തിരുവല്ലയിൽ യുവതിയുടെയും കുട്ടികളുടേയും തിരോധാനം Source; സോഷ്യൽ മീഡിയ
NEWSROOM

യുവതിയുടെയും കുട്ടികളുടേയും തിരോധാനം; പരാതി നൽകിയതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി

ഈ നിമിഷത്തെ പ്രധാന വാർത്തകള്‍ വായിക്കാം

ന്യൂസ് ഡെസ്ക്

വയനാടിൻ്റെ സ്വപ്ന പദ്ധതി യാഥാർഥ്യത്തിലേക്ക്

വയനാടിന്റെ സ്വപ്ന പദ്ധതി യാഥാർഥ്യത്തിലേക്ക്. ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതയുടെ നിർമാണോദ്ഘാടനം ഇന്ന് നടക്കും. പദ്ധതി നാല് വർഷം കൊണ്ട് പൂർത്തിയാക്കുകയെന്നാണ് ലക്ഷ്യം. ആനക്കാംപൊയിലിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

അനുപ് മാലിക്കിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്

കണ്ണൂർ കണ്ണപുരം സ്ഫോടന കേസിൽ അറസ്റ്റിലായ അനു മാലികിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്. സ്ഫോടക വസ്തുക്കൾ വീട്ടിൽ സൂക്ഷിച്ചത് എന്തിനെന്ന കാര്യത്തിൽ വ്യക്തത വരുത്തും. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോ എന്നതിലും അന്വേഷണം ഉണ്ടാകും. അനു മാലിക്ക് എന്ന അനൂപ് കുമാറിനെ ഇന്നലെയാണ് പിടികൂടിയത്.

കഴക്കൂട്ടത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു

തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം. നിയന്ത്രണം വിട്ട ഥാർ എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്.

മോദി-ഷീ ജിൻ പിങ് കൂടിക്കാഴ്ച ഇന്ന് 

പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻ പിങും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന്. ടിയാൻജിനിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിൽ ഇരുവരും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഏഴ് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ചൈന സന്ദർശിക്കുന്നത്.

അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കും

71മത് നെഹ്‌റു ട്രോഫി ജലോത്സവ പരാതികളിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. ക്ലബുകളുടെ ഹിയറിങ് കമ്മിറ്റിയ്ക്ക് മുന്നിലാണ് പരാതികളുള്ളത്. ഇന്നലെ നടന്ന ഫൈനലിൽ വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം കിരീടം ചൂടിയിരുന്നു.

എന്നാൽ ഫൈനലിൽ ഇറങ്ങിയ നടുഭാഗം ചുണ്ടനെതിരെ പരാതി ഉയർന്നതോടെ 2മുതൽ 4വരെയുള്ള സ്ഥാനങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. നടുഭാഗത്തിനായി തുഴയെറിഞ്ഞ പുന്നമട ബോട്ട് ക്ലബ് അനുവദിച്ചതിലും കൂടുതൽ പുറത്ത് നിന്നുള്ള തുഴക്കാരെ ഉൾപ്പെടുത്തി എന്നാണ് പരാതി.

യുവാവ് അറസ്റ്റിൽ

ഡൽഹിയിൽ സമ്മാനത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നു ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മകൻ്റെ ജന്മദിനത്തിൽ കൈമാറിയ സമ്മാനത്തെച്ചൊല്ലിയായിരുന്നു തർക്കം.

കുസും സിൻഹ, മകൾ പ്രിയ സേഗൽ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യോഗേഷ് സേഗൽ ആണ് അറസ്റ്റിലായത്. ഇരുവരെയും കത്രിക ഉപയോഗിച്ച് യോഗേഷ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

റെക്കോർഡ് വിൽപ്പനയുമായി സപ്ലൈകോ 

ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി സപ്ലെെകോ. ഈ മാസത്തെ ആകെ വിൽപ്പന 280 കോടി കവിഞ്ഞു. സബ്‌സിഡി യിനത്തിൽ 158.2 കോടിയും നോൺ സബ്‌സിഡിയിനത്തിൽ 122.5 കോടിയുമാണ് വിൽപ്പന. ഈ മാസം 43.47 ലക്ഷം ഉപഭോക്താക്കൾ സപ്ലെെകോ സന്ദർശിച്ചു. ശനിയാഴ്ച അഞ്ച് മണി വരെ 15.04 കോടിയുടെയും വെള്ളിയാഴ്ച 17.91 കോടിയുടെയും വിൽപ്പന നടന്നു. പ്രതിദിന വിൽപ്പനയിലെ റെക്കോർഡാണിത്.

