കത്തോലിക്കാ സഭയുടെ രണ്ടായിരം വർഷത്തിലധികമുള്ള ചരിത്രത്തിൽ ഇതുപോലൊരു ചോദ്യം ഇതിനു മുൻപ് ഇത്ര ശക്തമായി ഉയർന്നിട്ടുണ്ടോ? സഭ ആരുടേതാണ്. വെറും പുരോഹിതരുടേതാണോ? അതോ മാമ്മോദീസ സ്വീകരിച്ച എല്ലാവരുടേതുമാണോ? ഇപ്പോൾ വത്തിക്കാനിൽ നടക്കുന്ന തർക്കത്തിന്റെ കാതൽ അതാണ്. സിനഡ് ഓൺ സിനഡാലിറ്റി എന്ന പേരിൽ കാനൻ നിയമം തിരുത്താൻ പോകുന്നു എന്ന വാർത്തയാണ് എല്ലാത്തിനും തുടക്കം. പുതിയ നിയമം വന്നാൽ ഭരണം പുരോഹിതരിൽ നിന്ന് സാധാരണക്കാരിലേക്ക് മാറും എന്ന് കാനൻ നിയമം പഠിപ്പിക്കുന്നവർ തന്നെ പറയുമ്പോൾ, അത് വത്തിക്കാനിലെ ലിബറൽ - യാഥാസ്ഥിതിക പോരിന്റെ പുതിയ അധ്യായമായി മാറുകയാണ്.
സിനഡാലിറ്റി എന്ന് പറഞ്ഞാൽ എന്താണ്? ഫ്രാൻസിസ് തുറന്ന വാതിൽ ഏതാണ്?
വളരെ ലളിതമായി പറഞ്ഞാൽ ഒരുമിച്ച് നടക്കുക എന്നാണ് സിനഡാലിറ്റിക്ക് അർത്ഥം. ഇതുവരെ എന്തായിരുന്നു? മെത്രാന്മാർ റോമിൽ ഇരുന്ന് തീരുമാനിക്കും. ബാക്കിയുള്ളവർ അത് അനുസരിക്കും. ഫ്രാൻസിസ് മാർപാപ്പ അത് മാറ്റാൻ നോക്കി. ഇനി അങ്ങനെ പോരാ. വൈദികരും കന്യാസ്ത്രീകളും യുവാക്കളും സ്ത്രീകളും അൽമായരും എല്ലാവരും കൂടി ഇരുന്ന് സഭ എങ്ങോട്ട് പോകണം എന്ന് തീരുമാനിക്കണം എന്ന് അദ്ദേഹം പറഞ്ഞു. അതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അതിനു വേണ്ടി 2021 മുതൽ 2024 വരെ നീണ്ടുനിന്ന രണ്ടു ഘട്ട സിനഡ് അദ്ദേഹം വിളിച്ചു. ആ സിനഡിൽ ചരിത്രത്തിൽ ആദ്യമായി 54 സ്ത്രീകൾക്ക് വോട്ടവകാശം കൊടുത്തു. ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് ഓരോരുത്തരായി സംസാരിക്കുക, മറ്റുള്ളവർ മിണ്ടാതെ കേൾക്കുക. അങ്ങനെ ഒരു പുതിയ രീതി വരെ അവർ പരീക്ഷിച്ചു.
ആ സിനഡിന്റെ അവസാനം ഇറങ്ങിയ ഫൈനൽ ഡോക്യുമെന്റ്. അതിലെ നിർദ്ദേശങ്ങളാണ് ഇപ്പോൾ കാനൻ നിയമമാക്കാൻ ശ്രമിക്കുന്നത്. ഇപ്പോൾ ഈ നിയമപരിഷ്കരണത്തിന് ചുക്കാൻ പിടിക്കുന്നത് ആരാണ്?ഫ്രാൻസിസ് തന്നെ നിയമിച്ച ഒരു സംഘമാണ് ഇതിന്റെ പിന്നിൽ. യാഥാസ്ഥിതികർക്ക് അതുകൊണ്ട് തന്നെ ഈ ടീമിനെ അത്ര വിശ്വാസമില്ല. അവർ പുരോഗമനവാദികൾ ആണെന്നാണ് പറയപ്പെടുന്നത്.
