ഗ്രെഗർ സാംസ എന്ന സെയിൽസ്‌മാൻ ഒരു ദിവസം രാവിലെ ഉണർന്നു നോക്കുമ്പോൾ താനൊരു ഭീമാകാരനായ പാറ്റയായി മാറിയിരിക്കുന്നതായി അറിയുകയാണ്. ജോലി നഷ്ടപ്പെട്ട് കുടുംബത്തിനും സമൂഹത്തിനും ഭാരമായി മാറുന്നതോടെ ആ മനുഷ്യൻ നേരിടേണ്ടി വരുന്ന ഒറ്റപ്പെടലും അവഗണനയുമാണ് ഫ്രാൻസ് കാഫ്കയുടെ ‘മെറ്റാമോർഫോസിസ്’ എന്ന നോവലിന്റെ പ്രമേയം. എന്നാൽ 'തൊഴിലൊന്നും ലഭിക്കാത്ത ചില യുവാക്കൾ പാറ്റകളെപ്പോലെയാണെന്നും അവർ സിസ്റ്റത്തെയും സ്ഥാപനങ്ങളെയും ആക്രമിക്കുകയാണെന്ന സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ദാസ് പറഞ്ഞപ്പോൾ കാഫ്കയുടെ ‘ഗ്രെഗർ സാംസ ’യുടെ നിയോഗം ആയിരുന്നില്ല, ഇന്ത്യയിലെ യുവജനത ഏറ്റെടുത്തത്. ‘‘എല്ലാ പാറ്റകളും ഒന്നിച്ചുവന്നാൽ എന്ത് സംഭവിക്കും?’’ ബോസ്റ്റണിലിരുന്ന് ഈ ചോദ്യമുയർത്തിയ അഭിജിത് ദീപ്‌കെ സി.ജെ.പി എന്ന സാമൂഹിക മാധ്യമ കൂട്ടായ്മ രൂപീകരിക്കുകയും ഞങ്ങൾ പാറ്റകളെന്ന് സ്വയംപ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോഴിതാ പാറ്റകൾ കൂട്ടത്തോടെ ഇളകിയെത്തിയതോടെ തകർന്നു വീണത് ഒരു കേന്ദ്ര മന്ത്രിയുടെ കസേരയാണ്. അതും നാളുകളോളം കേന്ദ്ര സർക്കാർ ‘വിട്ടുകൊടുക്കില്ല’ എന്നു പറഞ്ഞ് സംരക്ഷിച്ചു വച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ കസേര.
ജെൻസീ പ്രതിഷേധ കൂട്ടായ്മക്ക് രാഷ്ട്രീയ ഭാവി ഉണ്ടാകുമോ?
വളർച്ചയുടെ ഭാഗമായി ഉണ്ടാകുന്ന ജൈവികമായ രൂപമാറ്റാണ് മെറ്റമോർഫോസിസ്. ഒരു രൂപത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള സമ്പൂർണ്ണമായ മാറ്റം. പെൺപാറ്റ ബീജസങ്കരണം നടത്തിയ മുട്ടകൾ ഒരു പ്രത്യേക ഉറയ്ക്കുള്ളിൽ ഇടുന്നു. മുട്ട വിരിഞ്ഞ് കുഞ്ഞു പാറ്റകളിറങ്ങുന്നു. പക്ഷേ വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ ചിറകുകൾ ഉണ്ടാകില്ല. വളർച്ചയ്ക്കനുസരിച്ച് ശരീരം വലുതാകുമ്പോൾ പഴയ പുറംതോട് പൊളിഞ്ഞ് പൂർണ്ണ വളർച്ചയെത്തിയ പാറ്റയായി മാറുന്നു. ചിറകുകൾ മുളക്കുന്ന ഘട്ടമാണിത്. സി.ജെ.പിയും കടന്നുവന്നത് ഈ അവസ്ഥകളിലൂടെ ആയിരുന്നു. സി.ജെ.