സ്പോട്ട്ലൈറ്റ് NEWS MALAYALAM 24X7  സ്പോട്ട്ലൈറ്റ്
OPINION

SPOTLIGHT | ബാലിത്തോറ്റം കേട്ടിട്ടുണ്ടോ സെന്‍സര്‍ ബോര്‍ഡ്?

ഇവിടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മഹത്തായ പ്രശ്‌നമൊന്നുമില്ല. വെറും കോമണ്‍സെന്‍സിന്റെ കാര്യമാണ്

Author : അനൂപ് പരമേശ്വരന്‍

'What In a Name' എന്നൊക്കെ മഹാജ്ഞാനികള്‍ക്കു ചോദിക്കാം. ജാനകിയുടെ പേര് വി. ജാനകി എന്നായാല്‍ തീരുന്ന പ്രശ്‌നങ്ങളൊക്കെയേ ഇന്നാട്ടിലുള്ളു. ഇനി ഈ വി. ജാനകി വൈദേഹി അഥവാ ജാനകി തന്നെയാണെന്ന് ഉറപ്പിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞുവന്നാലോ? കേന്ദ്രമന്ത്രി സുരേഷ് ഗോപി നടിക്കുന്ന സിനിമയാണ് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള. അതിന്റെ പേരാണ് വി. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നു മാറ്റാന്‍ സമ്മതം അറിയിച്ചത്. ആ സിനിമയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ പ്രചാരണം കഴിഞ്ഞ മൂന്നാഴ്ചയായി ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മഹത്തായ പ്രശ്‌നമൊന്നുമില്ല. വെറും കോമണ്‍സെന്‍സിന്റെ കാര്യമാണ്. ഇന്നാട്ടില്‍ ജാനകി എന്നു പേരായ പതിനായിരത്തിലധികം ആളുകള്‍ ജീവിച്ചു മരിച്ചുപോയിട്ടുണ്ട്. ഒരു തലമുറ മാറിക്കഴിഞ്ഞ് വീണ്ടും കുഞ്ഞുങ്ങള്‍ ജനിച്ചു തുടങ്ങിയപ്പോള്‍ ആ പേര് മടങ്ങിവന്നു. പത്തുവയസ്സില്‍ താഴെയുള്ള എത്രയെത്രെയോ ജാനകിമാര്‍ ഇന്നാട്ടിലുണ്ട്. 18 വയസ്സുകഴിഞ്ഞവരും അനേകമുണ്ട്. അവരില്‍ പലരും കോടതികള്‍ കയറുന്നുണ്ട്. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയായി നൂറുകണക്കിനു കേസുകള്‍ നടക്കുന്നുണ്ട്. ഹൈക്കോടതിയുടെ കേസ് രജിസ്റ്റര്‍ ഒന്നു സേര്‍ച്ച് ചെയ്താല്‍ തന്നെ അതു കിട്ടും. ജാനകി എന്നുപേരായ ഒരാള്‍ ഇരയാകാന്‍ പാടില്ല എന്നാണോ സെന്‍സര്‍ബോര്‍ഡ് പറഞ്ഞുവയ്ക്കുന്നത്. ഏതു കാലത്താണ് നമ്മളൊക്കെ ജീവിക്കുന്നത്.

ബാലിത്തോറ്റം കേട്ടിട്ടുണ്ടോ സെന്‍സര്‍ ബോര്‍ഡ്?

