വിനേഷ് ഫോ​ഗട്ടിന് കനത്ത തിരിച്ചടി; ഏഷ്യൻ ഗെയിംസ് യോഗ്യതയ്ക്ക് മുന്നിൽ വാതിലടച്ച് റെസ്ലിം​ഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ

ബുധനാഴ്ച ഡബ്ല്യു.എഫ്.ഐ പുറത്തുവിട്ട പുതിയ സർക്കുലറിലെ മാനദണ്ഡങ്ങളാണ് ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുന്നത്.
വിനേഷ് ഫോഗട്ട്
വിനേഷ് ഫോഗട്ട്
Published on
Updated on

ഡൽഹി: ഏഷ്യൻ ​ഗെയിംസിൽ മത്സരിക്കാനുള്ള വിനേഷ് ഫോഗട്ടിൻ്റെ മോഹങ്ങൾക്ക് കനത്ത തിരിച്ചടി ഏൽപ്പിച്ചിരിക്കുകയാണ് റെസ്ലിം​ഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യു.എഫ്.ഐ) പുതിയ നടപടികൾ. ​ഗോണ്ടയിൽ മെയ് 10 മുതൽ 12 വരെ നടക്കുന്ന നാഷണൽ ഓപ്പൺ റാങ്കിം​ഗ് ടൂർണമെൻ്റിലൂടെ ഏകദേശം ഇരുപത് മാസത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ച് വരവിന് ഒരുങ്ങുകയായിരുന്ന വിനേഷിന് ടൂർണമെൻ്റിലെ മികച്ച പ്രകടനത്തിലൂടെ ഏഷ്യൻ ​ഗെയിംസ് ട്രയൽസിന് യോ​ഗ്യത നേടാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബുധനാഴ്ച ഡബ്ല്യു.എഫ്.ഐ പുറത്തുവിട്ട പുതിയ സർക്കുലറിലെ മാനദണ്ഡങ്ങളാണ് ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുന്നത്.

2025 ഡിസംബറിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിലും ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഫെഡറേഷൻ കപ്പിലും ജേതാക്കൾ ആയവർക്ക് മാത്രമേ ഏഷ്യൻ ​ഗെയിംസ് ട്രയൽസിന് പങ്കെടുക്കാൻ സാധിക്കൂവെന്നാണ് റെസ്ലിം​ഗ് ഫെഡറേഷൻ്റെ പുതിയ നിയമം. എന്നാൽ കഴിഞ്ഞ ജൂലൈയിൽ ഒരു ആൺകുട്ടിക്ക് ജന്മം നൽകിയ വിനേഷിന് ഈ രണ്ട് ടൂർണമെൻ്റുകളിലും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. പാരീസ് ഒളിംപിക്സുമായി ബന്ധപ്പെട്ട വിവാദപരമായ സംഭവങ്ങൾക്ക് ശേഷം ഗുസ്തിയിൽ നിന്ന് വിരമിച്ച വിനേഷ് ഫോഗട്ട് കഴിഞ്ഞ ഡിസംബറിൽ ആണ് തൻ്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ഫെഡറേഷൻ കപ്പിൽ താൻ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും അന്നും അവസാന നിമിഷം ടീം സെലക്ഷൻ മാനദണ്ഡങ്ങൾ മാറ്റിയതിനാൽ സാധിച്ചില്ലെന്ന് ഏതാനം ദിവസങ്ങൾക്ക് മുൻപ് വിനേഷ് ആരോപിച്ചിരുന്നു.

വിനേഷ് ഫോഗട്ട്
ഉത്സവലഹരിയില്‍ സ്റ്റെല്‍വിയോ താഴ്‌വര, ശൈത്യകാല ഒളിംപിക്‌സിനൊപ്പം ശ്രദ്ധനേടി ഇറ്റലിയിലെ ബോര്‍മിയോ നിവാസികളുടെ സ്‌കീയിംഗ്

തിരിച്ചുവരവ് പ്രഖ്യാപിച്ചതു മുതൽ ഡബ്ല്യു.എഫ്.ഐയുമായി നിരന്തരമായ പോരിലാണ് വിനേഷ് ഫോഗട്ട്. റാങ്കിം​ഗ് ടൂർണമെൻ്റിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് തന്നെ തടയാൻ ഫെഡറേഷൻ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ വിനേഷ് വെളിപ്പെടുത്തിയെങ്കിലും ഡബ്ല്യു.എഫ്.ഐ അത് നിഷേധിച്ചിരുന്നു. റാങ്കിങ് ടൂർണമെൻ്റ് വേദി ഉത്തർപ്രദേശിലെ ഗോണ്ടയിൽ ആക്കിയതിനെതിരെയും അവർ രംഗത്തെത്തിയിരുന്നു. റെസ്ലിം​ഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡൻ്റും ലൈംഗികാരോപണ വിധേയനുമായ ബ്രിജ് ഭൂഷൺ സിംഗിൻ്റെ തട്ടകമാണ് ഗോണ്ട. ഗോണ്ടയിലെ നന്ദിനി നഗർ മഹാവിദ്യാലയയിൽ വച്ചാണ് റാങ്കിങ് ടൂർണമെൻ്റ് നടക്കുന്നത്. മഹാവിദ്യാലയയുടെ സ്ഥാപകനും ഗോണ്ടയിൽ നിന്നുള്ള മുൻ ബിജെപി എംപി കൂടിയാണ് ബ്രിജ് ഭൂഷൺ.

ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ ആറ് വനിതാ ഗുസ്തി താരങ്ങളിൽ ഒരാൾ താൻ ആണെന്നും താനുമൊരു ഇരയാണെന്നും വിനേഷ് ചൂണ്ടിക്കാട്ടിയിരുന്നു. 2023ൽ ബ്രിജ് ഭൂഷണിന് എതിരെ പീഡനാരോപണം ഉന്നയിച്ച് വലിയ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ, ബജ്‌രംഗ് പൂനിയ, സാക്ഷി മാലിക്ക് എന്നിവരുടെ ഒപ്പം അതിൻ്റെ മുൻനിരയിൽ തന്നെ വിനേഷ് ഫോഗട്ടും ഉണ്ടായിരുന്നു. പ്രമുഖ താരങ്ങൾ ഉൾപ്പടെയുള്ളവരുടെ പരാതികളുടെ അടിസ്ഥാനത്തിൽ ബ്രിജ് ഭൂഷൺ വിചാരണ നേരിടുന്ന ഈ സാഹചര്യത്തിൽ ഗോണ്ടയിൽ നടക്കുന്ന ടൂർണമെൻ്റിൽ പങ്കെടുക്കുന്നത് സുരക്ഷിതമല്ലെന്ന ആശങ്ക വിനേഷ് വ്യക്തമാക്കിയിരുന്നതാണ്. ഇതിന് പിന്നാലെയാണ് റാങ്കിങ് ടൂർണമെൻ്റിനെ പൂർണമായും ട്രയൽസിൽ നിന്ന് ഒഴിവാക്കി കൊണ്ടുള്ള തീരുമാനം വന്നത്.

വിനേഷ് ഫോഗട്ട്
"ഒരു പ്രഖ്യാപനത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല"; ബാഡ്മിന്റണ്‍ ഉപേക്ഷിച്ചതായി സൈന നെഹ്‌വാള്‍
News Malayalam 24x7
newsmalayalam.com