പി ഉയർത്തിക്കൊണ്ടുവന്ന ജനകീയ വിഷയങ്ങളെ ഭരണകൂടം തികഞ്ഞ പുച്ഛത്തോടെയാണ് നേരിട്ടത്. സംശയദൃഷ്ടിയോടെ പ്രതിപക്ഷവും കൈയകലം പാലിച്ചിട്ടും പിടിച്ചുനിന്ന് മുന്നോട്ടുനയിച്ചത് ജെൻസീകളുടെ കരുത്തിലായിരുന്നു. വിദേശ ഫണ്ടിങ് എന്നും പാക് സഹായം എന്നും ആരോപണം നേരിട്ടു. ഭൂമിയിലെ ഏറ്റവും കരുത്തുറ്റ അതിജീവന ശക്തിയുള്ള ജീവിയാണ് പാറ്റകൾ എന്ന പോലെ ഓരോ വെല്ലുവിളികളെയും അതിജീവിച്ചാണ് ഡൽഹിയിലെ ജെൻസീ പ്രക്ഷോഭം വിജയത്തിലെത്തിച്ചത്. ഇപ്പോഴിതാ മെറ്റാമോർഫോസിസ് എന്ന രൂപാന്തരീകരണം വിജയകരമായി പൂർത്തിയാക്കി ചിറക് മുളച്ച് പറക്കുന്ന ഘട്ടമെത്തിയിരിക്കുന്നു. അതായത് ഒരു സാമൂഹിക രാഷ്ട്രീയ കൂട്ടായ്മയെ അപേക്ഷിച്ച് ഏറ്റവും സുപ്രധാന ഘട്ടമാണിത്.
എന്തുകൊണ്ട് ജെൻസീ രാഷ്ട്രീയം
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട അന്തിമ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടുകൾ പ്രകാരം, 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ആകെ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം 97.97 കോടിയായിരുന്നു. ഇതിൽ 21 കോടിക്ക് മുകളിൽ വരുന്ന യുവ വോട്ടർമാരായി രാജ്യത്തുണ്ടെന്ന് കണക്കുകൾ പറയുന്നു. 18 മുതൽ 29 വയസ്സ് വരെയുള്ള ആകെ യുവ വോട്ടർമാരിൽ ഏകദേശം 14.20 കോടിപേർ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തി. രാജ്യത്ത് ഓരോ വർഷവും ഏകദേശം 2.15 കോടി മുതൽ 2.30 കോടി വരെ കുട്ടികൾ 18 വയസ്സ് പൂർത്തിയാക്കുന്ന പ്രായത്തിലേക്ക് എത്തുന്നുണ്ട്. അതുവെച്ചു നോക്കിയാൽ 2024 മെയ് മുതൽ 2029 മെയ് വരെയുള്ള അഞ്ച് വർഷത്തെ കാലയളവിൽ 18 വയസ്സ് പൂർത്തിയാക്കുന്ന പൗരന്മാരുടെ ആകെ എണ്ണം ഏതാണ്ട് 10 മുതൽ 11 കോടിയോളം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 നും 2029 നും ഇടയിൽ 9.20 കോടി മുതൽ 10.00 കോടി വരെ പുതിയ യുവ വോട്ടർമാർ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടും എന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ 2029 ആകുമ്പോഴേക്കും 18 നും 29നും ഇടയിൽ പ്രായമുള്ള യുവ വോട്ടർമാരുടെ എണ്ണം 22.50 കോടി മുതൽ 23.50 കോടി വരെ ആകാൻ സാധ്യതയുണ്ട്. ഇത് നിലവിലെ രാഷ്ട്രീയ പാർട്ടികൾക്കും ഭരണത്തിലുള്ള പാർട്ടിക്കും വെല്ലുവിളികളും അവസരങ്ങളും ഒരേപോലെ നൽകുന്നുണ്ട്. ഇവിടെയാണ് സിജെപിയുടെ ഉദയവും നിലവിലെ സമരവും ശ്രദ്ധേയമാകുന്നത്.
