സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം Source: News Malayalam 24X7
KERALA

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, നദികളിൽ ജലനിരപ്പുയർന്നു, ജില്ലകളിൽ മഴ മുന്നറിയിപ്പ്

തമിഴ്നാട് - കേരള ഷോളയാർ ഡാമുകളിലെയും പറമ്പിക്കുളം , പെരിങ്ങൽ കുത്ത് ഡാമുകളിലെയും അധിക ജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നത് തുടരുകയാണ്. അതിരപ്പിള്ളിയിൽ കാട്ടാന ശക്തമായ ഒഴുക്കിൽപ്പെട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നുവെങ്കിലും ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാസര്‍കോഡ്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. വയനാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേര്‍ട്ട്. ശക്തമായ കാറ്റ് തുടരുമെന്നും മുന്നറിയിപ്പുണ്ട്. കുട്ടനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

വിവിധ ജില്ലകളിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. സംസ്ഥാനമൊട്ടാകെ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. പലയിടത്തും ആളപായമുൾപ്പെടെയുള്ള അപകടങ്ങൾ സംഭവിച്ചു. പത്തനംതിട്ടയിൽ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ടാണ് വിദ്യാർഥിയെ കാണാതായത്. ഒപ്പം ഉണ്ടായിരുന്ന രണ്ട് കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി.

ഇടുക്കി മൂന്നാറിൽ മണ്ണിടിഞ്ഞ് ലോറി ഡ്രൈവർ മരിച്ചു. കോഴിക്കോട് വിലങ്ങാട് ശക്തമായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വയനാട് മക്കി മലയിൽ 20 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധിയായിരിക്കമെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. അട്ടപ്പാടിയിൽ രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ന് വൈദ്യുതി പുനഃസ്ഥാപിച്ചത്.

കോഴിക്കോട് വിലങ്ങാട് ഉരുട്ടി ഭാഗത്ത് വൻ ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങൾ ഉണ്ടായി. പാറക്കടവ്, വാണിമേൽ, മൊകേരി, നാദാപുരം ഭാഗങ്ങളിൽ ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. താമരശ്ശേരി ചുരം നാലാം വളവിൽ ശക്തമായ കാറ്റിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. താമരശ്ശേരിയിലും മലയോരത്തും വൈദ്യുതി ബന്ധം ഇതുവരെ പുനസ്ഥാപിക്കാനായിട്ടില്ല. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കൊയിലാണ്ടി നഗരസഭയിലെ 3 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കാട്ടിപ്പാറ ചമൽ കേളൻമൂലയിൽ മരം വീണ് വീടിന് കേടുപാട് സംഭവിച്ചു.

പൊന്നാനി പാലപ്പെട്ടിയിൽ വീടുകൾ കടലെടുത്തു. രണ്ടു വീടുകൾ പൂർണമായും അഞ്ചു വീടുകൾ ഭാഗികമായും തകർന്നു. മാറാട് ഗോതീശ്വരത്ത് കടൽ കയറി റോഡ് തകർന്നു. രണ്ട് ദിവസമായി പ്രദേശത്ത് കടലാക്രമണം രൂക്ഷമാണ്. ചാലിയാറും ഇരുവഴഞ്ഞിയും കരകവിഞ്ഞതോടെ അടുത്തുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചാത്തമംഗലം, മാവൂർ, പഞ്ചായത്തുകളിൽ വെള്ളപ്പൊക്കം രൂക്ഷമായി. ഊർക്കടവിൽ റെഗുലേറ്ററിന്റെ 16 ഷട്ടറുകളും പൂർണമായും ഉയർത്തി. നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് കക്കയം ഡാമിൻ്റെ രണ്ട് ഷട്ടറുകൾ ഉയർത്തി. പുഴക്കരയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി.

കണ്ണൂരിൽ കാറ്റിലും മഴയിലും വ്യാപക നാഷനഷ്ടമുണ്ടായി. മാക്കൂട്ടം ചുരത്തിൽ മരം വീണ് ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. കുയിലൂരിൽ റോഡരികിൽ നിർത്തിയിട്ട കാറിനു മുകളിൽ മരം വീണു. ഒറ്റപ്പെട്ടയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ആറളം പുനരധിവാസ മേഖലയിൽ 11,13 ബ്ലോക്കുകളിൽ വെള്ളം കയറി. ശക്തമായ കാറ്റിൽ കാസർഗോഡ് ചെമ്മനാട് കൂറ്റൻ ആൽമരം കടപുഴകി വീണു. റോഡിലേക്ക് മരം വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.

