ഒരു പക്ഷെ അവര്‍ കണ്ടിട്ടുള്ള പല സ്ത്രീകളില്‍ നിന്നുണ്ടായതായിരിക്കാം രമ എന്ന കഥാപാത്രം
കപ്പേളയ്ക്ക് ശേഷം മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് മുറ. നവംബര്‍ 8ന് തിയേറ്ററിലെത്തിയ ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ വലിയ റിലീസുകള്‍ വരുന്ന സാഹചര്യത്തില്‍ സിനിമയ്ക്ക് തിയേറ്ററുകള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് അണിയറപ്രവര്‍ത്തകര്‍. അതേ കുറിച്ച് സിനിമയിലെ പ്രധാന കഥാപാത്രമായ രമാ ദേവിയെ അവതരിപ്പിച്ച മാലാ പാര്‍വതി ന്യൂസ് മലയാളത്തോട് സംസാരിച്ചു. വരാന്‍ പോകുന്നത് വലിയ സിനിമകളായതിനാല്‍ മുറ തിയേറ്ററില്‍ നില്‍ക്കുമോ എന്ന ഭയം തനിക്കുണ്ടെന്നും രമാ ദേവി എന്ന കഥാപാത്രമായി മാറാന്‍ തന്നെ സഹായിച്ചതെന്താണെന്നും മാലാ പാര്‍വതി പറഞ്ഞു.
രമ എന്റെ സ്വഭാവമായി ഒരു ബന്ധവുമില്ലാത്ത വ്യക്തി
മുസ്തഫ ഈ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ നമുക്ക് ഇതൊരു നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രമാണെന്ന് മനസിലായിരുന്നു. പല ഷെയിഡുള്ള തിരുവനന്തപുരം സ്ലാങ്ക് പറയുന്ന ഒരു കഥാപാത്രം എന്ന നിലയ്ക്ക് ഭയങ്കര എക്‌സൈറ്റിങ് ആയിരുന്നു. പക്ഷെ മാസ്റ്റര്‍ പീസിന് വേണ്ടി ഞാന്‍ കുറച്ച് വണ്ണം വെച്ചിരിക്കുന്ന സമയം ആയിരുന്നു അത്. രമ എന്ന കഥാപാത്രത്തിന് വേണ്ടി മെലിയേണ്ടതുണ്ടായിരുന്നു. പിന്നെ എന്റെ സ്വഭാവമായോ രൂപമായോ ഒരു ബന്ധവുമില്ലാത്ത ആളാണ് രമാ ദേവി. അപ്പോള്‍ അതിലൊരു ഫൈന്‍ ട്യൂണിംഗ് ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ സ്‌ക്രിപ്പ്റ്റുമായി ഞാന്‍ എല്ലാ ദിവസവും കുറേ നേരം ഇരിക്കുമായിരുന്നു. അതായിരുന്നു അതിന്റെ പ്രോസസ്. പിന്നെ രമ ദേവിയുടെ ബാക്ക് സ്റ്റോറി ചോദിക്കാനും എല്ലാം മുസ്തഫയെയും തിരക്കഥാകൃത്തിനെയും വിളിക്കും. തിരക്കഥാകൃത്തായ സുരേഷ് ബാബുവിന് ഭയങ്കരമായി അറിയാവുന്ന കഥാപാത്രമാണ് ഈ രമ ദേവി. ഒരു പക്ഷെ അവര്‍ കണ്ടിട്ടുള്ള പല സ്ത്രീകളില്‍ നിന്നുണ്ടായതായിരിക്കാം രമ എന്ന കഥാപാത്രം. അപ്പോള്‍ അവര്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തരുമായിരുന്നു. തിരുവനന്തപുരത്ത് ഇന്ന സ്ഥലത്ത് താമസിക്കുന്ന ഇന്ന ഭാഷ സംസാരിക്കുന്ന മൂന്നോ നാലോ സ്ത്രീകളുടെ പ്രോട്ടോ ടൈപ്പ്. പിന്നെ അവരുടെ ജീവിതത്തില്‍ ഒരു കാര്യം വരുമ്പോള്‍ അവര്‍ എങ്ങനെ പെരുമാറും തുടങ്ങി ഒരുപാട് കാര്യങ്ങള്‍ സുരേഷ് ബാബു എനിക്ക് പറഞ്ഞുതരുമായിരുന്നു. ഇത് വെച്ച് നമ്മള്‍ തന്നെ നമ്മുടെ ബാക്ക് സ്റ്റോറി ഉണ്ടാക്കുകയും എല്ലാം ചെയ്തിരുന്നു. ഈ സിനിമ കുറച്ച് ദിവസമെ ഷൂട്ടിംഗ് ഉണ്ടായിരുന്നെങ്കിലും ഒരുപാട് നാള്‍ മുമ്പ്, അതായത് മുസ്തഫ കഥ ആദ്യം നെരേറ്റ് ചെയ്യുന്നത് എന്നോടാണ്. ആ സമയത്തെ സ്‌ക്രിപ്റ്റ് എനിക്ക് തന്നിരുന്നു. ഞാന്‍ അത് പ്രിന്റ് ഔട്ട് എടുത്ത് വെച്ച് ഇങ്ങനെ വായിച്ചോണ്ടിരിക്കുകയാണ്. അങ്ങനെ ആ കഥാപാത്രത്തിലേക്ക് ഞാന്‍ എത്തി. പിന്നീട് രമാ ദേവിയുടെ സീനുകള്‍ ഫൈന്‍ ട്യൂണ്‍ ചെയ്യുകയും ആദ്യം എഴുതിയതില്‍ നിന്ന് വളരെ വ്യത്യസ്തമായ സീനുകളായിരുന്നു ഉണ്ടായിരുന്നത്.
പിന്നെ രമാ ദേവിയാവാന്‍ എന്നെ സഹായിച്ച കാര്യങ്ങളില്‍ ഒന്ന് റോണക്‌സ് ആണ്. കഥാപാത്രത്തിന്റെ ലുക്കില്‍ മുഴുവനായി വര്‍ക്ക് ചെയ്തു. പിന്നെ താഴത്തെ താടിയെല്ല് കുറച്ച് മുന്‍പോട്ടാക്കുന്ന തരത്തിലുള്ള ഗിമിക്ക് കൂടി ചെയ്തപ്പോള്‍ കണ്ണ് കുറച്ച് കൂടി എഫക്റ്റീവായി ഉപയോഗിക്കാന്‍ സാധിച്ചു. പിന്നെ നിസാറാണ് എടുത്ത് പറയേണ്ട ഒരാള്‍. നിസാര്‍ തന്ന കോസ്റ്റിയൂമ്‌സ് എല്ലാം പ്രത്യേക തരത്തിലുള്ളതായിരുന്നു. റോണക്‌സ് ഡിസൈന്‍ ചെയ്ത രൂപത്തിലേക്ക് എന്നെ എത്തിച്ചത് അമലും ശാലുവും കൂടിയാണ്. ആ കഥാപാത്രത്തിലേക്ക് കയറാന്‍ ഇതെല്ലാം എന്നെ ഒരുപാട് സഹായിച്ചു. എനിക്ക് മനസുകൊണ്ട് അല്ലാതെ തന്നെ ആ മേയ്ക്ക് ഓവര്‍ എന്നെ ഭയങ്കരമായി സഹായിച്ചു. എനിക്ക് പൊതുവെ ഒരു വറീഡ് ലുക്കുള്ള ഒരാളാണ്. അപ്പോള്‍ ആ വറീഡ് ലുക്കിന്റെ ഏഴ് അംശം പോലും രമാ ദേവിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് വരില്ല. ഞാന്‍ വീട്ടില്‍ വന്നാലും രമാ ദേവിയെ പോലെ തന്നെ നടക്കുകയെല്ലാം ചെയ്തിരുന്നു. അപ്പോള്‍ അത് ഭയങ്കര ഒരു പുതിയ എക്‌സൈറ്റിങ് അനുഭവമായിരുന്നു. എന്നെ സംബന്ധിച്ച് ഒരു യഥാര്‍ത്ഥ ഗ്യാങ്സ്റ്ററുമായി എനിക്ക് പരിചയമൊന്നുമില്ല. അതെനിക്ക് പരിചയമുള്ള സീനല്ല. പക്ഷെ തിരക്കഥാകൃത്തിന് ഇതുസംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ ഏറ്റവും കൂടുതല്‍ ശല്യം ചെയ്തിട്ടുള്ളത് സുരേഷ് ബാബുവിനെയാണ്. പിന്നെ ചെയ്ത് തുടങ്ങിയപ്പോള്‍ രമാ ദേവിയെ കൃത്യമായി മനസിലാവുകയും അതിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കുകയും ചെയ്തു.
