സാക്ഷി മാലിക് 
FEATURED

സാക്ഷി മാലിക് എന്ന പോരാട്ടവീര്യം | ദി ഫൈനൽ വിസിൽ

തൻ്റെ സ്വപ്നതുല്യമായ കരിയർ പോലും ഹോമിച്ച് ആൺമേൽക്കോയ്മ നിറഞ്ഞ വ്യവസ്ഥിതിയോട് സന്ധിയില്ലാതെ കലഹിച്ചൊരു പെൺപോരാട്ട വീര്യത്തിൻ്റെ പേര് കൂടിയാണ് സാക്ഷി മാലിക്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ഡൽഹി: ഇന്ത്യൻ കായിക ചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെട്ടൊരു പേരാണ് സാക്ഷി മാലിക്കിൻ്റേത്. അതിനുമപ്പുറം, തൻ്റെ സ്വപ്നതുല്യമായ കരിയർ പോലും ഹോമിച്ച് ആൺമേൽക്കോയ്മ നിറഞ്ഞ വ്യവസ്ഥിതിയോട് സന്ധിയില്ലാതെ കലഹിച്ചൊരു പെൺപോരാട്ട വീര്യത്തിൻ്റെ പേര് കൂടിയാണത്. ലൈംഗിക അരാജകത്വം പിടിമുറുക്കിയ ഇന്ത്യൻ റെസ്‌ലിങ് ഫെഡറേഷനെ ഒരു പാഠം പഠിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ സാക്ഷിക്ക് അതൊരു ജീവന്മരണ പോരാട്ടമായിരുന്നു. തൻ്റെ പിന്മുറക്കാരായ പെൺകുട്ടികൾ നേരിട്ട ലൈംഗിക ചൂഷണങ്ങൾ രാജ്യത്തിൻ്റെ ശ്രദ്ധയിലെത്തിക്കാനും, കേന്ദ്രം ഭരിക്കുന്ന സർക്കാരിൻ്റെ നിശബ്ദതയ്ക്കെതിരെ കലഹിക്കാനും സാക്ഷി മാലിക് മുന്നിട്ടിറങ്ങിയത് ചരിത്രം!

കുട്ടിക്കാലത്ത് പലരിൽ നിന്നായി ലൈംഗിക ചൂഷണങ്ങൾ നേരിട്ടിട്ടും... അതോടൊന്നും പ്രതികരിക്കാൻ കഴിയാതെ പോയതിലുള്ള ആത്മരോഷം ഈ ഹരിയാനക്കാരിയുടെ ഉള്ളിൽ കനൽകെടാതെ കിടന്നിരുന്നു. ലോകമറിയുന്നൊരു കായിക പ്രതിഭയായി മാറിയപ്പോൾ... തൻ്റെ പിന്മുറക്കാരായ പെൺകുട്ടികൾ നേരിട്ട ലൈംഗിക ചൂഷണങ്ങൾ രാജ്യത്തിൻ്റെ ശ്രദ്ധയിലെത്തിക്കാനും, കേന്ദ്രം ഭരിക്കുന്ന സർക്കാരിൻ്റെ നിശബ്ദതയ്ക്കെതിരെ കലഹിക്കാനും സാക്ഷി മാലിക് മുന്നിട്ടിറങ്ങിയത് ചരിത്രം!

വനിതകളുടെ ഗുസ്തി വിഭാഗത്തിൽ ഇന്ത്യക്ക് ആദ്യത്തെ ഒളിംപിക് മെഡൽ സമ്മാനിച്ച് ചരിത്രം സൃഷ്ടിച്ച താരമാണ് സാക്ഷി. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് നേടിയ ആദ്യത്തെ വനിതാ ഗുസ്തി താരം എന്ന നേട്ടത്തിന് കൂടി ഉടമയാണ് ഈ ഹരിയാനക്കാരി. 2016ലെ റിയോ ഒളിംപിക്സിൽ രാജ്യത്തിന് വെങ്കല മെഡൽ സമ്മാനിച്ച കൈക്കരുത്താണ് ഈ അതുല്യ നേട്ടത്തിന് സാക്ഷി മാലിക്കിനെ പ്രാപ്തയാക്കിയത്.

രാജ്യത്ത് അനീതിക്കെതിരെ കലഹിക്കാൻ മുന്നിട്ടിറങ്ങുന്ന പെൺശബ്ദങ്ങൾക്ക് മനോവീര്യം പകരുന്നൊരു പേരായി 'സാക്ഷി മാലിക്ക്' ഇന്ന് മാറിയിട്ടുണ്ട്. രാജ്യം ഖേൽരത്ന പുരസ്കാരം നൽകി ആദരിച്ച കായിക പ്രതിഭയ്ക്ക്, അതിൻ്റെ പേരിൽ നൽകേണ്ടി വന്നതാകട്ടെ കനത്ത വിലയും! ഭരണകൂടം പീഡകരെ സംരക്ഷിക്കുകയും മൂകസാക്ഷികളായ തുടരുകയും ചെയ്തതോടെ... ഒരായുഷ്ക്കാലം മുഴുവൻ വിയർപ്പൊഴുക്കി നേടിയ മെഡലുകളെല്ലാം ഗംഗാ നദിയിലേക്ക് വലിച്ചെറിയാൻ തീരുമാനമെടുത്തു ഈ ഒളിംപ്യൻ! സ്ത്രീകളുടെ അഭിമാനത്തിനും അന്തസ്സിനും വിലയിടുന്നവർക്കെല്ലാമുള്ള ശക്തമായ താക്കീതായിരുന്നു... സാക്ഷിയുടെയും മറ്റു വനിതാ ഗുസ്തി താരങ്ങളുടെയും ഈ ഉറച്ച നിലപാട്! അന്ന് ഗംഗാ തീരത്ത് മെഡലുകൾ നെഞ്ചോട് ചേർത്ത് വിങ്ങിപ്പൊട്ടിയ സാക്ഷി മാലിക്കിനേയും മറ്റു വനിതാ ഗുസ്തി താരങ്ങളേയും, ആശ്വസിപ്പിക്കാൻ രംഗത്തിറങ്ങിയത് കർഷക നേതാക്കളും മുൻ കായിക താരങ്ങളുമായിരുന്നു. അവർക്കൊപ്പം ഈ രാജ്യം മുഴുവൻ അണിനിരന്നിട്ടും കേന്ദ്ര സർക്കാർ കുലുങ്ങിയില്ല. അത്രയും അധഃപ്പതിച്ചൊരു സംഘടനാ നേതൃത്വമാണ് ദേശീയ ഗുസ്തി ഫെഡറേഷനെ നയിച്ചിരുന്നത്!

സ്കൂൾ കാലഘട്ടത്തിൽ ട്യൂഷൻ പഠിക്കാൻ പോയിരുന്ന സ്ഥലത്ത് വച്ച് പലവട്ടം തന്നോട്ട് അപമര്യാദയായി പെരുമാറിയിരുന്ന ട്യൂഷൻ ടീച്ചറായിരുന്നു സാക്ഷിയുടെ ജീവിതത്തിലെ ആദ്യത്തെ വില്ലൻ. അന്ന് ലൈംഗിക ചൂഷണം നേരിട്ടിട്ടും സ്വന്തം വീട്ടുകാരോട് എല്ലാം തുറന്നുപറയാനുള്ള മനക്കരുത്ത് ആ കുഞ്ഞിന് കൈവന്നിട്ടില്ലായിരുന്നു. സാക്ഷി പിന്നീട് ഏഴുതിയ 'വിറ്റ്നസ്' എന്ന ആത്മകഥയിൽ ഇക്കാര്യങ്ങളെല്ലാം വിശദമായി എഴുതിയിരുന്നു.