വയനാട് മക്കി മലയിൽ 20 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തലപ്പുഴ പുഴയിൽ ജലനിരപ്പ് ഉയർന്നത്തോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കാപ്പികളത്ത് മണ്ണിടിച്ചിൽ ഉണ്ടായതോടെ 4 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ബാണസുരസാഗർ ഡാമിൻ്റെ ഷട്ടറുകൾ തുറന്നതിനാൽ കരമാൻ തോട്, പനമരം പുഴയോരങ്ങളിലും , താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 30 കുടുംബങ്ങളാണ് കഴിയുന്നത്.

ശക്തമായ മഴയയിൽ തൃശൂർ കുന്നംകുളം പഴുന്നാനയിൽ ഉപയോഗശൂന്യമായ കെട്ടിടം തകർന്ന് വീണു. വാടാനപ്പള്ളി ബീച്ചിൽ കടലാക്രമണം രൂക്ഷമായതോടെ നിരവധി വീടുകൾ വെള്ളത്തിലായി. മഴ കനത്തതോടെ ചാലക്കുടി സൗത്ത് റെയിൽവേ അടിപ്പാത വീണ്ടും മുങ്ങി. തമിഴ്നാട് - കേരള ഷോളയാർ ഡാമുകളിലെയും പറമ്പിക്കുളം , പെരിങ്ങൽ കുത്ത് ഡാമുകളിലെയും അധിക ജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നത് തുടരുകയാണ്. അതിരപ്പിള്ളിയിൽ കാട്ടാന ശക്തമായ ഒഴുക്കിൽപ്പെട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

പാലക്കാട് മീൻ പിടിക്കാൻ പോയ രണ്ട് പേരെ കാണാതായി . ഒറ്റപ്പാലം ഭാരതപ്പുഴ മീൻപിടിക്കാനെത്തിയ യൂസഫും പാലക്കാട് മംഗലം ഡാമിലെത്തിയ ഉമർ ഫാറൂഖുമാണ് ഒഴുക്കിൽപ്പെട്ടത്. ഇരുവർക്കുമായി ഫയർഫോഴ്സെത്തി തിരച്ചിൽ ഊർജിതമാക്കി. അട്ടപ്പാടിയിൽ രണ്ട് ദിവസമായിട്ടും വൈദ്യുതി പുനസ്ഥാപിക്കാനായില്ല. ഇന്നലെ രാത്രിയിൽ പെയ്ത മഴയിൽ ഭവാനി പുഴ കര കവിഞ്ഞതോടെ പാടവയൽ ഭാഗത്ത് വീടുകളിൽ വെള്ളം കയറി. താവളം പാലത്ത് വെള്ളം കയറി ഗതാഗതം പുർണ്ണമായി തടസപ്പെട്ടു. വൈദ്യുതി പുന:സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി.

ഇടുക്കി മൂന്നാറിൽ മണ്ണിടിഞ്ഞ് ലോറി ഡ്രൈവർ മരിച്ചു. മൂന്നാർ അന്തോണിയാർ ഉന്നതിയിലെ ഗണേശനാണ് മരിച്ചത്. ദേവികുളം റോഡിൽ ഇന്നും മണ്ണിടിച്ചിലുണ്ടായി. ദേശീയ പാതയിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പനംകുട്ടി ചപ്പാത്തിലൂടെ യാത്ര ചെയ്ത സ്കൂട്ടർ യാത്രികൻ വെള്ളം കരകവിഞ്ഞതോടെ സ്കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെടേണ്ടി വന്നു. മുതിരപ്പുഴയാറിലൂടെ വെള്ളം കുത്തിയൊഴുകുമ്പോൾ ടിപ്പർ അപകടയാത്ര നടത്തുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു.

കോട്ടയം കുറിച്ചിയിൽ കനത്ത മഴയിൽ വീട് ഇടിഞ്ഞു വീണു. പുത്തൻ കോളനി കുഞ്ഞൻകവല ശോഭാ ഷാജിയുടെ വീടാണ് ഇടിഞ്ഞുവീണത്. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പത്തനംതിട്ട മൂഴിയാർ ഡാമിന്റെ 3 ഷട്ടറുകൾ തുറന്നു. കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകി. കനത്ത മഴയിൽ കുട്ടനാട് - അപ്പർ കുട്ടനാട് മേഖലകൾ വെള്ളത്തിൽ മുങ്ങി. പ്രധാന നദികളായ പമ്പ, മണിമലയാറുകളുടെ ജലനിരപ്പ് അപകടകരമായ നിലയിലാണ്.

SCROLL FOR NEXT