ത്രിഭാഷ നയത്തിലൂടെ കേന്ദ്ര സർക്കാർ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നെന്ന സ്റ്റാലിൻ്റെ പ്രസ്താവന തള്ളിയ അമിത് ഷാ, റിക്രൂട്ട്മെൻ്റ് പരീക്ഷകളടക്കം പ്രാദേശിക ഭാഷയിൽ എഴുതാൻ കഴിയുന്ന തരത്തിലുള്ള മാറ്റങ്ങൾ നരേന്ദ്ര മോദി സർക്കാർ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
ത്രിഭാഷ നയത്തിലൂടെ കേന്ദ്ര സർക്കാർ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നുവെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ ആരോപണത്തിൽ മറുപടിയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. സ്റ്റാലിൻ സർക്കാർ ഇനി മെഡിക്കൽ, എഞ്ചിനിയറീങ് കോഴ്സുകൾ തമിഴ് ഭാഷയിൽ പഠിപ്പിക്കണമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. കേന്ദ്രത്തിനെതിരായ സ്റ്റാലിൻ്റെ ആരോപണങ്ങൾ പാടെ തള്ളിയ അമിത് ഷാ, റിക്രൂട്ട്മെൻ്റ് പരീക്ഷകളടക്കം പ്രാദേശിക ഭാഷയിൽ എഴുതാൻ കഴിയുന്ന തരത്തിലുള്ള മാറ്റങ്ങൾ നരേന്ദ്ര മോദി സർക്കാർ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
സിഐഎസ്എഫ് പോലുള്ള പരീക്ഷകൾ ഉദാഹരണമായെടുത്തായിരുന്നു അമിത് ഷായുടെ പരാമർശം. "സിഐഎസ്എഫ് റിക്രൂട്ട്‌മെന്റിൽ ഇതുവരെ മാതൃഭാഷയ്ക്ക് സ്ഥാനമില്ലായിരുന്നു. എന്നാൽ ഇന്ന് ഉദ്യോഗാർഥികൾക്ക് തമിഴ് ഭാഷയിലുൾപ്പെടെ ഉൾപ്പെടെ പരീക്ഷ എഴുതാൻ കഴിയുമെന്ന് നരേന്ദ്ര മോദി സർക്കാർ ഉറപ്പാക്കുന്നു," അമിത് ഷാ പറഞ്ഞു. തുടർന്നായിരുന്നു സ്റ്റാലിന് നേരെയുള്ള പരിഹാസം. മെഡിക്കൽ, എഞ്ചിനീയറിംഗ് കോഴ്‌സുകളുടെ പാഠ്യപദ്ധതി എത്രയും പെട്ടെന്ന് തമിഴ് ഭാഷയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നെന്ന് അമിത് ഷാ പരിഹസിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാനയം അംഗീകരിച്ചില്ലെങ്കിൽ സമഗ്രശിക്ഷാ അഭിയാൻ പ്രകാരം തമിഴ്‌നാടിന് ലഭിക്കേണ്ട വിഹിതമായ 2,158 കോടി രൂപ നല്കില്ലെന്ന ധർമേന്ദ്ര പ്രധാൻ്റെ പ്രസ്താവനയാണ് കേന്ദ്ര- തമിഴ്നാട് പോരിന് തുടക്കമിട്ടത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും കേന്ദ്ര മുന്നറിയിപ്പിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. തമിഴ്‌നാട്ടിൽ 1967 മുതൽ ദ്വിഭാഷാ നയം നിലവിലുണ്ട്. അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഹിന്ദിയെ 'ഔദ്യോഗിക ഭാഷ'യാക്കാനുള്ള ശ്രമങ്ങൾ അക്രമാസക്തമായ കലാപങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്നാണ് ദേശീയ പാർട്ടിക്ക് സംസ്ഥാനത്ത് ഭരണം നഷ്ടപ്പെട്ടതെന്ന് അന്ന് സ്റ്റാലിൻ ഓർമപ്പെടുത്തിയിരുന്നു.
അതേസമയം ത്രിഭാഷ നയത്തിനെതിരെ തമിഴ്നാട്ടിൽ ഭരണ പ്രതിപക്ഷ പാർട്ടികൾ തമ്മിൽ വാക്പോര് കടുക്കുകയാണ്. നയത്തിനെതിരായ സ്റ്റാലിന്റെ കുപ്രചരണങ്ങൾക്ക് ഒരു അർഥവുമില്ലെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു. ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ത്രിഭാഷാ നയവുമായി ബന്ധപ്പെട്ട് നടത്തിയ ഒപ്പുശേഖരണത്തിൽ 36 മണിക്കൂറിനുള്ളിൽ 2 ലക്ഷം പേർ പിന്തുണച്ചുവെന്നും അണ്ണാമലൈ പറഞ്ഞു. എന്നാൽ ബിജെപിയുടെ ഒപ്പ് ശേഖരണ പരിപാടിയെ 'സർക്കസ്' എന്നായിരുന്നു സ്റ്റാലിൻ വിശേഷിപ്പിച്ചത്.