WORLD

ഹോർമൂസിലേക്ക് സഹായമെത്തും, യുദ്ധം തീരില്ലെന്ന് ട്രംപ്, ഭീതിയൊഴിയാതെ പശ്ചിമേഷ്യ

സംഘർഷം ആരംഭിക്കാന്‍ താന്‍ നിർബന്ധിതനായിരുന്നു എന്നും, യുദ്ധം അവസാനിക്കുന്നതോടെ ലോകം കൂടുതല്‍ സുരക്ഷിതമാകുമെന്നും ട്രംപ്

Author : ന്യൂസ് ഡെസ്ക്

ഹോർമൂസിലേക്ക് സഖ്യരാജ്യങ്ങള്‍ ഉടന്‍ സഹായം എത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം ഉടൻ അവസാനിക്കില്ലെന്ന സൂചന നൽകിയാണ് ട്രംപിന്റെ പ്രതികരണം. പടക്കപ്പലുകള്‍ അയക്കണമെന്ന ആവശ്യത്തോട് വിമുഖത കാണിച്ച രാജ്യങ്ങള്‍ യുഎസ്സുമായുള്ള പ്രതിരോധ ഉടമ്പടികളെ മാനിക്കുന്നില്ലെന്നും ട്രംപ് ആരോപിച്ചു. അതേസമയം, ഹോർമൂസില്‍ യുഎസിനും, ഇസ്രയേലിനും മാത്രമാണ് വിലക്ക് എന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ആവർത്തിച്ചു. യുഎസ്-ഇസ്രയേൽ- ഇറാൻ വാദപ്രതിവാദങ്ങൾക്കിടെ പശ്ചിമേഷ്യയിൽ സംഘർഷം തുടരുകയാണ്.

ഹോർമൂസിലേക്ക് പടക്കപ്പലുകള്‍ അയച്ച് യുഎസിനെ പിന്തുണയ്ക്കുമെന്ന ആവശ്യം ചില രാജ്യങ്ങള്‍ അംഗീകരിച്ചുവെന്നും, ചിലർ വിമുഖത കാണിച്ചു എന്നുമായിരുന്നു യുഎസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍. ഏത് രാജ്യങ്ങളാണ് സഹായം അയക്കുക എന്ന് വ്യക്തമാക്കാത്ത ട്രംപ്, ജപ്പാനും, ദക്ഷിണകൊറിയയും, ചൈനയും സഹായിക്കാന്‍ തത്പരരല്ലാത്തതില്‍ അത്ഭുതമുണ്ടെന്ന് പിന്നീട് പറഞ്ഞു. സംഘർഷം ആരംഭിക്കാന്‍ താന്‍ നിർബന്ധിതനായിരുന്നു എന്നും, യുദ്ധം അവസാനിക്കുന്നതോടെ ലോകം കൂടുതല്‍ സുരക്ഷിതമാകുമെന്നും ട്രംപ് പറഞ്ഞു.

അതതേസമയം, യുദ്ധം ഈ ആഴ്ച അവസാനിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി സംസാരിച്ചെന്ന റിപ്പോർട്ട് തള്ളിയ ഇറാന്‍ വിദേശകാര്യമന്ത്രി, ഇറാന്‍ ചർച്ചയ്ക്ക് സമീപിക്കുമെന്നത് വ്യാമോഹമാണ് എന്നും പറഞ്ഞു. ഒരു തരത്തിലുമുള്ള കീഴടങ്ങലിന് തയ്യാറാകില്ലെന്ന് ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു.

യുഎസ് ഇസ്രയേൽ ഇറാൻ സംഘർഷം 18ാം ദിനത്തില്‍ എത്തിനില്‍ക്കെ, ഗള്‍ഫ് മേഖലയിലെ ഇറാന്‍റെ ആക്രമണങ്ങളും തുടരുകയാണ്. അബുദാബിയില്‍ വ്യോമപ്രതിരോധം തകർത്ത ബാലിസ്റ്റിക് മിസൈലിന്‍റെ ചീള് പതിച്ച് ഒരാള്‍ മരിച്ചു. തുടർച്ചയായ വ്യോമാക്രമണങ്ങളെതുടർന്ന് താത്കാലികമായി അടച്ച വ്യോമപാത യുഎഇ തുറന്നു. ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ ഇന്നും ആക്രമണമുണ്ടായി.

അബുദാബിയില്‍ വ്യോമപ്രതിരോധം തകർത്ത ബാലിസ്റ്റിക് മിസൈലിന്‍റെ ചീള് പതിച്ച് പാക് പൗരന്‍ കൊല്ലപ്പെട്ടു. ദുബായിലും, ഫുജൈറയിലും ഡ്രോണ്‍ മിസൈൽ ആക്രമണങ്ങളുണ്ടായി. ഫുജൈറയിലെ എണ്ണപാടത്ത് ഡ്രോണാക്രമണത്തിന് പിന്നാലെ തീപിടിച്ചത് ഏറെ ആശങ്ക ഉയർത്തി. തുടർച്ചയായ വ്യോമാക്രമണങ്ങളെതുടർന്ന് താത്കാലികമായി അടച്ചിട്ട വ്യോമപാത യുഎഇ തുറന്നു. ഖത്തറിലും, കുവൈറ്റിലും സൗദിയിലും വ്യോമപ്രതിരോധം പ്രവർത്തിച്ചു.

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ ഇന്നും ഡ്രോണ്‍, റോക്കറ്റ് ആക്രമണമുണ്ടായി. ഡ്രോണുകളില്‍ ഒന്ന് എംബസിക്കുള്ളില്‍ പതിച്ചതായാണ് റിപ്പോർട്ട്. ഇറാനില്‍ മരണസംഖ്യ 1300 കടക്കുമ്പോള്‍, ഏറ്റവും പുതിയ വ്യോമപ്രഹരം ആരംഭിച്ചതായാണ് ഇസ്രയേല്‍ സൈന്യം അറിയിച്ചത്. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലും ഗലീലീ തീരത്തും ഇറാന്‍റെ 50 മിസൈലുകൾ അടങ്ങുന്ന സാല്‍വോകള്‍ പതിച്ചതായി റിപ്പോർട്ടുകളുണ്ട്.

ജെറുസലേമിലെ പുരാതന നഗരത്തിലെ ഗ്രീക്ക് പള്ളിയ്ക്കും, അല്‍ അഖ്സ പള്ളിയിലും, ജൂതമതവിശ്വാസികളുടെ വെസ്റ്റേണ്‍ വാളിനും, ആക്രമണങ്ങളില്‍ കേടുപാടുകളുണ്ടായതായി ഇസ്രയേല്‍ പറയുന്നു. ഇതിനിടെ ലെബനനിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാനഡ, ഫ്രാന്‍സ്, ബ്രിട്ടന്‍, ജർമനി, ഇറ്റലി രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കി. ജനസംഖ്യയുടെ 20 ശതമാനം കുടിയിറക്കപ്പെട്ട ലെബനനില്‍ മാർച്ച് രണ്ടിനുശേഷം നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍, 880ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

SCROLL FOR NEXT