എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദ് Source: News Malayalam 24x7
KERALA

രാഹുൽ മനുഷ്യ കൃമികീടം, എസ്എഫ്ഐ സമരം നടത്തുന്നത് കെഎസ്‌യുവിലെ പെണ്‍കുട്ടികള്‍ക്ക് കൂടി വേണ്ടി: എം. ശിവപ്രസാദ്

ഇന്നത്തെ പ്രധാന വാർത്തകൾ അറിയാം

ന്യൂസ് ഡെസ്ക്

രാഹുൽ മനുഷ്യ ക്രിമികീടം, എസ്എഫ്ഐ സമരം നടത്തുന്നത് കെഎസ്‌യുവിലെ പെണ്‍കുട്ടികള്‍ക്ക് കൂടി വേണ്ടി: എം. ശിവപ്രസാദ്

രാഹുലിനെതിരെ കോണ്‍ഗ്രസ് എടുത്തത് വെറും തലോടൽ നടപടി മാത്രമാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ഓരോ പരാതി ലഭിക്കുമ്പോഴും രാഹുൽ മാങ്കൂട്ടത്തിലിന് ഓരോ സ്ഥാനമാനങ്ങൾ ലഭിക്കുന്നു. കോൺഗ്രസ് നേതാക്കളുടെ മക്കൾ പരാതി പറഞ്ഞിട്ട് പോലും നടപടിയുണ്ടായില്ലെന്നും എസ്‌എഫ്‌ഐ നേതാവ് ആരോപിച്ചു.

രാഹുലിനെ രഹസ്യമായി മടിയിലിരുത്തുകയും പരസ്യമായി തള്ളിപ്പറയുകയും ചെയ്യുകയാണ് പ്രതിപക്ഷ നേതാവെന്ന് എം. ശിവപ്രസാദ് പറഞ്ഞു. പരസ്യമായി തള്ളിപ്പറയാനുള്ള ധൈര്യം പ്രതിപക്ഷ നേതാവിനില്ല. കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ കസേരയിലാണ് വി.ഡി. സതീശൻ ഇരിക്കുന്നത് എന്നോർക്കണം. പിആർ ഏജൻസി എഴുതികൊടുത്ത വാചകങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വന്നുനിന്ന് സംസാരിക്കുകയാണ്. രാഹുൽ മനുഷ്യ ക്രിമികീടമാണെന്നും സൈക്കോപാത്താണെന്നും ശിവപ്രസാദ് കൂട്ടിച്ചേർത്തു.

പല നേതാക്കളുടെയും രഹസ്യങ്ങൾ രാഹുലിന് അറിയാം. അതാണ് പ്രതിപക്ഷ നേതാവ് തള്ളിപ്പറയാൻ മടിക്കുന്നത്. കെഎസ്‌യുവിലെ പെൺകുട്ടികൾക്കും രക്ഷയില്ല. അവർക്ക് കൂടി വേണ്ടിയാണ് എസ്എഫ്ഐ സമരം നടത്തുന്നതെന്നും ശിവപ്രസാദ് പറഞ്ഞു.

പൊന്നോണത്തിൻ്റെ വരവറിയിച്ച് ഇന്ന് അത്തം

പൊന്നോണത്തിൻ്റെ വരവറിയിച്ച് ഇന്ന് അത്തം. ഇനി പത്ത് നാൾ കേരളനാടിന് പൂപ്പുടവയുടെ പൊൻചന്തം. ഓണത്തിരക്കുകളിലേക്ക് മലയാളികൾ. എല്ലാ പ്രേക്ഷകർക്കും ന്യൂസ് മലയാളത്തിൻ്റെ ആശംസകൾ.

അത്തച്ചമയത്തിന് ഒരുങ്ങി തൃപ്പൂണിത്തുറ

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന അത്തച്ചമയത്തിന് ഒരുങ്ങി തൃപ്പൂണിത്തുറ. രാവിലെ ഒമ്പത് മണിക്ക് മന്ത്രി എം.ബി. രാജേഷ് അത്തപതാക ഉയർത്തും. നടൻ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. 300ലധികം കലാകാരന്മാരും തനതു കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും അണിനിരക്കും. തൃക്കാക്കര മഹാക്ഷേത്രത്തിലെ തിരുവോണ ഉത്സവത്തിന് നാളെ കൊടിയേറും.

നാഥനില്ലാ കളരിയായി സംസ്ഥാന യൂത്ത് കോൺഗ്രസ്

രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷപദവി രാജിവെച്ചതോടെ നാഥനില്ലാ കളരിയായി സംസ്ഥാനയൂത്ത് കോൺഗ്രസ്. ഇതുവരെ താത്ക്കാലിക അധ്യക്ഷനെ നിയമിക്കാതെ നേതൃത്വം. ഒ.ജെ. ജനീഷിനായി ഷാഫി പറമ്പിലിൻ്റെ ചരടുവലി. അബിൻ വർക്കിക്കായി കടുത്ത നിലപാടിൽ ചെന്നിത്തല വിഭാഗം.

ബൈസൺ വാലിയിൽ വയോധികനെ അയൽവാസി വെട്ടിക്കൊന്നു

ഇടുക്കി ബൈസൺ വാലിയിൽ വയോധികനെ അയൽവാസി വെട്ടിക്കൊന്നു. മരിച്ചത് അറുപതുകാരനായ ഓലിക്കൽ സുധൻ. കുളങ്ങരയിൽ അജിത്ത് പിടിയിൽ. കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലീസ്.

ചേർത്തലയിൽ അച്ഛനെ ക്രൂര മർദനത്തിനിരയാക്കി ഒളിവിൽ പോയ മക്കൾക്കായി അന്വേഷണം ഊർജിതം

ആലപ്പുഴ ചേർത്തലയിൽ അച്ഛനെ ക്രൂരമർദനത്തിനിരയാക്കി ഒളിവിൽ പോയ മക്കൾക്കായി അന്വേഷണം ഊർജിതം. പുതിയകാവ് സ്വദേശി ചന്ദ്രനെ ആക്രമിച്ചത് മകൻ അഖിലും ഇരട്ട സഹോദരൻ നിഖിലും ചേർന്ന്. കൊടും ക്രൂരത മദ്യലഹരിയിൽ.

കല്യാട്ടെ കവർച്ചക്കേസിൽ അന്വേഷണം അനിശ്ചിതത്വത്തിൽ

കണ്ണൂർ കല്യാട്ടെ കവർച്ചക്കേസിൽ അന്വേഷണം അനിശ്ചിതത്വത്തിൽ. കൊല്ലപ്പെട്ട ദർശിതയും ആൺസുഹൃത്തും ചേർന്നാണ് കവർച്ച നടത്തിയതെന്ന് സ്ഥിരീകരിക്കാനാകാതെ പൊലീസ്. ദർശിത കൊലകേസിൽ റിമാൻഡിലായ സിദ്ധരാജുവിനെ കൂടുതൽ ചോദ്യം ചെയ്യാൻ സാധിക്കാത്തത് പ്രതിസന്ധി.

ട്രംപിന് പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

യുഎസിൻ്റെ അധിക തീരുവ നാളെ പ്രാബല്യത്തിൽ വരാനിരിക്കെ ട്രംപിന് പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല, എത്ര സാമ്പത്തിക സമ്മർദം ഉണ്ടായാലും കർഷകരെയും ചെറുകിട വ്യവസായങ്ങളെയും സംരക്ഷിക്കുമെന്നും മോദി.