ആ ടീമിലെ പ്രധാനികൾ ഇവരാണ്.
1. സിസ്റ്റർ നതാലി ബെക്വാർട്ട്. സിനഡിന്റെ അണ്ടർ സെക്രട്ടറിയായി വന്ന ആദ്യ വനിത. സിനഡാലിറ്റി എന്ന ആശയത്തിന്റെ ഏറ്റവും വലിയ ആളും അവരാണ്.
2. കർദ്ദിനാൾ മരിയോ ഗ്രെക്ക്. സിനഡിന്റെ സെക്രട്ടറി ജനറൽ. ഫ്രാൻസിസിന്റെ ഏറ്റവും അടുത്ത വിശ്വസ്തൻ.
3. കർദ്ദിനാൾ ജീൻ-ക്ലോഡ് ഹോളറിച്ച്. സിനഡിന്റെ ജനറൽ റിലേറ്റർ ആയിരുന്നു. ജർമ്മനിയിലെ Synodal Way-യെ പരസ്യമായി അനുകൂലിക്കുന്നയാൾ. സ്ത്രീ പൗരോഹിത്യത്തെ കുറിച്ച് ചർച്ച വേണം എന്ന് പറഞ്ഞയാൾ കൂടിയാണ്.
4. മോൺ. ആന്റണി എക്പോയും ഫാ. ഡൊമിനിക് ജുർചാകും. കാനൻ നിയമം പഠിക്കാനുള്ള ടെക്നിക്കൽ കമ്മിറ്റി നോക്കുന്നവർ. Canon 129-ലെ "only" എന്ന വാക്ക് എടുത്തു കളയാൻ നിർദ്ദേശം കൊടുത്തത് ഇവരാണ്.
5. പ്രൊഫ. മിറിയം വൈലൻസ്. ജർമ്മനിയിലെ എർഫർട്ട് സർവകലാശാലയിലെ അധ്യാപിക. സ്ത്രീകൾക്ക് ഭരണത്തിൽ തുല്യത വേണം എന്ന് ശക്തമായി വാദിക്കുന്ന കാനൻ നിയമജ്ഞ. അവർ സഭയ്ക്കുള്ളിൽ നിന്ന് തന്നെ പരിഷ്കരണം ആഗ്രഹിക്കുന്ന reformist ആണ്, സഭ വിട്ട് പോകുന്ന വിമതയല്ല.
യാഥാസ്ഥിതികർ ഇവരെ മൊത്തത്തിൽ വിളിക്കുന്നത് ഫ്രാൻസിസിന്റെ ഡ്രീം ടീം എന്നാണ്.
ഫ്രാൻസിസ് നേരത്തെ ഒരുക്കിയ നിലം
ഇതൊന്നും പെട്ടെന്ന് ഒരു ദിവസം ഉണ്ടായതല്ല. ഫ്രാൻസിസ് വർഷങ്ങൾക്ക് മുൻപേ ഇതിനുള്ള വഴി ഒരുക്കിയിരുന്നു. അതിൽ ഏറ്റവും പ്രധാനം Praedicate Evangelium ആണ്. 2022-ൽ വന്ന ആ ഭരണഘടന. വത്തിക്കാന്റെ ഭരണഘടന തന്നെ അദ്ദേഹം അതിലൂടെ മാറ്റിയെഴുതി. ഇനി മുതൽ വത്തിക്കാനിലെ ഒരു ഡിക്കാസ്റ്ററിയുടെ തലവനായി ഒരു അൽമായനെ പോലും നിയമിക്കാം എന്ന് അതിൽ പറയുന്നു. ഇതുവരെ അത് കർദ്ദിനാൾമാർക്ക് മാത്രമുള്ള പദവിയായിരുന്നു. സിസ്റ്റർ സിമോണ ബ്രംബില്ലയെ Prefect ആയി നിയമിക്കാൻ കഴിഞ്ഞത് ആ നിയമം കൊണ്ടാണ്.
