രജനികാന്ത് ചിത്രം 'ജയിലർ 2' Source: X
MOVIES

ടൈഗറിന്റെ രണ്ടാം വരവിൽ മാസ് കുറഞ്ഞു, ചിരി കൂടി; 'ജയിലർ 2' റിവ്യൂ | JAILER 2 REVIEW

'ജയിലർ' നിർത്തിയിടത്ത് നിന്നാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്

Author : ശ്രീജിത്ത് എസ്

'ജയിലർ' ആദ്യ ഭാഗത്തിന് ഉപയോഗിച്ച അതേ അച്ചിൽ നെൽസൺ ദിലീപ് കുമാർ വാർത്തെടുക്കാൻ ശ്രമിച്ച സീക്വൽ - അതാണ് 'ജയിലർ 2'. പീക്ക് രജനി മൊമന്റ്സിനൊപ്പം കൃത്യമായി പ്ലേസ് ചെയ്ത കാമിയോ വേഷങ്ങളാണ് 'ജയിലർ' സിനിമയെ ഒരു മാസ് എന്റർടെയ്നറാക്കി മാറ്റിയത്. ഈ ചിത്രത്തിലും മാസ് എലമെന്റുകളുണ്ട്. പ്രേക്ഷകരെ ആവേശത്തിലാക്കുന്ന അനിരുദ്ധിന്റെ 'ഹുകും' ബിജിഎമ്മും ഉണ്ട്. പക്ഷേ, ജയിലറോളം സീക്വൽ എത്തുന്നില്ല. ആദ്യ ഭാഗത്തിന്റെ ഓർമകളിൽ കിടന്ന് തിളയ്ക്കുക മാത്രമാണ് ഈ രജനി-നെൽസൺ ചിത്രം.

'ജയിലർ' നിർത്തിയിടത്ത് നിന്നാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. കണ്ടുപരിചയിച്ച സീക്വലുകളെ പോലെ തന്നെ. തനിക്ക് പുറകിൽ ഒരു വലിയ നെറ്റ്‌വർക്കുണ്ടെന്ന് രജനിയുടെ ടൈഗർ മുത്തുവേൽ പാണ്ഡ്യനോട് വിനായകന്റെ വർമൻ എന്ന കഥാപാത്രം 'ജയിലറി'ൽ പറയുന്നുണ്ട്. ഈ നെറ്റ്‌വർക്കിന് പുറകെയാണ് മുത്തുവേൽ പാണ്ഡ്യൻ. ഈ നെറ്റ്‌വർക്കോ? വർമനെ കൊന്നവർക്ക് പിന്നാലെയും. ആദ്യ പകുതി മുഴുവൻ നീങ്ങുന്നത് ഈ ട്രാക്കിലാണ്. അവിടെയാണ് സുരാജ് വെഞ്ഞാറമൂടിന്റെ ദിലീപ് വരുന്നത്. തനിക്ക് ലഭിച്ച വേഷം ​ഗംഭീരമായി സുരാജ് അവതരിപ്പിച്ചിട്ടുണ്ട്. 'തള്ളേ കൊള്ളാം' എന്ന് ദീലിപ് പറയുന്നിടത്ത് നമ്മൾ അറിയാതെ സുരാജിന് വേണ്ടി കയ്യടിച്ചുപോകും.

നെൽസൺ സ്റ്റൈ‍ൽ കോമഡി രം​ഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ പകുതി. നമോ നാരായണ, യോ​ഗി ബാബു എന്നിവരുടെ കോമഡി ടൈമിങ് അപാരമാണ്. രജനി സ്ക്രീനിൽ നിൽക്കെ ഇവർ കയ്യടികൾ വാങ്ങിക്കൂട്ടുന്നു. പ്രത്യേകിച്ച് മൂ‍ർത്തി എന്ന കഥാപാത്രമായി എത്തിയ നമോ നാരായണ.

