കൊച്ചി: ജനപ്രിയ സമൂഹ മാധ്യമമായ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളിൽ സജീവമാകുകയാണെന്ന് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. ഇത്തരം തട്ടിപ്പുകൾ വഴി വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കുകയും, ആൾമാറാട്ടം നടത്തി സാമ്പത്തിക തട്ടിപ്പുകൾ ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ നടത്തുകയും പൊതുജനങ്ങൾക്ക് സാമ്പത്തിക നഷ്ടത്തിനും മാനഹാനിക്കും സൈബർ ഭീഷണിക്കും കാരണമാകുകയും ചെയ്യുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
ജനപ്രിയ സമൂഹമാധ്യമമായ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളിൽ സജീവമായി തുടരുന്നു. ഇത്തരം തട്ടിപ്പുകൾ വഴി വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കുകയും, ആൾമാറാട്ടം നടത്തി സാമ്പത്തിക തട്ടിപ്പുകൾ ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ നടത്തുകയും പൊതുജനങ്ങൾക്ക് സാമ്പത്തിക നഷ്ടത്തിനും മാനഹാനിക്കും സൈബർ ഭീഷണിക്കും കാരണമാകുകയും ചെയ്യുന്നു.
തട്ടിപ്പുകാർ സാധാരണക്കാരുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് അവരുടെ ഫോൺകളിലോ, ലാപ്ടോപ്പുകളിലോ ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നു. ഈ സമയം രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒടിപി സന്ദേശം അയയ്ക്കപ്പെടുന്നു. തുടർന്ന് തട്ടിപ്പുകാർ തന്നെ ഫോൺ വിളിച്ച് വിശ്വാസം നേടിയെടുക്കുകയും, എസ്എംഎസ് വഴി ലഭിക്കുന്ന ഒടിപി കൈക്കലാക്കുകയും ചെയ്യുന്നു. ടു സ്റ്റെപ്പ് വെരിഫിക്കേഷൻ സജ്ജമാക്കിയിട്ടില്ലാത്ത ആളുകളുടെ വാട്സ്ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലുള്ളത്.
പലപ്പോഴും സാധാരണക്കാർക്ക് അവരുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തതായി ഉടൻ മനസ്സിലാവാറില്ല. തട്ടിപ്പുകാർ ഫോൺ നമ്പറും വാട്സ്ആപ്പ് അക്കൗണ്ടിന്റെയും നിയന്ത്രണം സ്വന്തമാക്കിയാൽ അക്കൗണ്ട് ലോഗ്ഔട്ട് ആകുകയും, പ്രശ്നം പരിഹരിക്കാനുള്ള ആദ്യ ശ്രമമായി ഇര വാട്സ്ആപ്പ് ഡിലീറ്റ് ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുകയും ചെയ്യും.
ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒടിപി തെറ്റായി പലവട്ടം നൽകുന്നതിനാൽ വാട്സ്ആപ്പ് സുരക്ഷാ സംവിധാനം ഒടിപി ജനറേറ്റ് ചെയ്യുന്നത് 12 മുതൽ 24 മണിക്കൂർ വരെ തടഞ്ഞുവയ്ക്കും. ഈ സമയത്ത് സ്വന്തം വാട്സ്ആപ്പ് അക്കൗണ്ടിൽ പ്രവേശിക്കാൻ കഴിയില്ല.
ഈ ഇടവേളയിൽ തട്ടിപ്പുകാർ ഇരയുടെ വാട്സ്ആപ്പ് അക്കൗണ്ടിൽ ആൾമാറാട്ടം നടത്തി സുഹൃത്തുക്കളെയും ബന്ധുക്കളെയും ലക്ഷ്യം വെച്ച് പണം ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങൾ അയയ്ക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യും. കൂടാതെ, പുതിയ തട്ടിപ്പുകൾക്കായി എപികെ ലിങ്കുകളും മറ്റു ദോഷകരമായ ഫയലുകളും അയക്കാറുണ്ട്.