IN DEPTH

പട്ടികള്‍ ചാടിമരിക്കുന്ന പാലം; കാരണം ഇതാണ്

ഒന്നും രണ്ടുമല്ല, മുന്നൂറോ നാനൂറോ പട്ടികള്‍ ഇങ്ങനെ പാലത്തിന് മുകളില്‍ നിന്ന് ചാടിയിട്ടുണ്ടെന്നാണ് കണക്കുകള്‍

Author : നസീബ ജബീൻ

2014 ലാണ്, സ്‌കോട്ട്ലന്‍ഡിലെ ഡംബാര്‍ട്ടണിലുള്ള ഓവര്‍ടൗണ്‍ പാലത്തിലൂടെ ആലീസ് ട്രെവോറോ എന്ന സ്ത്രീയും മകനും അവരുടെ വളര്‍ത്തുനായ കാസിയുമായി ഒരു ഈവിനിങ് വാക്കിന് ഇറങ്ങിയതായിരുന്നു. പാലത്തിന്റെ ഒരു ഭാഗത്ത് എത്തിയപ്പോള്‍ പട്ടി പെട്ടെന്ന് മുകളിലേക്ക് നോക്കി നിന്നു, എന്താണെന്ന് ആലീസിനും മകനും മനസ്സിലാകുന്നതിന് മുമ്പ് തന്നെ കാസി കുരച്ചു കൊണ്ട് പാലത്തില്‍ നിന്നും അമ്പതടി താഴ്ചയിലേക്ക് ചാടി.

അത് ആദ്യത്തേയോ അവസാനത്തേയോ സംഭവമായിരുന്നില്ല. അതിന് മുമ്പ് 2004 ല്‍ കെന്നെത്ത് മൈക്കിള്‍ എന്നയാളുടെ വളര്‍ത്തുനായയും ഇതേപോലെ പാലത്തിന് മുകളില്‍ അതേ സ്ഥലത്തു നിന്ന് ചാടിയിരുന്നു. 2005 ല്‍ അഞ്ച് പട്ടികളെങ്കിലും ഇങ്ങനെ താഴേക്ക് ചാടി.

കേള്‍ക്കുമ്പോള്‍ കെട്ടിച്ചമച്ചതാണെന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. സ്‌കോട്ട്ലന്റിലെ ഈ പാലത്തിന് മുകളില്‍ നിന്ന് ചാടി പട്ടികള്‍ ആത്മഹത്യ ചെയ്യാറുണ്ട്. ഒന്നും രണ്ടുമല്ല, മുന്നൂറോ നാനൂറോ പട്ടികള്‍ ഇങ്ങനെ പാലത്തിന് മുകളില്‍ നിന്ന് ചാടിയിട്ടുണ്ടെന്നാണ് കണക്കുകള്‍. അതില്‍ അമ്പതെണ്ണമെങ്കിലും മരിച്ചിട്ടുമുണ്ട്.

സ്‌കോട്ട്ലന്‍ഡിലെ ഡംബാര്‍ട്ടണില്‍ 19ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ് ഓവര്‍ടൗണ്‍ ബ്രിഡ്ജ്. 1862 ല്‍ സ്‌കോട്ടിഷ് വ്യവസായിയായിരുന്ന ജെയിംസ് വൈാണ് മലയിടുക്കിനിടയില്‍ ഓവര്‍ടൗണ്‍ ഹൗസ് നിര്‍മിച്ചത്. അദ്ദേഹത്തിന്റെ മരണ ശേഷം ബിസിനസ് ഏറ്റെടുത്ത മകന്‍ ജോണ്‍ കാംബെല്‍ വൈറ്റ് വീട്ടിലേക്കുള്ള വഴി സുഗമമാക്കാന്‍ മലയിടുക്കിന് കുറുകേ ഒരു പാലം നിര്‍മിക്കാന്‍ തീരുമാനിച്ചു. കുത്തനെയുള്ള മലയിടുക്കിന് കുറുകെ മൂന്ന് കമാനങ്ങളിലായി പരുക്കന്‍ കല്ലുകള്‍ ഉപയോഗിച്ചാണ് പാലം നിര്‍മിച്ചത്. 1895 ല്‍ ഓവര്‍ടൗണ്‍ ബ്രിഡ്ജിന്റെ പണി പൂര്‍ത്തിയായി. മധ്യഭാഗത്തായി വലിയൊരു കമാനവും ഇരുവശങ്ങളിലുമായി രണ്ട് ചെറിയ കമാനങ്ങളുമാണ് ഈ പാലത്തിനുള്ളത്.