രണ്ടാമത്തേത് സ്ത്രീകളുടെ പങ്ക് കൂട്ടിയതാണ്
അൾത്താര ശുശ്രൂഷകരായി സ്ത്രീകളെ നിയമിക്കാൻ അദ്ദേഹം അനുമതി കൊടുത്തു. വിവാദമായ Canon 129. ഇതിൽ എന്താണ് ഉള്ളത്? എന്താണ് ഇല്ലാത്തത്? ഇവിടെയാണ് എല്ലാവർക്കും സംശയം വരുന്നത്. ഈ നിയമത്തിൽ വനിതാ പൗരോഹിത്യം ഉണ്ടോ? ഉത്തരം വളരെ വ്യക്തമാണ്. ഇല്ല. ഇത് ഭരണത്തിന്റെ കാര്യം മാത്രമാണ്. പൗരോഹിത്യത്തിന്റെതല്ല. ഇപ്പോഴത്തെ കാനൻ 129 പറയുന്നത് ഇങ്ങനെയാണ്. ഭരണാധികാരം പ്രയോഗിക്കാൻ പട്ടം കിട്ടിയവർക്ക് മാത്രമേ കഴിയൂ. പുതിയ നിർദ്ദേശം പറയുന്നത് ഇങ്ങനെയാണ്. ഭരണാധികാരം പ്രയോഗിക്കാൻ മാമ്മോദീസ സ്വീകരിച്ച ആർക്കും കഴിയും. അതായത് ഇതിന്റെ അർത്ഥം എന്താണ്? ഒരു രൂപതയുടെ പണത്തിന്റെ കാര്യം നോക്കാനും, കോടതിയിൽ ജഡ്ജി ആകാനും, ഒരു വകുപ്പിന്റെ തലവനാകാനും ഇനി പട്ടം വേണ്ട. ഫയലിൽ ഒപ്പിടാനുള്ള അധികാരമാണ് കൊടുക്കുന്നത്. കുർബാന അർപ്പിക്കാനുള്ള അധികാരമല്ല.
പിന്നെ എന്തൊക്കെയാണ് ഇതിൽ ഇല്ലാത്തത്?
വനിതാ പൗരോഹിത്യവും വനിതാ ഡീക്കൻ പട്ടവും ഈ നിയമത്തിൽ ഇല്ല. വനിതാ പൗരോഹിത്യം എന്ന വലിയ സ്വപ്നം ഫ്രാൻസിസിന്റെ കാലത്ത് തന്നെ വോട്ടിനിട്ട് തള്ളിയതാണ്. പക്ഷെ അതിനടുത്തുള്ള ഒരു പദവിയിലേക്ക് എങ്കിലും സ്ത്രീകളെ എത്തിക്കണം എന്ന് ഫ്രാൻസിസിന് ആഗ്രഹമുണ്ടായിരുന്നു. അതായിരുന്നു വനിതാ ഡീക്കൻ പദവി. വനിതാ ഡീക്കൻ പദവിയെ കുറിച്ച് പഠിച്ച കമ്മീഷന്റെ അവസാന റിപ്പോർട്ട് ഇതുവരെ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല. അത് പഠിച്ച് തീരുമാനം എടുക്കേണ്ടത് ലിയോ പതിനാലാമൻ മാർപാപ്പയാണ്. നിലവിൽ സ്ത്രീകളെ ഡീക്കൻ പട്ടം നൽകുന്നതിന് അനുമതി ഇല്ല എന്നാണ് സഭയുടെ നിലപാട്.
