

സ്മാർട്ട് ഫോൺ ഭീമൻമാരായ ആപ്പിളും സാംസങ്ങും വീണ്ടുമൊരു അങ്കത്തിന് തയ്യാറെടുക്കുകയാണ്. ഐഫോൺ 18 ഉം സാംസങ് ഗാലക്‌സി S26ഉം എപ്പോൾ പുറത്തിറങ്ങുമെന്ന കാര്യത്തിൽ ഉറപ്പായിട്ടില്ലെങ്കിലും രണ്ടിലേതാണ് വിപണി കീഴടക്കാൻ പോകുന്നതെന്ന ചർച്ചയിലാണ് ടെക് ലോകം. 2026 വരെ എന്തായാലും രണ്ടു ഫോണുകളും പുറത്തിറങ്ങുമെന്ന് പ്രതീക്ഷയില്ല. ആപ്പിളിൻ്റെ പുനർരൂപകൽപ്പനയും അൾട്രാ-എഫിഷ്യൻസി 2-നാനോമീറ്റർ ചിപ്പുകളും ചർച്ചയാവുമ്പോൾ സാംസങ്ങിൻ്റെ കൂടുതൽ തെളിവുള്ള ഡിസ്‌പ്ലേകളും നവീകരിച്ച ക്യാമറകളും ഇതിനെ കടത്തി വെട്ടുമോ എന്നാണ് ടെക് ലോകം ഉറ്റു നോക്കുന്നത്.
ഐഫോൺ ആരാധകർ കാത്തിരിക്കുന്ന ഒന്നാണ് ഐഫോൺ 18 സീരീസ്. അൾട്രാ-സ്ലിം ഐഫോൺ എയർ, 120Hz പ്രോമോഷൻ ഡിസ്‌പ്ലേകളും അവതരിപ്പിച്ച ഐഫോൺ 17 ലൈനപ്പിന് ശേഷം ഇതിൻ്റെ കൂടുതൽ നേർത്ത സ്ലീക്കുമായാണ് ഐഫോൺ 18 എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഐഫോൺ 18, ഐഫോൺ 18e, ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയായിരിക്കും ഈ നിരയിൽ പുറത്തിറങ്ങുന്നതെന്നാണ് പുതിയ വിവരം. എന്നിരുന്നാലും ഐഫോൺ എയർ 2 പദ്ധതികൾ മാറിയേക്കുവാനും കമ്പനി അതിൻ്റെ ലോഞ്ചുകൾ രണ്ട് തവണയായി നടത്തിയേക്കാമെന്നും വരെ അഭ്യൂഹങ്ങളുണ്ട്. ഐഫോൺ 18 പ്രോയും പ്രോ മാക്സും 2026 സെപ്റ്റംബറിൽ എത്തുമെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഐഫോൺ 18 ഉം 18e ഉം മാസങ്ങൾക്ക് ശേഷം 2027 മാർച്ചിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.
നെക്സ്റ്റ് ജനറേഷൻ 2-നാനോമീറ്റർ പ്രക്രിയയിൽ നിർമിച്ചതെന്ന് കരുതുന്ന A20 ബയോണിക് ചിപ്പാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകതയെന്നാണ് കരുതപ്പെടുന്നത്. കാര്യക്ഷമതയിലും AI പ്രോസസ്സിംഗ് പവറിലും വലിയ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ് ഇത്. ഉപയോക്താക്കൾക്ക് കൂടുതൽ വിപുലമായ ഓൺ-ഡിവൈസ് ജനറേറ്റീവ് AI, മെച്ചപ്പെട്ട സിരി പെർഫോമൻസ്, ടെക്സ്റ്റ്-ടു-ഇമേജ് ജനറേഷൻ പോലുള്ള പുതിയ ക്രിയേറ്റീവ് നൂതന സൗകര്യങ്ങളാണ് ഇതിൽ പ്രതീക്ഷിക്കാവുന്നത്. ക്യാമറ അപ്‌ഗ്രേഡുകളുണ്ടാവാമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതെല്ലാം ഒറ്റയടിക്ക് കൊണ്ടു വരണമെന്നുമില്ല.
അതേസമയം, ഐഫോൺ ഫോൾഡ് വൈൽഡ് കാർഡ് എൻട്രി ആയി തന്നെ എത്തിയേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് ഏകദേശം1.66 ലക്ഷം രൂപ മുതൽ വിലയീടാക്കിയേക്കാമെന്നും സൂചനകളുണ്ട്.
അതേസമയം, ഇപ്പുറത്ത് ആൻഡ്രോയിഡ് വിഭാഗത്തിൽ ഐഫോൺ 18ന് ഒത്ത എതിരാളിയെ ഇറക്കാനൊരുങ്ങുകയാണ് സാംസങ്. അടുത്ത വലിയ റിലീസായ ഗാലക്‌സി എസ് 26 സീരീസിനായി സാംസങ് ഒരുങ്ങിക്കഴിഞ്ഞു. ഇത് 2026 ൻ്റെ തുടക്കത്തിൽ തന്നെ എത്തുമെന്നാണ് പ്രതീക്ഷ. എസ് 26, എസ് 26 പ്ലസ്, എസ് 26 അൾട്രാ എന്നിവയുമായി തന്നെയായിരിക്കും സാംസങ് എത്തുകയെന്ന് തന്നെയാണ് വിവരം. അതേസമയം, ഗാലക്‌സി എഡ്ജ് പതിപ്പ് തിരിച്ചെത്തിയേക്കുമോ എന്ന ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.
