ടിക് ടോക് കാലത്ത് വൈറലായൊരു പാട്ടായിരുന്നു നിങ്ങള് നിങ്ങളമാത്രം ഇഷ്ടപ്പെടല്ലപ്പാ... പ്രളയ സമയത്തും, കോവിഡ് സമയത്തും, യുദ്ധ-സംഘര്‍ഷ കാലങ്ങളിലുമെല്ലാം ആ പാട്ട് ആവര്‍ത്തിച്ചു. മനുഷ്യനെക്കുറിച്ചും മാനവികതയെക്കുറിച്ചും പറയുന്ന വേദികളില്‍ ആളും ആരവുമായി ആ വരികള്‍ ആഘോഷിക്കപ്പെട്ടു. ടിക് ടോക്കില്‍നിന്ന് സ്റ്റേജ് ഷോകളിലേക്കും പിന്നീട് സമൂഹമാധ്യമങ്ങളിലേക്കും പടര്‍ന്നേറിയ ആ വരികള്‍ കെ.വി. വിജേഷിന്റേതായിരുന്നു. നാടകത്തിനുവേണ്ടി എഴുതിയ വരികളാണ് പല കാലങ്ങളില്‍, സന്ദര്‍ഭങ്ങളില്‍ ആളുകള്‍ ഏറ്റെടുത്തു പാടിയത്.
ഒരു നാടകക്യാമ്പിനിടെ, ടൈറ്റില്‍ സോങ്ങായി ഒരുക്കിയതായിരുന്നു വരികള്‍. കാസര്‍ഗോഡ് നാട്ടുവര്‍ത്തമാനത്തിന്റെ ശൈലിയില്‍ വിജേഷ് പാടിപ്പറഞ്ഞ വരികളില്‍ ശരിയുടെ കരുത്തുണ്ടായിരുന്നു. നിങ്ങള്‍ നിങ്ങളെ മാത്രം ഇഷ്ടപ്പെടരുതെന്നും, നമ്മള്‍ നമ്മളെ മാത്രം ഇഷ്ടപ്പെടരുതെന്നും, എല്ലാവരും ഒരമ്മ പെറ്റതുപോലെയെന്നും ഓര്‍മപ്പെടുത്തുന്ന വരികള്‍. മരിക്കും എന്നുള്ളത് നേരാണ്, സത്യവുമാണ് നിങ്ങള്‍ ആരുടെ കൂടെ നില്‍ക്കുമെന്ന് വിജേഷ് ചോദിക്കുന്നു. കാശിന്റെ കൊട്ടാരമുറ്റത്ത് ഒരു പൂവും വിരിയില്ല, നൂറിന്റെ കെട്ടിന്റെ മുമ്പില്‍ പാട്ടും വിരിയില്ല. നമ്മുടെ ഉള്ളിലെ ചേറുകള്‍ കാക്കയ്ക്ക് തീറ്റ കൊടുത്തിട്ട്, ഉള്ളിലെ പൊട്ടകളെല്ലാം കാറ്റില്‍ പറത്തി വിടാനും വിജേഷ് ആഹ്വാനം ചെയ്യുന്നു.
കാലദേശഭേദങ്ങള്‍ക്ക് അതീതമായ യാഥാര്‍ഥ്യങ്ങളായിരുന്നു വിജേഷ് വരികളിലൂടെ പറഞ്ഞുവച്ചത്. വിജേഷിന്റെ ഏതൊരു നാടക ക്യാമ്പിന്റെയും തുടക്കം ഈ വരികള്‍ പാടിക്കൊണ്ടായിരുന്നു. അത് പിന്നീട് പലരിലൂടെ ഒഴുകിപ്പരന്നു. മത്തായി സുനില്‍, പുന്നാട് പൊലിക നാടന്‍ പാട്ട് സംഘത്തിലെ അനുശ്രീ എന്നിവരുടെ ശബ്ദത്തില്‍ പാട്ട് വൈറലായി. പിന്നീട് പലരും അത് പിന്തുടര്‍ന്നു. സ്റ്റേജ് ഷോകളിലും, റിയാലിറ്റി ഷോകളിലും ഉള്‍പ്പെടെ അത് മുഴങ്ങിക്കേട്ടു. വിജേഷ് എഴുതിയ വരികളില്‍ കൂട്ടിച്ചേര്‍ക്കലുകളുമുണ്ടായി. ഏത് കാലത്തിനും യോജിച്ച വരികള്‍ എന്നതായിരുന്നു പാട്ടിന്റെ സ്വീകാര്യത കൂട്ടിയത്. സമകാലീന സംഭവങ്ങള്‍ കാണുമ്പോഴും, കേള്‍ക്കുമ്പോഴും വിജേഷിന്റെ വരികള്‍ കൂടുതല്‍ കൂടുതല്‍ ശോഭിക്കുന്നു. അത്രത്തോളം അര്‍ഥവത്തും, കാലാതിവര്‍ത്തിയുമാണ് വരികള്‍. അതിങ്ങനെ മുഴങ്ങിക്കൊണ്ടിരിക്കും.
