വാഷിംങ്ടണ്‍: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഭിപ്രായ സർവേകൾ ഡെമോക്രാറ്റുകൾ മികച്ച വിജയം നേടുമെന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ ഭൂരിഭാഗം നിരീക്ഷകരും പ്രവചിച്ചതിനേക്കാൾ വളരെ വലിയ മുന്നേറ്റമാണ് അവർ നടത്തിയത്; പരമ്പരാഗത മത്സരവേദികൾക്കുമപ്പുറം റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറച്ച കോട്ടകളിലേക്ക് പോലും ആ മുന്നേറ്റം വ്യാപിച്ചു. ടെക്സസിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ അട്ടിമറിച്ച് ജെയിംസ് തലറിക്കോ 38 വർഷത്തിന് ശേഷം ആ സംസ്ഥാനത്തുനിന്നുള്ള ആദ്യ ഡെമോക്രാറ്റിക് സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടു.
സൗത്ത് കരോലിനയിലെ സെനറ്റ് സീറ്റ് പിടിച്ചെടുത്തതിലൂടെയും ഡെമോക്രാറ്റുകൾ ചരിത്രം കുറിച്ചു. ഈ നൂറ്റാണ്ടിൽ ഇവിടെ ഒരു യുഎസ് സെനറ്റ് സീറ്റിൽ പോലും ഡെമോക്രാറ്റുകൾക്ക് വിജയിക്കാനായിരുന്നില്ല. എന്നാൽ സിറ്റിംഗ് റിപ്പബ്ലിക്കൻ സെനറ്റർ ഡാർലിൻ ഗ്രഹാമിനെ പരാജയപ്പെടുത്തി ആനി ആൻഡ്രൂസ് നേടിയ വിജയം ആ രാത്രിയിലെ നിർണായക അട്ടിമറികളിലൊന്നായി മാറി.
ട്രംപ് മൂന്ന് തവണ വിജയിച്ച ഒഹായോയിലെ സെനറ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് ഷെറോഡ് ബ്രൗൺ വിജയിച്ചു. കൻസാസിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി റോജർ മാർഷലിനെ ഡെമോക്രാറ്റായ ആദം ഹാമിൽട്ടൺ അനായാസം തോൽപ്പിച്ചു. ഗ്രേറ്റ് ഡിപ്രഷന് സംഭവിച്ച 1932-ലാണ് കൻസാസിൽ നിന്ന് ഡെമോക്രാറ്റുകൾ അവസാനമായി ഒരു സെനറ്റ് സീറ്റ് നേടിയത്. ഡെമോക്രാറ്റിക് പാർട്ടിയുടെ ഉറച്ച അണികളും ഒപ്പം സ്വിങ് സ്റ്റേറ്റുകളിലും റിപ്പബ്ലിക്കൻ കോട്ടകളിലും ഡെമോക്രാറ്റുകൾക്കൊപ്പം നിന്ന സ്വതന്ത്ര വോട്ടർമാരും കൂട്ടത്തോടെ പോളിംഗ് ബൂത്തുകളിലെത്തിയതാണ് ഈ തകർപ്പൻ വിജയത്തിന് പിന്നിലെന്ന് രാഷ്ട്രീയ തന്ത്രജ്ഞർ വിലയിരുത്തുന്നത്. മാസങ്ങൾക്ക് മുമ്പ് വരെ തീരെ വിജയസാധ്യതയില്ലാത്ത മത്സരങ്ങളെന്ന് കരുതിയിരുന്നിടത്ത് പോലും സ്ഥാനാർത്ഥികളെ നിർത്താനുള്ള ഡെമോക്രാറ്റുകളുടെ തന്ത്രവും ഫലം കണ്ടു. ട്രംപിന്റെ ജനപ്രീതിയില്ലായ്മയും വിലക്കയറ്റത്തിനെതിരെയുള്ള ജനരോഷവും മറികടക്കാൻ പാടുപെട്ട റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കെതിരെ ആ പരീക്ഷണങ്ങൾ വലിയ നേട്ടമായി മാറി.