19ാം വയസ്സിൽ കസാഖിസ്ഥാനിലെ ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനായി സ്വർണം നേടിയ സാക്ഷിയെ, അന്ന് തന്നെ ഹോട്ടൽമുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച വ്യക്തിയെ ഇന്ന് രാജ്യം മുഴുവൻ അറിയാം. ബ്രിജ് ഭൂഷൺ ശരൺ സിങ് പീഡിപ്പിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും സാക്ഷി ആത്മകഥയിൽ തുറന്നെഴുതിയിട്ടുണ്ട്. രാജ്യം ഭരിക്കുന്നൊരു പാർട്ടിയുടെ മുൻ എംപി തന്നെ പീഡകനാകുമ്പോൾ അയാളെ സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിച്ചത്! കായിക ചരിത്രം കണ്ട എക്കാലത്തേയും വലിയ നാണക്കേടുകളിൽ ഒന്നായി ഈ സംഭവം മാറി.

"കുട്ടിക്കാലത്ത് എനിക്ക് അക്കാര്യങ്ങൾ കുടുംബത്തോട് പറയാൻ സാധിക്കുമായിരുന്നില്ല. അത് എ‌ന്റെ തെറ്റായാണ് ഞാൻ കരുതിയത്. എൻ്റെ സ്കൂൾ കാലത്തെ ട്യൂഷൻ ടീച്ചർ എന്നെ ശല്യപ്പെടുത്താറുണ്ടായിരുന്നു. പലപ്പോഴും ക്ലാസുകൾക്കായി അയാളുടെ സ്ഥലത്തേക്ക് വിളിപ്പിക്കും. ചിലപ്പോൾ എന്നെ തൊടാൻ ശ്രമിക്കുകയും ചെയ്യും. അതോടെ ട്യൂഷൻ ക്ലാസുകൾക്ക് പോകാൻ ഭയമായിരുന്നു. പക്ഷേ എനിക്ക് ഒരിക്കലും അമ്മയോട് പറയാൻ കഴിഞ്ഞില്ല" സാക്ഷി ഓർത്തെടുത്തു.

ബ്രിജ് ഭൂഷൺ ഹോട്ടൽ മുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുമ്പോൾ തനിക്ക് 19 വയസ്സേ ഉണ്ടായിരുന്നുള്ളൂവെന്ന് സാക്ഷി 'വിറ്റ്നസ്' എന്ന പുസ്തകത്തിൽ തുറന്നെഴുതിയിട്ടുണ്ട്. 2012ൽ കസാഖിസ്ഥാനിലെ അൽമാട്ടിയിൽ നടന്ന ഏഷ്യൻ ജൂനിയർ ചാംപ്യൻഷിപ്പിൽ സാക്ഷി സ്വർണം നേടിയ ആഹ്ളാദവേളയായിരുന്നു അത്. സാക്ഷിയുടെ മാതാപിതാക്കളോട് സംസാരിക്കാൻ എന്ന വ്യാജേനയാണ് സാക്ഷിയെ ബ്രിജ് ഭൂഷൺ മുറിയിലേക്ക് കൊണ്ടുപോയത്.

തുടർന്നുണ്ടായ നടുക്കുന്ന സംഭവങ്ങൾ സാക്ഷി മാലിക്ക് തൻ്റെ ബുക്കിൽ വിവരിക്കുന്നത് ഇപ്രകാരമാണ്. “ബ്രിജ് ഭൂഷൺ എൻ്റെ മാതാപിതാക്കളെ ഫോണിൽ വിളിച്ചു. അപ്പോഴൊന്നും എനിക്ക് അതിൽ പ്രശ്നം തോന്നിയില്ല. എൻ്റെ മത്സരത്തെക്കുറിച്ചും മെഡലിനെക്കുറിച്ചും ബ്രിജ് ഭൂഷൺ അവരോട് സംസാരിക്കുമ്പോൾ അനിഷ്ടകരമായ ഒന്നും സംഭവിച്ചേക്കില്ല എന്നാണ് ചിന്തിച്ചത്. എന്നാൽ ഞാൻ കോൾ അവസാനിപ്പിച്ചതിന് തൊട്ടു പിന്നാലെ കട്ടിലിൽ ഇരിക്കുകയായിരുന്ന അയാൾ അയാൾ എന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഞാൻ അയാളെ ഒരുവിധം തള്ളിമാറ്റി പൊട്ടിക്കരയാൻ തുടങ്ങി. അതോടെ ബ്രിജ് ഭൂഷൺ പിന്തിരിഞ്ഞു. അയാളുടെ ആഗ്രഹത്തിന് എന്നെ കിട്ടില്ലെന്ന് മനസ്സിലാക്കിയതോടെ ... പ്രശ്നം ഒതുക്കിത്തീർക്കാനായി ശ്രമം. ഞാൻ നിൻ്റെ അച്ഛനെപ്പോലെയാണ് എന്ന് പറഞ്ഞുകൊണ്ട്, ബ്രിജ് ഭൂഷൺ എൻ്റെ തോളത്ത് കൂടി കൈയിട്ട് ദേഹത്തേക്ക് ചേർത്തുപിടിച്ചു. പക്ഷെ അത് അങ്ങനെയല്ലെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അന്ന് കരഞ്ഞുകൊണ്ടാണ് അയാളുടെ മുറിയിൽ നിന്നിറങ്ങി എൻ്റെ മുറിയിലേക്ക് ഞാൻ ഓടിയത്,”

