തൻ്റെ വസതിയിൽ വെച്ച് ഷാരൂഖ് ഖാനും സൽമാൻ ഖാനും തൻ്റെ പുതിയ പങ്കാളിയെ പരിചയപ്പെടുത്തി നൽകിയെന്നും ആമിർ ഖാൻ പറഞ്ഞു.
താൻ പുതിയൊരു പ്രണയബന്ധത്തിലാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ. ഇന്ന് 60ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് പുതിയ പ്രണയിനിയുടെ പേരും വിവരങ്ങളും ആമിർ ഖാൻ മാധ്യമങ്ങൾക്ക് മുമ്പാകെ വെളിപ്പെടുത്തിയത്.
തനിക്ക് കഴിഞ്ഞ ഒന്നര വർഷത്തോളമായി ഒരു പുതിയ പാർട്ണർ ഉണ്ടെന്നാണ് ആമിർ പിറന്നാൾ ദിനത്തിൽ മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ വെളിപ്പെടുത്തിയത്. തൻ്റെ പുതിയ പ്രണയിനി ആറ് വയസുള്ള കുഞ്ഞിൻ്റെ അമ്മയാണെന്നും ബെംഗളൂരു സ്വദേശിനിയാണെന്നും അമീർ പറഞ്ഞു. ഗൗരിയെന്നാണ് പങ്കാളിയുടെ പേരെന്നും ആമിർ അറിയിച്ചു. ഗൗരിയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തൻ്റെ വസതിയിൽ വെച്ച് ഷാരൂഖ് ഖാനും സൽമാൻ ഖാനും തൻ്റെ പങ്കാളിയെ പരിചയപ്പെടുത്തി നൽകിയെന്നും ആമിർ ഖാൻ പറഞ്ഞു. "ഗൗരിയും ഞാനും 25 വർഷം മുമ്പ് കണ്ടുമുട്ടി, ഇപ്പോൾ ഞങ്ങൾ പങ്കാളികളാണ്. ഞങ്ങൾ വളരെ സീരിയസും പരസ്പരം പ്രതിബദ്ധതയുള്ളവരുമാണ്. ഒന്നര വർഷമായി ഞങ്ങൾ ഒരുമിച്ചാണ് ജീവിക്കുന്നത്," ആമിർ ഖാൻ പറഞ്ഞു.
"ഗൗരിക്ക് 6 വയസുള്ള ഒരു കുട്ടിയുണ്ട്. അവൾ സ്വയം സംരംഭകയായാണ് ജോലി ചെയ്യുന്നത്. എല്ലാ ദിവസവും ഞാൻ അവൾക്കായി പാട്ടുകൾ പാടി കൊടുക്കാറുണ്ട്. ഈ അറുപതാം വയസിൽ വിവാഹം കഴിക്കുന്നത് എനിക്ക് എത്രത്തോളം സൽപ്പേര് തരുമെന്ന് അറിയില്ല. എന്നാലും എൻ്റെ കുട്ടികൾ വളരെ സന്തുഷ്ടരാണ്. എൻ്റെ മുൻ ഭാര്യമാരുമായി ഇത്രയും മികച്ച ബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കാൻ കഴിയുന്നതിൽ ഞാൻ വളരെ ഭാഗ്യവാനാണ്" ആമിർ കൂട്ടിച്ചേർത്തു.
ALSO READ: പുകവലി നിര്‍ത്തുന്നത് അച്ഛന്‍ എന്ന നിലയില്‍ ചെയ്യുന്ന ത്യാഗം: ആമിര്‍ ഖാന്‍
ആമിർ ആദ്യം റീന ദത്തയെ ആണ് വിവാഹം കഴിച്ചത്. ആ ബന്ധത്തിൽ അവർക്ക് ജുനൈദ് ഖാൻ, ഇറ ഖാൻ എന്നീ രണ്ട് മക്കളുണ്ട്. 2005ൽ വീണ്ടും വിവാഹിതനായ നടൻ രണ്ടാം ഭാര്യ കിരൺ റാവുവുമായി 2021ൽ വേർപിരിഞ്ഞു. ഇവർക്ക് ആസാദ് എന്നൊരു മകൻ ഉണ്ട്.