അമിത് ഷാ ഇന്ന് ജമ്മു കാശ്മീരിൽ

കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് ജമ്മു കശ്മീരിലെത്തും. ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനാണ് അമിത് ഷാ എത്തുന്നത്. അതേസമയം, മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 12 ആയി. റംബാനിലാണ് കനത്ത നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് ഏർപ്പെടുത്തിയ യാത്രാ നിരോധനം തുടരുന്നു.

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

പാലക്കാട് മീനാക്ഷിപുരത്ത് പോഷകാഹാരക്കുറവ് നേരിടുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. പാൽ നൽകുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോൾ കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിച്ചു. നാലുമാസം പ്രായമായ കുഞ്ഞിൻ്റെ തൂക്കം 2.200 കിലോഗ്രാം മാത്രമാണ്.

അതുല്യ നേരിട്ടത് കൊടുംക്രൂരത;  കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ഷാർജയിൽ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ അനുഭവിച്ച ക്രൂരതയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച ദ്യശ്യങ്ങളാണെന്ന് കുടുബം അവകാശപ്പെട്ടു. പത്ത് വർഷം പീഡനം സഹിച്ചെന്ന് അതുല്യ പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

യൂത്ത് കോൺഗ്രസിന് സംഘടനാ ദൗർബല്യമില്ല: ഷാഫി പറമ്പിൽ എംപി

യൂത്ത് കോൺഗ്രസിന് ഒരു സംഘടനാ ദൗർബല്യവും സംഭവിച്ചിട്ടില്ല എന്ന് ഷാഫി പറമ്പിൽ എംപി. സംഘടന പ്രവർത്തനം ശക്തമാണ്. പുതിയ അധ്യക്ഷൻ്റെ കാര്യത്തിൽ ദേശീയ നേതൃത്വം ഉടൻ തീരുമാനമെടുക്കുമെന്നും ഷാഫി പറമ്പിൽ എം പി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

 ഗതാഗത നിരോധനം 

കാസർഗോഡ് ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ദേശീയപാത നിർമാണം നടക്കുന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന വീരമലക്കുന്ന്, ബേവിഞ്ച പ്രദേശങ്ങളിലൂടെ പാസഞ്ചർ വാഹനങ്ങളുടെ ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.

ഹെവി വാഹനങ്ങളും ആംബുലൻസ്, ഫയർ ട്രക്കുകൾ പോലുള്ള അടിയന്തര വാഹനങ്ങളും മാത്രമേ ഇതുവഴി കടന്നു പോകാൻ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഐഎഎസ് അറിയിച്ചു.

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു 

കോതമംഗലം വടക്കുംഭാഗത്ത് കാട്ടാന കിണറ്റിൽ വീണു. വിച്ചാട്ട് വർഗീസിൻ്റെ പുരയിടത്തിലെ കിണറ്റിലാണ് ആന വീണത്. വനം വകുപ്പിനെതിരെ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി.

വനിത നേതാക്കൾ രംഗത്തുവന്നത് തെറ്റ്

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടി നിലപാട് എടുക്കും മുൻപ് വനിത നേതാക്കൾ രംഗത്തുവന്നത് തെറ്റെന്ന് മുന്‍ കെപിസിസി പ്രസിഡൻ്റ് എം. എം. ഹസ്സൻ. രാഹുലിനെതിരെ മാതൃകാപരമായ നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചത്. ഒരംഗമെന്ന നിലയിൽ സഭ സമ്മേളനത്തിൽ പങ്കെടുക്കാൻ രാഹുലിന് അവകാശമുണ്ട്. പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയ ആളെ പിന്തുണയ്ക്കുമോ എന്നത് അപ്രസക്തമാണെന്നും ഹസ്സൻ പറഞ്ഞു.

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും: എ. കെ. ആൻ്റണി

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ. ആൻ്റണി. യുഡിഎഫ് അധികാരത്തിൻ്റെ തൊട്ടടുത്ത് എത്തി. ദേശിയ തലത്തിൽ രാഹുൽ ഗാന്ധിയുടെ ജനസമ്മതി മുകളിലേക്ക് ഉയരുന്നുവെന്നും മോദിയുടെ ജമസമ്മതി കുറയുകയാണ് എന്നും എ. കെ. ആൻ്റണി പറഞ്ഞു.