അവകാശവാദം തുടർന്ന് ട്രംപ്

ഇന്ത്യാ - പാക് വെടിനിർത്തലിൽ അവകാശവാദം തുടർന്ന് ഡൊണൾഡ് ട്രംപ്. തന്റെ ഇടപെടലിലൂടെ ഒഴിവായത് ആണവയുദ്ധം. അധികാരമേറ്റശേഷം ചെറുതും വലുതുമായ ഏഴോളം യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും ട്രംപ്. വ്യാപാരത്തെ മുൻനിർത്തിയുള്ള സമ്മർദ തന്ത്രമെന്നും വാദം.

കോതമംഗലത്ത് വീണ്ടും എക്സൈസിന്റെ കഞ്ചാവ് വേട്ട

കോതമംഗലത്ത് വീണ്ടും എക്സൈസിന്റെ കഞ്ചാവ് വേട്ട. മൂന്നര കിലോയിലധികം കഞ്ചാവുമായി ഒരാൾ പിടിയിൽ. ഒഡീഷ സ്വദേശി ഭിമോ ബിറോ (27) ആണ് പിടിയിലായത്.

സ്പേസ് എക്സ് സ്റ്റാർഷിപ്പ് പരീക്ഷണം വീണ്ടും മാറ്റി

സ്പേസ് എക്സ് സ്റ്റാർഷിപ്പ് പരീക്ഷണം വീണ്ടും മാറ്റി. മോശം കാലാവസ്ഥയെ തുടർന്നാണ് പരീക്ഷണം വീണ്ടും മാറ്റിയത്. പുലർച്ചെ അഞ്ച് മണിക്കായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്.

കോഴിക്കോട് വിജിൽ കൊലക്കേസിൽ കൂടുതൽ മൊഴി

കോഴിക്കോട് വിജിൽ കൊലക്കേസിൽ പ്രതികളുടെ കൂടുതൽ മൊഴി പുറത്ത്. കുഴിച്ചുമൂടി എട്ടാം മാസം കുഴി തുറന്ന് അസ്ഥികൾ പുറത്തെടുത്തു, കടലിൽ ഒഴുക്കിയെന്നും പ്രതികൾ മൊഴി നൽകി. മൃതദേഹം കണ്ടെടുക്കാനുള്ള നടപടിക്കൊരുങ്ങിയിരിക്കുകയാണ് പൊലീസ്. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വയനാട്ടിൽ കൊല്ലപ്പെട്ടത് ഹേമചന്ദ്രൻ തന്നെ!

വയനാട്ടിൽ കൊല്ലപ്പെട്ടത് ഹേമചന്ദ്രൻ തന്നെയാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ ഫോറൻസിക് ലാബിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ മൃതദേഹം ഹേമചന്ദ്രന്റേതെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ഉടൻ കുടുംബാംഗങ്ങൾക്ക് വിട്ടു നൽകും.

എം.ആർ. അജിത് കുമാറിനെതിരെ കടുത്ത നടപടി ഉണ്ടാകില്ല

പൂരം കലക്കൽ വിവാദത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കടുത്ത നടപടി ഉണ്ടാകില്ല. സസ്പെൻഷൻ പോലുള്ള നടപടി ആവശ്യമില്ലന്ന് ഡിജിപി. മുൻ ഡിജിപിയുടെ റിപ്പോർട്ടിൽ പുതിയ ശുപാർശ എഴുതി ചേർത്തു. താക്കീത് നൽകി അന്വേഷണം അവസാനിപ്പിച്ചേക്കും.

പ്ലസ് ടു സർട്ടിഫിക്കറ്റുകളിലെ പിഴവ്: എങ്ങുമെത്താതെ വിദ്യാഭ്യാസ വകുപ്പിൻ്റെ അന്വേഷണം

സംസ്ഥാനത്തെ പ്ലസ് ടു മാർക്ക് ലിസ്റ്റുകളിൽ പിഴവ് കണ്ടെത്തിയതിൽ അന്വേഷണം എങ്ങും എത്തിയില്ല. ഇക്കഴിഞ്ഞ അധ്യയന വർഷം പഠനം പൂർത്തിയാക്കിയ 30,000ത്തോളം വിദ്യാർഥികളുടെ ലിസ്റ്റുകളിലായിരുന്നു പിഴവ്. വിദ്യാഭ്യാസമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും റിപ്പോർട്ട് ഇതുവരെ തയ്യാറാക്കിയിട്ടില്ല.

ഓണത്തെ വരവേൽക്കാൻ തൃശൂരും

ഓണത്തെ വരവേൽക്കാൻ ഒരുങ്ങി സാംസ്കാരിക തലസ്ഥാനമായ തൃശൂരും. എല്ലാവ‍ർഷത്തെയും പോലെ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിനു മുന്നിൽ മഹാ പൂക്കളം ഒരുക്കുകയാണ് തൃശൂ‍ർ പൗരാവലി. തെക്കേ ​ഗോപുരനടയിൽ ഇതിനോടകം പൂക്കളം ഒരുക്കാനും കാണാനും നിരവധി പേരാണ് ഒത്തുചേ‍ർത്തിരിക്കുന്നത്.

വാർഡ് മെമ്പർ മരിച്ച നിലയിൽ

വാർഡ് മെമ്പർ മരിച്ച നിലയിൽ. ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് മെമ്പർ ശ്രീജയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം.

പാലക്കാട്ടെ പൊതുപരിപാടിയിൽ പ്ലാസ്റ്റിക് ബൊക്കെ കൊടുത്ത് മന്ത്രി എം.ബി. രാജേഷിന് സ്വീകരണം; വിമർശിച്ച് മന്ത്രി

പാലക്കാട്ടെ പൊതുപരിപാടിയിൽ പ്ലാസ്റ്റിക് ബൊക്കെ കൊടുത്ത് മന്ത്രി എം.ബി. രാജേഷിന് സ്വീകരണം. ബൊക്കെ സ്വീകരിക്കാതെ ചട്ടലംഘനം ചൂണ്ടിക്കാട്ടി മന്ത്രി. പാലക്കാട് കുത്തനൂർ ഗ്രാമപഞ്ചായത്ത് കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ വിമർശനം. ഹരിത പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ വിമർശനം.

ആഗോള അയ്യപ്പ സംഗമത്തിൽ എം.കെ. സ്റ്റാലിൻ പങ്കെടുക്കില്ല

ആഗോള അയ്യപ്പ സംഗമത്തിൽ എം.കെ. സ്റ്റാലിൻ പങ്കെടുക്കില്ല. മുൻകൂട്ടി നിശ്ചയിച്ച മറ്റു പരിപാടികൾ കാരണം ആണ് പങ്കെടുക്കാത്തത്. പകരം തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രിയും ഐടി മന്ത്രിയും പങ്കെടുക്കും. സെപ്തംബർ 20ന് നിശ്ചയിച്ചിരുന്ന പരിപാടിയിൽ സ്റ്റാലിൻ ആയിരുന്നു മുഖ്യാതിഥി. അറിയിപ്പ് ലഭിച്ചില്ലെന്ന് മന്ത്രി വി.എൻ. വാസവൻ പ്രതികരിച്ചു. ഔദ്യോഗിക അറിയിപ്പ് വന്ന ശേഷം അറിയിക്കാമെന്നും മന്ത്രി.

മദ്യലഹരിയിൽ സഹോദരങ്ങൾ തമ്മിൽ അടിപിടി; ഒരാൾക്ക് കുത്തേറ്റു

മദ്യലഹരിയിൽ സഹോദരങ്ങൾ തമ്മിലുള്ള അടിപിടിയിൽ ഒരാൾക്ക് കുത്തേറ്റു. പന്തളം മുട്ടാർ കുരീകാവ് സ്വദേശി അഖിലിനാണ് കുത്തേറ്റത്. ഇയാളെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരൻ അജിൽ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്‌. കത്രിക വച്ചാണ് കുത്തിയത്. ഇന്നലെ രാത്രി 11.30ന് വീടിനു സമീപത്ത് ആയിരുന്നു സംഭവം.

