കണ്ണൂർ കോർപ്പറേഷന്‍ Source: News Malayalam 24x7
KERALA

തദ്ദേശപ്പോര് | കണ്ണൂർ കോർപ്പറേഷനില്‍ പോരാട്ടത്തിന് വാശിയേറും; യുഡിഎഫ് കോട്ട എല്‍ഡിഎഫ് തകർക്കുമോ?

കേരളത്തിൽ നിലവിൽ യുഡിഎഫ് ഭരിക്കുന്ന ഏക കോർപ്പറേഷൻ എന്നതാണ് കണ്ണൂർ കോർപ്പറേഷന്റെ രാഷ്ട്രീയ സവിശേഷത

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനായിരിക്കും ഇത്തവണയും കോർപ്പറേഷൻ സാക്ഷ്യം വഹിക്കുക. ഭരണം തിരിച്ചുപിടിക്കാൻ ഊർജിതമായ പ്രവർത്തനങ്ങളിലാണ് എൽഡിഎഫ്. എന്നാൽ, സംസ്ഥാനത്ത് ഭരണത്തിലുള്ള ഏക കോർപ്പറേഷൻ നിലനിർത്താനാണ് യുഡിഎഫിന്റെ ശ്രമം.

സംസ്ഥാനത്തെ ആറാമത് കോർപ്പറേഷനായി കണ്ണൂർ കോർപ്പറേഷൻ രൂപീകരിക്കുന്നത് 2015 നവംബർ 1നാണ്. കേരളത്തിൽ നിലവിൽ യുഡിഎഫ് ഭരിക്കുന്ന ഏക കോർപ്പറേഷൻ എന്നതാണ് രാഷ്ട്രീയ സവിശേഷത. രൂപംകൊണ്ട് 10 വർഷം തികയ്ക്കുന്നതിനിടെ കണ്ണൂർ കോർപ്പറേഷൻ സാക്ഷ്യം വഹിച്ചത് നാടകീയ രാഷ്ട്രീയ നീക്കങ്ങൾക്കാണ്. യുഡിഎഫിന് ശക്തമായ തിരിച്ചടി നൽകിയായിരുന്നു എൽഡിഎഫിന്റെ ആദ്യ ഭരണ സമിതി അധികാരമേറ്റത്. നഗരസഭയായിരിക്കെ യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന കണ്ണൂർ , കോർപ്പറേഷനായപ്പോൾ വിമത പിന്തുണയിൽ എൽഡിഎഫ് ഭരണം പിടിക്കുകയായിരുന്നു.

ആകെ 55 ഡിവിഷനുകളുള്ള കോർപ്പറേഷനിൽ ആദ്യ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും 27 സീറ്റുകൾ വീതം നേടി. പള്ളിക്കുന്ന് ബാങ്ക് വിഷയത്തിൽ കെ. സുധാകരനുമായി തെറ്റിപ്പിരിഞ്ഞ പി.കെ. രാഗേഷിന്റെ പിന്തുണയിൽ സിപിഐഎമ്മിലെ ഇ.പി. ലത ആദ്യ മേയറായി. ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗിലെ സി. സമീറിനെ അവിശ്വാസ പ്രമേയത്തിലൂടെ രാജിവെപ്പിച്ച് പി.കെ. രാഗേഷ് ഡെപ്യുട്ടി മേയറായതും കണ്ണൂരിലെ രാഷ്ട്രീയക്കളി. കാലാവധി പൂർത്തിയാകും മുന്‍പ് രാഗേഷ് തന്നെ എൽഡിഎഫിനെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയും ചെയ്തു.

രണ്ട് ഭരണസമിതികൾ മാത്രമാണ് അധികാരത്തിൽ വന്നതെങ്കിലും 10 വർഷത്തിനിടെ അഞ്ച് മേയർമാരും നാല് ഡെപ്യുട്ടി മേയർമാരും ചുമതല വഹിച്ചതും കണ്ണൂർ കോർപ്പറേഷന്റെ പ്രത്യേകതയാണ്. 2020 തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പഴയ പ്രതാപം തിരിച്ചുപിടിച്ചതോടെ കോൺഗ്രസിലെ ടി.ഒ. മോഹനൻ മേയറായി. കോൺഗ്രസും മുസ്ലീം ലീഗും മേയർ സ്ഥാനം വിഭജിച്ചെടുക്കാനുള്ള ധാരണയിലാണ് കോർപ്പറേഷനിൽ യുഡിഎഫ് ഭരണം. നിലവിൽ മുസ്ലീം ലീഗിലെ മുസ്ലിഹ്‌ മഠത്തില്‍ ആണ് മേയർ.

നിലവിൽ 55ൽ 35 ഡിവിഷനുകൾ യുഡിഎഫിനാണ് . കോൺഗ്രസിന് 21, ലീഗിന് 17 എന്നതാണ് കക്ഷി നില. സിപിഐഎമ്മിന്റെ 17 ഉം സിപിഐയുടെ രണ്ടും ചേർത്ത് 19 കൗൺസിലർമാരാണ് പ്രതിപക്ഷത്ത്. പള്ളിക്കുന്ന് ഡിവിഷനിൽ നിന്ന് ജയിച്ച വി.കെ. ഷൈജു ആണ് ഏക ബിജെപി പ്രതിനിധി.

അമൃത് പദ്ധതിയുടെ നടത്തിപ്പ്, മാലിന്യ സംസ്കരണം, ഭവന പദ്ധതികൾ എന്നിവയിൽ മികവ് തെളിയിക്കാനായെന്നാണ് ഭരണപക്ഷത്തിന്റെ അവകാശവാദം . നഗരത്തിൽ ആരംഭിച്ച മൾട്ടി ലെവൽ പാർക്കിങ് സംവിധാനം ഇതുവരെ തുറന്നുകൊടുക്കാനാവാത്തതും ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് അഴിമതി ആരോപണവും, പടന്നത്തോട് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ അശാസ്ത്രീയതയുമടക്കം യുഡിഎഫിനെതിരെ എൽഡിഎഫിന് ആയുധങ്ങൾ ഏറെയാണ്.

തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ പ്രതിപക്ഷ ആരോപണങ്ങൾക്കൊപ്പം പാളയത്തിലെ പടയും യുഡിഎഫിന് തലവേദനയാണ്. കൗൺസിൽ യോഗങ്ങളിൽ മുസ്ലീം ലീഗ് കോൺഗ്രസിനെതിരെ സ്വീകരിക്കുന്ന നിലപാടുകളും പി.കെ. രാഗേഷിന്റെ വിമത സ്വരവും മറികടക്കാൻ കോൺഗ്രസിന് പല വിട്ടുവീഴ്ചകളിലേക്കും പോകേണ്ടി വരും. ഏത് വിധേനയും കോർപ്പറേഷൻ ഭരണം നിലനിർത്തുക എന്നതിനാവും കോൺഗ്രസ് പ്രഥമ പരിഗണന നൽകുക. എന്നാൽ കണ്ണൂർ കോർപ്പറേഷൻ ബാലികേറാമലയല്ലെന്ന് മനസ്സിൽ കണ്ടാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.

SCROLL FOR NEXT