സി.കെ. ജാനുവിൻ്റെ തീരുമാനം സ്വാഗതാർഹം: അടൂർ പ്രകാശ്

സി. കെ. ജാനുവിനെ യുഡിഎഎഫിലേക്ക് ക്ഷണിക്കുന്നത് നേതാക്കളുമായി കൂടിയാലോചന നടത്തിയശേഷമെന്ന് അടൂർ പ്രകാശ്. എൻഡിഎ വിടാനുള്ള ജാനുവിൻ്റെ തീരുമാനം സ്വാഗതാർഹമാണ്. എൻഡിഎ ജനങ്ങളെ കബളിപ്പിക്കുകയാണ്. കബളിപ്പിച്ചതിൽ മനംനൊന്താകും എൻഡിഎ വിട്ടതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

പുല്ലൂരാം പാറയിൽ മാവോയിസ്റ്റ് പോസ്റ്റർ

പുല്ലൂരാം പാറയിൽ മാവോയിസ്റ്റ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. പശ്ചിമഘട്ട പ്രദേശങ്ങളെ തകർക്കുന്ന തുരങ്കപാത നിർമ്മാണം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റർ പതിപ്പിച്ചത്. പുല്ലൂരാംപാറ പള്ളിപ്പടിയിലാണ് പോസ്റ്റ് പതിച്ചതായി കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒറ്റയ്ക്ക് നിന്ന് പാർട്ടി ശക്തിപ്പെടുത്തും: സി. കെ. ജാനു

എൻഡിഎയിലേക്ക് ഇനി തിരിച്ചുവരുന്ന കാര്യം ആലോചനയിൽ ഇല്ലെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി പ്രസിഡന്റ് സി. കെ. ജാനു. ഒറ്റയ്ക്ക് നിന്ന് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും തൽക്കാലം സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനമെന്നും സി. കെ. ജാനു ന്യൂസ് മലയാളത്തോട് പറഞ്ഞു.

സീപോർട്ട് എയർപോർട്ട് റോഡിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം 

സീപോർട്ട് എയർപോർട്ട് റോഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഇരുചക്രവാഹന യാത്രക്കാരനാണ് മരിച്ചത്. സീപോർട്ട് എയർപോർട്ട് റോഡിൽ പൂജാരി വളവിന് സമീപം ഇന്ന് രാവിലെ 7 50 ഓടുകൂടിയാണ് അപകടമുണ്ടായത്.

കളമശ്ശേരിയിൽ നിന്നും കാക്കനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ച ഇരുചക്രവാഹനം മറിയുകയും ഇതിനു പിന്നാലെ എത്തിയ ലോറിഇയാളുടെ ശരീരത്തിൽ കയറിയിറങ്ങുകയുമായിരുന്നു.

എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പോയ AI2913 വിമാനമാണ് തിരിച്ചിറക്കിയത്. 30000 അടി ഉയരത്തിൽ എത്തിയപ്പോഴാണ് പൈലറ്റ് എഞ്ചിനിലെ പുക കണ്ടെത്തിയത്. ലാൻഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരെ സുരക്ഷിതമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റി.

മലപ്പുറത്ത് യാത്രക്കാരോട് ബസ് തൊഴിലാളികളുടെ ക്രൂരത

മലപ്പുറത്തു നിന്നും തിരൂരിലേക്കുള്ള യാത്രക്കാരെ പാതിവഴിയിൽ ഇറക്കി വിട്ടതായി പരാതി. ഭിന്നശേഷിക്കാരിയായ കുട്ടി ഉൾപ്പെടെയുള്ള യാത്രക്കാരെയാണ് മഴയത്ത് ഇറക്കിവിട്ടെന്നാണ് പരാതിയിൽ പറയുന്നത്. മലപ്പുറം തിരൂർ റൂട്ടിലോടുന്ന നീനു സ്റ്റാർ ബസിനെതിരെയാണ് പരാതി.

ബസ് ചങ്കുവെട്ടിയിൽ എത്തിയപ്പോൾ യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇറങ്ങാൻ കൂട്ടാക്കാത്ത യാത്രക്കാരെ ബസ് തൊഴിലാളികൾ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. യാത്രക്കാർ മുഖ്യമന്ത്രി, ഗതാഗത മന്ത്രി, കളക്ടർ, മോട്ടോർ വാഹന വകുപ്പ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

വധശ്രമത്തിന് കേസ് എടുത്ത് പൊലീസ്

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്‌ക്കെതിരായ ആക്രമണത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

മത്സ്യ മാർക്കറ്റിൽ സംഘർഷം

താമരശേരി ചുങ്കം മാർക്കറ്റിൽ യുവാക്കൾ തമ്മിൽ സംഘർഷം. മദ്യപിച്ചെത്തിയ സംഘമാണ് പരസ്പരം ഏറ്റുമുട്ടിയത്. സുഹൃത്തുക്കൾ തമ്മിലുളള സാമ്പത്തിക ഇടപാടാണ് സംഘർഷത്തിന് കാരണം.

രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലായ യുവാക്കൾ പൊലീസുമായും വാക്കേറ്റം നടത്തി.

മോദി - ഷീ ജിൻപിങ് ചർച്ച ആരംഭിച്ചു

നരേന്ദ്ര മോദി-ഷീ ജിന്‍പിങ് ചർച്ച 40 മിനിട്ടോളം നീളും. ഗാൽവൻ സംഘർഷത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു; ആനയെ കാട്ടിലേക്ക് തുരുത്തും: ഡിഎഫ്ഒ

കോതമംഗലം വടക്കുംഭാഗത്ത് കാട്ടാന കിണറ്റില്‍ വീണ സംഭവത്തില്‍‌ മലയാറ്റൂർ ഡിഎഫ്ഒ കാർത്തിക് സ്ഥലത്തെത്തി ജനപ്രതിനിധികളുമായി സംസാരിച്ചു.

കിണറിന്റെ ഒരു ഭാഗം പൊളിച്ചു ആനയെ കാട്ടിലേക്ക് തുരുത്താനാണ് തീരുമാനം. ഒരു ലക്ഷം രൂപ വീട്ടുകാർക്ക് നഷ്ടപരിഹാരമായി കൈമാറും.

നാട്ടുകാരെ പ്രദേശത്ത് നിന്ന് മാറ്റും. അൽപസമയത്തിനകം രക്ഷാപ്രവർത്തനം ആരംഭിക്കും. സോളാർ ഫെൻസിങ് വേഗത്തിൽ നടപ്പാക്കാൻ പ്രവർത്തങ്ങൾ ആരംഭിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു.

15 വയസ് പ്രായമുള്ള കൊമ്പനാന ആണ് കിണറ്റിൽ വീണത്. കഴിഞ്ഞ വർഷവും ഈ പ്രദേശത്ത് ആന വീണിരുന്നു.

പഞ്ചായത്ത് മെമ്പർക്ക് മദ്യലഹരിയിലായിരുന്ന യുവാക്കളുടെ മർദനം

തൃശൂർ ചേലക്കര പഞ്ചായത്ത് മെമ്പറെ മദ്യലഹരിയിൽ എത്തിയ യുവാക്കൾ ക്രൂരമായി മർദിച്ചു. ചേലക്കര പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശശിധരനാണ് മർദനമേറ്റത്. വല്ലങ്ങിപ്പാറ സ്വദേശികളായ രതീഷ് , ശ്രീദത്ത് എന്നിവർ ചേർന്നാണ് മെമ്പറെ മർദിച്ചത്. വാഹനത്തിൻ്റെ അമിത വേഗത ചോദ്യം ചെയ്തതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്.

വീട് നിർമാണത്തിന് നാളെ തുടക്കം

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൻ്റെ ഭാഗമായി മുസ്‌ലിം ലീഗ് നിർമിച്ച് നൽകുന്ന വീടുകളുടെ നിർമാണത്തിന് നാളെ തുടക്കം. സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കാർമികത്വം വഹിക്കും.

രക്ഷാപ്രവർത്തനം നിർത്തിവച്ചു 

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണതിന് പിന്നാലെ നടത്തിയ രക്ഷാപ്രവർത്തനം നിർത്തിവച്ചു. സ്ഥലം എംഎൽഎ ആൻ്റണി ജോൺ എത്തി കിണർ ഇടിക്കുന്നത് തടഞ്ഞതോടെയാണ് പ്രവർത്തനം നിർത്തിവച്ചത്. കളക്ടർ സ്ഥലത്ത് എത്തണമെന്ന ആവശ്യപ്പെട്ടാണ് എംഎൽഎ രക്ഷാപ്രവർത്തനം തടഞ്ഞത്.

ഫെൻസിങ് പൂർത്തിയാകുന്ന കാര്യത്തിൽ കൃത്യമായ മറുപടി ഇല്ലാതെ ആനയെ കയറ്റികൊണ്ടു പോകാൻ സമ്മതിക്കില്ലെന്നും, ഡിഎഫ്ഒ പറയുന്നത് വിശ്വാസം ഇല്ലെന്നും എംഎൽഎ പറഞ്ഞു.

ബസില്‍ കുഴഞ്ഞു വീണ യാത്രക്കാരി മരിച്ചു

ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരി മരിച്ചു. തൃശൂർ അന്തിക്കാട് കുറ്റിമാവ് സ്വദേശി വന്നേരി വീട്ടില്‍ ഗോപാലൻ്റെ മകൾ ലീനയാണ് മരിച്ചത്. കുറ്റിമാവില്‍ നിന്ന് ബസില്‍ കയറിയ ലീന അന്തിക്കാട് ആല്‍ സെൻ്ററിൽ എത്തിയപ്പോഴാണ് അസ്വസ്ഥത പ്രകടിപ്പിച്ചത്. കുഴഞ്ഞു വീണ ഉടൻ ലീനയെ ബസ് ജീവനക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 7.15 ഓടെണ് സംഭവം.

ഷി ജിന്‍പിങ്ങിന് കൈകൊടുത്ത് മോദി

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യ-ചൈന ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് മോദി ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം അറിയിച്ചു.

ഇന്ത്യ-ചൈന ബന്ധത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി ഷി ജിന്‍പിങ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള പ്രതിനിധി തല ചർച്ചകളുടെ ആമുഖ പ്രസംഗത്തില്‍ ഇന്ത്യ-ചൈന ബന്ധം വളരേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങ്. ലോകം പരിവർത്തനത്തിലേക്ക് നീങ്ങുകയാണെന്നും ഏറ്റവും ജനസംഖ്യയുള്ള ഇരു രാജ്യങ്ങളും ഒന്നിച്ചു നീങ്ങേണ്ടത് അനിവാര്യമാണെന്നും ഷി ജിന്‍പിങ് വ്യക്തമാക്കി.

മലപ്പുറം പുളിഞ്ചോട്ടിൽ ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞു

മലപ്പുറം കിഴിശ്ശേരി പുളിഞ്ചോട്ടിൽ ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞ് ആറ് പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ രണ്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി. അതേസമയം, ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുനസ്ഥാപിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ നിർദേശം നൽകി.

കൊല്ലത്ത് വൻ ലഹരി വേട്ട 

കരുനാഗപ്പള്ളി ചിറ്റുമലയിൽ നിന്ന് 54 ഗ്രാം എംഡിയുമായി യുവാവ് പിടിയിൽ. പുതിയകാവ് സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. ലഹരി കൊണ്ടുവരുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇന്ന് പുലർച്ചയാണ് റാഫിയെ പിടികൂടിയത്.

സ്വപ്ന സുരേഷിൻ്റെ ആരോപണം; മുൻ മന്ത്രിമാർക്കെതിരെ കേസ് എടുക്കണം 

സ്വപ്ന സുരേഷിൻ്റെ ആരോപണത്തിൽ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക് എന്നിവർക്കെതിരെ കേസെടുക്കണമെന്ന് പരാതി. കോൺഗ്രസ് നേതാവ് എം. മുനീറാണ് ഡിജിപിക്ക് പരാതി നൽകിയത്.

ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ 

ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭക്തരെ കേരളത്തിലേക്ക് ആകർഷിക്കുന്നത് നല്ല കാര്യമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

നിയമനടപടിക്ക് ബി. അശോക്

കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ബി. അശോക് ഐഎഎസ് നിയമനടപടിക്കൊരുങ്ങുന്നു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുമെന്ന് ബി. അശോക് അറിയിച്ചു.

ഗണേശോത്സവം നടത്തി സിപിഐഎം

പാലക്കാട് മുണ്ടൂർ മീനങ്ങാട് സിപിഐഎം നേതൃത്വത്തിൽ ഗണേശോത്സവം നടത്തി. ചെഗുവേര ചിത്രമുള്ള കൊടി ഉൾപ്പടെ പിടിച്ചുകൊണ്ടു ഗണപതി വിഗ്രഹ നിമഞ്ജന ഘോഷയാത്ര സംഘടിപ്പിച്ചു. കഴിഞ്ഞവർഷവും ഇതേ സ്ഥലത്ത് സിപിഎം ഗണേശോത്സവം സംഘടിപ്പിച്ചിരുന്നു.

ടി.സിദ്ദിഖിനെതിരെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി

കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖിനെതിരെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. വിവിധ മേഖലകളിൽ വികസനങ്ങൾ ഉണ്ടാവുമെന്നും, എന്നാൽ അതൊന്നും ഉൾക്കൊള്ളാൻ കൽപ്പറ്റ എംഎൽഎയ്ക്ക് സാധിക്കുന്നില്ലെന്നും റഫീഖ് പറഞ്ഞു. എംഎൽഎയുടെ തെറ്റായ ശ്രമങ്ങൾ വിജയിക്കില്ല. ഇടതുപക്ഷ സർക്കാരിൻ്റെ ഓണസമ്മാനമാണ് തുരങ്കപാതയെന്നും റഫീഖ് വ്യക്തമാക്കി.

യുഡിഎഫ് ക്ഷണത്തെ കുറിച്ച് അറിയില്ല: സി. കെ. ജാനു

യുഡിഎഫ് ക്ഷണത്തെ കുറിച്ച് അറിയില്ലെന്ന് സി. കെ. ജാനു. പാർട്ടി ഒറ്റയ്ക്ക് നിൽക്കുക ശക്തിപ്പെടുത്തുക എന്നതാണ് നിലവിലെ തീരുമാനം. ആ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ജാനു വ്യക്തമാക്കി. യുഡിഎഫ് ചർച്ചയ്ക്ക് വന്നാൽ സംസാരിക്കും. നിലപാട് വ്യക്തിപരമായി എടുക്കാൻ പറ്റില്ലെന്നും അവർ അറിയിച്ചു.

വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

താമരശ്ശേരി ചുരം ഒൻപതാം വളവിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് വീഴാനായ നിലയിൽ. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

ആനയെ കരകയറ്റി

കോതമംഗലം വടക്കുംഭാഗത്ത് കിണറ്റില്‍ വീണ കാട്ടാനയെ കര കയറ്റി. ആനയെ കാടുകയറ്റി. ആനയ്ക്ക് കാലിന് ചെറിയ പരിക്കുണ്ട്.

ഞാൻ അവളെ കണ്ടു! രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭച്ഛിദ്ര ആരോപണം വ്യാജമല്ലെന്ന് ന്യൂസ് മലയാളം അസോസിയേറ്റ് എഡിറ്റര്‍ ലക്ഷ്മി പദ്മ

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്നുവന്ന ഗർഭച്ഛിദ്ര ആരോപണങ്ങള്‍ വ്യാജമാണെന്ന് പറയുന്നവർക്ക് മറുപടിയുമായി ന്യൂസ് മലയാളം അസോസിയേറ്റ് എഡിറ്റർ ലക്ഷ്മി പദ്മ. താന്‍ അതിജീവിതയെ കണ്ടുവെന്നും അവർ കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ലക്ഷ്മി പദ്മ ഫേസ്ബുക്കില്‍ കുറിച്ചു.

കോതമംഗലം വെട്ടംപാറയിൽ മറ്റൊരു കാട്ടാന കിണറ്റിൽ വീണതായി സംശയം

മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി

മദപ്പാടിലായിരുന്ന ആനയെ അഴിക്കുന്നതിനിടെ പാപ്പാനെ കുത്തി. ഹരിപ്പാട് സ്കന്ദന്‍ എന്ന ആനയാണ് രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെ കുത്തിയത്.

ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനയെ അഴിക്കാൻ മുകളിൽ കയറിയ പാപ്പാനെ കുലുക്കി താഴെയിട്ട് കുത്തുകയായിരുന്നു.

ജീവനൊടുക്കാന്‍ ശ്രമിച്ച് യുവതി; രക്ഷകരായി പൊലീസ്

ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ സ്വദേശിനിയെ ആത്മഹത്യയില്‍ നിന്നും രക്ഷപ്പെടുത്തി ബാലുശ്ശേരി പൊലീസ്. വീട്ടിനുള്ളില്‍ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെയാണ് പൊലീസിന്റെ ഇടപെടൽ.

പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് മിനിട്ടുകൾക്കുള്ളിൽ സ്ത്രീയെ വീട്ടിലെത്തി രക്ഷിക്കുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം സ്ത്രീയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.

അയ്യങ്കാളി ജയന്തി ആഘോഷത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി

കെപിഎംഎസ് അയ്യന്‍കാളി ജയന്തി ആഘോഷം

കെപിഎംഎസ് നിശ്ചയിച്ച പരിപാടിയിൽ നിന്നാണ് ഒഴിവാക്കിയത്. കുളനടയിലെ ആഘോഷ പരിപാടിയിലെ ഉദ്ഘാടകനായിട്ടാണ് രാഹുലിനെ മുൻപ് നിശ്ചയിച്ചിരുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ ഉദ്ഘാടകനായി സംഘാടകർ നിശ്ചയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിനെ കെപിഎംഎസ് ഒഴിവാക്കിയത്.

പാലക്കാട് മൂന്നു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

പാലക്കാട് കുളപ്പുള്ളി പാതയിൽ വാണിയംകുളത്ത് വാഹനാപകടം. രണ്ട് കാറുകളും ഒരു പെട്ടി ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

ഉച്ചയോടെ പാതിപ്പാറ വളവിലായിരുന്നു അപകടം. പരിക്കേറ്റവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.

വയനാട് തുരങ്കപാത നിർമാണോദ്ഘാടനം നിർവഹിച്ചു

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഔദ്യോഗിക നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു.

കിഫ്ബിയിൽ നിന്ന് ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് തുരങ്കപാതയുടെ നിർമാണം. 8.73 കിലോമീറ്റർ നീളമുള്ള നാലുവരി തുരങ്കപാതയാണ് പദ്ധതി. 33 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. 2134.50 കോടി രൂപയാണ് പദ്ധതി ചെലവ്.

വയനാട് തുരങ്കപാത കേരളത്തിന് അഭിമാനം  - മുഖ്യമന്ത്രി

കേരളത്തിലെ എറ്റവും നീളമേറിയ തുരങ്കപാതയാകും വായനാട്ടിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ തന്നെ ഏറ്റവും ദൈർഘ്യമുള്ള മൂന്നാമത്തെ തുങ്കപാതയാകും ഇത്. ഇത് യാഥാർഥ്യമാകുമ്പോള്‍ താമരശേരി ചുരം വഴിയുള്ള ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുമെന്നും മുഖ്യമന്ത്രി.

ഒരിക്കലും നടക്കില്ലെന്ന് മഹാഭൂരിഭാഗം ജനങ്ങളും കരുതിയ പലതും നമ്മള്‍ ഇവിടെ നടപ്പാക്കി - മുഖ്യമന്ത്രി

"ഒരിക്കലും നടക്കില്ലെന്ന് മഹാഭൂരിഭാഗം ജനങ്ങളും കരുതിയ പലതും നമ്മള്‍ ഇവിടെ നടപ്പാക്കി. ദേശീയപാത വികസനം, ഗെയിൽ പദ്ധതി, ഇടമണ്‍- കൊച്ചി പവർ ഹൈവേ, എല്ലാം യാഥാർഥ്യമാക്കി," മുഖ്യമന്ത്രി. ദീർഘകാലമായി മുടങ്ങികിടന്ന പല പദ്ധതികളും യാഥാർഥ്യാക്കി. മലയോര ഹൈവേ, തീരദേശ ഹൈവൈ എന്നിവയെല്ലാം നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.

വയനാട് തുരങ്കപാത യാഥാർഥ്യമാകുമ്പോൾ വാണിജ്യ മേഖലയുടെ വികസനവും യാഥാർഥ്യമാകും. കേരളത്തിന്റെ വ്യാപാര, ടൂറിസം മേഖലകള്‍ക്ക് കുതിപ്പാകും - മുഖ്യമന്ത്രി

നേട്ടങ്ങള്‍ കൈയെത്തിപ്പിടിക്കുന്നതിന് ഒരുപാട് എതിർപ്പുകളുണ്ടായി - മുഖ്യമന്ത്രി

നേട്ടങ്ങള്‍ കൈയെത്തിപ്പിടിക്കുന്നതിന് ഒരുപാട് എതിർപ്പുകളുണ്ടായെന്ന് മുഖ്യമന്ത്രി. കേന്ദ്ര സർക്കാരിന്റെയും സ്ഥാപിത താൽപ്പര്യക്കാരുടെയും ഇടപെടലുകള്‍ തടസമായി. പക്ഷെ, വികസന പദ്ധതികള്‍ക്ക് അതൊന്നും തടസമായില്ലെന്നും മുഖ്യമന്ത്രി. 2016ൽ സർക്കാർ അധികാരത്തിൽ വരുമ്പോള്‍ വികസനം മുടങ്ങികിടക്കുകയായിരുന്നു. അവിടെ നിന്നാണ് വികസനപ്രവൃത്തികള്‍ക്ക് തുടക്കമായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ആലപ്പുഴയിൽ മദപ്പാടിലായിരുന്ന ആന പാപ്പാനെ കുത്തി

ആലപ്പുഴയിൽ മദപ്പാടിലായിരുന്ന ആനയെ അഴിക്കുന്നതിനിടെ പാപ്പാനെ കുത്തി. ഹരിപ്പാട് സ്കന്ദനാണ് രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി മണികണ്ഡനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ മണികണ്ഡനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനയെ അഴിക്കാൻ മുകളിൽ കയറിയ പാപ്പാനെ കുലുക്കി താഴയിട്ട് കുത്തുകയായിരുന്നു.

ഉത്തരാഖണ്ഡിലെ പിത്തോറഗഡിൽ മണ്ണിടിച്ചിൽ; 19 തൊഴിലാളികൾ പവർഹൗസിനുള്ളിൽ കുടുങ്ങി

പിത്തോറഗഡ്: ഉത്തരാഖണ്ഡിലെ പിത്തോറഗഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിലെ (എൻ‌എച്ച്‌പി‌സി) 19 തൊഴിലാളികൾ ഒരു പവർഹൗസിനുള്ളിൽ കുടുങ്ങിയതായി റിപ്പോർട്ട്.

