ത്രിപുരയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 22 ആയി. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് കുടുംബങ്ങളിലെ ഏഴ് പേർ മരിച്ചു. 30 വർഷത്തിനിടെ ത്രിപുരയിലുണ്ടാകുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. എട്ട് ജില്ലകളിലായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 450ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി, 65,500 ഓളം പേരാണ് കഴിയുന്നത്.
READ MORE: മുണ്ടക്കൈ-മേപ്പാടി ദുരന്ത ബാധിതരുടെ പുനരധിവാസം; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം
മഴയെ തുടർന്നുണ്ടായ ദുരന്തത്തിൽ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതരായ ഓരോ കുടുംബത്തിനും സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഏകദേശം 17 ലക്ഷത്തോളം പേരെ ദുരന്തം ബാധിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ദുരിത ബാധിതപ്രദേശങ്ങളിൽ SDRF, NDRF, സിവിൽ ഡിഫൻസ് വോളൻ്റിയർമാർ, ഫയർ ആൻഡ് എമർജൻസി സർവീസുകൾ എന്നിവയുൾപ്പെടെ 200-ലധികം റെസ്ക്യൂ ടീമുകളെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്.
ആഗസ്റ്റ് 21 മുതൽ ത്രിപുരയിലും അതിർത്തിക്ക് സമീപമുള്ള ബംഗ്ലാദേശിലെ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നും സംസ്ഥാനത്തെ സ്കൂളുകളിൽ അവധി പ്രഖ്യാപിച്ചു.
READ MORE: ഭൂമിയിൽ കണ്ടെത്തിയതിൽ വെച്ച് ഗുണമേന്മയിൽ രണ്ടാമതുള്ള വജ്രം കിട്ടിയത് ഈ രാജ്യത്ത് നിന്നാണ്
അതേസമയം, ബംഗ്ലാദേശിലെ കിഴക്കൻ പ്രദേശങ്ങളെ വലച്ച വെള്ളപ്പൊക്കത്തിന് കാരണം ഇന്ത്യയിലെ ഡാം തുറന്നതല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു. ഇന്ത്യയുടെ ഡംബൂർ അണക്കെട്ട് തുറന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് ബംഗ്ലാദേശിലെ സോഷ്യൽ മീഡിയയിൽ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് സ്ഥിതിഗതികളെ കുറിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്. ബംഗ്ലാദേശിൽ, സുനംഗഞ്ച്, മൗലവിബസാർ, ഹബിഗഞ്ച്, ഫെനി, ചിറ്റഗോംഗ്, നോഖാലി, കോമില്ല, ഖഗ്രാചാരി എന്നീ എട്ട് ജില്ലകളെ ബാധിച്ച വെള്ളപ്പൊക്കത്തിൽ ഒന്നിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.