NATIONAL

ഈ ദശാബ്ദത്തിലെ ഏറ്റവും മനോഹരമായ പൂര്‍ണ ചന്ദ്രഗ്രഹണവും ബ്ലഡ് മൂണും ഒന്നിച്ചെത്തുന്നു; ഇന്ത്യയിൽ എവിടെയെല്ലാം ദൃശ്യമാകും?

ഇന്ത്യയിൽ ഏറെ വർഷങ്ങൾക്ക് ശേഷമാണ് പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ഡൽഹി: ഈ ദശാബ്ദത്തിലെ ഏറ്റവും മനോഹരമായ ചന്ദ്രഗ്രഹണങ്ങളിൽ ഒന്നിനായി കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള വാന നിരീക്ഷകർ. രക്തവർണത്തിലുള്ള ബ്ലഡ് മൂൺ പ്രതിഭാസവും ആകാശ വിസ്‌മയമായ പൂര്‍ണ ചന്ദ്രഗ്രഹണവും ഒത്തുചേരുന്ന അസുലഭ മുഹൂർത്തമാണ് വരാനിരിക്കുന്നത്. ഈ വരുന്ന ഞായറാഴ്ച ഇന്ത്യയിൽ ദൂരദര്‍ശിനിയില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ട് പ്രപഞ്ച വിസ്മയം ആസ്വദിക്കാനാകുമെന്ന സവിശേഷതയുണ്ട്. ഇന്ത്യയിൽ ഏറെ വർഷങ്ങൾക്ക് ശേഷമാണ് പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത്.

ഇന്ത്യയിൽ പൂർണ ചന്ദ്രഗ്രഹണ സമയം

സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ നേർരേഖയിൽ വരുന്ന പ്രതിഭാസം ഇന്ത്യയില്‍ എല്ലായിടത്തും ഇത് ദൃശ്യമാകും. ഗ്രഹണത്തിൻ്റെ പൂർണഘട്ടം 82 മിനിറ്റ് നീണ്ടുനിൽക്കും. ഇത് ഈ ദശാബ്ദത്തിലെ ഏറ്റവും മനോഹരമായ ചന്ദ്രഗ്രഹണങ്ങളിൽ ഒന്നായി മാറുമെന്നാണ് റിപ്പോർട്ട്.

  • ഗ്രഹണം ആരംഭിക്കുന്നു: രാത്രി 8.58 (സെപ്റ്റംബർ 7)

  • ടോട്ടാലിറ്റി (ബ്ലഡ് മൂൺ ഫേസ്): രാത്രി 11 മുതൽ പുലർച്ചെ 12.22 വരെ

  • ഗ്രഹണം അവസാനിക്കുന്നത്: പുലർച്ചെ 2.25 (സെപ്റ്റംബർ 8)

എന്താണ് റെഡ് മൂൺ?

ഈ സമയത്ത് ചന്ദ്രൻ ചുവപ്പോ ഓറഞ്ചോ നിറത്തിലാകും കാണപ്പെടുക. സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നു പോകുമ്പോൾ ഭൂമിയിലെ തരംഗദൈർഘ്യം കുറഞ്ഞ നിറങ്ങൾ മായുകയും, തരംഗ ദൈർഘ്യം കൂടിയ നിറങ്ങൾ ചന്ദ്രനിൽ പതിക്കുകയും ചെയ്യുന്നതാണ് റെഡ് മൂണിന് കാരണമാകുന്നത്.

ഏതെല്ലാം രാജ്യങ്ങളിൽ ദൃശ്യമാകും?

ഏഷ്യയിലെയും പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെയും പല രാജ്യങ്ങളിലും പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. അതേസമയം, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ ഭാഗികമായി മാത്രമെ ഗ്രഹണം ദൃശ്യമാകൂ. വടക്കേ അമേരിക്കയുടെയും തെക്കേ അമേരിക്കയുടെയും മിക്ക ഭാഗങ്ങളിലും ഗ്രഹണം ദൃശ്യമാകില്ല. പക്ഷേ ലോകജനസംഖ്യയുടെ ഏകദേശം 85% പേർക്കും ഭാഗികമായ ഗ്രഹണം കാണാൻ സാധിക്കും.