എങ്കിലും, കോൺഗ്രസിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുന്നത് ഡെമോക്രാറ്റുകൾക്ക് ഇരുതല മൂർച്ചയുള്ള വാളായേക്കാം. ട്രംപിനെ വെറുതെ എതിർക്കുന്നതിനപ്പുറം തങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വോട്ടർമാർ ഇനി ഡെമോക്രാറ്റുകളിലേക്ക് ഉറ്റുനോക്കും. എന്നാൽ പ്രസിഡന്റിന് വീറ്റോ അധികാരമുള്ളതിനാൽ പുതിയ നിയമനിർമ്മാണങ്ങൾ പാസാക്കുന്നതിൽ അവർക്ക് പരിമിതികളുണ്ടാകും. താന്‍ വീറ്റോ പ്രസിഡന്റായിരിക്കും എന്ന് ഇതിനകം ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു.ർ രാജ്യത്തെ സാമ്പത്തിക അവസ്ഥയ്ക്ക് ഇപ്പോൾ ഡെമോക്രാറ്റുകൾക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ട്രംപിന് വാദിക്കുകയും ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്നും ഡെമോക്രാറ്റുകളുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ക്ഷുഭിതരായ വോട്ടർമാർ
താൻ തന്നെയാണ് ബാലറ്റിലെ സ്ഥാനാർത്ഥിയെന്ന് കരുതി വോട്ട് ചെയ്യാൻ ട്രംപ് വോട്ടർമാരോട് ആവശ്യപ്പെട്ടിരുന്നു. വോട്ടർമാർ അങ്ങനെ തന്നെ ചെയ്തു, അതിന്റെ തിരിച്ചടി റിപ്പബ്ലിക്കൻമാർ ഏറ്റുവാങ്ങുകയും ചെയ്തു.
തുടക്കത്തിലെ ഫലങ്ങളും എക്സിറ്റ് പോളുകളും വോട്ടർമാരുടെ കടുത്ത അതൃപ്തിയാണ് വ്യക്തമാക്കിയത്. വിലക്കയറ്റത്തിലും രാജ്യത്തിന്റെ പോക്കിലും വോട്ടർമാർക്കുണ്ടായ രോഷം ട്രംപിനും അദ്ദേഹത്തിന്റെ നയങ്ങൾക്കും കനത്ത പ്രഹരമായി മാറി.
രണ്ട് വർഷം മുമ്പുള്ളതിനേക്കാൾ തങ്ങളുടെ അവസ്ഥ മോശമായെന്ന് പലരും അഭിപ്രായപ്പെട്ടു. പ്രധാന ടെലിവിഷൻ നെറ്റ്വർക്കുകളും അസോസിയേറ്റഡ് പ്രസ്സും ഉൾപ്പെട്ട യുഎസ് മാധ്യമ കൂട്ടായ്മയ്ക്ക് വേണ്ടി 'എസ്.എസ്.ആർ.എസ്' നടത്തിയ എക്സിറ്റ് പോളുകൾ പ്രകാരം, പത്തിൽ ഒമ്പത് വോട്ടർമാരും ജീവിതച്ചെലവിനെ തങ്ങളുടെ വോട്ടിനെ സ്വാധീനിച്ച പ്രധാന ഘടകമായി ചൂണ്ടിക്കാട്ടി.
പണപ്പെരുപ്പം തടയുമെന്ന വാഗ്ദാനത്തിലാണ് 2024-ൽ ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ വിദേശ ഉൽപന്നങ്ങൾക്ക് മേൽ അദ്ദേഹം ചുമത്തിയ താരിഫുകളും ഇറാനെതിരെയുള്ള യുദ്ധവും സാധാരണക്കാരുടെ സാമ്പത്തിക നില കൂടുതൽ വഷളാക്കുകയാണുണ്ടായത്. സ്വന്തം ജനപ്രീതി റെക്കോർഡ് തകർച്ചയിലേക്ക് കൂപ്പുകുത്തുമ്പോഴും അധികച്ചെലവുകൾ ജനം സ്വയം സഹിക്കണമെന്ന മട്ടിലായിരുന്നു പ്രചാരണവേളയിലെ ട്രംപിന്റെ മറുപടി.