വനിതാ ഡിക്കാസ്റ്ററി തലവന്മാർക്ക് ഈ പുതിയ നിയമം ആവശ്യമില്ല. അത് ഫ്രാൻസിസിന്റെ Praedicate Evangelium-ലൂടെ തന്നെ സാധ്യമാണ്. കർദ്ദിനാൾ ആയിരിക്കുമ്പോഴും മാർപാപ്പയായപ്പോഴും ലിയോയുടെ നിലപാട് ഒന്നാണോ? ഈ ഫയലിൽ അവസാന തീരുമാനം എടുക്കേണ്ടത് ലിയോ പതിനാലാമൻ മാർപാപ്പയാണ്. പഴയ കർദ്ദിനാൾ റോബർട്ട് പ്രിവോസ്റ്റ്. കർദ്ദിനാൾ ആയിരിക്കുമ്പോൾ 2023-ൽ അദ്ദേഹം പറഞ്ഞ ഒരു വാചകം ഇപ്പോഴും ചർച്ചയാകുന്നുണ്ട്. "സ്ത്രീകളെ clericalize ചെയ്യുന്നത് ഒരു പ്രശ്നം പരിഹരിക്കണമെന്നില്ല. അത് പുതിയൊരു പ്രശ്നം ഉണ്ടാക്കിയേക്കാം." സ്ത്രീകളെ പുരോഹിതരായി ഓർഡിനേഷൻ ചെയ്യാൻ കഴിയില്ല എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.
മാർപാപ്പയായ ശേഷവും അതേ നിലപാടിൽ തന്നെയാണ്. കഴിഞ്ഞ മാസം അദ്ദേഹം പറഞ്ഞു. "At the moment I don't have an intention of changing the teaching of the Church on the topic." അതായത് പൗരോഹിത്യത്തിന്റെ കാര്യത്തിൽ മാറ്റമില്ല. പക്ഷെ അതോടൊപ്പം അദ്ദേഹം ഇതും പറഞ്ഞു. "സ്ത്രീകളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത് ഫ്രാൻസിസിന്റെ പാരമ്പര്യം പോലെ ഞാൻ തുടരും." ലിയോയുടെ നിലപാട് സഭയിൽ വലിയ പൊട്ടിത്തെറിക്ക് കാരണമാകുമോ? ജർമ്മനി എങ്ങനെ പ്രതികരിക്കും? ഇതാണ് ഇപ്പോൾ വത്തിക്കാനിലെ ഏറ്റവും വലിയ ഭൂകമ്പം. ലിയോ എടുക്കുന്ന നിലപാട് സഭയെ പിളർത്തുമോ? വത്തിക്കാൻ നോക്കുന്നവർ പറയുന്നത് പൊട്ടിത്തെറിക്കില്ല എന്നാണ്. പക്ഷെ അദ്ദേഹം ഒരു "Yes, but" തന്ത്രമാണ് എടുക്കുന്നത്. അതിലൂടെ എല്ലാവരെയും ഒരുപോലെ അസംതൃപ്തരാക്കും.
ജർമ്മൻ സഭ ഇപ്പോൾ രണ്ടായി പിളർന്നിരിക്കുകയാണ്. ഒരു വശത്ത് കർദ്ദിനാൾ Reinhard Marx-ഉം Georg Bätzing-ഉം നയിക്കുന്ന പുരോഗമന ഭൂരിപക്ഷം. അവർക്ക് സ്വവർഗ്ഗാനുരാഗികൾക്ക് ആശീർവാദം വേണം, സ്ത്രീ പൗരോഹിത്യം വേണം, അൽമായർക്ക് തുല്യ അധികാരം വേണം. അതിനായി അവർ ഒരു പുതിയ Synodal Conference ഉണ്ടാക്കാൻ ശ്രമിക്കുന്നു. മറുവശത്ത് കർദ്ദിനാൾ Rainer Woelki ഉൾപ്പെടെ നാല് മെത്രാന്മാർ. ഞങ്ങൾ ഇതിൽ പങ്കെടുക്കില്ല എന്നാണ് അവർ പറയുന്നത്. ലിയോയ്ക്ക് ജർമ്മനിയെ നന്നായി അറിയാം. Dicastery for Bishops-ന്റെ തലവനായിരിക്കെ ജർമ്മനിയുമായി നടന്ന എല്ലാ രഹസ്യ ചർച്ചകളിലും അദ്ദേഹമുണ്ടായിരുന്നു. 2024-ൽ ജർമ്മനിയുടെ Synodal Council-നുള്ള വോട്ടെടുപ്പ് നിർത്തിവെപ്പിച്ച കത്തിൽ ഒപ്പിട്ടവരിൽ വത്തിക്കാൻ ഉന്നതർ ഉണ്ടായിരുന്നു, ലിയോ ആ ചർച്ചകളുടെ ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ മാസം തുർക്കിയിൽ നിന്നുള്ള വിമാനത്തിൽ വെച്ച് അദ്ദേഹം പറഞ്ഞു. "ജർമ്മൻ Synodal Way സാർവത്രിക സഭയുടെ പാതയിൽ നിന്ന് മാറി പോകരുത് എന്ന് ഉറപ്പാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്."
