NEWSROOM

സുനിതാ വില്യംസിൻ്റെ തിരിച്ചുവരവിൽ അനിശ്ചിതത്വം തുടരുന്നു; ബഹിരാകാശനിലയത്തിൽ അവശ്യവസ്തുക്കളെത്തിച്ച് നാസ

സ്പേസ് എക്സ് സ്യൂട്ടുകളിലേക്ക് മാറുകയാണെങ്കിൽ മ‌ടങ്ങിവരവ് 2025ലേക്ക് നീളാനാണ് സാധ്യത

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ ​ഗവേഷക സുനിതാ വില്യംസ് ബഹിരാകാശത്ത് നിന്ന് മടങ്ങാൻ ഇനിയും വൈകുമെന്ന് സൂചന. സാങ്കേതിക തകരാ‍ർ മൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിതാ വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പല സാധ്യതകളും നാസ പരി​ഗണിക്കുന്നുണ്ട്. ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ പേ‌‌‌ടകമാണ് ഈ സാധ്യതകളിലൊന്ന്. എന്നാൽ അവർ ധരിച്ചിരിക്കുന്ന സ്പേസ് സ്യൂട്ട് സ്പേസ് എക്സ് പേടകത്തിന് യോജ്യമല്ല എന്നതാണ് വലിയ പ്രതിസന്ധി. സ്പേസ് എക്സ് സ്യൂട്ടുകളിലേക്ക് മാറുകയാണെങ്കിൽ മ‌ടങ്ങിവരവ് 2025ലേക്ക് നീളാനാണ് സാധ്യത.

എന്നാൽ സ്റ്റാർ ലൈനറിൽത്തന്നെ ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതരായി തിരികെയെത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ബോയിങ് കമ്പനി പ്രകടിപ്പിക്കുന്നത്. സ്പേസ് എക്സിന്റെ പേടകം തെരഞ്ഞെടുക്കപ്പെട്ടാൽ ബോയിങ്ങിന് അത് വലിയ തിരിച്ച‌‌‌ടിയാകും. ബഹിരാകാശത്ത് ആളെ എത്തിക്കുന്ന ബോയിങ്ങിന്റെ ആദ്യ ദൗത്യമായിരുന്നു ഇത്. ഭക്ഷണവും പ്രാണവായുവും അ‌ടക്കം ബഹിരാകാശ യാത്രികർക്ക് വേണ്ട എല്ലാ വസ്തുക്കളും അന്താരാഷ്ട്ര നിലയത്തിലുണ്ടെന്നാണ് നാസ പറയുന്നത്. അവശ്യവസ്തുക്കളുമായി റഷ്യയുടെ പ്രോ​ഗ്രസ് 89 പേടകം കഴിഞ്ഞ ദിവസം ബഹിരാകാശ നിലയത്തിൽ എത്തിയിരുന്നു.

ജൂൺ അഞ്ചിനാണ് അമേരിക്കൻ ബഹിരാകാശ എജൻസിയായ നാസയുടെ സുനിതാ വില്യംസും ബുച്ച് വിൽമോറും അന്താരാഷ്‌‌‌‌‌‌ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. ജൂൺ ഏഴിന് അവിടെയെത്തി. പതിമൂന്നിനായിരുന്നു മടക്കയാത്ര തീരുമാനിച്ചിരുന്നത്. എന്നാൽ പേടകത്തിന്റെ തകരാറ് മൂലം യാത്ര മുടങ്ങി. പിന്നീ‌‌ട് പല തവണ മ‌ടക്കയാത്ര തീരുമാനിച്ചുവെങ്കിലും അതെല്ലാം മുടങ്ങി. ഇവരുടെ മട‌ങ്ങി വരവ് എപ്പോൾ സാധ്യമാകുമെന്നതിൽ നാസക്ക് ഇപ്പോഴും വ്യക്തതയില്ല. ബോയിങ്ങിന്റെ സ്റ്റാർലൈനറിലാണ് മ‌‌ടക്കയാത്ര നിശ്ചയിച്ചിരുന്നത്. സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്റേഴ്സിന് തകരാറുണ്ടായതും പ്രൊപ്പൽഷന് സഹായിക്കുന്ന ഇന്ധനമായ ഹീലിയം ചോർന്നതുമാണ് സുനിതയെയും ബുച്ചിനെയും ബഹിരാകാശത്ത് കു‌‌ടുക്കിയത്.

തിരിച്ചുവരവ് അനശ്ചിതത്വത്തിലായിരിക്കുമ്പോഴും സുനിതാ വില്യംസും ബുച്ചും ബഹിരാകാശ ​ഗവേഷണ രം​ഗത്ത് കർമനിരതരാണെന്നാണ് റിപ്പോർട്ടുകൾ. എ‌‌‌ട്ട് ദിവസത്തെ ദൗത്യത്തിനായി എത്തിയ ഇവർ ഇപ്പോൾ ബഹിരാകാശത്ത് രണ്ട് മാസങ്ങൾ പിന്നിട്ടുകഴിഞ്ഞു.

SCROLL FOR NEXT