ജയ്പൂർ: ഇന്ത്യൻ മുൻ കോച്ചും ഇതിഹാസ താരവുമായ രാഹുൽ ദ്രാവിഡിനെ ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ് തഴഞ്ഞത് പണിഷ്മെൻ്റ് എന്ന രീതിയിലെന്ന് റിപ്പോർട്ട്. പേര് വെളിപ്പെടുത്താത്ത, രണ്ട് ഐപിഎൽ ടീമുകളുടെ ഭാഗമായിരുന്ന ഒരു സപ്പോർട്ടിങ് സ്റ്റാഫിനെ ഉദ്ധരിച്ചാണ് പിടിഐ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജസ്ഥാൻ റോയൽസിൻ്റെ ടീമിൽ ഉന്നതമായ മറ്റൊരു പദവി നൽകാമെന്ന അറിയിപ്പോടെ രാഹുൽ ദ്രാവിഡിനെ ക്ലബ്ബ് ഒതുക്കുകയാണ് ചെയ്തതെന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. "നിങ്ങൾ എപ്പോഴെങ്കിലും ഏതെങ്കിലും ഐപിഎൽ ടീമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ, ഈ ഒരു കാര്യം മനസിലാകും. ഒരു മുഖ്യ പരിശീലകന് കൂടുതൽ വിശാലമായ പദവി വാഗ്ദാനം ചെയ്യപ്പെടുമ്പോഴെല്ലാം, അതൊരു പണിഷ്മെൻ്റ് പ്രമോഷൻ പോലെയാണ്. അതിനർത്ഥം യഥാർത്ഥ ടീം നിർമാണ പ്രക്രിയയിൽ നിങ്ങൾക്കിനി ഒരു പങ്കുമില്ല എന്നാണ്," ഇന്ത്യൻ പരിശീലകൻ പിടിഐയോട് പറഞ്ഞു.
"ക്ലബ്ബിൻ്റെ മാനേജ്മെൻ്റ് തലത്തിൽ കൂടുതൽ ഉയർന്ന പദവികൾ രാഹുൽ ദ്രാവിഡിന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും, അദ്ദേഹം അതെല്ലാം നിഷേധിക്കുകയായിരുന്നു," എന്നാണ് രാജസ്ഥാൻ റോയൽസ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
2025 സീസണിലെ മോശം പ്രകടനത്തിന് ശേഷം രാജസ്ഥാൻ റോയൽസിൻ്റെ ദീർഘകാല നായകനായ സഞ്ജു സാംസൺ ഇതിനോടകം തന്നെ ടീമിന് പുറത്തേക്ക് പോകാൻ തയ്യാറെടുത്ത് നിൽക്കുന്നതിനാൽ, ദ്രാവിഡിൻ്റെ വിടപറച്ചിൽ ക്ലബ്ബിന് ഇരട്ട ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിന് ഒമ്പതാം സ്ഥാനം മാത്രമെ ലഭിച്ചുള്ളൂ.
ശ്രീലങ്കയുടെ മുൻ നായകൻ കുമാർ സംഗക്കാരയെ ക്ലബ്ബ് തിരിച്ചുകൊണ്ടുവരുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. രാജസ്ഥാൻ റോയൽസിൻ്റെ ഡയറക്ടർ ബോർഡ് അംഗമായും മുഖ്യ പരിശീലകനായും മികച്ച ട്രാക്ക് റെക്കോർഡാണ് സംഗക്കാരയ്ക്ക് അവകാശപ്പെടാനുള്ളത്.
അതോടൊപ്പം സഞ്ജു സാംസൺ പുറത്തേക്ക് പോകുമ്പോൾ പകരം ആരെ ക്യാപ്റ്റനാക്കുമെന്നതും അവരുടെ പ്രധാന പ്രശ്നമാണ്. റിയാൻ പരാഗ്, യശസ്വി ജെയ്സ്വാൾ, ധ്രുവ് ജുറേൽ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ ആർക്ക് നറുക്ക് വീഴുമെന്നത് കാത്തിരുന്ന് കാണേണ്ടി വരും.
അതേസമയം, ദ്രാവിഡിനായി വൈകാരികമായ വിടവാങ്ങൽ കുറിപ്പാണ് രാജസ്ഥാൻ റോയൽസ് മാനേജ്മെൻ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. "2026 ഐപിഎൽ സീസണിൽ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് ടീമിനൊപ്പം ഉണ്ടാകില്ല. നിരവധി വർഷങ്ങളായി രാജസ്ഥാനോടൊപ്പം സഞ്ചരിക്കുന്ന വ്യക്തിത്വമാണ് രാഹുൽ ദ്രാവിഡ്. അദ്ദേഹത്തിൻ്റെ സാന്നിധ്യം പലതലമുറകളേയും സ്വാധീനിക്കുകയും ടീമിനുള്ളിൽ ഉറച്ച മൂല്യങ്ങൾ കൊണ്ടുവരുന്നതിനും കാരണമായിട്ടുണ്ട്. ക്ലബ്ബിൻ്റെ മാനേജ്മെൻ്റ് തലത്തിൽ കൂടുതൽ ഉയർന്ന പദവികൾ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ദ്രാവിഡ് അതെല്ലാം നിഷേധിക്കുകയായിരുന്നു. രാജസ്ഥാൻ റോയൽസും താരങ്ങളും അതിൻ്റെ ദശലക്ഷക്കണക്കിന് വരുന്ന ആരാധകരും അദ്ദേഹത്തിന് ഹൃദയത്തിൽ തൊട്ട് നന്ദിയറിയിക്കുന്നു," രാജസ്ഥാൻ റോയൽസ് ടീം എക്സിൽ കുറിച്ചു.