തന്നെ അവിശ്വസനീയമായ പ്രകടനമാണ് സല പുറത്തെടുത്തത്. പ്രീമിയർ ലീഗിലെ 32 ഗോളുകളോടെ എല്ലാ ചാംപ്യൻഷിപ്പുകളിൽ നിന്നുമായി ആ സീസണിൽ 44 ഗോളുകളാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. ഈ മിന്നും പ്രകടനത്തോടെ ആ വർഷത്തെ പിഎഫ്എ പ്ലെയർ ഓഫ് ദി ഇയർ, പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് എന്നീ പുരസ്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കി. ലിവർപൂളിലെ ഒൻപത് വർഷത്തെ കരിയറിൽ സലാ സ്വന്തമാക്കാത്ത നേട്ടങ്ങളില്ല എന്ന് തന്നെ പറയാം. എട്ട് കിരീടങ്ങളാണ് ഈ കാലയളവിൽ അദ്ദേഹം ലിവർപൂളിനായി നേടിക്കൊടുത്തത്. 2018-19 സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ്, 2019-20, 2024-25 സീസണുകളിലെ പ്രീമിയർ ലീഗ് കിരീടങ്ങൾ എന്നിവ അതിൽ പ്രധാനപ്പെട്ടതാണ്. 2005 ന് ശേഷം നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവർ ചാമ്പ്യൻസ് ലീഗ് നേടിയപ്പോഴും 30 വർഷത്തിന് ശേഷം പ്രീമിയർ ലീഗ് ജേതാക്കളായപ്പോഴും ടീമിനെ മുന്നിൽ നിന്ന് നയിച്ച സലയുടെ പ്രകടനം വിസ്മരിക്കാനാവാത്തതാണ്. ഇതിന് പുറമെ ഒരു എഫ്.എ കപ്പ് (2022), രണ്ട് ഇ.എഫ്.എൽ കപ്പുകൾ (2022, 2024), യുവേഫ സൂപ്പർ കപ്പ് (2019), ഫിഫ ക്ലബ്ബ് ലോകകപ്പ് (2019), കമ്മ്യൂണിറ്റി ഷീൽഡ് (2022) എന്നീ നേട്ടങ്ങളും സല ലിവർപൂൾ ജേഴ്സിയിൽ സ്വന്തമാക്കി. ഈ അവസാന സീസണിലും ടീമിനായി നിർണായക സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഈ സീസണിൽ പ്രീമിയർ ലീഗിൽ 26 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും 6 അസിസ്റ്റുകളുമാണ് അദ്ദേഹം സ്വന്തമാക്കിയത്.
ലിവർപൂളിനോട് വിടപറയുന്ന മുഹമ്മദ് സലയെ ഇനി കാത്തിരിക്കുന്നത് അടുത്ത മാസം ആരംഭിക്കുന്ന ഫിഫ ലോകകപ്പാണ്. ലോകകപ്പിൽ മാറ്റുരയ്ക്കാൻ പോകുന്ന ഈജിപ്ത് ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയും അദ്ദേഹം തന്നെയാണ്. ഈജിപ്ത് ഫുട്ബോളിലെ താരതമ്യേന ചെറിയൊരു ടീമാണെങ്കിലും, സലയുടെ സാന്നിധ്യം അവർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ലോക വേദിയിൽ ടീമിന്റെ മുന്നേറ്റവും വിജയസാധ്യതകളും പൂർണ്ണമായും ക്യാപ്റ്റൻ കൂടിയായ സലായുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും നിലകൊള്ളുന്നത്. അന്താരാഷ്ട്ര തലത്തിൽ ഈജിപ്തിനായി 115 മത്സരങ്ങളിൽ നിന്ന് 67 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. മുൻപ് 2018-ലെ റഷ്യൻ ലോകകപ്പിൽ പങ്കെടുത്ത അദ്ദേഹം അന്ന് രണ്ട് ഗോളുകൾ സ്വന്തമാക്കിയിരുന്നു. ഇത്തവണ ലോകകപ്പിനിറങ്ങുന്ന ഈജിപ്ഷ്യൻ സ്ക്വാഡിൽ സലയെ കൂടാതെ മികച്ച ഫോമിലുള്ള മറ്റ് ചില താരങ്ങൾ കൂടിയുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ ഒമർ മർമോഷ്, അൽ അഹ്‌ലിയുടെ ട്രെസെഗെറ്റ് എന്നിവർ മുന്നേറ്റനിരയിലും, പ്രതിരോധത്തിൽ ഓജിസി നീസിന്റെ മുഹമ്മദ് അബ്ദൽമൊനെം, അൽ അഹ്‌ലിയുടെ ക്യാപ്റ്റൻ കൂടിയായ ഗോൾകീപ്പർ മുഹമ്മദ് എൽ ഷെനാവി ടീമിന്റെ നിർണ്ണായക താരങ്ങളായിരിക്കും.