സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു ചെറിയ വീഡിയോയിലൂടെയാണ് സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പങ്കുവെച്ചത്.
മണിരത്നം ചിത്രം തഗ് ലൈഫിനായി ഡബ്ബിങ് ആരംഭിച്ച് കമല്‍ഹാസന്‍. വന്‍ വിജയമായ നായകന്‍ എന്ന സിനിമയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന സിനിമയെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്നതിന് സമാന്തരമായി ഡബ്ബിങും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു ചെറിയ വീഡിയോയിലൂടെയാണ് സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത്.
കമലിന് പുറമെ സിലമ്പരശനും തന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഭാഗങ്ങളുടെ ഡബ്ബിംഗിലേക്ക് കടന്നു. ചിത്രം 2024 അവസാനത്തോടെ തീയേറ്ററുകളിലെത്തിക്കാനാണ് ആലോചന. രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും മദ്രാസ് ടാക്കീസും റെഡ് ജയൻ്റ് മൂവീസും സംയുക്തമായി നിർമിച്ച ചിത്രത്തിൻ്റെ കഥ മണിരത്നവും കമൽഹാസനും ചേർന്നാണ് എഴുതിയത്. രംഗരായ ശക്തിവേല്‍ നായ്കര്‍ എന്ന കഥാപാത്രമായി കമല്‍ എത്തുന്ന ചിത്രം ഒരു പീരിയോഡിക് ആക്ഷന്‍ ഡ്രാമയായിരിക്കും.
ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി എന്നിവര്‍ പ്രഖ്യാപന വേളയില്‍ സിനിമയുടെ ഭാഗമായിരുന്നു. എന്നാല്‍ ഡേറ്റ് ക്ലാഷ് മൂലം ഇരുവരും പ്രൊജക്ടില്‍ നിന്ന് പിന്മാറുകയായിരുന്നു. പങ്കജ് ത്രിപാഠി, സിലംബരശൻ, അലി ഫസൽ, അശോക് സെൽവൻ, ജോജു ജോർജ്, തൃഷ, ഐശ്വര്യ ലക്ഷ്മി, സന്യ മൽഹോത്ര, രോഹിത് സറഫ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എ.ആർ. റഹ്മാൻ സംഗീതവും രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും, ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു എന്നതാണ് തഗ് ലൈഫിന്‍റെ മറ്റൊരു ഹൈലൈറ്റ്. സിനിമയുടെ ഔദ്യോഗിക റിലീസ് തീയതി വരും മാസങ്ങളില്‍ പ്രഖ്യാപിച്ചേക്കും.