പെൺഭ്രൂണഹത്യകൾ ഏറ്റവും കൂടുതൽ നടക്കുന്ന ഹരിയാനയിൽ നിന്നൊരു പെണ്ണ്... ത്രിവർണ പതാക പുതച്ച് ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തുന്ന ചിത്രം കായികപ്രേമികളാരും മറക്കാനിടയില്ല. ഇന്ത്യയുടെ ഒളിംപിക് വെങ്കല മെഡൽ ജേതാവായ സാക്ഷി മാലിക് ഗുസ്തിയിലൂടെ മാത്രമായിരുന്നില്ല പ്രശസ്തയായത്. രാജ്യത്ത് അറിയപ്പെടുന്നൊരു മോഡലും അഭിനേത്രിയും കൂടിയാണ് അവർ. ഏതാനും സിനിമകളിലും മ്യൂസിക്കൽ ആൽബങ്ങളിലും അവർ വേഷമിട്ടിട്ടുണ്ട്.

1992 സെപ്റ്റംബർ മൂന്നിന് ഹരിയാനയിലെ റോഹ്തക് ജില്ലയിലുള്ള മൊഖ്‌റ ഗ്രാമത്തിലാണ് സാക്ഷി മാലിക് ജനിച്ചത്. 12 വയസ്സുള്ളപ്പോഴാണ് പരിശീലകൻ ഈശ്വർ ദഹിയയുടെ കീഴിൽ സാക്ഷി മാലിക് ഗുസ്തി പരിശീലനം ആരംഭിച്ചത്. മുത്തച്ഛനായ സുബീർ മാലിക്കിനെ പ്രചോദനമായി സ്വീകരിച്ചാണ് സാക്ഷി ഗോദയിലേക്കിറങ്ങുന്നത്. പെൺകുട്ടികൾ പൊതുവെ ഗുസ്തിയിലേക്ക് ഇറങ്ങുന്നത് തീരെ കുറവായിരുന്നൊരു കാലമായിരുന്നു അത്. സാക്ഷിയെ ആൺപിള്ളേർക്കൊപ്പം ഗുസ്തി മത്സരത്തിന് ഇറക്കുന്നതിനേയും, ഇറക്കം കുറഞ്ഞ വസ്ത്രം ധരിപ്പിക്കുന്നതിനേയും മൊഖ്‌രയിലെ നാട്ടുകാരും ബന്ധുക്കളുമെല്ലാം ശക്തമായി എതിർത്തിരുന്നു. ഇവരുടെയൊക്കെ ശകാരവാക്കുകൾ പതിവായി കേട്ടിട്ടും, സാക്ഷി മാലിക്കിൻ്റെ തീവ്രമായ ആഗ്രഹത്തിനൊപ്പം മാതാപിതാക്കളായ സുഖ്ബിറും സുധേഷ് മാലിക്കും പാറ പോലുറച്ചു നിന്നു. ഗുസ്തിക്ക് പുറമെ കുട്ടിക്കാലത്ത് ക്രിക്കറ്റും കബഡിയും അവളുടെ ഇഷ്ടപ്പെട്ട കായിക വിനോദങ്ങളായിരുന്നു.

