Source: News Malayalam 24x7
CRICKET

അഗാർക്കറും ഗംഭീറും വന്നു, പിന്നാലെ രോഹിത്തിൻ്റെയും കോഹ്‌ലിയുടെയും കാര്യം 'ശുഭം'; ഇത്രയ്ക്ക് വേണമായിരുന്നോ?

ലെജൻഡുകളെ അവരുടെ കരിയറിൻ്റെ അന്ത്യത്തിൽ ഇങ്ങനെ തുരത്തി ഓടിക്കേണ്ടതുണ്ടോ എന്നാണ് ആരാധകരിൽ പലരുടെയും സംശയം.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകരെ സംബന്ധിച്ചിടത്തോളം ശനിയാഴ്ച അത്ര നല്ല ദിവസമായിരുന്നില്ല. വിരമിക്കുന്നതിന് മുമ്പേ രോഹിത് ശർമയിൽ നിന്ന് ബിസിസിഐ ക്യാപ്റ്റൻസി പദവി തട്ടിയെടുക്കുന്നതിനും, ഒരു യുവതാരത്തിന് കൈമാറുന്നതിനും അവർ സാക്ഷ്യം വഹിച്ച ദിവസമായിരുന്നു അത്. ലെജൻഡുകളെ അവരുടെ കരിയറിൻ്റെ അന്ത്യത്തിൽ ഇങ്ങനെ തുരത്തി ഓടിക്കേണ്ടതുണ്ടോ എന്നാണ് ആരാധകരിൽ പലരുടെയും സംശയം.

എന്നാൽ, 2027 ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിൻ്റെ ശുഭകരമായ ഭാവിക്ക് വേണ്ടിയാണ് ശുഭ്മാൻ ഗില്ലിനെ നായകനാക്കിയതെന്നും, ഇതിഹാസ താരം രോഹിത് ശർമയെ ആ പദവിയിൽ നിന്ന് ഒഴിവാക്കിയതെന്നും വിശദീകരിച്ചിരിക്കുകയാണ് ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ.

രോഹിത് ശർമയുടെ കാര്യത്തിലേക്ക് വരുമ്പോൾ ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്ക് പുറമെ ഭാവിയിലുള്ള ഇന്ത്യയുടെ ഏകദിന പരമ്പരകൾ കൂടി പരിഗണിച്ചാണ് ബിസിസിഐയുടെ ഈ നിർണായക തീരുമാനം. ഏകദിന ഫോർമാറ്റുകളിൽ മാത്രം കളിക്കുന്നതിനാൽ വരുംകാല ടൂർണമെൻ്റുകളിൽ രോഹിത്തിനും കോഹ്‌ലിക്കും കളിക്കാനാകുമോ എന്ന് ബിസിസിഐയ്ക്ക് സംശയമുണ്ട്.

ഇതിന് പുറമെ എല്ലാ ഫോർമാറ്റുകളിലും ഒരു നായകൻ മതിയെന്ന ബിസിസിഐയിലെ ചില തലമുതിർന്ന വ്യക്തികളുടെ പിടിവാശിയാണ് രോഹിത്തിന് തിരിച്ചടിയായത്. നിലവിൽ കാര്യമായ ഫോമിൽ അല്ലാതിരുന്നിട്ട് കൂടി ശുഭ്മാൻ ഗില്ലിനെ എല്ലാ ഫോർമാറ്റുകളിലും താക്കോൽ സ്ഥാനം ഏൽപ്പിക്കണമെന്നാണ് അഗാർക്കറും ഗംഭീറും കണക്ക് കൂട്ടുന്നത്.

ഇന്ത്യൻ ക്രിക്കറ്റിലെ അഗാർക്കർ ഇഫക്ട്!

അതേസമയം, തന്നെ 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ ആസൂത്രണമാണ് രോഹിത്തിന് തിരിച്ചടിയായതെന്നാണ് യഥാർഥ വസ്തുത. നിർണായക പരമ്പരയ്ക്ക് രണ്ട് വർഷത്തോളം ശേഷിക്കെ ഏകദിനത്തിൽ മാത്രം കളിച്ച് മുന്നോട്ടുപോകുന്ന രോഹിത് ശർമയ്ക്ക് കാര്യമായ മത്സര പരിചയം ലഭിക്കില്ലെന്നാണ് സെലക്ടർമാരിൽ ചിലർ ചൂണ്ടിക്കാട്ടിയത്. ഇതു തന്നെയാണ് അജിത് അഗാർക്കറും കഴിഞ്ഞ ദിവസത്തെ പ്രസ് മീറ്റിൽ ചൂണ്ടിക്കാട്ടിയത്.

അന്താരാഷ്ട്ര തലത്തിൽ ചാംപ്യൻസ് ട്രോഫി ഫൈനലിലാണ് രോഹിത് അവസാനമായി കളിച്ചത്. അതുപോലെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയാണ് ഹിറ്റ്മാൻ അവസാനമായി ഗ്രൗണ്ടിലിറങ്ങിയത്. റിപ്പോർട്ടുകൾ പ്രകാരം രോഹിത്തിനെ ക്യാപ്റ്റൻസി പദവിയിൽ നിന്ന് ഒഴിവാക്കുന്നതിൽ സെലക്ടർമാർക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിലേക്ക് ചർച്ച നീണ്ടതോടെ ഈ പ്രതിരോധം ക്രമേണ അലിഞ്ഞില്ലാതായെന്നും ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുകയുണ്ടായി.

വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെ പ്രായത്തിൽ രണ്ട് വർഷത്തെ വ്യത്യാസമുണ്ടെങ്കിലും, ഫിറ്റ്നസ് ലെവൽ വ്യത്യസ്തമാണെങ്കിലും ഇരുവർക്കും ഒരു പോലെയുള്ള പരിഗണനയാണ് സെലക്ടർമാരുടെ യോഗത്തിൽ ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ബിസിസിഐ എടുത്ത അന്തിമ തീരുമാനം ഇപ്രകാരമായിരുന്നു.

"ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കാര്യങ്ങൾ വലിച്ചുനീട്ടിക്കൊണ്ടേയിരുന്നാൽ കാര്യങ്ങൾ സങ്കീർണ്ണമാകും. 38കാരനായ രോഹിത്തിൻ്റെയും 36കാരനായ കോഹ്‌ലിയുടെയും കാര്യത്തിൽ നിങ്ങൾക്ക് ഇനിയും അന്ധമായി കണ്ണടച്ച് ബെറ്റ് വയ്ക്കാൻ കഴിയില്ല. അതിനാൽ പല യുവാക്കൾക്കും ഫോമും ഫിറ്റ്നസും നഷ്ടപ്പെട്ടേക്കാം. അതിനാൽ ഗില്ലിനെ ക്യാപ്റ്റനാക്കുകയാണ് സുരക്ഷിതമായ പന്തയം."

ഗംഭീർ ഇഫക്ട് പോസിറ്റീവോ?

2024 ജൂലൈയിൽ ടി20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് ​ഗംഭീറിനെ കോച്ചായി ബിസിസിഐ നിയമിച്ചത്. ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കോച്ചിങ് ടീമിൽ നിന്നും രാജിവെച്ചാണ് ​ഗംഭീർ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്.

1.4 ബില്യൺ ജനങ്ങളുടെ സ്വപ്നങ്ങളും തോളിലേറ്റിയാണ് ടീം ഇന്ത്യ നിലനിൽക്കുന്നതെന്നും ആ സ്വപ്നസാഫല്യത്തിനായി തൻ്റെ കഴിവിൻ്റെ പരമാവധി ശ്രമിക്കുമെന്നായിരുന്നു ചുമതലയേറ്റ ഉടനെ ​ഗംഭീറിൻ്റെ ആദ്യ പ്രതികരണം. എന്നാൽ ഗംഭീർ വന്നതോടെ ടീമിലെ സീനിയർ താരങ്ങളുടെയെല്ലാം നിലനിൽപ്പ് അവതാളത്തിലായി എന്നതാണ് വാസ്തവം. രവിചന്ദ്ര അശ്വിൻ, രോഹിത് ശർമ, വിരാട് കോഹ്‌ലി, ചേതേശ്വർ പൂജാര, അമിത് മിശ്ര എന്നിവരാണ് വിവിധ ഫോർമാറ്റുകളിൽ നിന്നായി വിരമിച്ചത്.

അശ്വിൻ 2024 ഡിസംബറിൽ ഓസീസ് പര്യടനത്തിന് ഇടയിലാണ് അപ്രതീക്ഷിതമായി വിരമിച്ചതും പരമ്പരയിൽ നിന്നും പിന്മാറിയതും. രോഹിത്തും കോഹ്‌ലിയും 2025 മെയ് 7, 12 തീയതികളിലായാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. അതിനും മുമ്പേ 2024 ജൂൺ അവസാനത്തോടെ ടി20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ ടെസ്റ്റ് ടീമിൽ മധ്യനിരയിലെ പ്രധാനിയായിരുന്ന ചേതേശ്വർ പൂജാര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത് 2025 ഓഗസ്റ്റ് 24നായിരുന്നു. അതിന് പിന്നാലെ സെപ്റ്റംബർ 4ന് ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങളിലൊരാളായ അമിത് മിശ്രയും ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.

സംഗ്രഹം - "ചൊല്ലിക്കൊട്, തല്ലിക്കൊട്... തള്ളിക്കള!"

26കാരനായ ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനാക്കിയതോടെ കോഹ്ലിക്കും രോഹിത്തിനും ബിസിസിഐ നൽകുന്ന മുന്നറിയിപ്പ് വ്യക്തമാണ്. ഫോമിൽ അല്ലെങ്കിൽ വിരമിക്കലിനപ്പുറം വിശ്രമാനന്തര ജീവിതത്തിന് തയ്യാറെടുത്തോളൂ എന്ന് തന്നെയാണ് അത്. എന്നാൽ അപ്പുറത്ത് നിൽക്കുന്ന ബീസ്റ്റുകളെ ലോകത്തെ മുഴുവൻ ക്രിക്കറ്റ് ആരാധകർക്കും പരിചയമുണ്ട്. അവരെ വില കുറച്ച് കാണാതെ ഉചിതമായ യാത്രയയപ്പ് നൽകി യാത്രയാക്കൂ. അതാണ് ഇന്ത്യയുടെ കോടിക്കണക്കിന് ആരാധകരും ആഗ്രഹിക്കുന്നത്.

SCROLL FOR NEXT