എക്സിറ്റ് പോളുകളിൽ പങ്കെടുത്ത മൂന്നിൽ രണ്ട് വോട്ടർമാരും വിലക്കയറ്റത്തിന് ട്രംപിനെയാണ് കുറ്റപ്പെടുത്തിയത്. മുക്കാൽ പങ്ക് ആളുകളും രാജ്യത്തിന്റെ പോക്കിൽ അമർഷവും അതൃപ്തിയും പ്രകടിപ്പിച്ചു. സർക്കാർ അഴിമതിയെക്കുറിച്ചും വോട്ടർമാർ വ്യാപകമായ ആശങ്ക പങ്കുവെച്ചു.
ട്രംപിന്റെ സ്ഥാനാർത്ഥികളെ തള്ളി വോട്ടർമാർ
ഇത് റിപ്പബ്ലിക്കൻ പാർട്ടിക്ക് മാത്രമല്ല, ട്രംപിന് വ്യക്തിപരമായും കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. പ്രാദേശിക റിപ്പബ്ലിക്കൻ നേതാക്കളുടെ എതിർപ്പ് വകവെക്കാതെ ട്രംപ് രംഗത്തിറക്കിയ പല സ്ഥാനാർത്ഥികളും, പാർട്ടി ഉറച്ച വിജയം പ്രതീക്ഷിച്ചിരുന്ന മത്സരങ്ങളിൽ പോലും കനത്ത പരാജയം നേരിട്ടു. സൗത്ത് കരോലിനയിലും നോർത്ത് കരോലിനയിലും ട്രംപ് നിർദ്ദേശിച്ച ഡാർലിൻ ഗ്രഹാം, മൈക്കൽ വാറ്റ്ലി എന്നിവർ പരാജയപ്പെട്ടപ്പോൾ ടെക്സസിൽ പാക്സ്റ്റൺ വൻതോൽവി ഏറ്റുവാങ്ങി. വിജയം ഉറപ്പിച്ചിരുന്ന പല സംസ്ഥാനങ്ങളിലും ട്രംപിന്റെ തീരുമാനങ്ങൾ കാരണം റിപ്പബ്ലിക്കൻമാർക്ക് പ്രതിരോധത്തിലാവേണ്ടി വന്നു.
വിശാലമായ ജനപിന്തുണയുള്ള നേതാക്കൾക്ക് പകരം വ്യക്തിപരമായ വിശ്വസ്തതയ്ക്ക് മുൻഗണന നൽകുന്ന ട്രംപിന്റെ രാഷ്ട്രീയ ശൈലിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഈ തോൽവി വീണ്ടും ഉയർത്തും. 2024-ലെ അദ്ദേഹത്തിന്റെ വിജയത്തിന് വഴിയൊരുക്കിയ വോട്ടർമാരുടെ കൂട്ടായ്മ പൂർണ്ണമായും ശിഥിലമായതായി എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നു. കറുത്തവർഗ്ഗക്കാരായ പുരുഷന്മാർ, ലാറ്റിനോകൾ, യുവ വോട്ടർമാർ എന്നിവർക്കിടയിൽ റിപ്പബ്ലിക്കൻമാർക്ക് ലഭിച്ചിരുന്ന പിന്തുണയിൽ വലിയ ഇടിവ് രേഖപ്പെടുത്തി.
