ധനമന്ത്രാലയത്തില്‍ ഇന്നുമുണ്ട് പാര്‍ക്കര്‍ പേനയിലെ പച്ചമഷികൊണ്ടുള്ള ആ കയ്യെഴുത്തില്‍ ഇന്ത്യയുടെ തലവര മാറ്റിയ തീരുമാനങ്ങള്‍
ഒരു വശത്ത് ഗള്‍ഫ് യുദ്ധം ഉണ്ടാക്കിയ കടുത്ത സാമ്പത്തിക പ്രതിസന്ധി. മറുവശത്ത് സ്വര്‍ണമായും പണമായും ഉണ്ടായിരുന്ന കരുതല്‍ ശേഖരങ്ങളെല്ലാം ഇല്ലാതായി കാലിയായ ഖജനാവ്. കൊടുംപട്ടിണിയിലേക്കു വീഴുമായിരുന്ന രാജ്യത്തെ കൈപിടിച്ചുയര്‍ത്തിയത് 1991ലെ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളാണ്.
വിമര്‍ശനത്തിന് ഇന്നും കുറവില്ലെങ്കിലും അന്നത്തെ ഇന്ത്യയില്‍ അനിവാര്യമായിരുന്നു ആ തീരുമാനങ്ങള്‍. നൂല്‍പ്പാലത്തിലൂടെയുള്ള നടത്തമായിരുന്നു ആ പദ്ധതി നടത്തിപ്പ്. കണ്ണുതെറ്റാതെയും കാതടയാതെയും അഞ്ചുവര്‍ഷം മുഴുവന്‍ ഡോ. മന്‍മോഹന്‍ സിങ് ധനമന്ത്രാലയത്തിന്റെ ഓഫിസില്‍ ഇരുന്നു. പ്രധാനമന്ത്രി പി.വി. നരസിംഹറാവു ആയിരുന്നെങ്കിലും നയപരമായ തീരുമാനങ്ങളെല്ലാം എഴുതി നല്‍കിയത് ഡോ. മന്‍മോഹന്‍ സിങ്ങാണ്. ധനമന്ത്രാലയത്തില്‍ ഇന്നുമുണ്ട് പാര്‍ക്കര്‍ പേനയിലെ പച്ചമഷികൊണ്ടുള്ള ആ കയ്യെഴുത്തില്‍ ഇന്ത്യയുടെ തലവര മാറ്റിയ തീരുമാനങ്ങള്‍.
Also Read: സൗമ്യനായ പ്രധാനമന്ത്രി; വിടവാങ്ങിയത് സാധാരണക്കാരുടെ മനസ്സറിഞ്ഞ സാമ്പത്തിക വിദഗ്ധന്‍
1991ല്‍ ചന്ദ്രശേഖര്‍ സര്‍ക്കാരിന് ബജറ്റ്‌പോലും പാസാക്കാന്‍ കഴിയാതെ വന്ന കൊടിയ പ്രതിസന്ധിക്കു പിന്നാലെ അധികാരത്തിലെത്തിയതാണ് പി.വി. നരസിംഹറാവു. റേറ്റിങ് മൂഡീസ് താഴ്ത്തിക്കൊണ്ടേ ഇരുന്നതോടെ ഒരിടത്തു നിന്നും വായ്പപോലും കിട്ടാത്ത സ്ഥിതി. ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യക്ക് ഏറ്റവും ആവശ്യം വേണ്ട എണ്ണയ്ക്ക് കൊടുംവില. ഐഎംഎഫ് ഇന്ത്യക്കു നല്‍കിയിരുന്ന വായ്പ പാതിയില്‍ നിര്‍ത്തി. ലോക ബാങ്ക് എല്ലാ സഹായങ്ങളും പിന്‍വലിച്ചു.
പിന്നെ ബാങ്ക് ഓഫ് ഇംഗ്‌ളണ്ടിലും ബാങ്ക് ഓഫ് സ്വിറ്റ്‌സര്‍ലന്‍ഡിലും ഉണ്ടായിരുന്ന സ്വര്‍ണം ഈടുവച്ചാണ് റേഷന്‍ വിതരണത്തിന് വഴിഒരുക്കിയത്. അവിടെ ഒരേയൊരു രക്ഷാ മാര്‍ഗമേ ഉണ്ടായിരുന്നുള്ളു. വിപണി തുറന്നുകൊടുക്കുക. വിദേശത്തു നിന്നു പണം എത്തിക്കുക. പൊതുമേഖല നിയന്ത്രിച്ചിരുന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിലേക്കു സ്വകാര്യ മേഖലയ്ക്കു വഴിവെട്ടുകയാണ് ഡോ. മന്‍മോഹന്‍ സിങ് ആദ്യം ചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് ഇതോടെ വലിയ തോതില്‍ നിക്ഷേപമെത്തി.
Also Read: ഇന്ത്യയെ മാറ്റിയ മന്‍മോഹനോമിക്‌സ്; സ്വതന്ത്ര ഇന്ത്യയിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍
1991 ജൂണില്‍ മൂന്നാഴ്ചത്തേക്കു മാത്രമുള്ള വിദേശ നാണ്യമായിരുന്നു ഇന്ത്യക്ക് ഉണ്ടായിരുന്നത്. രൂപയുടെ മൂല്യം ആദ്യം ഒന്‍പതു ശതമാനവും പിന്നെ 11 ശതമാനവും കുറച്ച് രാജ്യം അതുവരെ കണ്ടിട്ടില്ലാത്ത നടപടി പിന്നാലെ വന്നു. 1991ല്‍ ജിഡിപി വെറും 26,600 കോടി മാത്രമായിരുന്നു. അത് 1996ല്‍ ലക്ഷം കോടിയില്‍ എത്തി. 1991ല്‍ ദരിദ്രര്‍ 55.4 ശതമാനമായിരുന്നു. അത് അഞ്ചു വര്‍ഷം കൊണ്ട് 32 ശതമാനമായി. നരസിംഹറാവു സര്‍ക്കാരിന് തുടര്‍ഭരണം കിട്ടിയില്ലെങ്കിലും ഈ രണ്ടു മാറ്റങ്ങള്‍ തന്നെ ധാരാളമായിരുന്നു പിന്നീടുള്ള ഇന്ത്യയുടെ നിലനില്‍പിന്. ആ തീരുമാനങ്ങള്‍ എല്ലാം എടുത്തത് ഒരു പ്രസംഗത്തില്‍ പോലും അതു സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ലാത്ത ഡോ. മന്‍മോഹന്‍ സിങ്ങുമാണ്.