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ എത്തിക്കാൻ കൂലി

കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ എത്തിക്കാൻ കൂലി ഉണ്ടെന്ന് പ്രതി അക്ഷയ്യുടെ മൊഴി. മൊബൈൽ എറിഞ്ഞ് നൽകിയാൽ 1000 മുതൽ 2000 വരെ കൂലി. ജയിലിനകത്തെ അടയാളങ്ങൾ നേരത്തെ അറിയിക്കും. ആഴ്ച്ചയിൽ ഒരു ദിവസം ഇതിനായി തെരഞ്ഞെടുക്കുമെന്നും പ്രതി. സ്വർണ്ണക്കടത്ത് കേസിൽ പെട്ടവരും എറിഞ്ഞുകൊടുക്കൽ സംഘത്തിലെന്ന് വിവരം.

വിജിലിൻ്റെ ബൈക്കും, മൊബൈൽ ഫോണും കല്ലായി റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ചെന്ന് പ്രതികൾ

കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി വിജിലിൻ്റെ മരണത്തിൽ വിജിലിൻ്റെ ബൈക്കും, മൊബൈൽ ഫോണും കല്ലായി റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ചെന്ന് പ്രതികൾ. തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻ സരോവരത്തെത്തി തെളിവെടുപ്പ് ആരംഭിക്കും. മൃതദേഹം കണ്ടെടുക്കാനുള്ള നടപടികളിലേക്ക് നീങ്ങും.

മരണപ്പാച്ചിലുമായി കെഎസ്‌ആർടിസി; വിദ്യാർഥികളും ട്രാഫിക് പൊലീസുകാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മരണപ്പാച്ചിലുമായി കെഎസ്‌ആർടിസി. വിദ്യാർഥികളും ട്രാഫിക് പൊലീസുകാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സീബ്ര ലൈനും, ട്രാഫിക് പൊലീസ്ന്റെ മുന്നറിയിപ്പും അവഗണിച്ചാണ് കെഎസ്ആർടിസിയുടെ മരണപ്പാച്ചിൽ. പെരിന്തൽമണ്ണ ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ബസാണ് അപകടയാത്ര നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം; തൃപ്പൂണിത്തുറ അത്തച്ചമയത്തിന് കൊടിയേറി

സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയം കൊടിയേറി. അത്തം പതാക ഉയർത്തി അത്തച്ചമയത്തിൻ്റെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. മന്ത്രി പി.രാജീവ്, നടൻ ജയറാം, രമേഷ് പിഷാരടി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

അത്തച്ചമയ ഘോഷയാത്ര ഉടൻ; ഫ്ലാഗ് ഓഫ് ജയറാം നിർവഹിക്കും

അത്തച്ചമയ ഘോഷയാത്രയ്ക്ക് 300ലധികം കലാകാരന്മാരും തനത് കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും അണിനിരക്കും. ഘോഷയാത്ര കാണാൻ വൻ ജനത്തിരക്ക്. ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് നടൻ ജയറാം നിർവഹിക്കും.

ലൈംഗിക അരോപണങ്ങളോട് കോൺഗ്രസിന് സീറോ ടോളറൻസ്: മാണിക്യം ടാഗോർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുത്തത് എഐസിസി അദ്ധ്യക്ഷൻ മലികാർജ്ജുൻ ഖാർഗെയെന്ന് കോൺഗ്രസ് പ്രവർത്തകസമിതി സ്ഥിരം ക്ഷണിതാവ് മാണിക്യം ടാഗോർ എംപി ന്യൂസ് മലയാളത്തോട്. ലൈംഗിക അരോപണങ്ങളോട് കോൺഗ്രസിന് സീറോ ടോളറൻസാണെന്നും മാണിക്യം ടാഗോർ. രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്ത ശേഷമുള്ള എഐസിസിയുടെ ആദ്യ പ്രതികരണം കൂടിയാണ് മാണിക്യം ടാഗോർ നടത്തിയത്.

സസ്പെൻഷനെ ശിക്ഷയായി കാണാൻ കഴിയില്ല, അത് രാഹുലും നേതാക്കളും തമ്മിലുള്ള അഡ്ജസ്റ്റ്മെൻ്റ്: മന്ത്രി വി. ശിവൻകുട്ടി

ചേർത്തലയിൽ അച്ഛനോട് ക്രൂരത: ഒളിവിൽ പോയ മക്കൾ അറസ്റ്റിൽ

ആലപ്പുഴ ചേർത്തലയിൽ അച്ഛനോട് ക്രൂരത കാണിച്ച് ഒളിവിൽ പോയ മക്കൾ അറസ്റ്റിൽ. മക്കളായ അഖിൽ, നിഖിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ക്രൂര മർദനം നടത്തിയ അഖിലും അക്രമം ചിത്രീകരിച്ച നിഖിലിനും എതിരെ അഞ്ച് വകുപ്പുകൾ ചുമത്തിയാണ് കേസ്. അമിതമായി മദ്യപിക്കുന്ന ഇരുവരും മാതാപിതാക്കളെ മർദിക്കുന്നത് പതിവ് ആണെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരത്ത് ഡോക്ടറെ വീടുകയറി ആക്രമിച്ച് എക്സൈസ് ജീവനക്കാരി

തിരുവനന്തപുരത്ത് ഡോക്ടറെ വീടുകയറി ആക്രമിച്ച് എക്സൈസ് ജീവനക്കാരി. വിനീത റാണിക്കെതിരെ മലയിൻകീഴ് പൊലീസ് കേസെടുത്തു. വിനീതയുടെ മകൻ്റെ അഡ്മിഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണം. വിനീത മുഖത്ത് ഇടിക്കുകയും മുടിക്ക് കുത്തിപ്പിടിക്കുകയും ചെയ്തെന്ന് എഫ്ഐആർ.

എം.ആർ. അജിത് കുമാറിന് എതിരായ അന്വേഷണം: വിജിലൻസിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

എഡിജിപി എം.ആർ. അജിത് കുമാറിന് എതിരായ അന്വേഷണത്തിൽ വിജിലൻസിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. മുൻകൂർ അനുമതി വാങ്ങിയാണോ അന്വേഷണം നടത്തിയതെന്ന് ഹൈക്കോടതി ചോദിച്ചു. പ്രോസിക്യൂഷൻ അനുമതിയില്ലാതെ കേസെടുത്ത മജിസ്ട്രേറ്റ് കോടതി നടപടിയിൽ വീഴ്ചയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിജിലൻസ് കോടതിയുടെ നടപടിക്രമത്തിൽ നിയമ പ്രശ്നമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

കൊലക്കേസിൽ പിടിയിലായത് വിജിലിൻ്റെ അടുത്ത സുഹൃത്തുക്കളെന്ന് വിജിലിൻെറ പിതാവ് വിജയൻ

കൊലക്കേസിൽ പിടിയിലായത് വിജിലിൻ്റെ അടുത്ത സുഹൃത്തുക്കളെന്ന് വിജിലിൻെറ പിതാവ് വിജയൻ. വിജിലിനെ കാണാതായപ്പോൾ ഇവരോട് അന്വേഷിച്ചിരുന്നു. അറിയില്ല എന്നാണ് മറുപടി നൽകിയത്. തങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അവർ ശ്രമിച്ചുവെന്നും പിതാവ്. പ്രതികളുടെ പുറത്തുവന്ന മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും കുടുംബം.

