fbwpx
"ഇനി സംവിധാൻ ബച്ചാവോ യാത്ര"; ഭാരത് ജോഡോയ്ക്ക് സമാനമായ പദയാത്രക്കൊരുങ്ങി കോൺഗ്രസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Dec, 2024 10:07 PM

അടുത്ത റിപ്പബ്ലിക് ദിനത്തിൽ യാത്ര സംഘടിപ്പിക്കാനാണ് തീരുമാനം

NATIONAL

ഭാരത് ജോഡോ യാത്രയുടെ ദൃശ്യങ്ങൾ


ഭാരത് ജോഡോ യാത്രയ്ക്ക് സമാനമായി രാഷ്ട്രീയ പദയാത്ര നടത്താനൊരുങ്ങി കോൺഗ്രസ്. അടുത്ത റിപ്പബ്ലിക് ദിനത്തിൽ ഭാരത് സംവിധാൻ ബച്ചാവോ രാഷ്ട്രീയ പദയാത്ര എന്ന പേരിൽ യാത്ര സംഘടിപ്പിക്കും. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. പാർട്ടിക്കുള്ളിൽ സമ്പൂർണ ഉടച്ചുവാർക്കലിനും തീരുമാനമായിട്ടുണ്ട്.


മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം, ഇന്‍ഡ്യാ സഖ്യത്തിൻ്റെ തലപ്പത്തേക്ക് മമതാ ബാനർജിയെത്തണമെന്ന വർധിച്ചു വരുന്ന ആവശ്യം, എഎപി കോൺഗ്രസിനെതിരെ തിരിഞ്ഞ സാഹചര്യം എന്നിവയ്ക്കിടയിലാണ് കോൺഗ്രസിൻ്റെ സംവിധാൻ ബച്ചാവോ രാഷ്ട്രീയ പദയാത്രയുടെ പ്രഖ്യാപനം. കർണാടകയിലെ ബെലഗാവിയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് പിന്നാലെയാണ് നിർണായക തീരുമാനം. അടുത്ത റിപ്പബ്ലിക് ദിനത്തിൽ യാത്ര സംഘടിപ്പിക്കാനാണ് തീരുമാനം.


ALSO READ: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുന്നു; കോൺഗ്രസിനെ സഖ്യത്തിൽ നിന്ന് പുറത്താക്കാൻ ഇന്‍ഡ്യാ ബ്ലോക്കിനോട് ആവശ്യപ്പെടുമെന്ന് എഎപി


ഉത്തരവാദിത്തവും കഴിവും അടിസ്ഥാനമാക്കിയുള്ള ഒരു വലിയ സംഘടനാ പുനഃക്രമീകരണം ഉടനടി ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. ഇത് സംബന്ധിച്ച പ്രമേയവും പ്രവർത്തക സമിതി യോഗം പാസ്സാക്കി. ഭരണഘടനെക്കെതിരെ ബിജെപി നടത്തുന്ന ആക്രമങ്ങൾക്കെതിരെയും വിലക്കയറ്റം അഴിമതി തുടങ്ങിയവയിൽ ജനങ്ങൾക്കുള്ള ആശങ്കകൾ ഉയർത്തിയായിരിക്കും പദയാത്ര.


ഭാരത് ജോഡോ യാത്ര കോൺഗ്രസിന് പുതുജീവൻ നൽകിയെന്നും, യാത്ര കോൺഗ്രസിൻ്റെ രാഷ്ട്രീയത്തിൽ സുപ്രധാന വഴിത്തിരിവായെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. നാളെ മുതൽ 'ജയ് ബാപ്പു ജയ് ഭീം ജയ് ഭരണഘടന' എന്ന പേരിൽ ക്യാമ്പയിൻ ആരംഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പറഞ്ഞു. സംഘടനാ നവീകരണ പരിപാടികളും നേതാക്കളുടെ കഴിവുകളും എല്ലാ തലത്തിലും സമഗ്രമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ALSO READ: തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി നേതാക്കൾ അറസ്റ്റിലാവും; അരവിന്ദ് കെജ്‌രിവാൾ


അതേസമയം കോണ്‍ഗ്രസിനെ സഖ്യത്തില്‍ നിന്നും നീക്കണമെന്ന് ഇന്‍ഡ്യാ ബ്ലോക്കിലെ മറ്റ് പാർട്ടികളോട് ആവശ്യപ്പെടുമെന്ന വാദവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തിയിരിക്കുകയാണ്. ഡല്‍ഹിയിലെ കോണ്‍‌ഗ്രസ് നേതാവ് അജയ് മാക്കൻ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നതാണ് ആം ആദ്മിയെ ചൊടിപ്പിച്ചത്. സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍‌ഗ്രസ് ബിജെപിയെ സഹായിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി മർലേനയും എഎപി രാജ്യസഭ എംപി സഞ്ജയ് സിംഗും ആരോപിച്ചിരുന്നു.


ലോക്സഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയും കോണ്‍ഗ്രസും ഒരുമിച്ചാണ് ബിജെപിക്കെതിരെ മത്സരിച്ചത്. ഇരു പാർട്ടികളുടെയും നേതാക്കൾ പരസ്പരം സ്ഥാനാർഥി കൾക്കായി പ്രചാരണവും നടത്തിയിരുന്നു. എന്നാൽ രാജ്യ തലസ്ഥാനത്തെ ഏഴ് സീറ്റുകളും ബിജെപി നേടിയതിനാൽ ആ ശ്രമങ്ങൾ പാഴായി.


KERALA
വയനാട് പുനരധിവാസം: എസ്റ്റേറ്റ് ഭൂമി ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
Also Read
user
Share This

Popular

KERALA
KERALA
വയനാട് പുനരധിവാസം: എസ്റ്റേറ്റ് ഭൂമി ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി