മകന്‍ ജുനൈദ് ഖാന്റെ പുതിയ സിനിമ ലൗയപ്പയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് ആമിര്‍ ഖാന്‍ എന്തുകൊണ്ട് പുകവലി നിര്‍ത്തുന്നുവെന്ന് വ്യക്തമാക്കിയത്
കാലങ്ങളായി ആമര്‍ ഖാന്‍ എന്ന നടന്‍ തുടര്‍ന്ന് വന്നിരുന്ന ശീലമാണ് പുകവലി. അടുത്തിടെയാണ് ആമിര്‍ ഖാന്‍ പുകവലി നിര്‍ത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കിയിരിക്കുകയാണ് ആമിര്‍ ഖാന്‍ ഇപ്പോള്‍. തന്റെ മകന്‍ ജുനൈദ് ഖാന്റെ പുതിയ സിനിമ ലൗയപ്പയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് ആമിര്‍ ഖാന്‍ എന്തുകൊണ്ട് പുകവലി നിര്‍ത്തുന്നുവെന്ന് വ്യക്തമാക്കിയത്.
'ഞാന്‍ പുകവലി നിര്‍ത്തി. എനിക്ക് വളരെ ഇഷ്ടപ്പെട്ട കാര്യമാണ് പുകവലി. എന്ത് ചെയ്യാനാണ് അതാണ് സത്യം. എനിക്ക് നുണ പറയാന്‍ കഴിയില്ല. വര്‍ഷങ്ങളായി ഞാന്‍ പുകവലിക്കുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ പൈപ്പാണ് ഉപയോഗിക്കുന്നത്. പുകയില എനിക്ക് വളരെ ഇഷ്ടമാണ്. അത് ആരോഗ്യത്തിന് നല്ലതല്ല. ആരും ഇത് ചെയ്യരുത്', എന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്.
'ഈ മോശം ശീലം നിര്‍ത്തുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. പിന്നെ ഇത് കേള്‍ക്കുകയും കാണുകയും ചെയ്യുന്നവരോടും എനിക്ക് പറയാനുള്ളത് പുകവലി നിര്‍ത്തണം എന്നാണ്. കാരണം ഇതൊരു നല്ല ശീലമല്ല. എനിക്ക് നിര്‍ത്തണം എന്ന് തോന്നി, കാരണം എന്റെ മകന്റെ കരിയര്‍ ആരംഭിക്കുകയാണ്. ഞാന്‍ ഹൃദയത്തില്‍ നിന്ന് തീരുമാനിച്ചതാണ്. അതിപ്പോള്‍ സിനിമ വിജയിച്ചാലും ഇല്ലെങ്കിലും ഞാന്‍ പുകവലി നിര്‍ത്തുകയാണ്. ഒരു അച്ഛന്‍ എന്ന നിലയില്‍ ത്യാഗം ചെയ്യുകയാണ് ഞാന്‍', എന്നും ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
നെറ്റ്ഫ്‌ലിക്‌സ് സിനിമയായ മഹാരാജിലൂടെയാണ് ജുനൈദ് ഖാന്‍ സ്‌ക്രീനിലേക്ക് എത്തുന്നത്. എന്നാല്‍ ലൗയപ്പ ജുനൈദിന്റെ ആദ്യത്തെ തിയേറ്റര്‍ റിലീസ് ആണ്. ഫെബ്രുവരി 7ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ഖുഷി കപൂറാണ് നായിക. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും ചിത്രത്തെ പിന്തുണയ്ക്കുന്നുണ്ട്. സിതാരെ സമീന്‍ പര്‍ എന്ന ചിത്രത്തിലാണ് ആമിര്‍ ഖാന്‍ അടുത്തതായി അഭിനയിക്കുന്നത്.