വിജേഷ് ചൊല്ലിയ വരികള്‍
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ...
നമ്മള് നമ്മളെ മാത്രം ഇഷ്ടപെടല്ലപ്പാ...
ഒരമ്മ പെറ്റത് പോലെ
എല്ലാരും അങ്ങനെ തന്ന്യാ...
മരിക്കുന്നുള്ളത് നേരാ...
മരിക്കുന്നുള്ളത് സത്യാ...
ആരുടെ കൂടെ നില്‍ക്കും
നിങ്ങള്‍ ആരുടെ കൂടെ നില്‍ക്കും
കാശിന്റെ കൊട്ടാര മുറ്റത്ത്
ഒരു പൂവും വിരിയില്ല കേട്ടോ..
നൂറിന്റെ കെട്ടിന്റെ മുമ്പിൽ
ഒരു പാട്ടും വിരിയില്ല കേട്ടോ..
നിങ്ങടെ ഉള്ളിലെ ചേറുകളെല്ലാം...
കാക്കക്ക് തീറ്റ കൊടുക്ക്...
നിങ്ങടെ ഉള്ളിലെ പൊട്ടകളെല്ലാം
കാറ്റിൽ കൊളുത്തി പറത്ത്
ഇപ്പോള്‍ പാടിക്കേള്‍ക്കുന്നത്
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ...
നമ്മള് നമ്മളെ മാത്രം ഇഷ്ടപെടല്ലപ്പാ... (2)
ഒരമ്മ പെറ്റത് പോലെ
എല്ലാരും അങ്ങനെ തന്ന്യാ... (4)
(നിങ്ങള് നിങ്ങളെ മാത്രം )
ആരുടെ കൂടെ നിക്കും
നമ്മൾ ആരുടെ കൂടെ നിക്കും (2)
നേരിന്റെ കൂടെ നിക്കും
നമ്മള് നേരിന്റെ കൂടെ നിക്കും (2)
(നിങ്ങള് നിങ്ങളെ മാത്രം )
കാശിന്റെ കൊട്ടാര മുറ്റത്ത്
ഒരു പൂവും വിരിയില്ല കേട്ടോ.. (2)
നൂറിന്റെ കെട്ടിന്റെ മുമ്പിൽ
ഒരു പാട്ടും വിരിയില്ല കേട്ടോ.. (2)
(നിങ്ങള് നിങ്ങളെ മാത്രം )
കാശിനു മീതെ പരുന്തും
പറക്കാൻ തോന്നി തുടങ്ങും (2)
നിങ്ങടെ ഉള്ളിലെ ചേറുകളെല്ലാം
കാക്കക്ക് തീറ്റ കൊടുക്ക്...
നിങ്ങടെ ഉള്ളിലെ പൊട്ടകളെല്ലാം
കാറ്റിൽ കൊളുത്തി പറത്ത്
(നിങ്ങള് നിങ്ങളെ മാത്രം )
മരിക്കുന്നുള്ളത് നേരാ...
മരിക്കുന്നുള്ളത് സത്യാ... (2)
നിങ്ങടെ ഉള്ളിലെ ചേറുകളെല്ലാം.
കാക്കക്ക് തീറ്റ കൊടുക്ക്...
നിങ്ങടെ ഉള്ളിലെ പൊട്ടകളെല്ലാം
കാറ്റിൽ കൊളുത്തി പറത്ത്
നിങ്ങള്... നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ..
നമ്മള്... നമ്മളെ മാത്രം ഇഷ്ടപെടല്ലപ്പാ..
ഒരമ്മ പെറ്റത് പോലെ
എല്ലാരും അങ്ങനെ തന്ന്യാ.. (4)