ഭയത്തേക്കാൾ മുൻഗണന ജീവിതചിലവിന്
പ്രചാരണത്തിന്റെ അവസാന ആഴ്ചകളിൽ, ഡെമോക്രാറ്റുകൾ അധികാരത്തിൽ വന്നാൽ രാജ്യം നശിപ്പിക്കുന്ന അപകടകാരികളായ തീവ്രവാദികളും കമ്മ്യൂണിസ്റ്റുകളുമാണെന്ന് ചിത്രീകരിക്കാനാണ് ട്രംപും റിപ്പബ്ലിക്കൻമാരും ശ്രമിച്ചത്.
എന്നാൽ ആ പ്രചാരണങ്ങളൊന്നും ഫലം കണ്ടില്ല. നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലയിലായിരുന്നു വോട്ടർമാരുടെ ശ്രദ്ധ, വിലക്കയറ്റം എങ്ങനെ നിയന്ത്രിക്കുമെന്ന ട്രംപിന്റെ ഉറപ്പാണ് അവർ കേൾക്കാൻ ആഗ്രഹിച്ചത്.
ഡെമോക്രാറ്റുകൾ ജയിച്ചാൽ "രാജ്യം ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായി മാറും" എന്ന് ട്രംപ് പ്രചാരണത്തിലുടനീളം വാദിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റിക് നേതൃത്വം "ഭ്രാന്തന്മാരും തീവ്രവാദികളുമായ ആളുകളാൽ" കൈയടക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. യുഎസ് തെരഞ്ഞെടുപ്പുകളിൽ 'ഭയമുണ്ടാക്കൽ' പലപ്പോഴും ഒരു തന്ത്രമായി വിജയിച്ചിട്ടുണ്ടെങ്കിലും, ഡെമോക്രാറ്റുകൾ രാജ്യത്തിന് വലിയൊരു ഭീഷണിയാണെന്ന് വോട്ടർമാരെ വിശ്വസിപ്പിക്കാൻ ഇത്തവണ ട്രംപിന് സാധിച്ചില്ല.
ഹിസ്പാനിക് വോട്ടർമാരുമായുള്ള 'മധുവിധു' അവസാനിക്കുന്നു
ലാറ്റിനോ വോട്ടർമാരുമായി ട്രംപിനുണ്ടായിരുന്ന സുവർണ്ണകാലം അവസാനിച്ചു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം നല്കുന്ന പ്രധാന സൂചന. കാലിഫോർണിയ മുതൽ ഫ്ലോറിഡ വരെയുള്ള സംസ്ഥാനങ്ങളിൽ ഈ നിർണായക വോട്ട് ബാങ്കിനെ ആശ്രയിച്ചിരുന്ന റിപ്പബ്ലിക്കൻമാർക്ക് ഇത് കനത്ത തിരിച്ചടിയാണ്. ജനസംഖ്യയിൽ പത്തിൽ നാല് പേർ ലാറ്റിനോ വിഭാഗക്കാരായ ടെക്സസിൽ ഗവർണർ, സെനറ്റ് സ്ഥാനങ്ങൾ ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു എന്നത് ഇതിന് പ്രധാന ഉദാഹരണമാണ്. ലാറ്റിനോ വോട്ടർമാർ കൂടുതലുള്ള തെക്കുകിഴക്കൻ ഫ്ലോറിഡയിൽ, റിപ്പബ്ലിക്കൻമാർക്ക് അനുകൂലമായി മണ്ഡല പുനർനിർണ്ണയം നടത്തിയിട്ടും 22-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി പിയ ഡണ്ടിയ വിജയിച്ചു.
