ഷെയ്ഖ് ഹസീന Source: ANI
WORLD

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ തെളിവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വധശിക്ഷ വിധിച്ചത്

Author : ന്യൂസ് ഡെസ്ക്

2024ലെ ബംഗ്ലാദേശ് കലാപത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ തെളിവുള്ളതായും കൂട്ടക്കൊലയിൽ പങ്കുള്ളതായും കണ്ടെത്തിയതിനെ തുടർന്നാണ് വധശിക്ഷ വിധിച്ചത്. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിൻ്റേതാണ് വിധി.

ഷെയ്ഖ് ഹസീന പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ ഉത്തരവിട്ടതായും ഐസിറ്റി കണ്ടെത്തി. വിദ്യാർഥിയായിരുന്ന അബു സയീദിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാലിലേറെ തവണ തിരുത്തുവാൻ ഹസീനയുടെ സർക്കാർ ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നതായും ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു.

മുൻകാല നേതാക്കളെ വിചാരണ ചെയ്യാൻ അനുവദിക്കുന്ന രീതിയിൽ യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഐസിടി-ബിഡി നിയമം ഭേദഗതി ചെയ്തതോടെയാണ് ഹസീനയ്‌ക്കെതിരായ നിലവിലെ കേസിന് വഴിയൊരുക്കിയത്.

മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധി. അക്രമത്തിന് പ്രേരിപ്പിക്കുക, പ്രതിഷേധക്കാരെ കൊല്ലാൻ ഉത്തരവിടുക, പ്രക്ഷോഭത്തിനിടെ അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെടുക എന്നീ മൂന്ന് കുറ്റങ്ങളാണ് മേൽ ചുമത്തിയിരുന്നത്. നിരായുധരായ വിദ്യാർഥികളാ പ്രതിഷേധ്കകാർക്കെതിരെ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്ന രീതിയിലുള്ള പ്രകോപനപരമായ പ്രസംഗങ്ങൾ ഹസീന നടത്തിയതായും ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു.

പ്രതിഷേധക്കാർക്കെതിരെ പ്രയോഗിക്കാൻ മാരകായുധങ്ങളും ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിക്കാൻ നിർദേശം നൽകിയതായും കോടതി കണ്ടെത്തി. പ്രതിഷേധകാർക്ക് നേരെയുണ്ടായ അക്രമങ്ങളിൽ ഹസീന ഉത്തരവാദിയാണെന്നും അതിന് കാരണക്കാരയവർക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കോടതി കുറ്റപ്പെടുത്തി.

ഹസീനയുടെ അസാന്നിധ്യത്തിലായിരുന്നു വിചാരണ നടന്നത്. ബംഗ്ലാദേശിൽ നിന്നും പുറത്താക്കപ്പെട്ട ഹസീന നിലവിൽ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ്.

അതേസമയം, വിധി വരുന്നതിന് മുമ്പു തന്നെ ബംഗ്ലാദേശിലാകമാനം സംഘർഷം രൂക്ഷമായിരിക്കുകയാണ്. അക്രമകാരികളായ പ്രതിഷേധക്കാരെ വെടിവെക്കുവാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.

SCROLL FOR NEXT