സുൽത്താൻ ബത്തേരിയിൽ വാതിലിന് തീയിട്ട് മോഷണം

സുൽത്താൻ ബത്തേരിയിൽ വാതിലിന് തീയിട്ട് മോഷണം. പി.സി. മോഹനൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ആറു ദിവസമായി ഇവർ സ്ഥലത്തുണ്ടായിരുന്നില്ല. സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.

കേരളം ഞെട്ടുന്ന വാർത്ത ഉടൻ; സിപിഐഎമ്മിന് മുന്നറിയിപ്പുമായി വി.ഡി. സതീശൻ

രാഹുൽ വിഷയത്തിൽ പ്രതിരോധത്തിലായതോടെ സിപിഐഎമ്മിന് വി.ഡി. സതീശൻ്റെ മുന്നറിയിപ്പ്. കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരും, കരുതിയിരുന്നോളൂ എന്ന് ഭീഷണി. പ്രതിഷേധത്തിന് യുവമോർച്ച എഴുന്നള്ളിച്ച കാളയെ ഉപേക്ഷിക്കേണ്ട. രാജീവ് ചന്ദ്രശേഖരൻ്റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ടി വരുമെന്ന് ബിജെപിക്കും മുന്നറിയിപ്പ്.

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല;  പാകിസ്ഥാന് മുന്നറിയിപ്പുമായി സംയുക്ത സൈനിക മേധാവി

പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. ഏത് ആക്രമണത്തിനും തിരിച്ചടിക്കാൻ ഇന്ത്യക്ക് ശേഷിയുണ്ടെന്നും അനിൽ ചൗഹാൻ.

കോൺഗ്രസിൻ്റേത് കുറ്റവാളിയെ രക്ഷിക്കുന്ന നിലപാട്: ടി.പി. രാമകൃഷ്‌ണൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ വിമർശനവുമായി എൽഡിഎഫ്‌ കൺവീനർ ടി.പി. രാമകൃഷ്‌ണൻ. കുറ്റവാളിയെ രക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസിൻ്റേത്. പൊതുവികാരം മനസിലാക്കി നിലപാടെടുക്കാൻ കോൺഗ്രസിന് കഴിയണം. കോൺഗ്രസ് നിലപാട് പുനഃപരിശോധിക്കണം. സോഷ്യൽ മീഡിയ വച്ച് എതിരാളികളെ അടിച്ചമർത്തുന്നവരിൽ ഒരാളാണ് രാഹുൽ മാങ്കൂട്ടത്തിൽ. മുകേഷിനെ അനാവശ്യമായി സംരക്ഷിക്കുന്ന നിലപാട് സിപിഐഎം എടുത്തിട്ടില്ലെന്നും ഇക്കാര്യം സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുള്ളതാണെന്നും ടി.പി. രാമകൃഷ്‌ണൻ പറഞ്ഞു.

തോട്ടപ്പള്ളിയിൽ സ്ത്രീ കൊല്ലപ്പെട്ട കേസ്: ഒന്നാം പ്രതിക്കാ‌യി കസ്റ്റഡി അപേക്ഷ നൽകി പൊലീസ്

ആലപ്പുഴ തോട്ടപ്പള്ളിയിൽ സ്ത്രീ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി സൈനുലാബ്ദീനെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകി അമ്പലപ്പുഴ പൊലീസ്. രണ്ടാം പ്രതി അനീഷ ആശുപത്രിയിൽ ചികിത്സയിലായതിനാൽ ചോദ്യം ചെയ്യൽ നടന്നില്ല. തെറ്റായി പ്രതിചേർക്കപ്പെട്ട അബൂബക്കറിൻ്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. നിലവിൽ കേസിൽ മൂന്നാം പ്രതിയാണ് അബൂബക്കർ. അതിക്രമിച്ചു വീട്ടിൽ കയറൽ, ബലാത്സംഗം എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. നേരത്തെ കൊലക്കുറ്റം ചുമത്തിയത് പൊലീസ് ഒഴിവാക്കിയിരുന്നു

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണ സമ്മാനം 1200 രൂപ 

തൊഴിലുറപ്പ് തൊഴിലാളികൾക്ക്‌ 1200 രൂപവീതം ഓണ സമ്മാനം നൽകും. 200 രൂപ വർധിപ്പിച്ച് ധനവകുപ്പ്. കഴിഞ്ഞ തവണ 1000 രൂപവീതമാണ്‌ ലഭിച്ചത്‌. 5,25,991 തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കുക.

പഞ്ചായത്ത് പ്രസിഡന്റ് അപവാദം പറഞ്ഞുണ്ടാക്കി, ഇന്നലെ തൊട്ട് കരച്ചിലായിരുന്നു; ആര്യനാട് വാര്‍ഡ് മെമ്പറുടെ ആത്മഹത്യയില്‍ ഭര്‍ത്താവ്

കോൺഗ്രസിൻ്റേത് കുറ്റവാളിയെ രക്ഷിക്കുന്ന നിലപാട്: ടി.പി. രാമകൃഷ്‌ണൻ

യുഡിഎഫ് ആരോപണങ്ങളെ ചെറുത്തില്ല,  ശക്തമായ നടപടി എടുത്തു: പി.കെ. കുഞ്ഞാലികുട്ടി

ജനപ്രതിനിധി ആകാൻ താൻ യോഗ്യനാണോ എന്ന് രാഹുൽ സ്വയം പരിശോധിക്കണം:  ബെന്യാമിൻ

ബോംബുകൾ വീണുകൊണ്ടിരിക്കുന്നത് കോൺഗ്രസിൽ, സിപിഐഎമ്മിന് ഒരു ഭയവുമില്ല: എം.വി. ഗോവിന്ദൻ

കൊച്ചിയിൽ സുഹൃത്തുക്കളായ യുവതിക്കും യുവാവിനും നേരെ ആൾക്കൂട്ട ആക്രമണം

കൊച്ചിയിൽ സുഹൃത്തുക്കളായ യുവതിക്കും യുവാവിനും നേരെ ആൾക്കൂട്ട ആക്രമണം. പെൺകുട്ടിയെ ഹോസ്റ്റലിൽ ആക്കാൻ വന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. അഞ്ചുമന ക്ഷേത്രത്തിന് സമീപം വെള്ളുവെലി ലൈനിലാണ് സംഭവം. സദാചാര ഗുണ്ടായിസത്തിനെതിരെ പൊലീസ് കണ്ണടച്ചെന്ന് പരാതി.

ശ്രീജയ്‌ക്കെതിരെ വ്യക്തിഹത്യ നടത്തിയിട്ടില്ല, പ്രതിഷേധത്തിൻ്റെ ലക്ഷ്യം അതായിരുന്നില്ല: ആര്യനാട് പഞ്ചായത്ത് പ്രസിഡൻ്റ്

ശ്രീജയ്‌ക്കെതിരെ വ്യക്തിഹത്യ നടത്തിയിട്ടില്ല, പ്രതിഷേധത്തിൻ്റെ ലക്ഷ്യം അതായിരുന്നില്ലെന്ന് ആര്യനാട് പഞ്ചായത്ത് പ്രസിഡൻ്റ് വിജു മോഹൻ. ശ്രീജയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ പരാതി ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ശ്രീജയെ നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ഉണ്ടായില്ല. പിന്നാലെയാണ് പരാതിക്കാരുടെയും പ്രാദേശിക നേതാക്കളുടെയും നേതൃത്വത്തിൽ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധത്തിൽ ശ്രീജയുടെ പാർട്ടി ബാധ്യത ഏറ്റെടുക്കാനാണ് ആവശ്യപ്പെട്ടത്. ശ്രീജയെ മുൻനിർത്തി മറ്റാരെങ്കിലും സാമ്പത്തിക തിരിമറി നടത്തിയതാണോ എന്ന് സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പോലീസിൽ പരാതി നൽകുമെന്നും വിജു മോഹൻ.