2024-ൽ ട്രംപിന്റെ വിജയത്തിന് ലാറ്റിനോ വോട്ടർമാർ വലിയ പങ്കുവഹിച്ചിരുന്നു. 2020-ൽ മൂന്നിലൊന്ന് പിന്തുണ മാത്രമുണ്ടായിരുന്നിടത്ത് 2024-ൽ പകുതിയോളം ഹിസ്പാനിക് വോട്ടുകൾ ട്രംപ് നേടി. എന്നാൽ രണ്ട് വർഷത്തിന് ശേഷം അവരിൽ പലരും പാർട്ടിയെ കൈവിട്ടു. എക്സിറ്റ് പോൾ കണക്കുകൾ പ്രകാരം സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ രോഷം ഹിസ്പാനിക് വോട്ടർമാർക്കിടയിലെ റിപ്പബ്ലിക്കൻ പിന്തുണ 2024-ലെ 46 ശതമാനത്തിൽ നിന്ന് ചൊവ്വാഴ്ച വെറും മൂന്നിലൊന്നായി കുറച്ചു.
ടെക്സസിന്റെ ആദ്യത്തെ ലാറ്റിന ഗവർണറാകുന്ന ജിന ഹിനോജോസയുടെയും, കാലിഫോർണിയയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ലാറ്റിനോ ഗവർണറാകുന്ന സേവ്യർ ബെസെറയുടെയും വിജയങ്ങൾ യുഎസ് രാഷ്ട്രീയത്തിൽ ഹിസ്പാനിക് വോട്ടർമാരുടെ പ്രാധാന്യത്തെ അടിവരയിട്ടു വ്യക്തമാക്കുന്നു.
മുടന്തന്‍ താറാവ്
ഒരു തിരഞ്ഞെടുപ്പിൽ തോറ്റ് അടുത്ത തവണ സ്ഥാനാർത്ഥിയാകാൻ കഴിയാത്ത അല്ലെങ്കിൽ സ്ഥാനം ഒഴിയാൻ പോകുന്ന ഒരു പ്രസിഡന്റിന്റെ അവസാന കാലഘട്ടത്തെ ആണ് ലേം ഡക്ക് എന്ന് പറയുന്നത്.
ലേം എന്നാല്‍ മുടന്തൻ അല്ലെങ്കില്‍ ദുർബലൻ എന്നാണ് അര്‍ത്ഥം “ഡക്ക്” എന്നത് ഒരു രൂപകമാണ്. അതായത്, പറക്കാൻ കഴിയാത്ത മുടന്തൻ താറാവ് പോലെ. അധികാരമുണ്ടെങ്കിലും യഥാർത്ഥ ശക്തി നഷ്ടപ്പെട്ട അവസ്ഥ എന്നതാണ് ഇത് ഉദ്ദേശിക്കുന്നത്. ഇത്തരം ഒരു അവസ്ഥയിലേക്കാണ് ട്രംപ് പോകുന്നത് എന്ന് വ്യക്തമാണ്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഫലത്തില്‍ മാത്രമല്ല ഭരണഘടന പ്രകാരം ട്രംപിന് അടുത്തൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല.
ഇപ്പോഴത്തെ അവസ്ഥയില്‍ കോൺഗ്രസ് നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് ലഭിച്ചതിനാല്‍ ട്രംപിന് പുതിയ നിയമങ്ങൾ പാസാക്കാനും ജഡ്ജി നിയമനങ്ങളില്‍ അടക്കം നോമിനേഷനുകൾ അംഗീകരിക്കാനും ബുദ്ധിമുട്ടാകും. ഒപ്പം ഇംപീച്ച്മെന്റ് ഭീഷണി അടക്കം നിലനില്‍ക്കുന്നുണ്ട്. അത്യന്തികമായി ഇതെല്ലാം ഒരു വീറ്റോ യുദ്ധത്തിലേക്ക് നയിക്കും. എന്തായാലും ഇനി ട്രംപിന്റെ ഭരണത്തേക്കാള്‍ റിപ്പബ്ലിക്കന്‍ പാർട്ടി ശ്രദ്ധ 2028-ലെ അടുത്ത പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലേക്ക് മാറും എന്നത് ട്രംപിന് വ്യക്തിപരമായും പ്രശ്നങ്ങള്‍ സൃഷ്ടിക്കും.