Source: Social media
LIFE

ചോറിലും വിഷം? ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്തുവിട്ട് കൊളംബിയ യൂണിവേഴ്‌സിറ്റി

ദ ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോർട്ടാണ് ഇപ്പോൾ ആശങ്ക ഉയർത്തിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഭക്ഷ്യ വിഭവങ്ങളുടെ കൂട്ടത്തിൽ ചോറ് എന്നത് ഒരു വികാരമാണ്. പ്രത്യേകിച്ചും എഷ്യൻ രാജ്യങ്ങളിൽ അരി അത്ര പെട്ടന്ന് ഒഴിവാക്കാവുന്ന ഒന്നല്ല. ലോ- കാർബ് ഡയറ്റുകളുടെ കൂട്ടത്തിൽ ചോറിന്റെ പ്രധാന്യം ഒന്ന് കുറഞ്ഞെങ്കിലും, മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് അത്ര പെട്ടന്ന് ഒഴിവാക്കാവുന്ന ഒന്നല്ല അരിയും അരിയാഹാരങ്ങളും.

അമിതമായ അളവിൽ ചോറ് കഴിക്കുന്നത് അമിതവണ്ണം മുതൽ ജീവിത ശൈലി രോഗങ്ങൾക്ക് വരെ കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ പതിവായി മുന്നറിയിപ്പ് നൽകുന്ന കാര്യമാണ്. പക്ഷെ ഇതേ ചോറ് വിഷമാകുന്നു എന്ന് പറഞ്ഞലോ. ഞെട്ടേണ്ടതില്ല. പുതിയ പഠനത്തിലാണ് ഈ സാധ്യത കണ്ടെത്തിയിരിക്കുന്നത്. ദ ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോർട്ടാണ് ഇപ്പോൾ ആശങ്ക ഉയർത്തിയിരിക്കുന്നത്.

ശരിക്കും അരി വില്ലനല്ല. പക്ഷെ അവ വളരുന്ന നെൽവയലുകളിലെ സാഹചര്യങ്ങളാണ് അതിനെ വിഷമയമാക്കുന്നത്. അന്തരീക്ഷത്തില്‍ ഉയർന്ന് വരുന്ന താപനിലയും അമിതമായ കാർബൺ ഡയോക്‌സൈഡിന്‍റെ അളവും മൂലം അരി ആർസനിക്ക് എന്ന വിഷാംശമുള്ള മൂലകത്തെ അമിതമായി ആഗീരണം ചെയ്യുമെന്നും ഇത് അപകടകരമാണെന്നും പഠനം പറയുന്നു. ഈ അവസ്ഥ തുടർന്നാൽ ചോറ് ഭാവിയിൽ വിഷമായി മാറും എന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

ഭൂഗർഭ ജലത്തിലാണ് ആർസനിക്ക് സാധാരണയായി കാണപ്പെടുന്നത്. എന്നാൽ ഇത് ഭക്ഷണത്തിലൂടെ മനുഷ്യ ശരീരത്തിലെത്തിയാൽ വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. ചൂടുള്ള, കാർബൺ നിറഞ്ഞ സാഹചര്യമാണ് അരിയിൽ ആർസനിക്കിന്റെ അളവ് കൂട്ടാൻ കാരണമാകുക. ഓർഗാനിക്ക് അല്ലാത്ത ആർസനിക്ക് കടുത്ത വിഷമാണ്. ശരീരത്തിൽ അമിതമായി ആർസനിക് എത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കാണ് വഴിയൊരുക്കുക.

ചോറു കഴിക്കുന്നത് വഴി ശരീരത്തിൽ ഇവ അടിഞ്ഞുകൂടും. ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, പല തരത്തിലുള്ള കാൻസർ എന്നിവ പിടിപെടാനുള്ള സാധ്യതയാണ് ഗവേഷകർ പറയുന്നത്. താപനിലയിലും കാർബൺ ഡയോക്‌സൈഡ് അളവിലും, മണ്ണിന്റെ രാസഘടനയിലും വരെയുള്ള മാറ്റം. വെള്ളത്തിൽ പെട്ടെന്ന് അലിയുന്ന ആർസനിക് വെള്ളം നിറഞ്ഞുകിടക്കുന്ന നെൽവയലുകളിലെ ചെടികളിൽ വലിയ അളവിൽ എത്തുന്ന സ്ഥിതി. തുടങ്ങിയവ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ചൈനയിലെ യാങ്‌സേ നദി ഡെൽറ്റയിലുള്ള നെൽപ്പാടങ്ങളിലാണ് ഗവേഷകർ പഠനം നടത്തിയത്. ചൈനയിൽ മാത്രമല്ല, ഏഷ്യയിൽ ബംഗ്ലാദേശ്, ഇന്ത്യ, ഇന്തോനേഷ്യ, മ്യാൻമാർ, ഫിലിപ്പൈൻസ്, വിയറ്റ്‌നാം എന്നിവിടങ്ങളിലും ഇതേ അപകടം പതിയിരിപ്പുണ്ടെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.

SCROLL FOR NEXT