സാംസങ്ങിൻ്റെ പുതിയ മോഡലുകളിൽ വലിയ ഡിസ്‌പ്ലേകൾ, ബാറ്ററികൾ എന്നിവ കൂടാതെ കൂടുതൽ എഐ സർവീസുകളും ഉൾക്കൊള്ളിച്ചിട്ടുണ്ടാവാമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സ്റ്റാൻഡേർഡ് ഗാലക്‌സി എസ് 26 ന് 6.27 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നും മുൻ മോഡലിനേക്കാൾ അല്പം വലുതാണെന്നും 4,300 എംഎഎച്ച് ബാറ്ററിയാണെന്നുമാണ് അഭ്യൂഹങ്ങൾ. എസ് 26 അൾട്രയ്ക്ക് 6.9 ഇഞ്ച് സ്‌ക്രീൻ നിലനിർത്താൻ കഴിയുമെങ്കിലും ഭാരം കുറഞ്ഞ ഫ്രെയിമും 5,400 എംഎഎച്ച് ബാറ്ററിയും ഉണ്ടായേക്കാമെന്നാണ് കരുതുന്നത്. എന്നാൽ, ചില റിപ്പോർട്ടുകൾ പറയുന്നത് ഇത് 5,000 എംഎഎച്ച് ആയി തന്നെ തുടരുമെന്നാണ്. റിപ്പോർട്ടുകൾ പ്രകാരം അൾട്രാ മോഡലിൽ 45W നു പകരം 60W ഫാസ്റ്റ് ചാർജിംഗ് ആയിരിക്കാമെന്നും കരുതുന്നു.
ആപ്പിളും ഗൂഗിളും ഉപയോഗിക്കുന്ന അതേ ഹൈ-എൻഡ് പാനലുകളായ M14 OLED ഡിസ്‌പ്ലേകൾ തന്നെയായിരിക്കാം സാംസങ് പുതിയ മോഡലിൽ കൊണ്ടു വരുന്നതെന്നും പറയപ്പെടുന്നു. ഇത് കൂടുതൽ lz സ്‌ക്രീനുകളും മികച്ച ഊർജ്ജ കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്നു. ജെമിനി, ബിക്‌സ്‌ബി എന്നിവയുമായുള്ള സഹകരണത്തിന് പുറമേ, പെർപ്ലെക്‌സിറ്റി പോലുള്ള മൂന്നാം കക്ഷി AI ഉപകരണങ്ങളുമായുള്ള പങ്കാളിത്തവും കമ്പനി ലക്ഷ്യമിടുന്നുവെന്നാണ് സൂചന.
ഏറ്റവും കൂടുതൽ ചർച്ചയാവുന്നത് സാംസങിൻ്റെ ക്യാമറ അപ്‌ഗ്രേഡ് തന്നെയായിരിക്കും. സ്റ്റാൻഡേർഡ് ഗാലക്‌സി എസ് 26 ന് അതിന്റെ 50-മെഗാപിക്സൽ പ്രധാന സെൻസർ ആയിരിക്കുമെങ്കിലും വലുതും കൂടുതൽ ലൈറ്റ്-സെൻസിറ്റീവ് സെൻസറുമായിരിക്കുമെന്നാണ് വിവരം. അതേസമയം അൾട്രാ മോഡലിൻ്റേത് 200-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും 324-മെഗാപിക്സൽ പ്രധാന സെൻസറുമായിരിക്കുമെന്നാണ് അഭ്യൂഹങ്ങൾ. 2019 മുതൽ ഗാലക്‌സി ഫോണുകളിൽ കാണാത്ത ഒരു സവിശേഷതയായ വേരിയബിൾ അപ്പർച്ചർ അൾട്രാ തിരികെ കൊണ്ടുവന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
AI കേന്ദ്രീകൃത സ്മാർട്ട്‌ഫോണുകൾ, നെക്സ്റ്റ് ജനറേഷൻ ഡിസ്‌പ്ലേകൾ, പ്രീമിയം മെറ്റീരിയലുകൾ എന്നിവയിലൂന്നിയുള്ള ഭാവിയാണ് ആപ്പിളും സാംസങ്ങും പിന്തുടരുന്നത്. ഐഫോൺ 18 കാര്യക്ഷമതയിലും , മികച്ച ബുദ്ധി, പുതിയ ഫോം ഘടകങ്ങൾ എന്നിവയിലേക്ക് ചായുമ്പോൾ, ഗാലക്‌സി എസ് 26 മെച്ചപ്പെട്ട ക്യാമറ സാങ്കേതികവിദ്യയിലും വേഗതയേറിയ AI സംയോജനത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എന്തായാലും ഈ രണ്ട് ഫോണുകളും പവർ, ഡിസൈൻ, വില എന്നിവയിൽ അതിരുകളെല്ലാം ഭേദിക്കുമെന്നാണ് വിവരം. ഐഫോണാകുമോ അതോ ഗാലക്‌സിയാണോ അടുത്ത വിപണി കീഴടക്കുന്നതെന്ന് കണ്ടു തന്നെ അറിയാം.