തൃശൂര്‍ നാട്ടികയില്‍ വാഹാനാപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതരെ കണ്ടെത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു
സർക്കാർ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയർത്തേണ്ടതില്ലെന്ന് തീരുമാനിച്ച് മന്ത്രിസഭ യോഗം. പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശയാണ് സർക്കാർ തള്ളിയത്. അതേസമയം കമ്മീഷന്‍റെ മറ്റ് ശുപാര്‍ശകള്‍ മന്ത്രിസഭായോഗം ഭേദഗതികളോടെ അംഗീകരിച്ചു.
ഏതെങ്കിലും തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ പ്രത്യേകമായ പരിജ്ഞാനം ആവശ്യമാണെങ്കില്‍ അത് ആര്‍ജിക്കാന്‍ അര്‍ഹതാപരീക്ഷ നടത്തുന്നതിനുള്ള ശുപാര്‍ശയാണ് തത്വത്തില്‍ അംഗീകരിച്ച ഒരു വിഷയം. നിയമനാധികാരികള്‍ എല്ലാ വര്‍ഷവും ഒഴിവുകള്‍ പിഎസ്‍സിക്ക് റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ റദ്ദു ചെയ്യാന്‍ പാടില്ല. തസ്തികകള്‍ ഒഴിവു വരുന്ന ദിവസം പ്രധാനമായി പരിഗണിക്കണം. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ എംപ്ലോയ്മെന്‍റ് നിയമനം പാടില്ല. ഓരോ തസ്തികകളിലെയും ഒഴിവുകള്‍ സ്പാര്‍ക്ക് മുഖേന ലഭ്യമാക്കേണ്ടതാണ്. പെന്‍ഷന്‍ പറ്റുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ലഘൂകരിക്കുമെന്നും മന്ത്രിസഭ തീരുമാനിച്ചു.
Also Read: 'ജെല്ലിക്കെട്ട് മോഡലില്‍ സർക്കാർ ഇടപെടണം'; ആന എഴുന്നള്ളത്തിനെതിരായ ഹൈക്കോടതി നിർദേശം തള്ളി തിരുവമ്പാടി ദേവസ്വം
മുനമ്പം വഖഫ് ഭൂമി വിവാദം; മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാന്‍ കമ്മീഷനോട് ആവശ്യപ്പെടും
മുനമ്പം വിഷയത്തിൽ ഉടമസ്ഥത സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തി, സർക്കാർ സ്വീകരിക്കേണ്ട നടപടികൾക്കുള്ള ശുപാർശ അടക്കം മൂന്നു മാസത്തിനുള്ളിൽ ജുഡീഷ്യൽ കമ്മീഷന്‍ റിപ്പോർട്ട് സമർപ്പിക്കണം. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായര്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ തയ്യാറാക്കുന്നതിന് ചീഫ് സെക്രട്ടറിയെ മന്ത്രിസഭയോഗം ചുമതലപ്പെടുത്തി. കമ്മീഷന് ആവശ്യമായ ഓഫീസും ഇതര സംവിധാനങ്ങളും സമയബന്ധിതമായി ഏർപ്പെടുത്താനുള്ള ചുമതല എറണാകുളം ജില്ലാ കളക്ടർക്കാണ് നല്‍കിയിരിക്കുന്നത്.
Also Read: 'കണ്ടില്ല,കേട്ടില്ലയെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ നടിക്കാൻ പാടില്ല' ; അഴിമതിക്കെതിരെ മുഖ്യമന്ത്രി
വിഴിഞ്ഞം; സപ്ലിമെന്‍ററി കണ്‍സഷന്‍ കരാറില്‍ ഏര്‍പ്പെടുന്നതിന് അനുമതി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും സപ്ലിമെന്‍ററി കണ്‍സഷന്‍ കരാറില്‍ ഏർപ്പെടും. ഇതിനുള്ള അനുമതി മന്ത്രിസഭായോഗം നല്‍കി. കരട് സപ്ലിമെന്‍ററി കണ്‍സഷന്‍ കരാര്‍ യോഗം അംഗീകരിച്ചു. ആര്‍ബിട്രേഷന്‍ നടപടികള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സപ്ലിമെന്‍ററി കരാര്‍ ആവശ്യമായി വന്നത്. നിയമ വകുപ്പിന്‍റെയും അഡ്വക്കറ്റ് ജനറലിന്‍റെയും ഉപദേശം തേടിയ ശേഷമാണ് സപ്ലിമെന്‍ററി കരാറിന് മന്ത്രിസഭ അനുമതി നല്‍കിയത്.
കരാര്‍ പ്രകാരം 2045ല്‍ പൂര്‍ത്തീകരിക്കേണ്ട വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടപ്രവര്‍ത്തികള്‍ 2028ഓടെ പൂര്‍ത്തീകരിക്കണം. നേരത്തെയുള്ള കരാറില്‍ നിന്ന് വ്യത്യസ്തമായി തുറമുഖത്തിന്‍റെ മുഴുവന്‍ ഘട്ടങ്ങളും ഇതോടെ പൂര്‍ത്തിയാക്കണമെന്നാണ് പുതിയ ഉടമ്പടി. ഇതുവഴി നാല് വര്‍ഷത്തിനകം 10,000 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് അദാനി പോര്‍ട്ട് വഴിയൊരുക്കുമെന്നും മന്ത്രിസഭ യോഗം വ്യക്തമാക്കി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ തുറമുഖത്തിന്‍റെ കുറഞ്ഞ ശേഷി 30 ലക്ഷം ടിഇയു ആവുമെന്നും സർക്കാർ പറയുന്നു.
കോവിഡും ഓഖി, പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളും കണക്കിലെടുത്ത് പദ്ധതി കാലയളവ് 5 വര്‍ഷം നീട്ടി നല്‍കാനും തീരുമാനം ആയിട്ടുണ്ട്. പദ്ധതിക്ക് കാലതാമസം വന്നതിനാല്‍ പിഴയായ 219 കോടി രൂപയില്‍ 43.8 കോടി രൂപ സംസ്ഥാനം പിഴയായി ഇടാക്കും. ബാക്കി തുക 2028 വരെ തടഞ്ഞുവെക്കും. 2028ല്‍ പദ്ധതി സമ്പൂര്‍ണമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ കരാര്‍ കാലാവധി അഞ്ച് വര്‍ഷം നീട്ടിയത് റദ്ദു ചെയ്യും. തടഞ്ഞുവെച്ച തുക വസൂലാക്കും സര്‍ക്കാര്‍ വ്യക്തമാക്കി.
Also Read: 1,458 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുവെന്ന് കണ്ടെത്തല്‍; പലിശ സഹിതം തിരിച്ചുപിടിക്കുമെന്ന് ധനവകുപ്പ്
തൃശൂര്‍ നാട്ടികയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വാഹാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരെ കണ്ടെത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ആശ്രിതരെ കണ്ടെത്തി ധനസഹായം നല്‍കാനുള്ള തുടര്‍നടപടികള്‍ മുഖ്യമന്ത്രിതലത്തിലായിരിക്കും സ്വീകരിക്കുക.