ടി20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് സൂര്യകുമാര്‍ യാദവിനെ നീക്കുമെന്ന് സൂചന. ഈ മാസം അവസാനം നടക്കാനിരിക്കുന്ന അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വാര്‍ത്ത പുറത്തു വരുന്നത്.
2028-ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ട് പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. ഭാവിയിലേക്കുള്ള ശക്തമായ ടീമിനെ കെട്ടിപ്പടുക്കുന്നതിനുള്ള ആദ്യപടിയായാണ് സൂര്യകുമാറിനെ മാറ്റാനുള്ള ഈ തീരുമാനം എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതിനൊപ്പം ടീമില്‍ സൂര്യകുമാറിന്റെ സ്ഥാനവും ബിസിസിഐ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് വിവരം. സമീപകാലത്തെ സൂര്യകുമാറിന്റെ ഫോമില്ലായ്മയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ബിസിസിഐ എത്താനുള്ള കാരണം എന്നാണ് സൂചന.
ഇന്ത്യക്കു വേണ്ടി 113 ടി20 മത്സരങ്ങള്‍ കളിച്ച സൂര്യകുമാര്‍ യാദവിന്റെ സ്‌ട്രൈക് റേറ്റ് 162.94 ആണ്്. 3272 റണ്‍സാണ് മത്സരങ്ങളില്‍ നിന്നായി താരം നേടിയത്. എന്നാല്‍ അടുത്ത കാലത്തായി താരത്തിന്റെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു.
2025 ജനുവരി 1 മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 35 മത്സരങ്ങളില്‍ നിന്ന് വെറും 26 ശരാശരിയില്‍ 702 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഇതിന് മുന്‍പ്, 2024 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഒരു വര്‍ഷത്തില്‍ 18 ടി20 മത്സരങ്ങളില്‍ നിന്ന് 26.81 ശരാശരിയില്‍ 429 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം.
ഐപിഎല്ലിലും സൂര്യകുമാറിന് തിളങ്ങാനായിരുന്നില്ല. 13 ഇന്നിങ്‌സുകളിലായി 20.76 ശരാശരിയില്‍ 270 റണ്‍സാണ് നേടിയത്. 2024 ല്‍ ടി20 ക്യാപ്റ്റനായതിനു ശേഷം താരത്തിന് മികച്ച പ്രകടനം നടത്താനായിട്ടില്ല.
2024 ജൂലൈയില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ശേഷം, വെറും 25.88 ശരാശരി മാത്രമാണുള്ളത്. ഇതില്‍ ആറ് അര്‍ദ്ധസെഞ്ചുറികളും നാല് ഡക്കുകളും ഉള്‍പ്പെടുന്നു. ക്യാപ്റ്റനാകുന്നതിന് മുന്‍പുള്ള മികച്ച ഫോമുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വലിയൊരു തകര്‍ച്ചയാണ്. നായകനാകുന്നതിന് മുന്‍പ് 43.60 എന്ന മികച്ച ശരാശരിയുണ്ടായിരുന്നു. അക്കാലയളവില്‍ നാല് സെഞ്ചുറികളും 20 അര്‍ദ്ധസെഞ്ചുറികളും നേടിയിരുന്നു.
അതേസമയം, സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലാണ് ടീം ഇന്ത്യ 2025 ഏഷ്യ കപ്പും 2026 ടി20 ലോകകപ്പും നേടിയത്.