പാലക്കാട് സ്കൂൾ കമ്പോണ്ടിൽ നിന്ന് കണ്ടെടുത്തത് ബോംബ്, സ്കൂൾ നിയന്ത്രിക്കുന്നത് ആർഎസ്എസ്: ഇ.എൻ. സുരേഷ് ബാബു

മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതയിലെ ഗതാഗതക്കുരുക്ക്: പ്രശ്‌നം പരിഹരിച്ചെന്ന് ദേശീയ പാത അതോറിറ്റി ഹൈക്കോടതിയില്‍

മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചെന്ന് ദേശീയ പാത അതോറിറ്റി ഹൈക്കോടതിയില്‍. സര്‍വീസ് റോഡുകള്‍ പൂര്‍ണമായും ഗതാഗത യോഗ്യമാക്കി. ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ അനുവദിക്കണമെന്നും എന്‍എച്ച്എഐ. എന്നാൽ, ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടെന്നാണ് ട്രാഫിക് മാനേജ്‌മെന്റ് കമ്മിറ്റി റിപ്പോര്‍ട്ട്. അതിനാല്‍ സെപ്റ്റംബര്‍ ഓൻപത് വരെ ടോള്‍ പിരിവ് തടഞ്ഞത് തുടരണമെന്നും ഹൈക്കോടതി.

രാഹുൽ വിഷയത്തിലൂടെ ബിജെപിയുടേത് സ്കൂളിലെ ബോംബ് വിഷയം മറയ്ക്കാനുള്ള ശ്രമം, അതും ഒപ്പം ചർച്ച ചെയ്യേണ്ടതായിരുന്നു: ഇ.എൻ. സുരേഷ് ബാബു

കെ. സുരേന്ദ്രനെതിരായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്:  ഹൈക്കോടതിയിലെ റിവിഷന്‍ ഹര്‍ജി പിന്‍വലിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി

ജയിലിലെ കള്ളൻ;  പൂജപ്പുര ജയിൽ കഫറ്റീരിയയിലെ മോഷണത്തിൽ മുൻ തടവുകാരൻ പിടിയിൽ

നാദാപുരത്ത് മദ്യപിച്ച് അവശരായി പ്ലസ് വൺ വിദ്യാർഥികൾ

കോഴിക്കോട് നാദാപുരത്ത് മദ്യപിച്ച് അവശരായി പ്ലസ് വൺ വിദ്യാർഥികൾ. നാദാപുരം ബസ്റ്റാൻഡിന് സമീപമാണ് മൂന്ന് വിദ്യാർഥികളെ മദ്യപിച്ച് അവശരായി കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറുമണിക്കായിരുന്നു സംഭവം. വിദ്യാർഥികളെ കണ്ട ബസ്റ്റാൻഡിനു സമീപത്തെ കച്ചവടക്കാരനാണ് രക്ഷിതാക്കളെ വിവരമറിയിച്ചത്. തുടർന്ന് രക്ഷിതാക്കൾ വിദ്യാർഥികളെയും കൂട്ടി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ഓർക്കാട്ടേരിയിലെ ഒരു കള്ള് ഷാപ്പിൽ നിന്നും ഉടമ നിർബന്ധിച്ച് മദ്യം നൽകിയെന്നാണ് കുട്ടികളുടെ വിശദീകരണം.

അച്ഛൻകോവിലാറ്റിൽ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു

പത്തനംതിട്ട കല്ലറകടവ് അച്ഛൻകോവിലാറ്റിൽ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർഥികളാണ് ഒഴുക്കിൽപ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

കോഴിക്കോട് സ്വകാര്യ ക്ലിനിക് ജീവനക്കാരിക്ക് നേരെ പീഡന ശ്രമം

കോഴിക്കോട് ഉള്ള്യേരിയിൽ സ്വകാര്യ ക്ലിനിക് ജീവനക്കാരിക്ക് നേരെ പീഡന ശ്രമം. ഉള്ള്യേരി പേരാമ്പ്ര റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിക്ക് നേരെയാണ് പീഡന ശ്രമം. സംഭവത്തിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിമിനെ അത്തോളി പോലീസ് അറസ്റ്റ് ചെയ്തു.

പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണം: ഹൈക്കോടതിയിൽ മറുപടി നൽകി വിജിലൻസ്

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണത്തിൽ ഹൈക്കോടതിയിൽ മറുപടി നൽകി വിജിലൻസ്. അന്വേഷണത്തിന് സർക്കാരിനോട് അനുമതി തേടിയെന്നാണ് വിജിലൻസിൻ്റെ വിശദീകരണം. അഴിമതി നിരോധന നിയമത്തിലെ 17A വകുപ്പ് പ്രകാരമാണ് അനുമതി തേടിയത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു നൽകിയ പരാതി അട്ടിമറിച്ചെന്ന കെഎസ്‍യു നേതാവ് പി. മുഹമ്മദ് ഷമ്മാസ് നൽകിയ ഹർജിയിലാണ് വിജിലൻസ് മറുപടി നൽകിയത്.

മാനസിക പ്രശ്നം ഉള്ള ആളാണ് രാഹുൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കണം: വി. മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിലിന് എംഎൽഎ ആയി തുടരാൻ അവകാശമില്ല എന്നത് പാലക്കാട്ടെ ജനങ്ങളുടെ ആവശ്യമാണെന്ന് വി. മുരളീധരൻ. കോൺഗ്രസിന്റെ നിലപാട് ഒത്തുകളിയാണ്. രാഹുലിന്റെ ഭീഷണിയാണ് ഇതിന് പിന്നിൽ എന്നാണ് പറയുന്നത്. കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നത് ആഭ്യന്തര പ്രശ്നമാണ്. എന്നാൽ ഇവിടെ അതല്ല പ്രശ്നം. ജനങ്ങളോട് ഇടപഴകുന്നയാളാണ് രാഹുൽ. അങ്ങനെ ഒരാളെ എംഎൽഎ ആയി തുടരാൻ അനുവദിക്കുന്നു. പാലക്കാട്ടെ ജനങ്ങൾ എന്തിന് ഇയാളെ സഹിക്കണം. പാലക്കാട് ഈ അടുത്ത കാലത്ത് ഒന്നും ഇറങ്ങാൻ കഴിയില്ല. മാനസിക പ്രശ്നം ഉള്ള ആളാണ് ​രാഹുൽ. എംഎൽഎ സ്ഥാനം രാജി വെപ്പിക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും വി. മുരളീധരൻ പറഞ്ഞു.

വിജിൽ നരഹത്യ കേസ്: പ്രതികൾ കസ്റ്റഡിയിൽ

കോഴിക്കോട് വിജിൽ നരഹത്യ കേസില്‍ രണ്ടു പ്രതികളെയും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തും.

ഒന്നാം പ്രതി എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, മൂന്നാം പ്രതി വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ഇന്ന് തെളിവെടുപ്പ് നടത്തുക. മൃതദേഹം കെട്ടിത്താഴ്ത്തിയ സാരോവരത്ത് നാളെ തെളിവെടുപ്പ് നടത്തും.