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല എന്ന് ആദ്യം പറഞ്ഞതിന് വ്യക്തമായ കാരണമുണ്ട്. സിനിമയ്ക്ക് ഒരു പേരിടുന്നതില്‍ ആവിഷ്‌കാരം ഉണ്ടെങ്കിലും ജാനകി എന്ന പേര് അങ്ങനെയല്ല. കേരളത്തില്‍ പല സഹസ്രം ആളുകള്‍ക്കുള്ളതാണ്. ആ പേര് ഒരു കഥാപാത്രത്തിനു നല്‍കുന്നതില്‍ വലിയ ആവിഷ്‌കാര നൈപുണ്യമൊന്നും ആവശ്യമില്ല. ആരും ഇതുവരെ ഇടാത്ത ഒരു പേര് കണ്ടുപിടിച്ചു നല്‍കുന്നതിലും, ആരും വിചാരിക്കാത്ത അര്‍ത്ഥതലങ്ങള്‍ നല്‍കുന്നതിലുമൊക്കെയാണ്, ആവിഷ്‌കാര സ്വാതന്ത്ര്യം കുടികൊള്ളുന്നത്. ഇവിടെ അതിന്റേതായ ബുദ്ധിമുട്ടൊന്നും ഇല്ലാതെ ലഭിക്കുന്ന പേരാണ് ജാനകി. പാര്‍വതി എന്നാണ് കഥാപാത്രത്തിന്റെ പേര് എങ്കിലും ഇതേ പ്രശ്‌നങ്ങള്‍ ഈ സെന്‍സര്‍ബോര്‍ഡ് ഉയര്‍ത്തില്ലേ? പഴയ പാര്‍വതിയും പുതിയ പാര്‍വതിയുമായി ചലച്ചിത്ര താരങ്ങള്‍ വരെ നമുക്കുണ്ട്. ആദ്യത്തെ പാര്‍വതിയാണെങ്കില്‍ അശ്വതിയെന്ന പേരുപേക്ഷിച്ച് പാര്‍വതിയായതാണ്. പാര്‍വതി എന്ന പേരു സ്വീകരിച്ച പാര്‍വതി ഇരയാകുന്ന സിനിമകളില്‍ അഭിനയിക്കാന്‍ പാടില്ല എന്ന് അന്നത്തെ സെന്‍സര്‍ ബോര്‍ഡ് വിധിച്ചിരുന്നെങ്കിലോ? കുറഞ്ഞത് സിബിഐ ഡയറിക്കുറുപ്പിലെ രണ്ടാമത്തെ സിനിമയായ ജാഗ്രത എങ്കിലും തടഞ്ഞുവയ്‌ക്കേണ്ടിവരുമായിരുന്നു. അതുപോലെ എത്രയെത്ര സിനിമകളില്‍ പാര്‍വതിയെന്ന പേരു സ്വീകരിച്ച അശ്വതി ഇരയായി അഭിനയിച്ചിരിക്കുന്നു. പുതിയ പാര്‍വതിയും എത്രയെത്ര സിനിമകളില്‍ ഇരയായും അതിജീവിതയായും അഭിനയിക്കുന്നു. പുതിയ പാര്‍വതി എന്തെല്ലാം സാമൂഹിക പ്രശ്‌നങ്ങളില്‍ തുറന്നടിച്ചു സംസാരിക്കുന്നു. ഈ ഒരു കോമണ്‍സെന്‍സ് ഉപയോഗിച്ചിരുന്നെങ്കില്‍ തന്നെ സിനിമയുടെ പേര് മാറ്റേണ്ടി വരുമായിരുന്നില്ല.

പരിഹാസ്യമാകുന്നോ പേരുമാറ്റങ്ങള്‍?

സെന്‍സര്‍ ബോര്‍ഡ് മൂന്നുനാലു കാര്യങ്ങളാണ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ക്രോസ് വിസ്താര സീനുകളില്‍ ചില ചോദ്യങ്ങള്‍ സിനിമയില്‍ ഉയരുന്നുണ്ട്. പുരുഷ സുഹൃത്തുണ്ടോ? ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടോ? ലൈംഗിക രംഗങ്ങളുള്ള സിനിമകള്‍ കാണാറുണ്ടോ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മതവികാരം വ്രണപ്പെടുത്തും എന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. ഈ ചോദ്യങ്ങള്‍ക്കു മതവുമായി എന്താണ് ബന്ധം. ഒരു കഥാപാത്രം ഇരയാവുകയാണ്. ഇര കോടതിയില്‍ എത്തുകയാണ്. കോടതിയില്‍ എത്തുന്ന ഇരയോട് ചോദ്യങ്ങള്‍ ചോദിക്കുകയാണ്. ഇത്തരം വഷളന്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന വക്കീലന്മാര്‍ ഇന്നാട്ടില്‍ എമ്പാടുമുണ്ട്. ഇരകളെ അപമാനിച്ച് മതിവരാത്ത അശ്ലീല ലമ്പടന്മാരാണ് അത്തരക്കാര്‍. എങ്ങനെയും പ്രതിയെ കേസില്‍ നിന്ന് വലിച്ചൂരാന്‍ ഇത്തരം കുത്സിത മാര്‍ഗങ്ങള്‍ അവര്‍ സ്വീകരിക്കും. അതൊക്കെ സിനിമയിലും അതുപോലെ വരും. ഇതു സമുദായ സംഘര്‍ഷത്തിനും വഴിവയ്ക്കും എന്നു പറയുന്ന സെന്‍സര്‍ ബോര്‍ഡിനോട് ഒറ്റച്ചോദ്യം ചോദിക്കുകയാണ്. നിങ്ങള്‍ ബാലിത്തോറ്റം കണ്ടിട്ടുണ്ടോ?