സിജെപിയുടെ വളർച്ച ക്ഷീണമാകുന്നത് ആർക്ക്?
പൊതുഭരണ രംഗത്തെ അഴിമതി തടയുന്നതിനായി ശക്തവും സ്വതന്ത്രവുമായ അന്വേഷണ സംവിധാനം ഉറപ്പുനൽകുന്ന 'ജൻ ലോക്പാൽ ബിൽ' നടപ്പിലാക്കണം എന്നതായിരുന്നു 2011-ലെ ജനകീയ പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യം. 'ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ' അഥവാ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭം രാജ്യവ്യാപകമായ അഴിമതി വിരുദ്ധ മുന്നേറ്റമായി മാറി. അന്നത്തെ സമരം പൂർണ അർഥത്തിൽ വിജയിച്ചില്ലെങ്കിലും അതുണ്ടാക്കിയ ദേശീയ ഉണർവ് ചെറുതായിരുന്നില്ല. പ്രക്ഷോഭത്തിന്റെ ആശയത്തിൽ നിന്ന് ആം ആദ്മി പാർട്ടി എന്ന പുതിയൊരു രാഷ്ട്രീയ പാർട്ടി രാജ്യത്ത് ഉദയം ചെയ്യുകയും അത് ഡൽഹിയിലും പിന്നീട് പഞ്ചാബിലും ഭരണം പിടിക്കുകയും ചെയ്തു. ഈ സമരത്തിന് പിന്നിൽ സംഘപരിവാറിന്റെ ആസൂത്രണമുണ്ടായിരുന്നുവെന്ന ആരോപണങ്ങൾ പിന്നീട് ഉയർന്നിരുന്നു.10 വർഷത്തോളം അധികാരത്തിന് പുറത്തിരുന്ന ബിജെപി ഒറ്റയ്ക്ക് രാജ്യത്തിന്റെ ഭരണം പിടിക്കുന്ന നിലയിലേക്ക് ജനവികാരം മാറാൻ സമരം വഴിയൊരുക്കി എന്നതാണ് അതിന് കാരണം. 2020ലെ എഎപി വിജയത്തിന്റെ പിന്നിൽ പ്രവർത്തിച്ച ആളായിരുന്നു സിജെപിയുടെ സ്ഥാപകനായ അഭിജീത് ദീപ്‌കെ. 2020 മുതൽ 2023 വരെയുള്ള കാലയളവിൽ അഭിജീത് ദിപ്‌കെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ആന്റ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ടീമിൽ സജീവമായി പ്രവർത്തിച്ചിരുന്നു. എഎപിയുടെ വളർച്ചയിൽ ഡൽഹിയിൽ വേരറ്റത് കോൺഗ്രസിനായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ദേശീയ തലത്തിൽ സിജെപി ശക്തമായാൽ അത് ആർക്കൊക്കെ ക്ഷീണം ചെയ്യുമെന്ന് കണ്ടറിയണം.