ഇക്കൊല്ലം കാണാനായില്ലെങ്കിലോ? ഇക്കൊല്ലത്തേത് കഴിഞ്ഞാൽ പിന്നീട് 2028 ഡിസംബര്‍ 31നാണ് ഇനി ഇന്ത്യയിൽ പൂര്‍ണ ചന്ദ്രഗ്രഹണം കാണാനാകുക.
എൻഡിടിവി

രാജ്യത്ത് പൂർണഗ്രഹണം കാണാവുന്ന ഇടങ്ങൾ

വടക്കേ ഇന്ത്യ: ഡൽഹി, ചണ്ഡീഗഢ്, ജയ്പൂർ, ലഖ്‌നൗ

പശ്ചിമ ഇന്ത്യ: മുംബൈ, അഹമ്മദാബാദ്, പൂനെ

ദക്ഷിണേന്ത്യ: ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി

കിഴക്കേ ഇന്ത്യ: കൊൽക്കത്ത, ഭുവനേശ്വർ, ഗുവാഹത്തി

മധ്യ ഇന്ത്യ: ഭോപ്പാൽ, നാഗ്പൂർ, റായ്പൂർ

ഇന്ത്യയിൽ ബ്ലഡ് മൂൺ എങ്ങനെ കാണാം

സൂര്യഗ്രഹണങ്ങളിൽ നിന്ന് വ്യത്യസ്തമായി ചന്ദ്ര ഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് വീക്ഷിക്കുന്നത് പൂർണമായും സുരക്ഷിതമാണ്. കൂടാതെ സംരക്ഷണ ഉപകരണങ്ങളൊന്നും ആവശ്യമില്ല. ചന്ദ്രനിലെ ഗർത്തങ്ങൾ, ചുവന്ന ഗ്രേഡിയൻ്റ് തുടങ്ങിയ വിശദാംശങ്ങൾക്ക് നിങ്ങൾക്ക് ബൈനോക്കുലറുകളോ ദൂരദർശിനിയോ ഉപയോഗിച്ച് കാണാം. സ്റ്റെല്ലേറിയം അല്ലെങ്കിൽ സ്കൈ സഫാരി പോലുള്ള ആപ്പുകൾ അത് കണ്ടെത്താൻ സഹായിക്കും. ഈ ആകാശ പ്രതിഭാസം ക്യാമറയിൽ പകർത്താൻ ദീർഘമായ എക്സ്‌പോഷറുകൾ (1-2 സെക്കൻഡ്), ഐഎസ്ഒ 400-800, മാനുവൽ ഫോക്കസ് എന്നിവയുള്ള DSLR/ സ്മാർട്ട്‌ഫോൺ എന്നിവ ട്രൈപോഡിൻ്റെ സഹായത്തോടെ ഉപയോഗിക്കുക. ടൈം ലാപ്‌സിനായി പ്രോഗ്രസ് മോഡിൽ ദൃശ്യങ്ങൾ ക്യാപ്‌ചർ ചെയ്യുക.

ഗുരുവായൂര്‍ ക്ഷേത്രം 7ന്‌ നേരത്തെ അടയ്ക്കും

ഞായറാഴ്ച ചന്ദ്രഗ്രഹണം നടക്കുന്നതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രനട രാത്രി ഏഴ് മണിക്ക് നേരത്തെ അടയ്ക്കും. തൃപ്പുക ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് രാത്രി 9.30ന് നട അടയ്ക്കും. അത്താഴപൂജ നിവേദ്യങ്ങളായ അപ്പം, അട, അവില്‍ എന്നീ പ്രസാദങ്ങള്‍ ശീട്ടാക്കിയവര്‍ രാത്രി ഒമ്പതിന് മുമ്പായി കൈപ്പറ്റണം.

SCROLL FOR NEXT