കൊച്ചി: ആർഎസ്എസ് അനുകൂല സംഘടനയായ എച്ച്ആർഡിഎസ് പ്രഖ്യാപിച്ച പ്രഥമ സവർക്കർ പുരസ്‌കാരം ശശി തരൂരിന് പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് പാർട്ടിക്കും ശശി തരൂരിനുമെതിരെ പരിഹാസവുമായി സോഷ്യൽ മീഡിയ. നിരവധി പേരാണ് വിമർശന കുറിപ്പുകളും ട്രോളുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.
"കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമാണോ ശശി തരൂർ, അതോ ബിജെപി വർക്കിംഗ് കമ്മറ്റി അംഗമാണോ ശശി തരൂർ എന്ന് പൊതുസമൂഹത്തോട് പറയേണ്ട ഉത്തരവാദിത്തം കോൺഗ്രസ് നേതൃത്വത്തിനുണ്ട്. ബിജെപിയിലേക്കുള്ള കോൺഗ്രസിൻ്റെ പാലമായി ശശി തരൂരിനെ നില നിർത്തിയിരിക്കുന്ന കോൺഗ്രസ് മറുപടി പറഞ്ഞേ തീരൂ," എന്ന് ശ്രീജ നെയ്യാറ്റിൻകര ഫേസ്ബുക്കിൽ കുറിച്ചു.
ഇത്രയും മികച്ച അവാർഡ് തെരഞ്ഞെടുപ്പ് ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നും സന്ദർഭോചിതം ഗംഭീരമായെന്നും ആബിദ് അടിവാരം ഫേസ്ബുക്കിലൂടെ പരിഹസിച്ചു. "കേന്ദ്ര മന്ത്രി രാജനാഥ് സിംഗാണ് അവാർഡ് നൽകുന്നത്. താൻ അവാർഡ് സ്വീകരിക്കില്ല എന്ന് തരൂർ പറഞ്ഞിട്ടുണ്ട്, അതെന്ത് കൊണ്ടാണ് എന്ന് പിടികിട്ടുന്നില്ല. കയ്യിൽ രക്തക്കറ പുരണ്ടിട്ടുണ്ട് എന്നാരോപിച്ച് അമേരിക്ക വിസ നിഷേധിച്ചിരുന്ന, ജനാധിപത്യത്തിൻ്റെ ഘാതകനെന്ന് ലോകം വിമർശിക്കുന്ന, നരേന്ദ്ര മോദിയെ നിരന്തരം പുകഴ്ത്തുന്ന ശശിക്ക് നരേന്ദ്ര മോദിയുടെ പേരിലുള്ള അവാർഡ് സ്വീകരിക്കാൻ എന്താണ് വൈക്ലബ്യം? മോദിയുടെ ആരാധകനാണ് ശശി തരൂർ, സവർക്കറിൻ്റെ ആരാധകനാണ് മോദി.. ആനന്ദലബ്ദിക്ക് വേറെന്ത് വേണം തരൂർജി," ആബിദ് അടിവാരം കുറിച്ചു.
ഈ നടപടി കേരള ജനതയ്ക്ക് നൽകുന്ന മുന്നറിയിപ്പും പ്രത്യയശാസ്ത്രപരമായ വഞ്ചനയുമാണെന്നും പ്രിയനന്ദനൻ ടി.ആർ ഫേസ്ബുക്കിൽ കുറിച്ചു. "കോൺഗ്രസിനുള്ളിൽ മതേതര മൂല്യങ്ങൾ എത്രത്തോളം ദുർബലമായിക്കൊണ്ടിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള രൂക്ഷമായ ഒരു ഓർമ്മപ്പെടുത്തലാണിത്. മതേതര നിലപാടിൽ സംശയമുണ്ടാകുന്ന പക്ഷം, കോൺഗ്രസിൻ്റെ പരമ്പരാഗത മതേതര വോട്ട് ബാങ്ക് വലിയ രീതിയിൽ ചോർന്നുപോകാൻ ഇത് കാരണമാകും," പ്രിയനന്ദനൻ കുറിച്ചു.
നാളിത് വരെ ആർഎസ്എസിനു വേണ്ടി പണിയെടുത്തു കൊണ്ടിരിക്കുന്ന ശശി തരൂരിനെ തിരുത്താനോ പുറത്താക്കാനോ കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്നും, കാരണം ബിജെപി-കോൺഗ്രസ് ഡീലിൻ്റെ പാലമായി തരൂർ അവിടെ വേണമെന്ന് കോൺഗ്രസിന് നിർബന്ധമുണ്ടെന്ന് ഹാഷിം പെങ്ങാട്ടായി ഫേസ്ബുക്കിലൂടെ വിമർശിച്ചു.
ഇനിമുതൽ ശശി തരൂർ "സവർക്കർ ശശി" എന്ന പേരിൽ അറിയപ്പെടുമെന്ന് സി. സുരേഷ് ഫേസ്ബുക്കിലൂടെ പരിഹസിച്ചു. പെരുമാറ്റം ബിജെപിയുടെയും സംഘപരിവാറിന്റെയും ഒരു വീക്നസ്സ് ആണല്ലോയെന്നും സുരേഷ് കുറിച്ചു.
"വീർ സവർക്കർ പുരസ്‌കാരം നേടിയ ശ്രീമാൻ ശശി തരൂർ അവർകൾക്ക് ആയിരം പൂച്ചെണ്ടുകൾ.." എന്നാണ് സുഭാഷ് നാരായണൻ തെല്ല് പരിഹാസത്തോടെ ഫേസ്ബുക്കിൽ കുറിച്ചത്. ശശി തരൂർ വോട്ട് ചെയ്തുമടങ്ങുന്ന ചിത്രവും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.