നോണ്‍ തിയററ്റിക്കല്‍ റവന്യൂവിലൂടെ 1000 കോടി രൂപ നേടി പുഷ്പ
റിലീസിന് മുമ്പ് തന്നെ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2. താര സമ്പന്നത കൊണ്ടും പ്രതിഫലത്തുക കൊണ്ടുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ച പുഷ്പയിലൂടെ അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും ചരിത്രം സൃഷ്ടിക്കുകയാണ്.
ഏറ്റവും മുതല്‍ മുടക്കുള്ള ഇന്ത്യന്‍ സിനിമകളിലൊന്നായാണ് പുഷ്പ 2 കരുതപ്പെടുന്നത്. ആദ്യ ഭാഗത്തിന് ലഭിച്ച വന്‍ സ്വീകാര്യതയെ തുടര്‍ന്ന് ഓരോ ഫ്രെയിമിലും ആരാധകരെ ത്രസിപ്പിക്കുന്ന തരത്തിലാണ് സുകുമാര്‍ പുഷ്പയുടെ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 400-500 കോടി ബജറ്റില്‍ ഒരുക്കിയ പുഷ്പ ഡിസംബര്‍ 5 നാണ് തിയേറ്ററുകളിലെത്തുന്നത്. പുറത്തുവരുന്ന വാര്‍ത്തികള്‍ ശരിയാണെങ്കില്‍ റിലീസിനു മുമ്പ് തന്നെ മുതല്‍ മുടക്കും അതിൻ്റെ ഇരട്ടിയും പുഷ്പ സ്വന്തമാക്കിക്കഴിഞ്ഞു.
Also Read: മൂന്നര മണിക്കൂറോളം തീയേറ്ററിൽ; ആരാധകരെ വെട്ടിലാക്കുമോ പുഷ്പ 2-വിന്റെ ദൈർഘ്യം?
ഒടിടി റൈറ്റ്‌സ്, സാറ്റലൈറ്റ് റൈറ്റ്‌സ്, മ്യൂസിക് റൈറ്റ്‌സ് തുടങ്ങി നോണ്‍ തിയററ്റിക്കല്‍ റവന്യൂവിലൂടെ 1000 കോടി രൂപ പുഷ്പ ഇതിനകം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഷാരൂഖ് ഖാനേയും പിന്നിലാക്കി അല്ലു അര്‍ജുന്‍
500 കോടി രൂപയ്ക്ക് ഒരുക്കിയ പുഷ്പയില്‍ ഏറ്റവും കൂടുതല്‍ ചെലവ് നായകന്‍ അല്ലു അര്‍ജുന്റെ പ്രതിഫലം തന്നെയാണ്. 300 കോടിയാണത്രേ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിനായി അല്ലു അര്‍ജുന്‍ വാങ്ങിയത്. ഇതോടെ, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ എന്ന കിരീടം ഷാരൂഖ് ഖാനില്‍ നിന്നും അല്ലു അര്‍ജുന്‍ സ്വന്തമാക്കി. രാജ്യത്തെ ഏറ്റവും താരമൂല്യമുള്ള നടനും അല്ലു അര്‍ജുന്‍ തന്നെ.
നായകനും വില്ലനും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന സിനിമയില്‍ പ്രതിഫലം പക്ഷേ, ഒപ്പത്തിനൊപ്പമല്ല. ആദ്യഭാത്തില്‍ അല്ലുവിനേക്കാള്‍ കസറിയ ഫഹദ് ഫാസിലിന് രണ്ടാം ഭാഗത്തില്‍ ലഭിച്ച പ്രതിഫലം എട്ട് കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ഭാഗങ്ങളിലും നായികയായി എത്തുന്ന രശ്മിക മന്ദാനയുടെ പ്രതിഫലം 10 കോടിയും. ആദ്യ ഭാഗത്തില്‍ സാമന്തയുടെ സ്‌പെഷ്യല്‍ അപ്പിയറന്‍സായിരുന്നു ഹൈലൈറ്റ് എങ്കില്‍ രണ്ടാം ഭാഗത്തില്‍ ശ്രീലീലയാണ് എത്തുന്നത്. ഒരു ഗാനത്തില്‍ അല്ലു അര്‍ജുനൊപ്പം നൃത്തം ചെയ്യാന്‍ 2 കോടിയാണ് ശ്രീലീലയുടെ പ്രതിഫലം.