ക്യാൻസർ രോഗിയായ യുവതിയുടെ മരണകാരണം അക്യുപങ്ചര്‍ ചികിത്സയെന്ന് കുടുംബം

കോഴിക്കോട് കുറ്റിയാടിയിലെ ക്യാൻസർ രോഗിയായ യുവതിയുടെ മരണകാരണം അക്യുപങ്ചര്‍ ചികിത്സയാണെന്നാരോപിച്ച് കുടുംബം രംഗത്ത്. സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും രോഗിയെയോ ബന്ധുക്കളേയോ അറിയിക്കാതെ അക്യുപങ്ചർ ചികിത്സ തുടരുകയായിരുന്നു എന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഗുരുതരാവസ്ഥയിലായതോടെയാണ് രോഗം തിരിച്ചറിഞ്ഞതും ചികിത്സ ആരംഭിച്ചതും.

അച്ഛൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥികളിൽ രാളുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട കല്ലറകടവ് അച്ഛൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചക്കാല സ്വദേശി അജ്സൽ അജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന നബീലിനായി തെരച്ചിൽ തുടരുകയാണ്. മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടത്.

നെഹ്റു ട്രോഫി വള്ളംകളി: ഓഗസ്റ്റ് 30ന് മാവേലിക്കര താലൂക്കിലും അവധി പ്രഖ്യാപിച്ചു

നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ച് ഓഗസ്റ്റ് 30ന് മാവേലിക്കര താലൂക്കിലും അവധി പ്രഖ്യാപിച്ചു. പ്രാദേശിക അവധിയിൽ നിന്ന് മാവേലിക്കരയെ ഒഴിവാക്കിയത് വിവാദമായിരുന്നു.

ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അന്നേ ദിവസം പ്രാദേശിക അവധിയാണ്.

ജമ്മു കശ്മീരിലെ മിന്നൽ പ്രളയത്തിൽ 4 മരണം

ജമ്മുകശ്മീരിലെ മിന്നൽ പ്രളയത്തിൽ മരണം നാലായി. ദോഡ, കത്വ, കിഷ്ത്വാർ മേഖലകളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. മേഖലയിലെ പത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ ജമ്മു-ശ്രീനഗർ ദേശീയപാതയിലൂടെയുള്ള ഗതാഗതത്തിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

പെറ്റി കേസ് തട്ടിപ്പ്: പൊലീസ് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തു

പെറ്റി കേസിൽ തട്ടിപ്പു നടത്തിയ പൊലീസ് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ റൈറ്റർ ആയിരുന്ന ശാന്തികൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊലീസിൻ്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് രസീതുകളിലും, ബാങ്കിൽ അടയ്ക്കുന്ന തുകകളിലും കൃത്രിമം കാട്ടി 16 ലക്ഷത്തോളം രൂപ ശാന്തി കൃഷ്ണൻ തട്ടിയെടുത്തതായി കണ്ടെത്തിയത്. തുടർന്ന് റൂറൽ എസ്പിയുടെ നിർദേശത്തിൽ ശാന്തികൃഷ്ണനെ സസ്പെൻഡ് ചെയ്തിരുന്നു. മുൻകൂർ ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെയും ഹൈക്കോടതിയെയും ഇവർ സമീപിച്ചെങ്കിലും ഇരു കോടതികളും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പോലീസ് അറസ്റ്റിലേയ്ക്ക് നീങ്ങിയത്.

"രാഹുലിനെതിരായ ലൈംഗികാരോപണത്തിൽ കേസെടുക്കണം"; പരാതിക്കാരന്റെ മൊഴിയെടുത്ത് പൊലീസ്

രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗികാരോപണത്തിൽ പരാതിക്കാരന്റെ മൊഴിയെടുത്തു. കേരള കർഷക കോൺഗ്രസ് നേതാവ് എ.എച്ച്. ഹഫീസിന്റെ മൊഴിയാണ് എടുത്തത്. പ്രഥമ വിവര റിപ്പോർട്ട് എന്ന നിലയിലാണ് മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. വാർത്തകളിലൂട പുറത്ത് വന്ന ആരോപണങ്ങളിൽ കേസെടുക്കണമെന്നാണ് പരാതിക്കാരൻ്റെ ആവശ്യം. കയ്യിലുള്ള ഡിജിറ്റൽ തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയിട്ടുണ്ടെന്നും നിയമോപദേശം ലഭ്യമായ ശേഷം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

പതിമൂന്ന് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

പതിമൂന്ന് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കർണാടക സ്വദേശിയെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. മുഹമ്മദ് സഹീർ യൂസഫിനെയാണ് അറസ്റ്റു ചെയ്തത്. പ്രണയം നടിച്ചാണ് ഇയാൾ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയത്. സാമൂഹിക മാധ്യമത്തിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരൻ ജീവനൊടുക്കിയതിന് പിന്നിൽ ഓൺലൈൻ തട്ടിപ്പെന്ന് ആരോപണം

കോഴിക്കോട് കക്കട്ടിൽ സ്വദേശിയായ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരൻ ജീവനൊടുക്കിയതിന് പിന്നിൽ ഓൺലൈൻ തട്ടിപ്പെന്ന് ആരോപണം. മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തൂണേരി ബ്ലോക്ക് ഓഫീസ് കെട്ടിടത്തിൽ ഇന്നലെയാണ് രാജനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വിജിൽ നരഹത്യ കേസ്: പ്രതികളുമായി തെളിവെടുപ്പിനെത്തി അന്വേഷണ സംഘം

കോഴിക്കോട് വിജിൽ നരഹത്യ കേസിൽ പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പിനെത്തി. കേസിലെ ഒന്നാം പ്രതി നിഖിലുമായാണ് സംഘം തെളിവെടുപ്പിന് എത്തിയത്. കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരത്താണ് തെളിവെടുപ്പ്. മരിച്ച വിജിലിന്റെ ബൈക്കും, മൊബൈൽ ഫോണും റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചു എന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിരുന്നു.

കേരളത്തിൽ കൊടുക്കുന്ന റേഷൻ മുഴുവനും മോഡി അരി -  ജോർജ് കുര്യന്‍

കേരളത്തിൽ കൊടുക്കുന്ന റേഷൻ മുഴുവനും മോഡി അരിയാണെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യന്‍. ഒരു മണി അരി പോലും പിണറായി വിജയന്റെ ഇല്ല. ജനങ്ങളുടെ അവകാശമാണ് നൽകുന്നത്, അതുകൊണ്ടാണ് ഞങ്ങൾ വിളിച്ചു പറയാത്തത്. ഇനിയിപ്പോൾ ബിജെപി പ്രവർത്തകരോട് ഇത് വിളിച്ചു പറയാൻ പറയേണ്ടിവരും. കേരളത്തിലെ എല്ലാ വികസന പ്രവർത്തനങ്ങളിലും ക്ഷേമ പ്രവർത്തനങ്ങളിലും കേന്ദ്രസർക്കാരും പങ്കാളികളാണെന്ന് ജോർജ് കുര്യന്‍ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ജോർജ് കുര്യൻ പരിഹസിച്ചു. സതീശന്റെ പരാമർശത്തിൽ താൻ ഇപ്പോഴേ ഞെട്ടി. ഉത്സവാന്തരീക്ഷങ്ങളിലെങ്കിലും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത്. ഇത് നേതാക്കളോടുള്ള അഭ്യർത്ഥനയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

കോഴിക്കോട് വിജിൽ നരഹത്യ കേസ്: പ്രതികളുമായി തെളിവെടുപ്പിനെത്തി

കോഴിക്കോട് വിജിൽ നരഹത്യ കേസില്‍ പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പിനെത്തി. കേസിലെ ഒന്നാം പ്രതി നിഖിലുമായാണ് സംഘം തെളിവെടുപ്പിന് എത്തിയത്.

കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരത്താണ് തെളിവെടുപ്പ്. മരിച്ച വിജിലിന്റെ ബൈക്കും, മൊബൈൽ ഫോണും റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചു എന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു.