യാത്ര സുഗമമാക്കാന്‍ കാംബെല്‍ വൈറ്റ് നിര്‍മിച്ച ഈ പാലമാണ് പിന്നീട് നായ്ക്കളുടെ ആത്മഹത്യാ പോയിന്റായി മാറിയത്. അല്ലെങ്കില്‍,,,, അങ്ങനെ പ്രചരിച്ചത്. 1950 കള്‍ മുതല്‍ 50 അടി താഴ്ചയുള്ള മലയിടുക്കിന് കുറുകേയുള്ള ഗോതിക് ശൈലിയില്‍ നിര്‍മിച്ച ഈ പാലത്തില്‍ നിന്നും നായ്ക്കള്‍ താഴേക്ക് ചാടിക്കൊണ്ടിരിക്കുകയാണ്. നിരവധി മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു പുസ്തകത്തിനു പോലും വിഷയം പ്രമേയമായിട്ടുണ്ട്. കണക്കുകള്‍ വ്യത്യസ്തമാണെങ്കിലും ധാരാളം നായ്ക്കള്‍ ഇങ്ങനെ മരണപ്പെട്ടിട്ടുണ്ട് എന്നതില്‍ മാത്രം ആര്‍ക്കും തര്‍ക്കമില്ല.

ഒരിക്കല്‍ ഒരു നായ പാലത്തില്‍ നിന്ന് താഴേക്ക് ചാടുകയും, രക്ഷപ്പെട്ട ശേഷം തിരികെ ഓടിക്കയറി അതേ സ്ഥലത്തു നിന്ന് വീണ്ടും താഴേക്ക് ചാടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ജീവിത നൈരാശ്യത്തില്‍ മനുഷ്യന്‍ സ്വയം ജീവനെടുക്കുന്നത് പോലെ മൃഗങ്ങളിലും ഇങ്ങനെയുള്ള ടെന്‍ഡന്‍സികളുണ്ടോ?

നായ്ക്കളുടെ ഈ ചാട്ടത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്തായിരിക്കും?

ഇതിനെ കുറിച്ച് പല കഥകളും പ്രാദേശികമായി പ്രചാരത്തിലുണ്ട്. 1908 ലാണ് കാംബൈല്‍ വൈറ്റ് മരണപ്പെടുന്നത്. ഭര്‍ത്താവിന്റെ വിയോഗത്തില്‍ മനംനൊന്ത് ഭാര്യ വൈറ്റ് ലേഡി ഓവര്‍ടൗണ്‍ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവത്രേ. വൈറ്റ് ലേഡിയുടെ ആത്മാവ് ഇന്നും ഗതികിട്ടാതെ ഈ പാലത്തിന് ചുറ്റും അലഞ്ഞു തിരിയുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്.

ഓവര്‍ടൗണ്‍ പാലത്തിന്റെ ഒരു പ്രത്യേക സ്ഥലത്ത് എത്തുമ്പോഴാണ് നായ്ക്കള്‍ വിചിത്ര സ്വഭാവം കാണിക്കുന്നത്. ഇത് വൈറ്റ് ലേഡി ഓഫ് ഓവര്‍ടൗണിന്റെ ബാധ കയറുന്നതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പുരാതനമായ സെല്‍റ്റിക് വിശ്വാസ പ്രകാരം, ഈ ലോകവും പരലോകവും തമ്മില്‍ അടുത്തു നില്‍ക്കുന്ന പ്രദേശമാണ് ഓവര്‍ടൗണ്‍ നില്‍ക്കുന്ന സ്ഥലം. മൃഗങ്ങള്‍ മനുഷ്യരേക്കാള്‍ സെന്‍സിറ്റീവ് ആയതിനാല്‍ എന്തോ അസ്വാഭാവികത അനുഭവപ്പെട്ട് മൃഗങ്ങള്‍ എടുത്ത് ചാടുന്നതാണെന്നും വിശ്വസിക്കുന്നവരുണ്ട്.

