CRICKET

വനിതാ ക്രിക്കറ്റർമാർക്ക് നേട്ടം; ആഭ്യന്തര ക്രിക്കറ്റിലും ഏകീകൃത ശമ്പള നിരക്ക് കൊണ്ടുവന്ന് ബിസിസിഐ

വനിതാ ക്രിക്കറ്റിനെ കൂടുതൽ വളർത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് മത്സര ഫീസ് വർധിപ്പിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

മുംബൈ: രാജ്യത്തെ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് പ്രോത്സാഹനമെന്ന നിലയിൽ ആഭ്യന്തര തലത്തിൽ ഏകീകൃത ശമ്പള നിരക്ക് കൊണ്ടുവരാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനിച്ചു. തിങ്കളാഴ്ച നടന്ന അപെക്സ് കൗൺസിൽ യോഗത്തിൽ, സീനിയർ വനിതാ ആഭ്യന്തര ടൂർണമെൻ്റുകളിൽ അവസാന ഇലവനിൽ ഉൾപ്പെടുന്ന കളിക്കാർക്ക് പ്രതിദിനം 50,000 രൂപയും, റിസർവ് ടീം അംഗങ്ങൾക്ക് 25,000 രൂപയും നൽകാനാണ് തീരുമാനിച്ചത്.

ടി20 മത്സരങ്ങൾക്കുള്ള പ്ലേയിങ് ഇലവനിൽ ഉള്ള താരങ്ങൾക്ക് 25,000 രൂപയും റിസർവ് ടീമിൽ ഉള്ളവർക്ക് 12,500 രൂപയും ആയിരിക്കും ഫീസെന്ന് വൃത്തങ്ങൾ അറിയിച്ചു. ജൂനിയർ വനിതാ ടൂർണമെൻ്റുകളിൽ പ്ലേയിംഗ് ഇലവന് പ്രതിദിനം 25,000 രൂപയും റിസർവ് ടീമിന് പ്രതിദിനം 12,500 രൂപയും നൽകും. ടി20 മത്സരങ്ങളിൽ പ്ലേയിംഗ് ഇലവന് 11,500 രൂപയും റിസർവിൽ തുടരുന്നതിന് 6,250 രൂപയും ആയിരിക്കും ഫീസ്.

വനിതാ ക്രിക്കറ്റിനെ കൂടുതൽ വളർത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് മത്സര ഫീസ് വർധിപ്പിക്കുന്നത്. ഈ തീരുമാനത്തിലൂടെ കൂടുതൽ ക്രിക്കറ്റ് കളിക്കാരെ കായികരംഗത്തേക്ക് ആകർഷിക്കാനാകുമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നുണ്ട്. വനിതാ ക്രിക്കറ്റിന് ഇത് ഗണ്യമായ വർധനവാണെങ്കിലും പുരുഷ-വനിതാ ക്രിക്കറ്റ് ശമ്പള ഘടനയിൽ ഇപ്പോഴും വലിയ അന്തരമുണ്ട്.

നിലവിൽ 40 രഞ്ജി മത്സരങ്ങളിൽ കൂടുതൽ കളിച്ചിട്ടുള്ള ഒരു കളിക്കാരന് ബിസിസിഐ ഒരു ദിവസം 60,000 രൂപയും, 21നും 40നും ഇടയിൽ മാച്ചുകൾ കളിച്ചിട്ടുള്ളവർക്ക് 50,000 രൂപയും, 20 മത്സരങ്ങളിൽ അല്ലെങ്കിൽ അതിൽ താഴെ കളിച്ചിട്ടുള്ളവർക്ക് 40,000 രൂപയും നൽകുന്നുണ്ട്. കൂടാതെ അതത് വിഭാഗങ്ങളിൽ 30000, 25000, 20000 രൂപ എന്നിങ്ങനെയാണ് കരുതൽ തുക.

അതേസമയം, സീനിയർ പുരുഷ ക്രിക്കറ്റർമാർക്ക് ബിസിസിഐയുടെ ശമ്പള കരാർ സമ്പ്രദായത്തെ എ പ്ലസ്, എ, ബി, സി, എന്നിങ്ങനെ നാല് വ്യത്യസ്ത ഗ്രേഡുകളായി തിരിച്ചിരിക്കുന്നു. ഓരോന്നിനും ഒരു നിശ്ചിത വാർഷിക ശമ്പളമുണ്ട്. ഇത് റിട്ടെയ്‌നർഷിപ്പ് എന്നറിയപ്പെടുന്നു. വർഷം മുഴുവനും എത്ര മത്സരങ്ങൾ കളിച്ചാലും, മാച്ച് ഫീ വരുമാനത്തിൽ നിന്ന് വേറിട്ടാണ് ഈ തുക കളിക്കാരന് നൽകുന്നത്.

നിലവിൽ എ പ്ലസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിരാട് കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ സജീവമല്ലാത്തതിനാൽ തരംതാഴ്ത്തപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടി20യിൽ നിന്നും വിരമിച്ച രവീന്ദ്ര ജഡേജ ഇപ്പോഴും ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ സജീവ അംഗമായതിനാൽ എ+ വിഭാഗത്തിൽ തന്നെ തുടരാനാണ് സാധ്യത.

കോഹ്‌ലിയും രോഹിത്തും എ കാറ്റഗറിയിലേക്ക് തരം താഴ്ത്തപ്പെട്ടാൽ, ഇരുവർക്കും രണ്ട് കോടി രൂപ കുറവായിരിക്കും. ബിസിസിഐയുടെ എ പ്ലസ് കരാറിന് ഏഴ് കോടി രൂപയും, എ കരാറിന് അഞ്ച് കോടി രൂപയുമാണ് ലഭിക്കുക.

SCROLL FOR NEXT