പ്രതിപക്ഷത്തിനും അഭിമാനിക്കാം
പ്രതിഷേധങ്ങളിൽ ഇളകില്ലെന്ന മോദി സർക്കാരിന്റെ പ്രതിഛായ കർഷക സമരത്തിനു ശേഷം ഒരിക്കൽ കൂടി തകർന്നു വീഴുമ്പോൾ പ്രതിപക്ഷത്തിനും ആഹ്ലാദത്തിന്റെ ഒരുപങ്കുണ്ട്. രാജ്യത്തെ വിദ്യാർഥികളും യുവാക്കളും ഒറ്റക്കെട്ടായി നിൽക്കെ അതിനൊപ്പം സർക്കാരിനെ പരിഭ്രാന്തിയിലേക്കു തള്ളിയിട്ട അപ്രതീക്ഷിത നീക്കങ്ങൾ കോൺഗ്രസടക്കമുള്ള ഇന്ത്യാ സഖ്യം പാർട്ടികൾ നടത്തി. വിദ്യാർഥികളുടെ ശക്തിക്കൊപ്പം നിന്ന് ഇന്ത്യാ സഖ്യവും നേട്ടം കൊയ്യുന്നുവെന്ന ഘട്ടത്തിലാണു കേന്ദ്രസർക്കാർ ദ്രുത നടപടികളിലേക്കു കടന്നത്. പക്ഷേ ഇപ്പോഴത്തെ വിദ്യാർഥി മുന്നേറ്റത്തെപോലെ മോദി ഭരണകാലത്ത് ഒരിക്കലും ഒരു പ്രതിപക്ഷ പാർട്ടിക്കും ഇതുപോലൊരു മുന്നേറ്റം സാധ്യമായിട്ടില്ല എന്നത് യാഥാർഥ്യമാണ്. ചങ്ങാത്ത മുതലാളിത്തം, റഫാൽ വിമാന ഇടപാടിലെ അഴിമതി, കർഷക വിഷയം, തൊഴിലില്ലായ്മ, രാജ്യസുരക്ഷ തുടങ്ങി രാഹുൽ ഗാന്ധി പല ഘട്ടങ്ങളിലായി സുപ്രധാന വിഷയങ്ങൾ ഉയർത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയിരുന്നില്ല. സർക്കാർ വിരുദ്ധ നീക്കങ്ങളിൽ പലപ്പോഴും ദിശ മാറിപ്പോയ പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന് മുന്നിലുള്ള പാഠമാണ് ഈ ജെൻസീ പ്രക്ഷോഭ വിജയം.
സംഘടനാ പിൻബലവും ആൾബലവും വേണ്ടുവോളമുള്ള പാർട്ടികൾ വർഷങ്ങളോളം ശ്രമിച്ചിട്ടും കഴിയാതിരുന്നത് സാമൂഹമാധ്യമങ്ങളിലൂടെ സംഘടിച്ച പാറ്റക്കൂട്ടത്തിന് ഒന്നര മാസം കൊണ്ട് നേടിയെടുക്കാൻ കഴിയുന്നുവെങ്കിൽ ഇവർ രാജ്യത്തിന്റെ ഭാവി നിർണയിക്കും എന്ന് അഭിപ്രായപ്പെടുന്നവർ ധാരാളമാണ്. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യത്തിന് "ഇന്ത്യയിൽ ഒന്നിനോടും ഒരിക്കലും 'ഇല്ല' എന്ന് പറയരുത്," എന്നായിരുന്നു സി.ജെ.പി. നേതാവ് അശുതോഷ് റാങ്കയുടെ പ്രതികരണം.
രാജി തീരുമാനത്തിന്റെ പിന്നിൽ ആർ.എസ്.എസ്?
സിജെപിയുമായി പ്രത്യക്ഷത്തിൽ ചർച്ച നടത്തിയത് മന്ത്രിമാരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങുമാണെങ്കിലും, നിയന്ത്രണച്ചരട് ആഭ്യന്തരമന്ത്രി അമിത് ഷായുടെ കയ്യിലായിരുന്നു. പ്രധാൻ, അമിത് ഷായുടെ വിശ്വസ്തനും മന്ത്രിസഭയിലെ ആർ.എസ്.എസിന്റെ മുഖവുമാണ്. അതുകൊണ്ടുതന്നെ പ്രധാനെ സംരക്ഷിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. ഡൽഹി പൊലീസ് ആഭ്യന്തര മന്ത്രിയുടെ കീഴിലായതിനാൽ സാഹചര്യം വഷളായാൽ തന്റെ രാജിയും സമരക്കാർ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് അമിത് ഷാ ഭയന്നു. സി.ജെ.പി പ്രധാനന്ത്രിയുെട രാജി ആവശ്യപ്പെട്ടതും സമരം കൂടുതൽ മുന്നോട്ടുകൊണ്ടുപോയാൽ ആഘാതം കൂടുകയേ ഉള്ളൂവെന്ന വിലയിരുത്തലിൽ എത്തിച്ചു.
