രണ്ടാം ദിവസത്തിലും തുടരുന്ന മൈക്രോസോഫ്റ്റ് പ്രതിസന്ധി: സംഭവിച്ചത് സൈബര്‍ ആക്രമണമോ? നടന്നത് ഇതാണ്.!

വെള്ളിയാഴ്ച രാവിലെ ഇന്ത്യയിലെയും ഏഷ്യയിലെയും യൂറോപ്പിലെയും ഓഫീസുകൾ പ്രവർത്തിച്ചുതുടങ്ങിയപ്പോൾ പ്രതിസന്ധി കൂടുതൽ രൂക്ഷമായി.
Microsoft 365 Global Outage Enters Day 2: Why Outlook and Teams Crashed Worldwide
Microsoft 365 Global Outage Enters Day 2: Why Outlook and Teams Crashed WorldwideNews Malayalam
Published on: 
Updated on: 

സന്‍ഫ്രാന്‍സിസ്കോ: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഓഫീസുകളെയും സർക്കാർ സംവിധാനങ്ങളെയും വൻകിട കമ്പനികളെയും നിശ്ചലമാക്കിക്കൊണ്ട് മൈക്രോസോഫ്റ്റ് 365 (Microsoft 365) സേവനങ്ങളിലുണ്ടായ ആഗോള തകർച്ച രണ്ടാം ദിവസത്തിലേക്കും കടന്നു. മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക്, മൈക്രോസോഫ്റ്റ് ടീംസ് , ഷെയർപോയിന്റ് ഓൺലൈൻ , എഐ അസിസ്റ്റന്റായ കോപൈലറ്റ് തുടങ്ങിയ സുപ്രധാന സേവനങ്ങൾ തടസ്സപ്പെട്ടതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ദൈനംദിന ജോലികൾ താളംതെറ്റി.

നവംബർ 12-ന് തുടങ്ങിയ പ്രതിസന്ധി

വ്യാഴാഴ്ച (നവംബർ 12) യുഎസ് ഈസ്റ്റേൺ സമയം രാവിലെ 11:17-ഓടെയാണ് (ഇന്ത്യൻ സമയം രാത്രി 9:47) മൈക്രോസോഫ്റ്റ് എക്സ്ചേഞ്ച് സംവിധാനത്തിൽ Incident EX1550543 എന്ന പേരില്‍ തകരാർ ആരംഭിച്ചതെന്ന് ഫോബ്സ് റിപ്പോർട്ട് ചെയ്യുന്നു. തകരാർ റിപ്പോർട്ട് ചെയ്യുന്ന ഡൗൺഡിറ്റക്ടർ വെബ്‌സൈറ്റിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ 1,31,000-ത്തിലധികം ഉപയോക്താക്കളാണ് പരാതികൾ രേഖപ്പെടുത്തിയത്. പ്രശ്നം പരിഹരിക്കാൻ മൈക്രോസോഫ്റ്റ് എൻജിനീയർമാർ വ്യാഴാഴ്ച രാത്രി തന്നെ അടിയന്തര നടപടികൾ സ്വീകരിച്ചെങ്കിലും ആദ്യഘട്ടത്തിൽ നടപ്പാക്കിയ മാറ്റങ്ങൾ ഫലം കണ്ടില്ല. ഇതോടെ വെള്ളിയാഴ്ച രാവിലെ ഇന്ത്യയിലെയും ഏഷ്യയിലെയും യൂറോപ്പിലെയും ഓഫീസുകൾ പ്രവർത്തിച്ചുതുടങ്ങിയപ്പോൾ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഉപയോക്താക്കളുടെ ഇമെയിലുകൾ നഷ്ടപ്പെടാതിരിക്കാനും തിരിച്ചുപോകാതിരിക്കാനും മൈക്രോസോഫ്റ്റ് മെയിൽ ടൈംഔട്ട് പരിധി 48 മണിക്കൂറായി നീട്ടിയതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

Microsoft 365 Global Outage Enters Day 2: Why Outlook and Teams Crashed Worldwide
രണ്ടാം ദിവസത്തിലും തുടരുന്ന മൈക്രോസോഫ്റ്റ് പ്രതിസന്ധി: സംഭവിച്ചത് സൈബര്‍ ആക്രമണമോ? നടന്നത് ഇതാണ്.!