പല റിയല്‍ലൈഫ് ആളുകളില്‍ നിന്നുണ്ടായ രമാ ദേവി
അടുത്തിടെ ഒരു റിവ്യൂവില്‍ ഒരാള്‍ പറഞ്ഞിരുന്നു, ഇപ്പോള്‍ ഫെമിനിസം ഒരു ഫാഷന്‍ ആയതുകൊണ്ടാണ് രമാ ദേവി എന്ന കഥാപാത്രമാക്കിയത്. അല്ലെങ്കില്‍ ആ കഥാപാത്രം ഒരു പുരുഷന്‍ ചെയ്താല്‍ മതിയായിരുന്നു എന്നൊക്കെ. ഇത് ഫാഷന്‍ ആയതുകൊണ്ട് ചെയ്തതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെയുള്ള സ്ത്രീകളെ അവര്‍ക്ക് അറിയുന്നത് കൊണ്ടാണ് മുസ്തഫയും സുരേഷ് ബാബുവും അത് ചെയ്തത്. അതുകൊണ്ട് തന്നെ കഥാപാത്രത്തിന് ഭയങ്കര സത്യസന്ധതയുണ്ടായിരുന്നു. ഒരു ആണ്‍ കഥാപാത്രത്തിനെ പെണ്ണാക്കി കളയാം എന്ന് കരുതി ചെയ്തതൊന്നുമല്ല. അവര്‍ക്ക് അങ്ങനത്തെ ആള്‍ക്കാരെ അറിയാം. അതുകൊണ്ട് തന്നെയാണ് അവര്‍ ആ കഥാപാത്രത്തെ അവിടെ പ്ലേസ് ചെയ്തത്. അപ്പോള്‍ അതിന്റെ ഒരു ഹോണസ്റ്റി ഉണ്ടായിരുന്നു. ഒരാളില്‍ നിന്നല്ല പല റിയല്‍ ലൈഫ് ആളുകളില്‍ നിന്നാണ് അവര്‍ രമാ ദേവിയെ ഉണ്ടാക്കിയിരിക്കുന്നത്. പിന്നെ എനിക്ക് ഭയങ്കര എളുപ്പമായിരുന്നു ആ കഥാപാത്രം ചെയ്യാന്‍. കാരണം എന്ത് ചോദിച്ചാലും അവര്‍ക്ക് അറിയാമായിരുന്നു. ഷോട്ടിന്റെ സമയത്തുള്ള തയ്യാറെടുപ്പ് മാത്രമല്ല, മറിച്ച് ഞാന്‍ ഇങ്ങനെ സീന്‍ വായിക്കുന്ന സമയത്ത് സംശയങ്ങള്‍ ചോദിക്കുമായിരുന്നു. ഡയലോഗ് ഡെലിവറിയുടെ കാര്യത്തില്‍ ഒരു റെസ്ട്രിക്ഷനും അവര്‍ തന്നിട്ടില്ലായിരുന്നു. അവര്‍ ഫുള്‍ സെന്റന്‍സ് എഴുതിയതെല്ലാം ഞാന്‍ ഹാഫ് ആക്കി. ചില വാക്കുകളെ മാറ്റി. ഭയങ്കര കൊളോക്ക്യലാക്കി. ഞാന്‍ സാധാരണ എന്റെ വരികള്‍ അതുപോലെ പറയാന്‍ ശ്രമിക്കുന്ന ആളാണ്. പക്ഷെ രമാ ദേവിക്ക് ഒരുപാട് സംസാരിക്കാനുള്ള ക്ഷമയില്ല.