ജർമ്മൻ മെത്രാൻ സമിതി വത്തിക്കാനോട് അനുമതി ചോദിച്ചിട്ട് ഒരു വർഷമായി. സാധാരണ മൂന്ന് മാസം കൊണ്ട് കിട്ടേണ്ട അനുമതിയാണ്. ഇതുവരെ കൊടുത്തിട്ടില്ല. ആ വൈകിപ്പിക്കൽ തന്നെ ഒരു സന്ദേശമാണ്.
ലിയോ ഈ കമ്മിറ്റി പൊളിച്ചാൽ പകരം ആരെ കൊണ്ടുവരും?
ലിയോ ഈ കമ്മിറ്റിയെ പിരിച്ചുവിട്ട് ഒരു ബാലൻസ് ടീമിനെ കൊണ്ടുവരാനാണ് സാധ്യത എന്ന് വത്തിക്കാൻ വൃത്തങ്ങൾ പറയുന്നു. ഇത് ഇതുവരെ സംഭവിച്ചിട്ടില്ല, ഒരു സൂചന മാത്രമാണ്.
ആ ടീമിൽ വരാൻ സാധ്യതയുള്ളവർ ഇവരാണ്.
1. ആർച്ച് ബിഷപ്പ് ഫിലിപ്പോ ഇയാനോനെ. നിയമ വ്യാഖ്യാനത്തിനുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ തലവൻ. ലിയോയുടെ ഏറ്റവും വിശ്വസ്തനായ കാനൻ നിയമജ്ഞൻ. അദ്ദേഹം ഇല്ലാതെ ഒരു നിയമവും പാസാകില്ല.
2. ആർച്ച് ബിഷപ്പ് ചാൾസ് സിക്ലൂണ. മാൾട്ട ആർച്ച് ബിഷപ്പ്. സഭയിലെ പീഡന കേസുകളുടെ പ്രധാന ജഡ്ജി. വിശ്വാസ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തയാൾ. പക്ഷെ ലിയോയുടെ വിശ്വസ്തൻ.
3. കർദ്ദിനാൾ വിക്ടർ ഫെർണാണ്ടസ്. വിശ്വാസ തിരുസംഘത്തിന്റെ ഇപ്പോഴത്തെ Prefect. ഫ്രാൻസിസിന്റെ കാലത്ത് പോലും അദ്ദേഹം doctrinal കാര്യത്തിൽ വ്യക്തമായ നിലപാട് എടുത്തയാൾ.
4. ബിഷപ്പ് തോമസ് പാപ്രോക്കി. അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ യാഥാസ്ഥിതിക കാനൻ അഭിഭാഷകൻ. അൽമായർക്ക് ഭരണാധികാരം കൊടുക്കുന്നത് അപകടമാണ് എന്ന് പരസ്യമായി പറഞ്ഞയാൾ.
5. മോൺ. മാർക്കസ് ഗ്രൗളിച്ച്. ജർമ്മൻകാരൻ തന്നെ. പക്ഷെ യാഥാസ്ഥിതികൻ. ജർമ്മനിയുടെ വാദം ജർമ്മനിയിൽ നിന്നുള്ള ഒരാളെ കൊണ്ട് തന്നെ എതിർപ്പിക്കാൻ ലിയോയ്ക്ക് ഇദ്ദേഹത്തെ ഉപയോഗിക്കാം.
ചുരുക്കി പറഞ്ഞാൽ പുരോഗമനക്കാരുടെ ഡ്രീം ടീമിനെ മാറ്റി, നിയമം അറിയുന്ന യാഥാസ്ഥിതികരുടെ ഒരു കൺട്രോൾ ടീമിനെ കൊണ്ടുവരിക. അതാണ് ലിയോയുടെ തന്ത്രം എന്നാണ് വിലയിരുത്തൽ.