ആശുപത്രികൾ മുതൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വരെ കുടുങ്ങി

ലോകത്താകമാനം 45 കോടിയിലധികം വാണിജ്യ ഉപയോക്താക്കളാണ് മൈക്രോസോഫ്റ്റ് 365 പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ തന്നെ കണക്കുകൾ പ്രകാരം ഒരു ശരാശരി ജീവനക്കാരന് ദിവസം 117 ഇമെയിലുകളാണ് ലഭിക്കുന്നത്. ഔട്ട്‌ലുക്കും ടീംസും ഒരേസമയം നിശ്ചലമായതോടെ ജീവനക്കാർക്ക് പരസ്പരം ആശയവിനിമയം നടത്താൻ പോലും കഴിയാത്ത അവസ്ഥയുണ്ടായി. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ ഇമെയിൽ സംവിധാനങ്ങളെ തകരാർ ഗുരുതരമായി ബാധിച്ചു. പ്രമുഖ യൂറോപ്യൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഓപ്പറേറ്ററായ യൂറോനെക്സ്റ്റ് ലിസ്റ്റഡ് കമ്പനികളോട് ഇമെയിലുകൾക്ക് പകരം ഫോൺ വഴി ബന്ധപ്പെടാൻ ഔദ്യോഗികമായി ആവശ്യപ്പെട്ടു. മൈക്രോസോഫ്റ്റ് ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങളെ ആശ്രയിക്കുന്ന ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ മുൻനിര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികളുടെ സേവനങ്ങളിലും തകരാർ അനുഭവപ്പെട്ടതായി ഫോബ്സ് ചൂണ്ടിക്കാട്ടുന്നു.

സൈബർ ആക്രമണമല്ല, പിന്നിൽ 'സെർവർ ഓവർലോഡ്'

ഇതൊരു വൻകിട സൈബർ ആക്രമണമോ ഹാക്കിംഗോ ആണോ എന്ന ആശങ്ക തുടക്കത്തിൽ ഉയർന്നിരുന്നു. എന്നാൽ നിലവിലെ പരിശോധനയിൽ യാതൊരുവിധ ദുരുദ്ദേശ്യപരമായ ഇടപെടലുകളോ സൈബർ ആക്രമണമോ കണ്ടെത്തിയിട്ടില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. കമ്പനിയുടെ പ്രാഥമിക വിലയിരുത്തൽ പ്രകാരം ഒരു "എലിവേറ്റഡ് ലോഡ്" അഥവാ അമിതഭാരമാണ് പ്രതിസന്ധിക്ക് കാരണമായത്. മൈക്രോസോഫ്റ്റ് സെർവറുകളിലെ ഒരു പ്രധാന പ്രക്രിയ അപ്രതീക്ഷിതമായി തകരാറിലായതോടെ ആ സെർവറുകൾ പ്രവർത്തനരഹിതമായി. ഇതോടെ അവയിലേക്ക് വരേണ്ടിയിരുന്ന കോടിക്കണക്കിന് ഡാറ്റാ ട്രാഫിക് ബാക്കിയുണ്ടായിരുന്ന മറ്റ് സെർവറുകളിലേക്ക് ഇരച്ചുകയറുകയും, ആ അമിതഭാരം താങ്ങാനാവാതെ അവയും ഒന്നിനുപുറകെ ഒന്നായി നിലയ്ക്കുകയുമായിരുന്നു. നെറ്റ്‌വർക്ക് നിരീക്ഷണ ഏജൻസിയായ തൗസൻഡ്ഐസ് വലിയ തോതിലുള്ള ട്രാഫിക് നഷ്ടവുംഎച്ച്ടിടിപി സെർവർ പിഴവുകളും രേഖപ്പെടുത്തിയിട്ടുണ്ട്. തകരാറിലായ ഭാഗങ്ങൾ വേർതിരിച്ച് ട്രാഫിക് വഴിതിരിച്ചുവിട്ടാണ് എൻജിനീയർമാർ സേവനങ്ങൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്നത്.

വിരലിലെണ്ണാവുന്ന ടെക് ഭീമന്മാരെ ആശ്രയിക്കുന്നതിലെ അപകടം

ആഗോള ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ വിരലിലെണ്ണാവുന്ന വൻകിട ടെക് കമ്പനികളിൽ മാത്രം കേന്ദ്രീകരിക്കുന്നതിന്റെ അപകടമാണ് ഈ സംഭവം വീണ്ടും തുറന്നുകാട്ടുന്നത്. ലോകത്തിന്റെ സാങ്കേതിക മേഖല ഇത്രയധികം ഏതാനും ഭീമന്മാരെ ആശ്രയിക്കുന്നത് ചെറിയൊരു പിഴവിൽ പോലും 'ഗ്ലോബൽ ഐടി ബ്ലാക്ക്ഔട്ടിന്' വഴിവെക്കുമെന്ന് സൈബർ സുരക്ഷാ കമ്പനിയായ ഇസെറ്റിന്റെ ഗ്ലോബൽ അഡ്വൈസർ ജേക്ക് മൂർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Microsoft 365 Global Outage Enters Day 2: Why Outlook and Teams Crashed Worldwide
'റോബോട്ടിനെ ജോലിക്കെടുക്കൂ,മനുഷ്യനെ പിരിച്ചുവിടൂ നയം' ബില്‍ഗേറ്റ്സിന്‍റെ മുന്നറിയിപ്പിന് പിന്നാലെ 60,000 ജീവനക്കാരെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കി മൈക്രോസോഫ്റ്റ്