പ്രിയദർശനു വേണ്ടി ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയ്ക്കായി എഴുതിയാണ് ശ്രീനിവാസൻ തിരക്കഥാകൃത്താകുന്നത്.ആ എഴുത്തേറ്റെടുത്ത് എക്കാലത്തേയും സൂപ്പർഹിറ്റുകൾ സൃഷ്ടിച്ച സംവിധായകരാണ് കമലും പ്രിയദർശനും.
1984ൽ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയാം ഒരാൾക്കൂട്ടമായിരുന്നു. അതിൽ നിറഞ്ഞു നിന്നവരാണ് പിന്നീടുള്ള പതിറ്റാണ്ടുകളിലെ മലയാള സിനിമയുടെ നായകരും നായികമാരും. ശ്രീനിവാസനെക്കൊണ്ട് പിന്നെയും എഴുതിച്ച് പ്രിയദർശൻ ചിരിയുടെ കിന്നരം തീർത്തു. അങ്ങനെ വന്നതാണ് അരം അരം കിന്നരം എന്ന സിനിമ.
ഇരുവരും ഒന്നിച്ച മിഥുനം മലയാള സിനിമയുടെ എക്കാലത്തേയും വലിയ ചിരികളിൽ ഒന്നാണ്.
വെള്ളാനകളുടെ നാട് നിർവഹിച്ചതു വലിയൊരു സാമൂഹിക ദൗത്യമാണ്. താമരശ്ശേരി ചുരം കടന്നു വന്ന റോഡ് റോളർ കഥകൾ അന്നത്തെ പൊതുമരാമത്തു വകുപ്പിന്റെ നേർചിത്രമായിരുന്നു.
അക്കരെ അക്കരെ അക്കരെ ഇരുവരും ചേർന്ന് സത്യൻ അന്തിക്കാടിൽ നിന്ന് ഏറ്റെടുത്തപ്പോൾ കിളിച്ചുണ്ടൻ മാമ്പഴത്തിന് കഥ പറഞ്ഞത് ശ്രീനിവാസനാണ്. സത്യൻ അന്തിക്കാടിൻ്റേയും പ്രിയദർശൻ്റെയും ഒപ്പം പോയ ചിരിയുടെ ട്രാക്ക് ആയിരുന്നില്ല കമലിനൊപ്പം ചേർന്നപ്പോൾ. അഴകിയ രാവണന് ഇന്നും മലയാളത്തിൽ ഒരു ബദൽ ഇല്ല.
മമ്മൂട്ടിക്കു വേണ്ടി സൃഷ്ടിച്ച കമൽ ചിത്രം മഴയെത്തും മുൻപേ. അതു മലയാളത്തിലെ ലക്ഷണമൊത്ത സാമൂഹിക ചലച്ചിത്രമായി. നിയന്ത്രിക്കാനും നിരസിക്കാനും കഴിയാതെ ബന്ധങ്ങൾ മറികടന്ന് ആളും തരവും നോക്കാതെ വരുന്ന ശുദ്ധപ്രണയം.മാനസിക സംഘർഷങ്ങളെ മനോഹരമായി പകർത്തുന്ന തിരക്കഥ.
കണ്ണൂർ കൂത്തുപറമ്പിൽ ജനിച്ച ശ്രീനിവാസൻ കമലിനു വേണ്ടി ഒരുക്കിയ കുട്ടനാടൻ അരങ്ങാണ് ചമ്പക്കുളം തച്ചൻ. അഭിനേതാക്കൾക്കു മാത്രമല്ല തിരക്കഥാകൃത്തുകൾക്കും അസാധ്യമെന്നു തോന്നും വിധം കൂടുവിട്ടു കൂടുമാറാൻ കഴിയുന്നത് ഇങ്ങനെയാണ്.
സിബി മലയിലിനു വേണ്ടി ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, ലാൽ ജോസിനു വേണ്ടി മറവത്തൂർ കനവ്, ടി.കെ. രാജീവ്കുമാറിനായി ഒരു നാൾ വരും. ഇതിനെല്ലാം അപ്പുറം ജയരാജിനായി വിദ്യാരംഭം. പ്രമുഖ സംവിധായകർക്കൊപ്പം ജീവിതത്തിൻ്റെ എല്ലാ മേഖലകളിലേക്കും കടന്നുപോകുന്നതായിരുന്നു ശ്രീനിവാസൻ്റെ എഴുത്ത്.
മലയാള സിനിമയിലെ ഒരു ബെഞ്ച് മാർക്ക് ആയിരുന്നു ദൂരെ ദൂരെ ഒരു കൂടുകൂട്ടാം. അതീവ ഗൗരവമായ ഒരു വിഷയം നർമം ചാലിച്ചു പറഞ്ഞ ആ വൈഭവത്തിന് പിന്നീട് ഒരു തുടർച്ചയുണ്ടായി. ഇംഗ്ളീഷ് മീഡിയത്തിലൂടെ. സിബി മലയിൽ നിന്ന് സംവിധാനം പ്രദീപ് ചൊക്ളിയിലേക്ക്.
ഒരു മറവത്തൂർ കനവ് ലാൽജോസിനെ മലയാള സിനിമയിൽ അടയാളപ്പെടുത്തിയ സിനിമയാണ്. കുടിയേറ്റക്കാരൻ കർഷകനും കേരളാ കോൺഗ്രസുകാരനായ രാഷ്ട്രീയക്കാരനുമായി മമ്മൂട്ടിക്ക് വലിയ ബ്രേക്ക് നൽകിയ ചിത്രം. തിരക്കഥയുടെ പൂർണത കൊണ്ട് അതു മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമകളിൽ ഒന്നായി.
എം. മോഹനൻ്റെ കഥ പറയുമ്പോൾ, ജയരാജിന്റെ വിദ്യാരംഭം - ശ്രീനിവാസൻ്റെ തിരക്കഥാമേന്മയ്ക്ക് സാക്ഷ്യമാകാൻ ഇനിയുമുണ്ട് മികച്ച സൃഷ്ടികൾ. അതിലൊന്നാണ് ടി.കെ രാജീവ് കുമാറിൻ്റെ ഒരു നാൾ വരും.
ഒ.വി. വിജയൻ ധർമപുരാണം എഴുതിയതുപോലെയാണ് ശ്രീനിവാസൻ്റെ പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ എന്നു പറയാറുണ്ട്. വിജയൻ്റെ നോവൽ വായിച്ചു നിലവാരം തകർന്നു എന്നുപറഞ്ഞവരിൽ ഏറെയും അതിൽ വിമർശനവിധേയരായ രാഷ്ട്രീയക്കാരായിരുന്നു. സരോജ്കുമാറിനെ ഉൾക്കൊള്ളാൻ കഴിയാതെ പോയത് ആ സിനിമ വഴി വിമർശനമേറ്റു വാങ്ങുന്നവർക്കായിരുന്നു.
ഇങ്ങനെ, ശ്രീനിവാസൻ എന്ന തിരക്കഥാകൃത്ത് സൃഷ്ടിച്ച കഥാപാത്രങ്ങൾ കേരളത്തിലിപ്പോഴും ജീവിതത്തിലേക്കിറങ്ങിവന്ന് യുദ്ധം ചെയ്യുന്നുണ്ട്.