അയോധ്യ ഉൾപ്പെടെ വിഷയങ്ങളിൽ മോദി സർക്കാരിന്റെ പ്രവർത്തന ശൈലിയോടുള്ള അനിഷ്ടം ആർ.എസ്.എസ് പ്രകടിപ്പിക്കുന്നുണ്ട്. അതിനാൽ പ്രശ്നപരിഹാരത്തിന് ഏതെങ്കിലും വിധത്തിൽ ഇടപെടാൻ ആർഎസ്എസ് താൽപര്യപ്പെട്ടില്ല. ജന്തർമന്തറിലെ സമരത്തെ കുറിച്ച് പരോക്ഷമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പ്രതികരിച്ച് മണിക്കൂറുകൾക്കകമാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്. പുതിയ തലമുറയുടെ യുക്തിസഹമായ ചിന്താഗതിയെയും ചോദ്യം ചോദിക്കാനുള്ള പ്രവണതയെയും ഉൾക്കൊള്ളണമെന്നും ഇതിനായി പഴയ രീതികൾ മാറ്റണമെന്നുമാണ് മോഹൻ ഭാഗവത് പറഞ്ഞത്. ആ നിലപാട് മന്ത്രിയുടെ രാജി തീരുമാനങ്ങളിൽ നിർണായകമായി. ഈ സമരത്തോടെ ജെൻസികളെ ആകർഷിക്കുന്ന തരത്തിൽ ബിജെപിയിൽ മാറ്റങ്ങൾ വരാനും സാധ്യതയേറെയാണ്. ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ വേണമെന്നും സജീവമാകണമെന്നും ബിജെപി നേതാക്കൾക്ക് നിർദേശം ലഭിച്ചെന്ന റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നതും ഈ മാറ്റത്തിലേക്കാണ്.
കീപ്പ് ക്ലോക്കിങ് ഇറ്റ് ജെൻ സീ
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയിരിക്കുന്നു ജെൻ സി പ്രതിഷേധം. സിജെപി രാഷ്ട്രീയത്തിലിറങ്ങുമോ ഇല്ലയോ എന്നതിൽ ഉപരി യുവജന കേന്ദ്രീകൃത നയത്തിലേക്കും നിലപാടുകളിലേക്കും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ചുവടുമാറ്റം നടത്തുമെന്നുറപ്പാണ്. അതിന്റെ ചർച്ചകളും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. പ്രതിഷേധങ്ങളെ അടിച്ചമർത്തിക്കളയാം എന്ന ഭരണാധികാരികളുടെ അധികാര ആവേശത്തിന് കടിഞ്ഞാൺ വീണിരിക്കുന്നു. ഇനിയും നിഷ്ക്രിയമായി ഇരുന്നുകൂടാ എന്ന് പ്രതിപക്ഷം ഓർമിച്ചുകൊണ്ടിരിക്കുന്നു. പ്രതിഷേധങ്ങൾക്ക് ഭാവിയുണ്ട് എന്ന് വലിയ ജനസമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. ഇത് ഞങ്ങളുടെ വിധിയാണ് എന്ന് പറഞ്ഞ് ഭരണകൂട ഭീഷണികളിൽ വിധേയപ്പെട്ടുകൊണ്ടിരുന്ന പ്രജകൾക്ക് പ്രതികരിക്കാൻ ഊർജം ലഭിച്ചിരിക്കുന്നു. നന്ദി, പ്രിയ ജെൻസീ കൂട്ടുകാരേ... ശശി തരൂർ പറഞ്ഞപോലെ, കീപ്പ് ക്ലോക്കിങ് ഇറ്റ്. അതായത്, കാപട്യവും അനീതിയും തുറന്നുകാട്ടിക്കൊണ്ടേയിരിക്കുക.