നവസാരി ജില്ലയിൽ നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്ന മെഗാ പരിപാടിയിലാണ് സുരക്ഷയ്ക്കായി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ മാത്രം വിന്യസിക്കുക. രാജ്യത്ത് ഇത്തരമൊരു സംരംഭം ആദ്യമായിരിക്കുമെന്നും ഗുജറാത്തിലെ ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി പറഞ്ഞു
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷയൊരുക്കാൻ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ മാത്രം വിന്യസിക്കുമെന്ന് ഗുജറാത്ത് മന്ത്രി. മാർച്ച് 8ന് നവസാരി ജില്ലയിൽ നടക്കുന്ന മെഗാ പരിപാടിയിൽ പങ്കെടുക്കാനാണ് മോദി എത്തുന്നത്. മോദി ഹെലിപാഡിൽ ഇറങ്ങുന്നത് മുതൽ സുരക്ഷയ്ക്കായി വനിതാ പൊലീസ് ഉദ്യോഗസ്ഥർ മാത്രമായിരിക്കും ഉണ്ടാകുക. രാജ്യത്ത് ഇത്തരമൊരു സംരംഭം ആദ്യമായിരിക്കുമെന്നും ഗുജറാത്തിലെ ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി പറഞ്ഞു.
"അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗുജറാത്ത് പൊലീസ് ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കുകയാണ്. നവസാരിയിലെ വാൻസി ബോർസി ഗ്രാമത്തിലെ ഹെലിപാഡിൽ പ്രധാനമന്ത്രി എത്തുന്നതു മുതൽ പരിപാടി നടക്കുന്ന സ്ഥലം വരെയുള്ള മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും വനിതാ പൊലീസ് മാത്രമായിരിക്കും കൈകാര്യം ചെയ്യുക," മന്ത്രി ഹർഷ് സംഘവി പറഞ്ഞു.
2,100-ലധികം കോൺസ്റ്റബിൾമാർ, 187 സബ് ഇൻസ്പെക്ടർമാർ, 61 പൊലീസ് ഇൻസ്പെക്ടർമാർ, 16 ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാർ, അഞ്ച് എസ്പിമാർ, ഒരു ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ്, ഒരു അഡീഷണൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ എന്നിവരുൾപ്പെടെ എല്ലാ വനിതാ പൊലീസ് ഉദ്യോഗസ്ഥരും അന്ന് സുരക്ഷ കൈകാര്യം ചെയ്യും. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും ആഭ്യന്തര സെക്രട്ടറിയുമായ നിപുന ടൊറവാനായിരിക്കും സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുക. വനിതാ ദിനത്തിൽ ലോകത്തിന് ശക്തമായ ഒരു സന്ദേശം നൽകുന്നതിനൊപ്പം ഗുജറാത്തിനെ സുരക്ഷിതമായ സംസ്ഥാനമാക്കി മാറ്റുന്നതിൽ സ്ത്രീകൾ എങ്ങനെ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് അറിയിക്കാനും ഈ സംരംഭം സഹായിക്കുമെന്ന് ഹർഷ് സംഘവി ചൂണ്ടിക്കാട്ടി.
വെള്ളി, ശനി ദിവസങ്ങളിൽ ഗുജറാത്തിലും കേന്ദ്രഭരണ പ്രദേശമായ ദാദ്ര, നാഗർ ഹവേലിയിലുമായി രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. മാർച്ച് 8 ന് വാൻസി ബോർസി ഗ്രാമത്തിൽ നടക്കുന്ന 'ലക്ഷ്പതി ദീദി സമ്മേളന'ത്തിൽ മോദി പ്രസംഗിക്കും.