പ്ലസ് ടു കോഴക്കേസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെ സിപിഎം നേതാവ് നേരിട്ടെത്തി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കെ.എം. ഷാജി മാധ്യമങ്ങളോട് പറഞ്ഞു
പ്ലസ്ടു കോഴക്കേസിൽ സിപിഎമ്മിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. പ്ലസ് ടു കോഴക്കേസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെ സിപിഎം നേതാവ് നേരിട്ടെത്തി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കെ.എം. ഷാജി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനാണ് സമീപിച്ചതെന്നും 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന പേരിൽ തനിക്കെതിരെ കേസ് നടത്താൻ ചെലവാക്കിയത് കോടികളാണെന്നും കെ.എം. ഷാജി ആരോപിച്ചു.
മുഖ്യമന്ത്രിയുടെ അടുപ്പക്കാരൻ ഒത്തുതീര്‍പ്പിനായി സമീപിച്ചിരുന്നു, എന്നാൽ രാഷ്ട്രീയ മര്യാദ കണക്കിലെടുത്ത് വ്യക്തിയുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നായിരുന്നു ഷാജിയുടെ പ്രസ്താവന. പിണറായിക്കെതിരായ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണം എന്നായിരുന്നു സിപിഎമ്മിന്‍റെ ആവശ്യം. കോഴക്കേസിലെ വിധിയില്‍ സുപ്രീംകോടതി മുഖ്യമന്ത്രിയുടെ പെടലിക്ക് പിടിച്ച് തള്ളുകയാണ് ചെയ്തതെന്നും കേസ് വിജയിക്കുകയെന്നതായിരുന്നില്ല സര്‍ക്കാര്‍ ലക്ഷ്യമെന്നും ഷാജി വിമര്‍ശിച്ചു.
തനിക്കെതിരെ സുപ്രീംകോടതിയിൽ കേസ് നടത്താൻ മാത്രം സർക്കാർ ഒന്നര കോടിയിലേറെ രൂപ ചെലവിട്ടുണ്ട്. ഈ കേസിലൂടെ സർക്കാർ ധൂർത്തടിച്ചത് ഖജനാവിലെ പണമാണ്. ഇത് തിരിച്ചടക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ.എം. ഷാജി പറഞ്ഞു. കേസിന്റെ പേരിൽ പല തവണ കായികമായി ആക്രമിക്കാന്‍ ശ്രമം നടന്നെന്നും, തന്നെയും കുടുംബത്തെയും സർക്കാർ വേട്ടയാടിയെന്നും ഷാജി ആരോപിക്കുന്നു.
2014ല്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാനായി കെ.എം. ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. ചൊവ്വാഴ്ചയാണ് കേസിൽ ഷാജിക്കെതിരായ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചത്. സംസ്ഥാന സർക്കാരും ഇഡിയും നൽകിയ അപ്പീലുകളും കോടതി തള്ളിയിരുന്നു. സ്കൂൾ മാനേജരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് സിപിഎം പ്രാദേശിക നേതാവ് കുടുവൻ പത്മനാഭൻ മുഖ്യമന്ത്രിക്കു നൽകിയ പരാതിയെ തുടർന്നാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.
കെ.എം. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം എഫ്ഐആറിൽ ഇല്ലെന്ന് കണ്ടെത്തിയതോടെ വിജിലൻസ് കേസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. വിജിലൻസിന് പിന്നാലെ ഇഡി രജിസ്റ്റർ ചെയ്ത കേസും ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്നാണ് സംസ്ഥാന സർക്കാരും ഇഡിയും സുപ്രീം കോടതിയെ സമീപിച്ചത്. മുസ്ലിം ലീഗ് കമ്മിറ്റിക്ക് വേണ്ടി ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. പ്ലസ് ടു കോഴ്സ് അനുവദിക്കാൻ സ്കൂൾ മാനേജർ മുസ്ലിം ലീഗിന്റെ പൂതപ്പാറ ശാഖാ സമിതിയെ സമീപിച്ചെന്നും സമിതി ഭാരവാഹികൾ കൈക്കൂലി ആവശ്യപ്പെട്ടെന്നുമാണ് പരാതി.