രണ്ടാം പകുതിയിൽ സിനിമ പതിയെ ​ഗിയ‍ർ മാറ്റുന്നു. മാസ് ആക്ഷൻ രംഗങ്ങളിലേക്ക് കടക്കുന്നു. വർമൻ പറഞ്ഞുവച്ച ആ പെരിയ നെറ്റ് വർക്കിന്റെ തലപ്പത്തേക്ക്, കൽപ്പക് ഫാമിലിയിലേക്ക് എത്തുന്ന മുത്തുവേൽ പാണ്ഡ്യൻ ശരിക്കും നിരാശനായിട്ടുണ്ടാകും. മിഥുൻ ചക്രവർത്തിയുടെ ചക്രി കൽപ്പകും മക്കളായി എത്തുന്ന എസ്.ജെ. സൂര്യ, വിദ്യാ ബാലൻ, ഹക്കിം ഷാജഹാൻ, ജതിൻ ശർമ എന്നിവർ നന്നായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ, മുത്തുവേൽ പാണ്ഡ്യന് ഒത്ത എതിരാളികളായി ഒരു ഘട്ടത്തിലും ഇവരുടെ കഥാപാത്രങ്ങളെ തോന്നുന്നില്ല. അത് മാത്രമല്ല, ഇവരാണോ വർമൻ പറഞ്ഞ വലിയ നെറ്റ്‌വർക്കെന്ന് ഇടയ്ക്ക് ചിന്തിച്ചുംപോകും.

രജനി ആരാധകരെ 'ജയില‍ർ 2' തൃപ്തിപ്പെടുത്തുന്നുണ്ടോ എന്ന് ചോദിച്ചാൽ...രണ്ടേമുക്കാൽ മണിക്കൂറുള്ള ഒരു ചിത്രത്തിൽ നാലഞ്ചിടത്ത് 'ഹുകും' ബിജിഎമ്മും രജനി വാൾ വീശുന്നതിന്റെയും വെടിവയ്ക്കുന്നതിന്റെയും സ്റ്റൈലിഷ് ഷോട്ടുകളും കണ്ടാൽ രജനി രസികർ തൃപ്തരാകുമെങ്കിൽ ഇത് അവർക്കായി ഒരുക്കിയ സീക്വലാണ്. ഈ ചിത്രത്തിലും അതിഥി താരങ്ങളുണ്ട്, മലയാളി വില്ലനുണ്ട്, തമാശയുണ്ട്, പതിവ് 'ബ്രേക്കിങ് ബാഡ്' - 'ബെറ്റർ കോൾ സോൾ' റെഫറൻസുകളുണ്ട്, തലൈവരുണ്ട്, പക്ഷേ...ജയിലറിന്റെ നിഴൽ മാത്രമാണ് ഈ ചിത്രം. അത് മനസിലാകാൻ വേണ്ടി ഒരു ഉദാഹരണം പറയാം - ജയിലറിലെ ടൈ​ഗർ ട്രാൻസ്ഫോർമേഷൻ സീൻ. അങ്ങനെ രോമാഞ്ചം തരുന്ന ഒരു സീൻ രണ്ടാം ഭാ​ഗത്തിലില്ല!

ഇനി 'ജയിലർ' ഫ്രാഞ്ചൈസിയുടെ ഹൈലൈറ്റിലേക്ക് വരാം. കാമിയോസ്. രജനി പടത്തിൽ എന്തിനാണ് മറ്റ് താരങ്ങളുടെ കാമിയോ എന്ന് 'ജയിലർ' ഇറങ്ങുന്നതിന് മുൻപ് വരെ പലരും ചോദിച്ചിരുന്നു. എന്നാൽ, റിലീസിന് പിന്നാലെ ആ ചോദ്യത്തിന് പ്രസക്തിയില്ലാതായി. രജനിക്കൊപ്പം ജയിലറിന്റെ ഹൈ പോയിന്റുകൾ പലതും സൃഷ്ടിച്ചത് മോഹൻലാലും ശിവ രാജ്കുമാറും ജാക്കി ഷ്റോഫും ചേ‍ർന്നാണ്. ഇവർ മൂവരും രണ്ടാം ഭാ​ഗത്തിലുമുണ്ട്. ഉണ്ട്, പക്ഷേ ഇല്ല. അതാണ് അവസ്ഥ. ഇവരെക്കൂടാതെ വിജയ് സേതുപതിയും ബോളിവുഡിൽ നിന്നൊരു സ്റ്റൈലൻ കാമിയോയും ചിത്രത്തിലുണ്ട്. പക്ഷേ, ശിവ രാജ് കുമാർ ഒരു ടിഷ്യൂ പേപ്പർ കൊണ്ട് കാട്ടിയ അത്ര മാസൊന്നും ഇവർ കാണിക്കുന്നില്ല.

എല്ലാം ഇവിടെക്കൊണ്ട് തീർന്നു എന്ന് വിചാരിക്കരുത്. ജയിലറിന് മൂന്നാം ഭാ​ഗം വരും. അതിനുള്ള വഴിവെട്ടി വച്ചിട്ടുണ്ട് നെൽസൺ. തലൈവരെ ആ വഴി എങ്ങനെയാണ് നടത്താൻ പോകുന്നതെന്ന് കണ്ടറിയണം.

SCROLL FOR NEXT