ഡൊണാൾഡ് ട്രംപ്, ഗുസ്താവോ പെട്രോ  Image: X
WORLD

"കരുതിയിരുന്നോ"! മഡൂറോയ്ക്ക് പിന്നാലെ കൊളംബിയ പ്രസിഡന്റിന് മുന്നറിയിപ്പ് നല്‍കി ട്രംപ്

Author : ന്യൂസ് ഡെസ്ക്

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് പിന്നാലെ കൊളംബിയന്‍ പ്രസിഡന്റിനേയും ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോയോട് സൂക്ഷിക്കണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

കൊക്കെയ്ന്‍ ഉണ്ടാക്കി അമേരിക്കയിലേക്ക് അയക്കുകയാണ്, അയാളും സൂക്ഷിക്കണമെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞത്. നിക്കോളാസ് മഡൂറോയുമായി അടുത്ത ബന്ധമുള്ള നേതാവാണ് ഗുസ്താവോ.

മഡൂറോയ്‌ക്കെതിരായ അമേരിക്കന്‍ സൈനിക നടപടിയെ അപലപിച്ച നേതാക്കളില്‍ ഒരാളാണ് ഗുസ്താവോ പെട്രോ. വനസ്വേലയുടെയും ലാറ്റിന്‍ അമേരിക്കയുടെയും പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമെന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്.

അമേരിക്കയുടെ നടപടിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലും ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സും അടിയന്തരമായി യോഗങ്ങള്‍ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മേഖലയിലെ സ്ഥിതിഗതികള്‍ വഷളാക്കുന്നതിനും സാധാരണക്കാരുടെ ജീവിതം അപകടത്തിലാക്കുന്നതിനും കാരണമാകുന്ന ഇത്തരം ഏകപക്ഷീയമായ സൈനിക നീക്കങ്ങളെ തള്ളിക്കളയുന്നതായി അദ്ദേഹം അറിയിച്ചിരുന്നു. അമേരിക്കയുടെ നടപടിക്കു പിന്നാലെ, വെനസ്വേലയില്‍ നിന്ന് കൊളംബിയയിലേക്ക് അഭയാര്‍ത്ഥികളുടെ വന്‍ പ്രവാഹം ഉണ്ടായേക്കമെന്ന ആശങ്കയും ഗുസ്താവോ പ്രകടിപ്പിച്ചിരുന്നു.

നിക്കോളാസ് മഡൂറോയ്‌ക്കെതിരായ നീക്കത്തില്‍ രണ്ട് ചേരികളില്‍ നിന്നാണ് ലോക രാജ്യങ്ങള്‍ പ്രതികരിച്ചത്. അര്‍ജന്റീന, ഇക്വഡോര്‍ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ചില പാശ്ചാത്യ രാജ്യങ്ങളും ട്രംപിന്റെ നടപടിയെ അനുകൂലിച്ചപ്പോള്‍ റഷ്യ, ചൈന, ക്യൂബ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ അമേരിക്കയുടെ ഈ നടപടിയെ ശക്തമായി അപലപിച്ചു. ബലപ്രയോഗത്തിലൂടെ മറ്റൊരു രാജ്യത്തെ ഭരണകൂടത്തെ മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൈന വ്യക്തമാക്കി.

അതേസമയം, മഡൂറോയെ അനുകൂലിക്കുന്ന വെനസ്വേലന്‍ സൈന്യത്തിലെ ഒരു വിഭാഗം അമേരിക്കന്‍ നടപടിക്കെതിരെ തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വെനസ്വേലയുടെ ഭരണം താല്‍ക്കാലികമായി തങ്ങള്‍ ഏറ്റെടുത്തതായി ട്രംപ് പ്രഖ്യാപിച്ചത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.

SCROLL FOR NEXT