സൗഹൃദമാണ് മുറയുടെ ജോണര്‍
പിന്നെ ഷൂട്ടിംഗ് എല്ലാം ഭയങ്കര ഫാസ്റ്റ് ആയിരുന്നു. ഗോഡൗണിലെ സീക്വന്‍സൊക്കെ ഒറ്റ ടേക്കാണ്. എല്ലാം കൂടെ മൂന്ന് മണിക്കൂറില്‍ പരിപാടി കഴിഞ്ഞ് വീട്ടില്‍ പോയി. ഒരു ക്യാമറ ഇതെല്ലാം ഷൂട്ട് ചെയ്യുന്നുണ്ടെന്നത് മറന്നിട്ടാണ് ഞങ്ങള്‍ സിനിമയില്‍ അഭിനയിച്ചത്. സാധാരണ അത് മാത്രമാണ് നമ്മള്‍ ഓര്‍ക്കുക. പക്ഷെ ഇത് യഥാര്‍ത്ഥത്തില്‍ നടക്കുന്നതായി നമുക്ക് അനുഭവപ്പെടുമായിരുന്നു. അത് മുസ്തഫയുടെ മേക്കിംഗിന്റെ ഗുണമാണ്. അത് പറയാതിരിക്കാന്‍ വയ്യ. എന്നോട് എന്താണ് മുറയുടെ ജോണര്‍ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറയും സൗഹൃദത്തിന്റെ ജോണര്‍ ആണെന്ന്. ഇത് ശരിക്കും സൗഹൃദത്തിന്റെ കഥയാണ്. ഒരിക്കലും ഗ്യാങ്‌സ്റ്റര്‍ സിനിമയല്ല. കഴിഞ്ഞ ദിവസം ഒരു പയ്യന്‍ ഞങ്ങള്‍ തിയേറ്റര്‍ വിസിറ്റിന് പോയപ്പോള്‍ ഓടി വന്ന് കെട്ടിപിടിച്ച് കരഞ്ഞു. പെട്ടന്ന് എന്നെ തിരിഞ്ഞ് ആ പയ്യന്‍ ഒരു നോട്ടം നോക്കി. ഞാന്‍ പെട്ടന്ന് അയ്യോ എന്ന് ആയിപ്പോയി. കാരണം ഞാന്‍ രമാ ദേവിയാണല്ലോ. വളരെ നല്ല അനുഭവമായിരുന്നു. പുതിയ കുഞ്ഞുങ്ങളുമായി അഭിനയിക്കുന്നതെല്ലാം നല്ല അനുഭവമായിരുന്നു. ഒരു വൈബും അവരുടെ എനര്‍ജിയും ഹിപ്പോക്രസി ഇല്ലാത്ത ഒരിടപെടലും. പിന്നെ മുസ്തഫ പറഞ്ഞൊരു കാര്യമുണ്ട്, ഞാന്‍ അവരെ അഭിനയിക്കാനൊന്നുമല്ല പഠിപ്പിച്ചത്. ഞാന്‍ അവരെ സ്‌നേഹിക്കാനാണ് പഠിപ്പിച്ചതെന്ന്. അങ്ങനെയൊരു ബോണ്ടാണ് മുസ്തഫ ഉണ്ടാക്കിയത്.
