രാജ്യത്തിന്റെ സാമ്പത്തിക രംഗം മാറ്റിയെഴുതിയ ധനമന്ത്രിയെന്നും മൻമോഹൻ സിങ്ങിനെ വി.ഡി. സതീശൻ വിശേഷിപ്പിച്ചു
ഇന്ത്യന്‍ രാഷ്ട്രീയം കണ്ട വ്യത്യസ്തനായ നേതാവായിരുന്നു അന്തരിച്ച മുൻ പ്രധാനമമന്ത്രി മൻമോഹൻ സിങ്ങെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളെന്നും ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ സൂത്രധാരനെന്നും പ്രതിപക്ഷ നേതാവ് മൻമോഹൻ സിങ്ങിനെ വിശേഷിപ്പിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു സതീശൻ്റെ അനുശോചന കുറിപ്പ്.
രാജ്യത്തിന്റെ സാമ്പത്തിക രംഗം മാറ്റിയെഴുതിയ ധനമന്ത്രിയെന്നും മൻമോഹൻ സിങ്ങിനെ വി.ഡി. സതീശൻ വിശേഷിപ്പിച്ചു. നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരന്‍. ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, കാര്‍ഷിക വായ്പ എഴുതിത്തളളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍, വിവരാവകാശ നിയമം, വനാവകാശ നിയമം, റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ നിയമം തുടങ്ങി മനുഷ്യപക്ഷത്ത് നിന്നുള്ള എത്രയെത്ര വിപ്ലവകരമായ തീരുമാനങ്ങള്‍.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാള്‍. രാജ്യത്തിന് വേണ്ടി സമര്‍പ്പിതമായി സേവനം ചെയ്ത ഒരാളെന്ന നിലയില്‍ മന്‍മോഹന്‍ സിങ് എന്നും ഓര്‍മ്മിക്കപ്പെടും. അതിനപ്പുറം ജീവിതത്തിൽ ഉടനീളം കാണിച്ച സത്യസന്ധത രാജ്യത്തിൻ്റെ മനസിൽ മായാതെ നിൽക്കുമെന്നും സതീശൻ കുറിച്ചു.
വ്യാഴാഴ്ച രാത്രി 9.51 നായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിടവാങ്ങിയത്. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ത്യയില്‍ നവസാമ്പത്തിക ക്രമം ചിട്ടപ്പെടുത്തിയയാള്‍ എന്ന നിലയില്‍ ശ്രദ്ധേയനായ വ്യക്തിയായിരുന്നു. തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ആരോഗ്യ മിഷന്‍, ആധാര്‍ എന്നിവ നടപ്പാക്കിയ പ്രധാനമന്ത്രി. വിശേഷണങ്ങള്‍ അനവധിയാണ് മന്‍മോഹന്‍ സിങ്ങിന്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, യുജിസി ചെയര്‍മാന്‍, ധനസെക്രട്ടറി തുടങ്ങിയ പദവികളിലെല്ലാം മികവു തെളിയിച്ച ബഹുമുഖ പ്രതിഭ കൂടിയായിരുന്നു അദ്ദേഹം.
2004 മേയ് 22 മുതല്‍ തുടര്‍ച്ചയായ പത്ത് വര്‍ഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച മന്‍മോഹന്‍ സിങ്ങിന്റെ കാലത്തായിരുന്നു രാജ്യാന്തര തലത്തില്‍ ഇന്ത്യക്ക് ഏറ്റവും അംഗീകാരം ലഭിച്ചത്.