മണ്ണിടിച്ചിലിനെ തുടർന്ന് ധൗലിഗംഗ പവർ പ്രൊജക്ടിൻ്റെ തുരങ്കങ്ങൾ മണ്ണിടിച്ചിലിൽ മണ്ണിനടിയിലാണ്. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ ആണ് ഞായറാഴ്ച വൈകീട്ടോടെ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വീണ്ടും ആനയുടെ ആക്രമണം

ആലപ്പുഴ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വീണ്ടും ആനയുടെ ആക്രമണം. ഹരിപ്പാട് സ്കന്ദനാണ് പകരം എത്തിയ പാപ്പാനെ കുത്തിയത്. നേരത്തെ രണ്ടാം പാപ്പാനെ ആന കുത്തിയിരുന്നു. ആനത്തറയിലേക്ക് എത്തിക്കുമ്പോൾ ആണ് ആക്രമണം. ആനയെ അഴിക്കാൻ മുകളിൽ കയറിയ രണ്ടാം പാപ്പാനെ കുലുക്കി താഴയിട്ട് കുത്തുകയായിരുന്നു.

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിൽ ഗവർണർ പങ്കെടുക്കും

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ പങ്കെടുക്കും. സമാപന ഘോഷയാത്ര ഗവർണറാണ് ഫ്ലാഗ് ഓഫ് ചെയ്യുക. സെപ്തംബർ മൂന്നു മുതലാണ് ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾ നടക്കുക. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി സെപ്തംബർ ഒൻപതിന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും.

കോഴിക്കോട് ലഹരി മാഫിയയുടെ ആക്രമണമെന്ന് പരാതി

കോഴിക്കോട് കൂരാച്ചുണ്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ലഹരി മാഫിയയുടെ ആക്രമണമെന്ന് പരാതി. ലഹരി വിൽപ്പന ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദനം. ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.

തിരുവനന്തപുരത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി

തിരുവനന്തപുരം പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. പ്ലസ് വൺ വിദ്യാർഥികളായ നബീൽ അഭിജിത് എന്നിവരെയാണ് തിരയിൽ പെട്ട് കാണാതായത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കണിയാപുരം സ്വദേശികളായ അഞ്ചംഗസംഘമാണ് പുത്തൻതോപ്പ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. എല്ലാവരും പ്ലസ് വൺ വിദ്യാർഥികളാണ്.

മൂന്നുപേർ അപകടത്തിൽ പെട്ടെങ്കിലും ഒരാളെ രക്ഷപ്പെടുത്തി. ആസിഫിനെയാണ് രക്ഷപ്പെടുത്തിയത്. ആസിഫിനെ പുത്തൻതോപ്പ് ആശുപത്രിയിലേക്ക് മാറ്റി. കഠിനംകുളം പൊലീസും അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും കഴക്കൂട്ടത്ത് നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.

വയനാട് പുളിഞ്ഞാലിൽ പൂച്ചപ്പുലിയുടെ ആക്രമണം

വയനാട് വെള്ളമുണ്ട പുളിഞ്ഞാലിൽ പൂച്ചപ്പുലിയുടെ ആക്രമണം. വനം വകുപ്പ് ഉദ്യോഗസ്ഥൻ അടക്കം നാല് പേർക്ക് പരിക്ക്. വീട്ടിൽ കയറിയ പൂച്ചപ്പുലി ആളുകളെ ആക്രമിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോ​ഗസ്ഥരെത്തി പിടികൂടി.

അട്ടപ്പാടിയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം

പാലക്കാട് വനത്തോട് ചേർന്നുള്ള ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം. അട്ടപ്പാടി നരസിമുക്ക് വ്യൂ പോയിൻ്റിനോട് ചേർന്നാണ് ആനക്കൂട്ടമെത്തിയത്. കുട്ടിയാന,പിടിയാന, കൊമ്പൻ ഉൾപ്പെടെ 10 കാട്ടാനകളാണ് സംഘത്തിലുള്ളത്. ആനയെ നിരീക്ഷിച്ചുവരുന്നതായി വനം വകുപ്പ് അറിയിച്ചു.

യുവതിയുടേയും കുട്ടികളുടേയും തിരോധാനം; പരാതി നൽകിയതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി

തിരുവല്ലയിലെ അമ്മയെയും കുഞ്ഞുങ്ങളെയും കാണ്മാനില്ലെന്ന പരാതിക്ക് പിന്നാലെ ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ. കവിയൂർ സ്വദേശി അനീഷ് മാത്യുവിനെയാണ് (41) മരിച്ച നിലയിൽ കണ്ടെത്തിയത്അ. നീഷിന്റെ ഭാര്യ റീനയെയും രണ്ടു പെൺകുഞ്ഞുങ്ങളെയും കാണാതായിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. പൊലീസ് അന്വേഷണം തുടരുന്നു. അനീഷും റീനയും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നുണ്ട്.

വടകരയിൽ തെരുവ് നായ ആക്രമണം; പത്തിലധികം പേർക്ക് കടിയേറ്റു

വടകരയിൽ പത്തിലധികം പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. പരിക്കേറ്റവരെ വടകര ഗവൺമെൻ്റ് ആശുപത്രിയിലും, സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

SCROLL FOR NEXT