ലോകത്തെ മറ്റ് മെത്രാൻ സമിതികൾ എവിടെയാണ്?
ലിയോയെ പിന്തുണയ്ക്കുന്ന യാഥാസ്ഥിതിക ബ്ലോക്ക് ആഫ്രിക്ക, കിഴക്കൻ യൂറോപ്പ് അതായത് പോളണ്ടും ഹംഗറിയും, അമേരിക്ക, ഏഷ്യ. കേരളത്തിലെ സീറോ മലബാർ സഭയും ആ ഗണത്തിൽ തന്നെയാണ്. അവർ പറയുന്നത് ജർമ്മനി യൂറോപ്പിന്റെ പ്രശ്നങ്ങൾ സാർവത്രിക സഭയിൽ അടിച്ചേൽപ്പിക്കരുത് എന്നാണ്.
ജർമ്മനിയെ പിന്തുണയ്ക്കുന്ന ലിബറൽ ബ്ലോക്ക് ബെൽജിയം, നെതർലാൻഡ്സ്, സ്വിറ്റ്സർലാൻഡ്, ഓസ്ട്രിയ എന്നിവരാണ്.
ഇത് ഒരു പിളർപ്പിലേക്ക് പോകുമോ?
ഔദ്യോഗിക പിളർപ്പ് ഉണ്ടാകില്ല. ഒരു ജർമ്മൻ മെത്രാൻ പോലും ഞങ്ങൾ മാർപാപ്പയെ വിട്ടു പോകും എന്ന് പറയുന്നില്ല. പക്ഷെ പ്രായോഗിക പിളർപ്പ് ഇപ്പോൾ തന്നെ നടന്നു കഴിഞ്ഞു. ജർമ്മനിയിലെ പല രൂപതകളിലും സ്വവർഗ്ഗ ദമ്പതികൾക്ക് പരസ്യമായി ആശീർവാദം കൊടുക്കുന്നുണ്ട്. വത്തിക്കാൻ പാടില്ല എന്ന് പറയുന്നിടത്താണ് ഇത് നടക്കുന്നത്. ലിയോ പതിനാലാമൻ ഫ്രാൻസിസിനെ പോലെ ഒരു വിപ്ലവകാരിയല്ല. അദ്ദേഹം ഒരു അഭിഭാഷകനാണ്. അദ്ദേഹം ജർമ്മനിയെ പൂർണമായി തള്ളിക്കളയില്ല. കാരണം ജർമ്മനിയിലെ സഭയ്ക്ക് സർക്കാരിൽ നിന്ന് കിട്ടുന്ന കോടിക്കണക്കിന് യൂറോയുടെ Church Tax നഷ്ടപ്പെടും. അത് വത്തിക്കാനും താങ്ങില്ല. അതേ സമയം പൂർണമായി അംഗീകരിക്കാനും കഴിയില്ല. അങ്ങനെ ചെയ്താൽ ആഫ്രിക്കയും അമേരിക്കയും ഇടയും. അതുകൊണ്ട് അദ്ദേഹം ഈ ഫയൽ വൈകിപ്പിക്കും. നമുക്ക് ഇനിയും സംസാരിക്കാം, പഠിക്കാം എന്ന് പറഞ്ഞ് സമയം വാങ്ങും. ഈ വൈകിപ്പിക്കൽ തന്നെയാണ് അദ്ദേഹത്തിന്റെ ആയുധം. ഇത് വെറും ഒരു നിയമ ഭേദഗതി അല്ല. സഭ ആരുടേതാണ് എന്ന രണ്ടായിരം വർഷം പഴക്കമുള്ള ചോദ്യത്തിനുള്ള ഉത്തരമാണ്. ഫ്രാൻസിസ് വാതിൽ തുറന്നു. ലിയോ ആ വാതിൽ എത്രത്തോളം തുറന്നിടും എന്നത് അദ്ദേഹത്തിന്റെ മുഴുവൻ Pontificate-ന്റെയും ദിശ നിർണയിക്കും.