ആ ഭയം മുറയുടെ കാര്യത്തില്‍ ഉണ്ട്
ഇനിയിപ്പോള്‍ വലിയ വലിയ സിനിമകളാണ് വരാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ മുറ എന്ന സിനിമ തിയേറ്ററില്‍ നില്‍ക്കുമോ എന്നൊരു ഭയം ഉണ്ട്. ചിലപ്പോള്‍ നന്നായി ഓടിക്കൊണ്ടിരിക്കുന്ന സിനിമ മാറ്റുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ എന്താണ് ഇതിന്റെ മാജിക് എങ്ങനെയാണ് സിനിമയ്ക്ക് തിയേറ്റര്‍ കിട്ടുന്നതെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. നന്നായി ഓടിക്കൊണ്ടിരിക്കുന്ന സിനിമകളും മാറുന്നത് നമ്മള്‍ കണ്ടിട്ടുണ്ടല്ലോ. അതുകൊണ്ട് ജെനുവിനായി ഒരു സ്‌ട്രെസ് ഉണ്ട് നമുക്ക്. കാരണം വലിയ സിനിമകളാണ് വരുന്നത്. ഒരു സൂപ്പര്‍ സ്റ്റാറിന്റെ സിനിമയും സ്റ്റാര്‍സ് അല്ലാത്ത പിള്ളേരുടെ സിനിമയും എന്ന് പറയുമ്പോള്‍ അതിന് ജനം വന്ന് കേറിയാല്‍ മാത്രമെ എന്തെങ്കിലും നിലയ്ക്ക് അത് നിലനിന്ന് പോവുകയുള്ളു. കങ്കുവയെ കുറിച്ച് പേഴ്‌സണലി അല്ല ഞാന്‍ പറയുന്നത്. എല്ലാ സിനിമകളും നല്ലതാണ്. അത് ഓടരുതെന്നല്ല പറയുന്നത്. പക്ഷെ നമുക്ക് കൂടിയുള്ള സ്‌പേസ് വേണം. വെറെ അന്യഭാഷ സിനിമകള്‍ക്കുള്ള ബജറ്റൊന്നും നമ്മുടെ സിനിമകള്‍ക്ക് ഉണ്ടാകില്ലല്ലോ. അപ്പോള്‍ നമ്മള്‍ അത്യാവശ്യം കുട്ടികളൊക്കെ കണ്ണു നിറയുന്നു എന്ന് പറയുന്ന സിനിമ മേക്ക് ചെയ്ത് വെച്ചിട്ട് അതിനൊരു മസില്‍ പവര്‍ ഇല്ലാത്തതിന്റെ പേരില്‍ തിയേറ്ററില്‍ നിന്ന് പോവുക എന്ന് പറയുന്നത് ശരിയല്ല. അതാണ് എന്റെ ആശങ്ക. അതിപ്പോള്‍ എന്റെ കഥാപാത്രത്തെ കുറിച്ച് ഓര്‍ത്ത് മാത്രമല്ല. എന്നെ എവിടെയെങ്കിലും വെച്ച് ആളുകള്‍ കാണുമ്പോള്‍ മാലാ പാര്‍വതി ഈ കഥാപാത്രം ചെയ്തുവെന്ന് ആളുകള്‍ പറയുമായിരിക്കും. പക്ഷെ ഈ പിള്ളേരുടെ പേര് ആരും പറയാന്‍ പോകുന്നില്ല. പുതിയ കുറച്ച് പിള്ളേര് അഭിനയിച്ച സിനിമയില്‍ മാലാ പാര്‍വതിയും സുരാജ് വെഞ്ഞാറമൂടും എന്നല്ലല്ലോ പറയുക. i want each and everyones name to be remebered.