എന്നാല്‍, ശാസ്ത്രത്തിന് നായ്ക്കളുടെ ഈ വിചിത്രമായ പെരുമാറ്റത്തിന് കൃത്യമായ മറ്റൊരു വിശദീകരണമുണ്ട്. അത് പ്രേതബാധയോ ആത്മഹത്യ ചെയ്യാനുള്ള നായകളുടെ ആഗ്രഹമോ ഒന്നുമല്ല, മറിച്ച് ഉയരത്തില്‍ നിന്ന് ചാടാനുള്ള ത്വരയാണ് നായകളെ കൊല്ലുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

2010 ല്‍ മൃഗങ്ങളുടെ സ്വഭാവങ്ങളെ കുറിച്ച് പഠിക്കുന്ന ഡേവിഡ് സാന്‍ഡ്സ് ഈ പാലം സന്ദര്‍ശിച്ചിരുന്നു. നായ്ക്കള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിയത്. മാത്രമല്ല, ചാടി മരിക്കുന്നതിന് കൃത്യമായ വിശദീകരണവും അദ്ദേഹം കണ്ടെത്തി.

ഈ പാലത്തില്‍ നിന്ന് താഴേക്ക് ചാടുന്ന നായ്ക്കളില്‍ ഭൂരിഭാഗവും നീളമുള്ള മൂക്കുള്ളവയും ഘ്രാണശക്തി കൂടുതലുള്ളവയുമാണ്. ഈ പറയുന്ന പ്രദേശത്തുള്ള വന്യമൃഗങ്ങളുടെ ഗന്ധമായിരിക്കാം നായ്ക്കളെ എടുത്തു ചാടാന്‍ പ്രേരിപ്പിക്കുന്നത്. പാലത്തിന് താഴെയുള്ള കാട്ടില്‍ മിങ്കുകള്‍ ധാരാളമായുണ്ട്. ഇവയുടെ ശരീരത്തില്‍ നിന്നുള്ള ഗന്ധം നായ്ക്കളെ ആകര്‍ഷിക്കുന്നതാണ്.

പാലത്തിന്റെ പ്രത്യേക നിര്‍മിതി കാരണം നായ്ക്കളുടെ കണ്ണില്‍ ഇത് സുരക്ഷിതമായ ഒരു നിരപ്പായ സ്ഥലമായി തോന്നാം. മിങ്കുകളുടെ ഗന്ധത്തില്‍ ആകൃഷ്ടരായി, താഴെ വലിയൊരു കുഴിയാണെന്ന് തിരിച്ചറിയാതെ ആ ഗന്ധത്തിനു പിന്നാലെ ചാടുന്നതാണെന്നാണ് ഡേവിഡ് സാന്‍ഡ്സന്റെ കണ്ടെത്തല്‍. വെയില്‍ തെളിഞ്ഞ ദിവസങ്ങളിലാണ് ഈ ഗന്ധം കൂടുതല്‍ ശക്തമാകുന്നത്. അത്തരം ദിവസങ്ങളില്‍ കൂടുതല്‍ അപകടങ്ങളും നടക്കാറുണ്ട്.

ഓവര്‍ടൗണ്‍ പാലത്തിലെ നായ്ക്കളുടെ മരണങ്ങള്‍ക്കെല്ലാം കാരണം അവയുടെ സ്വാഭാവികമായ ജിജ്ഞാസയാണെന്നാണ് ഡേവിഡ് സാന്‍ഡ്സ് പറയുന്നത്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ മനുഷ്യര്‍ക്ക് ഉണ്ടാകുന്നത് പോലെ ആത്മഹത്യാപ്രവണത നായ്ക്കള്‍ക്ക് ഉണ്ടാകാറില്ല. അത് മനുഷ്യര്‍ക്ക് മാത്രം ഉള്ള ഒരു പ്രത്യേകതയാണ്.

SCROLL FOR NEXT