NEWSROOM

മിഡിൽ ഈസ്റ്റില്‍ സംഘർഷം കടുക്കുന്നു; ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം

ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ, ഹിസ്ബുല്ല കമാൻഡർ ഫുആദ് ഷുക്കൂർ എന്നിവരുടെ വധമാണ് മിഡിൽ ഈസ്റ്റിൽ തീ പടർത്തുന്നത്

Author : ന്യൂസ് ഡെസ്ക്

ഹമാസ്, ഹിസ്ബുല്ല നേതാക്കളുടെ വധത്തിന് പിന്നാലെ മിഡിൽ ഈസ്റ്റില്‍ സംഘർഷം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ, ഹിസ്ബുല്ല കമാൻഡർ ഫുആദ് ഷുക്കൂർ എന്നിവരുടെ വധമാണ് മിഡിൽ ഈസ്റ്റിൽ തീ പടർത്തുന്നത്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ബെയ്‌റൂട്ടിലെ ഇന്ത്യൻ എംബസി കർശന നിർദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്കുള്ള നിർദേശമെത്തിയത്. സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ ലെബനൻ വിടണമെന്നും അധികൃതർ നിർദേശിച്ചിരുന്നു. സംഘർഷം ശക്തമാക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ഇസ്രയേലിലെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ വിമാനസർവീസുകൾ ഓഗസ്റ്റ് എട്ടു വരെ നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഇസ്രയേലിനോട് ശത്രുത പുലർത്തുന്ന തെഹ്‌റാൻ പിന്തുണയുള്ള ഗ്രൂപ്പുകളുടെ സഖ്യമായ 'ആക്സിസ് ഓഫ് റെസിസ്റ്റൻസു'മായി ഇറാനിയൻ ഉദ്യോഗസ്ഥർ കൂടികാഴ്ച നടത്തിയിരുന്നു. യോഗത്തിൽ ഇസ്രയേലിനെതിരെ ആക്രമണം നടത്തണമെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ആഹ്വാനം ചെയ്തിരുന്നു. ഇസ്രയേൽ ആക്രമണവുമായി ബന്ധപ്പെട്ട അവരുടെ അടുത്ത നടപടികളെക്കുറിച്ചുള്ള ചർച്ചകളും നടത്തിയതായി വൃത്തങ്ങൾ പറയുന്നു.

ഇസ്രയേലിന് നേർക്കുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക്, അത് ഏത് ഭാഗത്തുനിന്നായാലും വലിയ വില നല്‍കേണ്ടി വരും എന്ന പ്രസ്താവനയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. എന്നാല്‍, ഗാസ വിഷയത്തില്‍ ഹമാസിൻ്റെ മധ്യസ്ഥനായി നിലകൊണ്ട ഹനിയയുടെ വധം ഗാസയിലെ വെടിനിർത്തലടക്കമുള്ള സമാധാന ശ്രമങ്ങളെ വീണ്ടും അനിശ്ചിതത്വത്തിലാക്കുകയാണ്. മേഖലയിൽ വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥയിൽ താൻ വളരെയധികം ആശങ്കാകുലനാണെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ഹനിയയുടെ കൊലപാതകം സാഹചര്യത്തെ പ്രതികൂലമായി ബാധിച്ചെന്നും ബൈഡൻ കൂട്ടിച്ചേർത്തു.


ഹമാസിന്‍റെ സൈനിക തലവൻ മുഹമ്മദ് ഡീഫിനെ വധിച്ചെന്ന ഇസ്രയേലിന്‍റെ വെളിപ്പെടുത്തലും, അമേരിക്കയുടേതടക്കം മധ്യസ്ഥ ശ്രമങ്ങളെ ദുർബലപ്പെടുത്തുകയാണ്. 90 സാധാരണക്കാർ കൊല്ലപ്പെട്ട ജൂലൈ 13ലെ ഗാസ ആക്രമണം ഡീഫിനെ ലക്ഷ്യം വെച്ചായിരുന്നു എന്നായിരുന്നു ഇസ്രയേലിന്‍റെ വെളിപ്പെടുത്തല്‍. ഹമാസ് സൈനിക വിഭാഗം ഖസ്സാം ബ്രിഗേഡിന്‍റെ മേധാവിയും 2000ത്തിന്‍റെ തുടക്കം മുതല്‍ ഹമാസിന്‍റെ സെെനിക നടപടികളുടെ ആസൂത്രകനുമായിരുന്ന ഡീഫിൻ്റെ വധത്തില്‍ ഹമാസ് ഏതുവിധത്തിലായിരിക്കും തിരിച്ചടിക്കുകയെന്നത് ആശങ്കാജനകമാണ്.

SCROLL FOR NEXT