കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപി ലോക്‌സഭ സ്പീക്കർക്ക് പരാതി നൽകി. പൊലീസിനെതിരെ നടപടിയെടുക്കണമെന്നും, മനഃപൂർവം മർദിച്ചതിന് തെളിവുണ്ട് എന്നും ഷാഫി പരാതി വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭ സ്പീക്കർക്ക് രണ്ട് പരാതികളാണ് ഷാഫി സമർപ്പിച്ചത്. കോഴിക്കോട് റൂറൽ എസ്പി കെ.ഇ. ബൈജുവിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രണ്ടാമത്തെ പരാതി നൽകിയത്.
സമാധാനപരമായി നടന്ന പരിപാടിയിൽ പൊലീസ് അതിക്രമം കാണിച്ചതായും, എംപി ആണെന്നറിഞ്ഞിട്ടും തന്നെ മർദിച്ചതായും പരാതിയിൽ പറയുന്നു. കോഴിക്കോട് റൂറൽ എസ്പി കെ. ഇ. ബൈജുവിനെ കുറിച്ചും പരാതിയിൽ പരാമർശമുണ്ട്. സംഭവ ദിവസം രാത്രി, തന്നെ വിളിച്ച് നടക്കാൻ പാടില്ലാത്ത സംഭവമാണെന്ന് പറഞ്ഞ എസ്‌പി, പിറ്റേ ദിവസം ലാത്തി ചാർജ് നടന്നിട്ടില്ലെന്ന് പറഞ്ഞത് ഞെട്ടിച്ചതായും പരാതിയിൽ പറയുന്നു.
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനം ശരിവച്ച് വടകര റൂറൽ എസ്പി കെ.ഇ. ബൈജു സംസാരിച്ചിരുന്നു. സംഘർഷത്തിനിടെ സേനയിലെ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചു. ഷാഫി പറമ്പിൽ എംപിയെ പിന്നിൽ നിന്ന് ലാത്തി കൊണ്ട് അടിച്ചുവെന്നും എസ്പി കെ.ഇ. ബൈജു പറഞ്ഞു. ലാത്തി ചാർജ് നടന്നിട്ടില്ലെന്നും, പൊലീസിലുള്ള ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും എസ്പി വ്യക്തമാക്കി.
പേരാമ്പ്രയിൽ നടന്നത് കോൺഗ്രസിൻ്റെ ഷോയെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനിയിൽ ജില്ലാ സെക്രട്ടറി എഴുതി. ആരോപണങ്ങളിൽ നിന്ന് രക്ഷപ്പടാനാണ് യുഡിഎഫ് അതിക്രമം നടത്തിയത്. പൊലീസ് ഷാഫിയെ ആക്രമിച്ചുവെന്നത് റീൽ കഥയാണെന്നും ജില്ലാ സെക്രട്ടറി എം. മെഹബൂബ് ലേഖനത്തിൽ പറഞ്ഞു.സംഘർഷത്തിൽ പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്നെന്നും കലാപശ്രമം നടത്തിയെന്നും സിപിഐഎം ആരോപിച്ചു.