NEWSROOM

റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ടെസ്‌ലയുടെ സൈബർ ട്രക്കും; വീഡിയോ പുറത്തുവിട്ട് ചെച്നിയൻ നേതാവ്

ഭാവിയിൽ വരാനിരിക്കുന്ന മസ്‌കിൻ്റെ പുതിയ കണ്ടുപിടിത്തങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അതുവഴി യുക്രെയ്‌നിൽ നടപ്പിലാക്കുന്ന മിലിട്ടറി ഓപ്പറേഷൻ പൂർത്തീകരിക്കാൻ ആകുമെന്നും കദ്രോവ് വീഡിയോയിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

റഷ്യയിലെ കുർസ്‌ക് മേഖലയിൽ യുക്രെയ്ൻ പോരാട്ടം ശക്തമാകുന്നതിനിടെ, പ്രതിരോധത്തിനായി ടെസ്ലയുടെ സൈബർ ട്രക്കും യുദ്ധമുഖത്തേക്കെത്തുന്നു. സൈബർ ട്രക്കിൽ മെഷീൻ ഗൺ ഘടിപ്പിച്ച വീഡിയോ ചെച്നിയൻ നേതാവ് റംസാൻ കദ്രോവ് പുറത്തുവിട്ടു. ടെലഗ്രാമിലൂടെ പുറത്തുവന്ന വീഡിയോയിൽ മസ്‌കിനെ ആധുനിക കാലത്തെ ശക്തനായ പ്രതിഭയെന്നാണ് വിശേഷിപ്പിക്കുന്നത്.

ഭാവിയിൽ വരാനിരിക്കുന്ന മസ്‌കിൻ്റെ പുതിയ കണ്ടുപിടിത്തങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അതുവഴി യുക്രെയ്‌നിൽ നടപ്പിലാക്കുന്ന മിലിട്ടറി ഓപ്പറേഷൻ പൂർത്തീകരിക്കാനാകുമെന്നും കദ്രോവ് വീഡിയോയിൽ പറയുന്നു. അതേസമയം, ടെസ്ല വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.


റഷ്യയിലെ കുർസ്ക് മേഖലയിലെ സീം നദിക്ക് കുറുകെയുള്ള പാലം തകർത്തതിന് പിന്നാലെ യുക്രെയ്നെതിരെ ആരോപണവുമായി റഷ്യ രംഗത്തെത്തിയിരുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ നിർമിച്ച ആയുധ ശേഖരം യുക്രെയ്ൻ ഉപയോഗിക്കുന്നുവെന്നും, ഇത് ഉപയോഗിച്ചാണ് പാലം തകർത്തതെന്നുമാണ് റഷ്യൻ ആരോപണം.

യുക്രെയ്ൻ അധിനിവേശം ആരംഭിച്ച ശേഷം 82 റഷ്യൻ മേഖലകളാണ് സൈന്യം പിടിച്ചെടുത്തത്. സമ്മർദ്ദത്തിലൂടെ മാത്രമെ റഷ്യയെ സമാധാനത്തിനായി പ്രേരിപ്പിക്കാനാവൂ എന്നാണ് യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലന്‍സ്കിയുടെ നിലപാട്. റഷ്യന്‍ അതിർത്തിയില്‍ നിന്ന് എട്ട് കിലോമീറ്റർ മാത്രം അകലെയുള്ള സുഡ്ഷ നഗരമുള്‍പ്പെടെ 1,150 ചതുരശ്ര കിലോമീറ്റർ റഷ്യന്‍ മേഖല കീഴടക്കിയതായാണ് യുക്രെയ്ന്‍ അവകാശപ്പെടുന്നത്. 82 ജനവാസ കേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതായി യുക്രെയ്ന്‍ സൈനിക കമാന്‍ഡർ ഒലെക്‌സാണ്ടർ സിർസ്‌കി പറഞ്ഞു.


ഓഗസ്റ്റ് 6ന് ആരംഭിച്ച യുക്രെയ്നിന്‍റെ തിരിച്ചടിയില്‍ ഇതുവരെ 12ഓളം സാധാരണക്കാർ കൊല്ലപ്പെട്ടതായും, 121 ഓളം പേർക്ക് ഗുരുതരമായി പരുക്കേറ്റെന്നുമാണ് റഷ്യയുടെ സ്ഥിരീകരണം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം റഷ്യ നേരിടുന്ന ഏറ്റവും വലിയ സൈനിക ആക്രമണമാണിത്. ഇതിനിടെ കുർസ്ക് അതിർത്തി മേഖലയിലെ ഒരു ഗ്രാമം തിരിച്ചുപിടിച്ചതായി റഷ്യയും അവകാശപ്പെട്ടു.

അതിർത്തി പ്രദേശമായ ബെൽഗൊറോഡില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതായും, കുർപെറ്റ്സിലെ ശത്രുസൈന്യത്തിന്‍റെ നീക്കങ്ങളെ പൂർണമായും പരാജയപ്പെടുത്തിയെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, അതിർത്തിയിലെ സംഘർഷം റഷ്യന്‍ മേഖലയില്‍ വലിയ പലായനത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഇതിനോടകം ഒരു ലക്ഷത്തി ഇരുപതിനായിരം പേർ കുടിയൊഴിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട്. കുർസ്കില്‍ നിന്നുമാത്രം നൂറുകണക്കിന് അഭയാർഥികള്‍ അനിശ്ചിതത്വത്തില്‍ ജീവിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

SCROLL FOR NEXT