പ്ലസ്ടു വിദ്യാര്‍ഥിയടക്കം ഒമ്പത് പേരെയാണ് പുതുതായി അറസ്റ്റ് ചെയ്തിരിക്കുന്നത്.
പത്തനംതിട്ടയില്‍ കായികതാരത്തെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ്. പ്ലസ്ടു വിദ്യാര്‍ഥിയടക്കം ഒമ്പത് പേരെയാണ് പുതുതായി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ, അറസ്റ്റിലായവരുടെ എണ്ണം 14 ആയി. വരും ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ച പീഡന വാര്‍ത്ത പുറത്തു വന്നത്. 62 പേര്‍ ലൈംഗികമായി ചൂഷണത്തിനിരയാക്കിയെന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഇതില്‍ കുട്ടിയുടെ കായികാധ്യാപകരും സഹപാഠികളും അയല്‍വാസികളുമെല്ലാം ഉള്‍പ്പെടുന്നു.
Also Read: പത്തനംതിട്ടയിലെ കായികതാരം കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തല്‍; 10 പേര്‍ കൂടി കസ്റ്റഡിയില്‍
സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെ ടീച്ചറോടാണ് കുട്ടി വിവരം തുറന്നുപറയുന്നത്. ഈ മൊഴിയാണ് സിഡബ്ല്യുസിയുടേയും തുടര്‍ന്ന് പൊലീസിന്റെയും കൈയ്യില്‍ എത്തുന്നത്. കായിക പരിശീലനത്തിന് എത്തിയപ്പോള്‍ അധ്യാപകരും, പിന്നീട് സഹപാഠികളും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. പീഡിപ്പിച്ചവരുടെ വിവരങ്ങള്‍ പെണ്‍കുട്ടി ഡയറിയില്‍ എഴുതി വെച്ചിരുന്നു.
ഇപ്പോള്‍ പതിനെട്ട് വയസ്സുള്ള പെണ്‍കുട്ടി നേരിട്ട മൂന്നര കൊല്ലമായുള്ള പീഡന വിവരങ്ങളാണ് സിഡബ്ല്യുസി വഴി പൊലീസിന് മുന്നിലെത്തിയത്. കുട്ടിയെ പീഡിപ്പിച്ചവരില്‍ 40ഓളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
വീടുമായി അടുപ്പമുള്ള ആളുകളാണ് ആദ്യം പീഡിപ്പിച്ചത്. കുട്ടിയുടെ നഗ്‌നചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ തേടിയെത്തിയത്. ഇവര്‍ നിരന്തരം സമീപിക്കുകയും, പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. കുട്ടിയുടെ അച്ഛന്റെ ഫോണിലായിരുന്നു ആളുകള്‍ വിളിച്ചിരുന്നതെന്നും പെണ്‍കുട്ടി പറയുന്നു. 42 പേരുടെ ഫോണ്‍ നമ്പറുകള്‍ പെണ്‍കുട്ടി അച്ഛന്റെ ഫോണില്‍ സേവ് ചെയ്തിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിലവില്‍ അഞ്ച് കേസുകളാണ് സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ന് മാത്രം മൂന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.