സഞ്ജു സാംസൺ Source X/ BCCI
NEWSROOM

മൂന്നാം ടി20യിലും സഞ്ജു സാംസണ് ഇടം ലഭിച്ചില്ല; നിരാശയിൽ ആരാധകർ

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

ധരംശാല: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യിലും മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. ജിതേഷ് ശർമയാണ് പകരം വിക്കറ്റ് കീപ്പറുടെ ചുമതലയിൽ തുടരുന്നത്. കഴിഞ്ഞ മത്സരത്തിൽ വിക്കറ്റിന് പിന്നിൽ നാല് ക്യാച്ചുകൾ നേടി ജിതേഷ് തിളങ്ങിയിരുന്നു.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്നാം ടി20യിൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ജസ്പ്രീത് ബുംറ ഇന്ന് ടീമിൽ കളിക്കാനിറങ്ങില്ലെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വ്യക്തമാക്കി. പകരം ഹർഷിത് റാണ ടീമിലെത്തി.

അതേസമയം,സ്പെഷ്യലിസ്റ്റ് സ്പിന്നറും ഓൾറൌണ്ടറുമായ അക്സർ പട്ടേലിന് പകരമായി കുൽദീപ് യാദവ് ടീമിലിടം നേടി. ന്യൂ ചണ്ഡീഗഡിൽ നടന്ന മത്സരത്തിൽ ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. നിലവിൽ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചിട്ടുണ്ട്.

വെടിക്കെട്ട് ഫോമിലുള്ള മലയാളി ബാറ്റർ സഞ്ജു സാംസണെ കരയ്ക്കിരുത്തിയിട്ടും ടി20യിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും ഉപനായകൻ ശുഭ്മാൻ ഗില്ലും മോശം ബാറ്റിങ് പ്രകടനം തുടരുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇരുവരും നടത്തിയത്.

2025ൽ കളിച്ച 17 ഇന്നിങ്സുകളിൽ നിന്ന് 201 റൺസ് മാത്രമാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിൻ്റെ സമ്പാദ്യം. ഒരു ഫിഫ്റ്റി പോലും താരത്തിന് ഇതിനിടയിൽ നേടാനായിട്ടില്ല. 14.35 ആണ് സൂര്യയുടെ ബാറ്റിങ് ആവറേജ്. 47 റൺസാണ് ഏറ്റവുമുയർന്ന സ്കോർ.

രണ്ടാം ടി20യിൽ മാർക്കോ ജാൻസൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡീ കോക്കിന് ക്യാച്ച് സമ്മാനിച്ചാണ് സൂര്യ മടങ്ങിയത്. മത്സരത്തിന് ശേഷം ഇന്ത്യയുടെ തോൽവിയുടെ ഉത്തരവാദിത്തം താൻ ഉൾപ്പെട്ട ബാറ്റർമാരുടേതാണെന്ന് ക്യാപ്റ്റൻ തുറന്നുസമ്മതിച്ചു.

എല്ലാ തവണത്തേയും പോലെ ടീമിൻ്റെ ഇന്നിങ്സിൽ അഭിഷേക് ശർമയെ അമിതമായി ആശ്രയിക്കാനാകില്ലെന്നും തനിക്കും ശുഭ്മാൻ ഗില്ലിനും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ബാറ്റ് ചെയ്യാൻ ശ്രമിക്കാമായിരുന്നു എന്നും സൂര്യ പറഞ്ഞു. ഈ മത്സരത്തിൽ നിന്ന് കൂടുതൽ പാഠങ്ങൾ പഠിക്കാനായെന്നും തെറ്റ് തിരുത്തി അടുത്ത മത്സരത്തിൽ കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും സൂര്യ മത്സര ശേഷം പറഞ്ഞു.

ടി20യിൽ വൈസ് ക്യാപ്ടനായ ശുഭ്മാൻ ഗില്ലിൻ്റെ പ്രകടനവും മോശമാണ്. ഇന്ന് നേരിട്ട ആദ്യ പന്തിൽ തന്നെ ലുങ്കി എങ്കിടിക്ക് വിക്കറ്റ് സമ്മാനിച്ചാണ് താരം മടങ്ങിയത്. കരിയറിൽ ഇന്ത്യക്കായി 35 മത്സരങ്ങൾ കളിച്ച ഗിൽ 28 റൺസ് ആവറേജിൽ ആകെ നേടിയത് 841 റൺസാണ്. മൂന്ന് ഫിഫ്റ്റികളും ഒരു സെഞ്ച്വറിയും ഗിൽ നേടിയിട്ടുണ്ടെങ്കിലും, ഇന്ത്യ ഇന്ന് പുറത്തിരുത്തിയ സഞ്ജുവിൻ്റെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ മോശം പ്രകടനമാണ്. ടി20യിൽ സമീപകാലത്ത് ഇന്ത്യക്കായി കളിച്ച 11 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികൾ നേടിയ സഞ്ജു, സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെൻ്റിൽ തകർപ്പൻ ഫോമിലായിരുന്നു.

SCROLL FOR NEXT