ബൈക്ക് റെയിൽവേ സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ചെന്നാണ് പ്രതി പറയുന്നത്. എന്നാൽ, സ്ഥലത്ത് ബൈക്ക് കണ്ടെത്താൻ സാധിച്ചില്ല. റെയിൽവേ ഉദ്യോഗസ്ഥരോട് വിവരങ്ങൾ അന്വേഷിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

രണ്ട് വർഷം റെയിൽവേ സ്റ്റേഷനിൽ ബൈക്ക് ഉണ്ടെന്ന് പ്രതികൾ ഉറപ്പുവരുത്തി. വിജിലിന്റെ ഫോണിലെ വിവരങ്ങൾ പ്രതികൾ ഡിലീറ്റ് ചെയ്തിരുന്നു. ശേഷം ഫോൺ വലിച്ചെറിയുകയായിരുന്നു.

വിജിലിനെ കുഴിച്ചുമൂടിയ സരോവരത്ത് നാളെ തെളിവെടുപ്പ് നടത്തും.

അമീബിക് മസ്തിഷ്കജ്വര വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിച്ചു

പ്രതിരോധ പ്രവർത്തനങ്ങൾക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിച്ചു.സംസ്ഥാനത്തെ കിണറുകളും ജലാശയങ്ങളും ക്ലോറിനേഷൻ നടത്തുന്നതിനാണ് തുക അനുദിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകൾക്ക് 25000, മുൻസിപ്പാലിറ്റികൾക്ക് പരമാവധി 50000, കോർപ്പറേഷനുകൾക്ക് ഒരു ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

നവജാത ശിശുവിന്റെ മൃതദേഹം മാലിന്യ കുമ്പാരത്തില്‍ ഉപേക്ഷിച്ച സംഭവം: കുട്ടി പ്രസവത്തോടെ മരിച്ചിരുന്നു എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പെരുമ്പാവൂർ കാഞ്ഞിരക്കാട് മാലിന്യ കുമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ കുട്ടി പ്രസവത്തോടെ മരിച്ചിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മനപ്പൂർവമല്ലാത്ത നരഹത്യ, മൃതദേഹത്തോട് അനാദരവ് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കുട്ടിയുടെ മൃതശരീരം കാത്തിരക്കാട് ജുമാമസ്ജിദ് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു.

ഇതര സംസ്ഥാനക്കാർ കൂട്ടത്തോടെ താമസിക്കുന്ന വീടുകളുടെ മുറ്റത്തോട് ചേർന്നാണ് മൃതദേഹം കണ്ടത്. കൊൽക്കത്ത സ്വദേശികളായ ഷീല, ജിയാറുൽ ദമ്പതികളുടെയാണ് കുട്ടി.

ആസിഡ് കുടിച്ച് ജീവനൊടുക്കിയ കോൺഗ്രസ് പഞ്ചായത്തംഗം ശ്രീജയുടെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലേക്ക്  മാർച്ച്

തിരുവനന്തപുരത്ത് ആര്യനാട് ആസിഡ് കുടിച്ച് ജീവനൊടുക്കിയ കോൺഗ്രസ് പഞ്ചായത്തംഗം ശ്രീജയുടെ മൃതശരീരവുമായി ആര്യനാട് പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച്. കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് ആര്യനാട് ജംഗ്ഷനിലെ ഗതാഗതം സ്തംഭിച്ചു.

ശ്രീജയുടെ ഭർത്താവും മകളും നൽകിയ മുഴുവൻ പേരെയും പ്രതി ചേർക്കണമെന്ന് ആവശ്യം. സിപിഐഎം നേതാക്കളായ പഞ്ചായത്ത് പ്രസിഡന്റ വിജു മോഹന്‍, സിഡിഎസ് ചെയർപേഴ്സണ്‍ സുനിത, അശോകന്‍, കിഷോർ എന്നിവരെ പ്രതിചേർക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. എഫ്ഐആർ പകർപ്പ് ലഭിച്ചാലെ പ്രതിഷേധം അവസാനിപ്പിക്കൂ എന്ന് പ്രവർത്തകർ.

ശ്രീജയുടെ മരണം: കാട്ടാക്കട ഡിവൈഎസ്പി നല്‍കിയ ഉറപ്പിനെ തുടർന്ന് മൃതശരീരം ആംബുലന്‍സിലേക്ക് കയറ്റി. സിപിഐഎം പ്രവർത്തകരെ പ്രതി ചേർത്ത എഫ്ഐആറിന്റെ പകർപ്പ് ലഭിക്കും വരെ  പ്രതിഷേധം തുടരാന്‍ കോണ്‍ഗ്രസ് പ്രവർത്തകർ.

ശ്രീജയുടെ മരണം:  നാല് സിപിഐഎം നേതാക്കള്‍ക്കെതിരെ കേസെടുക്കാമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു

തിരുവനന്തപുരത്ത് ആര്യനാട് ആസിഡ് കുടിച്ച് കോൺഗ്രസ് പഞ്ചായത്തംഗം ജീവനൊടുക്കിയതില്‍ പഞ്ചായത്ത് പ്രസിഡൻറ് വിജു മോഹൻ, ഷിജി കേശവൻ (മുൻ വാർഡ് മെമ്പർ), മഹേഷ് (ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റി മെമ്പർ), സിഡിഎസ് ചെയർ പേഴ്സൺ സുനിത എന്നിവർക്കെതിരെ കേസെടുക്കാമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചതായി കോണ്‍ഗ്രസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസ് എടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

വയനാട് ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു; ഗതാഗതം പൂർണമായും സ്‌തംഭിച്ചു

വയനാട് ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു. ഗതാഗതം പൂർണമായും നിലച്ചു. ചുരം വഴി കടന്ന് പോയ യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചതോടെയാണ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടത്.

നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്. ആംബുലൻസുകൾ ഉൾപ്പെടെ ഉള്ള അത്യാവശ്യ വാഹനങ്ങൾ മറ്റു വഴികൾ ഉപയോഗപ്പെടുത്തുക. ഫയർ ഫോഴ്സ്‌സ്, ജെസിബി എന്നീ വാഹനങ്ങൾക്ക് സംഭവ സ്ഥലത്തേക്ക് എത്താൻ വഴി ഒരുക്കുക.

താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴിതിരിഞ്ഞു പോകണമെന്ന് പൊലീസ് അറിയിച്ചു.

നബീലിനായുള്ള തെരച്ചില്‍ താൽക്കാലികമായി അവസാനിപ്പിച്ചു

അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ നബീൽ നിസാമിന് വേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു. തെരച്ചിൽ നാളെ രാവിലെ പുനരാരംഭിക്കും.

നബീലിനൊപ്പം ഒഴുക്കിൽപ്പെട്ട അജ്സൽ അജിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.

കോണ്‍ഗ്രസ് പ്രചരണത്തിന് നേരെ ആക്രമണം; അക്രമികൾ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കൊയിലാണ്ടി മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് പ്രചരണ വാഹനത്തിന് നേരെയും പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം. ഉപവാസ സമരത്തിന്റെ പ്രചരണ വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. മണ്ഡലം പ്രസിഡണ്ട് പി കെ അനീഷ്, വാഹനത്തിലുണ്ടായിരുന്ന സത്യന്‍ വിളയാട്ടൂര്‍, ഫ്രഞ്ച് രാജ് എടവന എന്നിവര്‍ക്ക്‌ മർദ്ദനത്തിൽ പരിക്കേറ്റു.ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് മണ്ഡലം പ്രസിഡന്റ് ആരോപിക്കുന്നു

കോളേജിൽ  ഓണാഘോഷത്തിനിടെ കടന്നൽ ആക്രമണം; നൂറിലധികം പേർക്ക് പരിക്ക്

കോട്ടയം പാലായിൽ കോളേജിലെ ഓണാഘോഷത്തിനിടെ കടന്നൽ ആക്രമണം. നൂറോളം വിദ്യാർഥികൾക്കും, അധ്യാപകനും കടന്നൽ കുത്തേറ്റു. സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോളേജിൽ ഇന്നലെ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ചൈനീസ് പടക്കത്തിന്റെ പുകയേറ്റാണ് കടന്നൽ ഇളകിയത്.