കേള്‍ക്കണം ഒരിക്കലെങ്കിലും ബാലിത്തോറ്റം

ബാലിത്തോറ്റം ഇവിടെ ഏതായാലും എടുത്തുചൊല്ലുന്നില്ല. പക്ഷേ വടക്കന്‍ മലബാറിലെ തെയ്യക്കാവുകളില്‍ ഇപ്പോഴും വര്‍ഷത്തില്‍ പലതവണ കെട്ടിയാടാറുണ്ട്. കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ തോറ്റം പാട്ടുകള്‍ ചേര്‍ത്ത് നാടന്‍ കലാ അക്കാദമി പുസ്തകം ഇറക്കിയിട്ടുണ്ട്. അതിലെ ബാലിത്തോറ്റം ഒന്നു വായിക്കുക. ശ്രീരാമന്‍ ഒളിയമ്പ് എയ്ത് വീഴ്ത്തിയ ബാലി കിടക്കുകയാണ്. കിടക്കുമ്പോള്‍ കാണാന്‍ ശ്രീരാമന്‍ വരുന്നു. അപ്പോള്‍ ബാലി ശ്രീരാമനോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. അത് ചോദ്യങ്ങളല്ല, നിശിതമായ വിചാരണയാണ്. ശ്രീരാമന്‍ ഉത്തരമില്ലാതെ നില്‍ക്കുന്ന രംഗമാണ് ബാലിത്തോറ്റത്തിന്റെ കാതല്‍. ലങ്കയിലേക്ക് രാവണന്‍ തട്ടിക്കൊണ്ടുപോയ സീതയെക്കുറിച്ചും അതില്‍ നിശിതമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ബാലി ഉപയോഗിക്കുന്ന ഭാഷപോലും ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്. അന്നത്തെ കാലത്ത് ആ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ നമ്മുടെ മുന്‍തലമുറ കൈനീട്ടി സ്വീകരിച്ചു. ഇന്നും അതു കാവുകളില്‍ കെട്ടിയാടുന്നു. ജാനകി എന്നു പേരായ ഒരു ഇരയെക്കുറിച്ചല്ല ആ തോറ്റത്തില്‍ പറയുന്നത്. ജാനകിയേയും ശ്രീരാമനെയും ലക്ഷ്മണനേയും സുഗ്രീവനേയും കുറിച്ചാണ്. ബാലിയാണ് ആ ചോദ്യങ്ങള്‍ ഉന്നയിച്ച് ശ്രീരാമനെ നമ്രശിരസ്‌കനാക്കുന്നത്. നമ്മുടെ കാലം എത്രമാറിപ്പോയി എന്നറിയാന്‍ ഇതിനപ്പുറം എന്തുവേണം.

ആരെയൊക്കെയാണ് ഇക്കാലം ഭയക്കേണ്ടത്?

സെന്‍സര്‍ ബോര്‍ഡ് പറയുന്നത് ജാനകി എന്ന പേരില്‍ സിനിമയിറക്കിയാല്‍ കലാപം ഉണ്ടാകുമെന്നാണ്. വര്‍ഗീയ കലാപത്തിനു വരെ സാധ്യതയുണ്ടെന്നാണ് ഹൈക്കോടതിയെ അറിയിച്ചത്. ഇന്നാട്ടില്‍ എല്ലാ മതങ്ങളില്‍ ഉള്ളവരും അഭിഭാഷകരായുണ്ട്. അവരൊക്കെ ഇരകള്‍ക്കു വേണ്ടിയും പ്രതികള്‍ക്കുവേണ്ടിയും ഹാജരാകാറുണ്ട്. അവര്‍ ഹാജരാകുന്നത് അവരുടെ തൊഴിലവകാശത്തിന്റെ ബലത്തിലാണ്. അവരുടെ കുടുംബത്തിലുള്ളവരുടെ പോലും നിലപാടാകില്ല അവര്‍ പറയുന്നത്. പിന്നെയെങ്ങനെ അതു മതത്തിന്റെ നിലപാടാകും. അങ്ങനെ ചിന്തിച്ചുകൂട്ടി ഇവിടെ എന്തെങ്കിലും കലാപം നടന്നിട്ടുണ്ടോ. ബാബറി മസ്ജിദ് പൊളിച്ചുകളഞ്ഞ നാടാണിത്. ആ സ്ഥലം ക്ഷേത്രത്തിനുമാത്രമായി വിട്ടുകൊടുത്ത് കോടതി വിധിച്ച മണ്ണാണ്. എന്നിട്ടും ഇവിടെ വലിയ കലാപങ്ങള്‍ ഉണ്ടാകാത്തതിന് ഒരു കാരണമേയുള്ളൂ. മേലാളന്മാരായി ചമഞ്ഞു നടക്കുന്നവരേക്കാള്‍ ബോധം ഇരയാക്കപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്കുണ്ട്. അവരെയാണ് നമിക്കേണ്ടത്.

SCROLL FOR NEXT