അഞ്ച് വർഷത്തിനിപ്പുറം 2009ലെ ഏഷ്യൻ ജൂനിയർ വേൾഡ് ചാംപ്യൻഷിപ്പിൽ 59 കിലോഗ്രാം ഫ്രീസ്റ്റൈലിൽ വെള്ളി മെഡൽ നേടി സാക്ഷി വരവറിയിച്ചു. 2010ലെ ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ വെങ്കല മെഡലും നേടി ദേശീയ സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റി.

2013ലെ കോമൺ‌വെൽത്ത് ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയ സാക്ഷി മാലിക്, അടുത്ത വർഷം ഗ്ലാസ്‌ഗോയിൽ നടന്ന കോമൺ‌വെൽത്ത് ഗെയിംസിൽ 58 കിലോഗ്രാം ഫൈനലിൽ വെള്ളി മെഡൽ നേടുകയും ചെയ്തു. 2016ലെ റിയോ ഒളിംപിക്സിലെ വെങ്കല മെഡൽ സാക്ഷിയുടെ കരിയറിലെ നിർണായക നാഴികക്കല്ലായിരുന്നു. അക്കാലത്ത് സ്വർണത്തേക്കാൾ തിളക്കമുണ്ടായിരുന്നു ഈ നേട്ടം രാജ്യമാകെ ആഘോഷമാക്കിയിരുന്നു. പിന്നീട് 2018 കോമൺ‌വെൽത്ത് ഗെയിംസിൽ 62 കിലോഗ്രാം വിഭാഗത്തിൽ വെങ്കലവും നേടി. 2022ൽ ബർമിംഗ്ഹാമിൽ നടന്ന കോമൺ‌വെൽത്ത് ഗെയിംസിലാണ് അവസാനമായി മത്സരിച്ചത്.

ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങളുടെ ഗുരുതരമായ ലൈംഗികാരോപണങ്ങളിൽ, ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ്റേയും കേന്ദ്ര സർക്കാരിൻ്റേയും തണുപ്പൻ നിലപാടുകളിൽ പ്രതിഷേധിച്ച് 2023 ഡിസംബറിൽ സാക്ഷി മാലിക് ഗുസ്തിയിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ബ്രിജ് ഭൂഷണിൻ്റെ വിശ്വസ്തനും ആർഎസ്എസ് അനുഭാവിയുമായ സഞ്ജയ് സിങ് ​ഗുസ്തി ഫെ‍‍‍ഡറേഷൻ്റെ പുതിയ അധ്യക്ഷനായതിന് പിന്നാലെയാണ് വൈകാരികമായ ഈ തീരുമാനമെത്തിയത്. നേരത്തെ ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങി ഗുസ്തി താരങ്ങള്‍ക്കൊപ്പം സാക്ഷി മാലിക് ഡല്‍ഹിയില്‍ ദിവസങ്ങളോളം സമരം നടത്തിയത് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കൂടാതെ ബ്രിജ്ഭൂഷൺ സിങ് ആറ് തവണ എംപിയായ ഉത്തർപ്രദേശിലെ കൈസർഗഞ്ച് ലോക്സഭാ മണ്ഡലത്തിൽ മകൻ കരൺ ഭൂഷൺ സിങ്ങിനെ സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചിരുന്നു. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്തെ കോടിക്കണക്കിന് പെണ്മക്കളുടെ മനോവീര്യം തകർത്തുവെന്നാണ് സാക്ഷി ഇതിനോട് പ്രതികരിച്ചത്. ഒരു കുടുംബത്തിന് മാത്രം സ്ഥാനാർഥിത്വം നൽകാൻ രാജ്യത്തെ സർക്കാർ ഇത്ര ദുർബലമാണോ? ശ്രീരാമൻ്റെ പേരിൽ വോട്ട് മാത്രം മതിയോ? രാമൻ കാണിച്ച പാത വേണ്ടെന്നാണോയെന്നും സാക്ഷി ബിജെപിയെ വിമർശിച്ചു.

SCROLL FOR NEXT