ക്രിക്കറ്റ് ബാറ്റിന് ഉള്ളിൽ കഞ്ചാവ്

ചെങ്ങന്നൂരിൽ ക്രിക്കറ്റ് ബാറ്റിനുള്ളിൽ നിന്ന് കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശി റബിഹുൽ ഹഖ് ആണ് കഞ്ചാവുമായി പിടിയിലായത്. കുട്ടികൾക്കായുള്ള പ്ലാസ്റ്റിക് ബാറ്റുകളില്‍ ആണ് കഞ്ചാവ് കണ്ടെത്തിയത്.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 14 കിലോഗ്രാം കഞ്ചാവ് ആണ് പിടികൂടിയത്. എക്സൈസും ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്.

പ്രവാചക കേശം കൊണ്ടുവച്ചതിനെക്കാൾ വലുതായി - കാന്തപുരം മുസ്ലിയാർ

പ്രവാചക കേശം കൊണ്ടുവച്ചതിനെക്കാൾ വലുതായി എന്ന അവകാശ വാദവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. കോഴിക്കോട് മർകസ് നോളജ് സിറ്റിയിൽ നടന്ന പ്രവാചക പ്രകീർത്തന സദസിൽ സംസാരിക്കുകയായിരുന്നു.

പ്രവാചക കേശത്തിന് പുറമെ പ്രവാചകൻ്റെ ഉമിനീർ പുരട്ടിയ മദീനയിൽ നിന്നുള്ള വെള്ളം നിങ്ങൾക്ക് നൽകുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു. അത് കൊണ്ടുപോയി നഷ്ടപ്പെടുത്തരുത്. ബഹുമാനത്തോടെ മാത്രമെ ആ വെള്ളത്തെ കാണാവൂവെന്നും കാന്തപുരം പറഞ്ഞു.

സ്കൂട്ടറിൽ തോക്കും നഞ്ചക്കും; കൊടുവള്ളിയില്‍ വിദ്യാർഥികളെ ശല്യം ചെയ്ത യുവാക്കള്‍ കസ്റ്റഡിയില്‍

കൊടുവള്ളി കരുവമ്പൊയിയിൽ വിദ്യാർഥികളെ ശല്യം ചെയ്ത രണ്ടു യുവാക്കളെ നാട്ടുകാർ തടഞ്ഞുവച്ചു. യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്നും ഒരു തോക്കും നഞ്ചക്കും നാട്ടുകാർ കണ്ടെത്തി. ഇവർ കൊട്ടേഷൻ സംഘമാണെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട് നിന്നാണ് സ്കൂട്ടർ വാടകക്ക് എടുത്തത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഒരാളെ തെരഞ്ഞുവന്നതാണ് എന്നാണ് യുവാക്കൾ പറയുന്നത്. യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഒരാഴ്ചയായി യുവാക്കൾ മേഖലയിൽ റോന്ത് ചുറ്റുന്നതായും നാട്ടുകാർ പറയുന്നു

ബാധ ഒഴിപ്പിക്കൽ സംഘർഷം: സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ആലത്തൂരില്‍ പിടിയിലായ സുരേഷ് സ്വാമി

ആലത്തൂർ വീഴുമലയിൽ ബാധ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സംഘർഷത്തില്‍ സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുരേഷ് സ്വാമിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

യുവതിയുടെ ശരീരത്തിൽ ബാധയുണ്ടെന്ന് പറഞ്ഞു സുരേഷ് കർമങ്ങൾ ചെയ്തു. ശരിയായില്ലെന്ന് ആരോപിച്ച് വീട്ടുകാർ ചോദ്യം ചെയ്യുന്നതിനിടെ മർദ്ദിച്ചു എന്ന പരാതിയിലാണ് സുരേഷ് സ്വാമിയെ അറസ്റ്റ് ചെയ്തത്. സ്വാമിയുടെ കൂടെയുള്ളവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്യ

സുരേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെ മറു വിഭാഗം പൊലീസിന്റെ പിടിയിലായിരുന്നു.

കണ്ണൂരില്‍ പഞ്ചായത്ത് അംഗത്തെ ലഹരി സംഘം ആക്രമിച്ചെന്ന് പരാതി

കണ്ണൂർ മാട്ടൂലിൽ പഞ്ചായത്ത് അംഗത്തെ ലഹരി സംഘം ആക്രമിച്ചെന്ന് പരാതി. മാട്ടൂൽ പഞ്ചായത്ത് മെമ്പർ സെമീനക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ലഹരി വിൽപ്പന ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. പാപ്പിനിശേരി സ്വദേശി ആബിദിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു

താമരശ്ശേരി ചുരത്തിൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഇതുവഴിയുള്ള ഗതാഗതത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ തിരിഞ്ഞു പോവേണ്ടതാണ്‌.

മണ്ണിടിച്ചിൽ: താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകും വരെ നിർത്തിവച്ചു

വയനാട് ചുരം വ്യൂ പോയിന്റിലെ മണ്ണിടിച്ചിലിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ട സാഹചര്യത്തിൽ ചുരത്തിലൂടെയുള്ള വാഹന ഗതാഗതം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർത്തിവെച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ അറിയിച്ചു.

ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തൃശൂരിൽ ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പട്ടാമ്പി സ്വദേശി വിഷ്ണു (19) ആണ് മരിച്ചത്. പട്ടാമ്പി എസ്എൻജിഎസ് കോളേജിലെ ബികോം വിദ്യാർത്ഥിയാണ്.

ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിലെ ജനറൽ കോച്ചിൽ നിന്നുമാണ് യുവാവ് വീണത്. തൃശൂർ മിഠായി ഗേറ്റിന് സമീപമായിരുന്നു അപകടം. ഇരിങ്ങാലക്കുടയിൽ നിന്നും പട്ടാമ്പിയിലേക്കുള്ള യാത്രക്കിടയായിരുന്നു സംഭവം.

സുഹൃത്തുമൊന്നിച്ച് ഡോറിന് സമീപം നിന്ന് യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ പുറത്തേക്ക് വീഴുകയായിരുന്നു. യുവാവിന്റെ തല വേർപ്പെട്ട നിലയിലായിരുന്നു. തൃശൂർ റെയിൽവേ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ചുരം റോഡ് പൂർണമായി അടച്ചു

കോഴിക്കോട് ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുറ്റ്യാടി വഴിയും, മലപ്പുറം ഭാഗത്ത് നിന്നും വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ നിലമ്പൂർ നാടുകാണി ചുരം വഴിയും തിരിഞ്ഞു പോകണം.

കടയ്ക്കലിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകൾക്കും പരിക്ക്

കൊല്ലം കടയ്ക്കലിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകൾക്കും പരിക്ക്. തൃക്കണ്ണാപുരം സ്വദേശിനി നജുമ, നാല് വയസുകാരി നയാനിക എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

ഇവർ സഞ്ചരിച്ച സ്കൂട്ടർ കാറുമായി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ചേർന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.

SCROLL FOR NEXT